LiveTV

Live

Opinion

ആ പാക്കേജിൽ ഖുർആൻ അല്ലായിരുന്നു എങ്കിലോ?

ആർ.എസ്.എസ്സിന് ചെയ്തുകൊടുക്കുന്ന ഈ വിടുപണി തിരിച്ചറിയാനുള്ള ബുദ്ധിവികാസം പോലും കേരളത്തിലെ മുസ്ലിംകൾക്കില്ലെന്നാണ് കോടിയേരി കരുതുന്നത്

ആ പാക്കേജിൽ ഖുർആൻ അല്ലായിരുന്നു എങ്കിലോ?

'അവഹേളനം ഖുർആനോടോ?' എന്ന തലക്കെട്ടിൽ കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെഴുതിയ ലേഖനവും അതേ ടോണിലുള്ള കൈരളി ചാനലിന്റെ ബ്രേക്കിംഗ് ന്യൂസും, കെ.ടി ജലീൽ ആരോപണവിധേയനായ കള്ളക്കടത്തുകേസിൽ ഖുർആൻ കക്ഷിയാകണമെന്ന നിർബന്ധം ആർക്കാണുള്ളതെന്ന് വ്യക്തമാക്കുന്നതാണ്. കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് ഈ കേസ് എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് രണ്ട് പാർട്ടികളാണ്; ബി.ജെ.പിയും സി.പി.എമ്മും. സംസ്ഥാനത്തെ മന്ത്രിപദവിയിലിരിക്കുന്ന ജലീൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരിൽ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയനായി വശംകെടുമ്പോൾ, ഖുർആനെ കക്ഷിചേർത്ത് 'മതത്തിലേക്ക് പടരുക' എന്ന കുതന്ത്രമാണ് സി.പി.എം പയറ്റുന്നത്. ലജ്ജാവഹമാണിത്, അത്യന്തം അപകടകരവും.

ആ പാക്കേജിൽ ഖുർആൻ അല്ലായിരുന്നു എങ്കിലോ?


കള്ളക്കടത്ത് വിവാദത്തിൽ ഖുർആന്റെ പേര് അന്തരീക്ഷത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതും അതിനായി വർഗീയപ്രചരണം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താൻ നോക്കുന്നതും ബി.ജെ.പിയുടെ ജനിതക ഘടനയിലുള്ളതാണ്. സമീപകാലത്ത് ബി.ജെ.പിക്ക് വഴിമരുന്നിട്ടു കൊടുത്ത്, മതേതരത്വവും മതസൗഹാർദവും നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് സംഘ് പരിവാർ വർഗീയതക്ക് വളരാൻ ഉദാരമായ നിരവധി സംഭാവനകൾ സി.പി.എം ചെയ്തിട്ടുണ്ട്. ബി.ജെ.പിക്ക് വിസിബിലിറ്റിയും പ്രസക്തിയും ഉണ്ടാക്കിക്കൊടുക്കുക എന്നത് സി.പി.എം ഒരു ദൗത്യമായിത്തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അവർ തമ്മിൽ നടക്കുന്ന അന്തിച്ചർച്ചകളുടെ അനന്തരഫലമാണിത്. കള്ളക്കടത്തിൽ പോലും മുസ്ലിം ചിഹ്നങ്ങൾക്ക് സർക്കാർ അനർഹമായ 'സംരക്ഷണം' നൽകുന്നുവെന്ന വർഗീയ പ്രചരണം സംഘ്പരിവാരം ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ചാനൽ ചർച്ചകളിൽ ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളും ഈ വിധത്തിൽ തന്നെയാണ്. ഖുർആനെക്കൂടി വിവാദങ്ങളിലേക്കു വലിച്ചിഴച്ച് ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കാനുള്ള ഈ നീക്കത്തെ പൊതുസമൂഹം തിരിച്ചറിയാതെ പോകുമെന്നാണ് സി.പി.എം വ്യാമോഹിക്കുന്നതെങ്കിൽ അത് വെറുതെയാണ്.

കോടിയേരി
കോടിയേരി


പ്രമാദമായ സ്വർണക്കടത്ത് കേസും അതിന്റെ പിന്നാമ്പുറങ്ങളും, യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന ഭരണസംവിധാനങ്ങളെയും തുറന്നുകാട്ടുക എന്നതാണ് സംസ്ഥാനത്തുടനീളം യു.ഡി.എഫ് നടത്തുന്ന സമരമുറകളുടെ ലക്ഷ്യം. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരുന്നതോ അത് വിതരണം ചെയ്യുന്നതോ അല്ല ഇവിടെ വിഷയം. അനധികൃതമായി കൊണ്ടുന്ന പാക്കേജിൽ ഖുർആനാണോ ഈത്തപ്പഴമാണോ എന്നതുമല്ല കാര്യം. അതിന്റെ മറവിൽ സ്വർണം കടത്തുകയോ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്‌തോ എന്നുള്ളതാണ്. ആ പാക്കേജിൽ ഖുർആനല്ല, എൻസൈക്ലോപീഡിയയോ ദാസ് ക്യാപിറ്റലോ ആയിരുന്നാലും ജലീൽ വിശുദ്ധനോ കുറ്റവിമുക്തനോ ആവുന്നില്ല.

രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ഒളിച്ചുകടത്തേണ്ട ഒന്നല്ല ഖുർആൻ എന്ന കാര്യം സി.പി.എം മനസ്സിലാക്കണം. അറബ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരിക എന്നത് വിശ്വാസികൾ ചെയ്തുപോരുന്ന സാധാരണ കാര്യമാണ്.


രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ഒളിച്ചുകടത്തേണ്ട ഒന്നല്ല ഖുർആൻ എന്ന കാര്യം സി.പി.എം മനസ്സിലാക്കണം. അറബ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരിക എന്നത് വിശ്വാസികൾ ചെയ്തുപോരുന്ന സാധാരണ കാര്യമാണ്. സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലുമായുള്ള മൊത്തം ഖുർആൻ പ്രതികളുടെ എണ്ണമെടുത്താൽ അതിൽ പകുതിയിലേറെയും അറബ് നാടുകളിൽ അച്ചടിക്കപ്പെട്ടവ തന്നെയായിരിക്കും. ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാഷയിൽ പറഞ്ഞാൽ 'പ്യുവർ അറബിക്കിലുള്ള യഥാർത്ഥ ഖുർആൻ' തന്നെ. അവയൊന്നും ഡിപ്ലോമാറ്റിക് ചാനലിലൂടെ ദുരൂഹമായ ക്രയവിക്രയങ്ങളിലൂടെ കെ.ടി ജലീൽ ഒളിച്ചുകടത്തിയതല്ല. അങ്ങനെയൊരു ഗതികേട് വിശ്വാസികൾക്കില്ല. ഇവിടെ പ്രശ്നം ഇടതു ജനാധിപത്യ മുന്നണി സർക്കാറിലെ ക്യാബിനറ്റ് റാങ്കുള്ള കെ.ടി ജലീൽ എന്ന മന്ത്രി, വഴിവിട്ട വഴികളിലൂടെ പാർസലുകൾ എത്തിച്ചു എന്നതാണ്. അതാണ് ചർച്ചയാവേണ്ടത്, അതുമാത്രമാണ് വിഷയവും.

ആ പാക്കേജിൽ ഖുർആൻ അല്ലായിരുന്നു എങ്കിലോ?


രാജ്യദ്രോഹമായി തന്നെ വിലയിരുത്തപ്പെടുന്ന സ്വർണ കള്ളക്കടത്തിലെ പ്രതികളുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും അവരുമായി ഒന്നിലേറെ തവണ അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ ഏജൻസികൾ തന്നെ പറയുന്നു. സ്വർണക്കടത്തിൽ മന്ത്രിക്കുള്ള പങ്കിന്റെ ആഴവും പരപ്പും അറിയുന്നതിനാണ് അദ്ദേഹത്തെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത്. ഒരു മന്ത്രി സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളാൽ ചോദ്യം ചെയ്യപ്പെടുകയെന്നാൽ സർക്കാർ പ്രതിക്കൂട്ടിലാണെന്നാണ് അർത്ഥം. മന്ത്രിയെ പുറത്താക്കുക എന്നതാണ് സ്വാഭാവികമായ തുടർനടപടി. എന്നാൽ അതിനു തയ്യാറാകാതെ മതത്തിന്റെ കവചമുപയോഗിച്ച് മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും മുന്നിട്ടിറങ്ങുന്നുവെങ്കിൽ അതിനർത്ഥം അവരുടെയും കൈകൾ ശുദ്ധമല്ല എന്നാണ്.

സ്വർണക്കടത്തിനെ വഴിതിരിച്ചുവിടാനും മന്ത്രിപുത്രന്മാരും ബന്ധുക്കളും പാർട്ടിയും കക്ഷിയായ കേസിനെ അട്ടിമറിക്കാനും സി.പി.എം ഒരുക്കുന്ന കെണിയിൽ മുസ്ലിം സമുദായം വീഴുമെന്നത് കോടിയേരിയുടെ ദിവാസ്വപ്‌നം മാത്രമാണ്. സ്വന്തം മക്കൾ പ്രതിചേർക്കപ്പെടുമ്പോൾ പിതാവിനുണ്ടാകുന്ന സ്ഥലജലവിഭ്രാന്തി മനസ്സിലാക്കാം. അതിന് ഖുർആനെ മറയാക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കോടിയേരി കാണിക്കണം. പച്ചക്ക് വൈകാരികത പറഞ്ഞ് ഈ കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. മുസ്ലിംകൾ ബുദ്ധിഹീനരായ വികാരജീവികളാണെന്ന് സ്വയം ധരിക്കരുത്. കെ.ടി ജലീലിനെ രക്ഷിക്കാനുള്ള കവചമായി തങ്ങളുപയോഗിക്കുന്ന അതേ ഖുർആനെ, വിശുദ്ധഗ്രന്ഥമായും മാർഗദർശനമായും പിൻപറ്റുന്ന സമുദായത്തെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം പിന്തുടരുന്നവർ' എന്നാണ് ഈയടുത്ത കാലത്തുപോലും ഇടതുബുദ്ധിജീവികൾ അവജ്ഞയോടെ വിശേഷിപ്പിച്ചിരുന്നത് എന്ന കാര്യം അത്രയെളുപ്പം മറവിയിലേക്ക് തള്ളപ്പെടുകയില്ല.

രാഷ്ട്രീയ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ചുവിരിച്ച് സ്വീകരിക്കാനും സി.പി.എമ്മിന് ആത്മവിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യപത്രമാണ് കോടിയേരിയുടെ ദേശാഭിമാനി ലേഖനം. ആർ.എസ്.എസ്സിന് സി.പി.എം ചെയ്തുകൊടുക്കുന്ന ഈ വിടുപണി തിരിച്ചറിയാനുള്ള ബുദ്ധിവികാസം പോലും കേരളത്തിലെ മുസ്ലിംകൾക്കില്ലെന്നാണ് അദ്ദേഹം കരുതുന്നതെങ്കിൽ കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ. കള്ളക്കടത്തുകാരന്റെ സംരക്ഷണ കവചമായി ഖുര്‍ആനെ ഉപയോഗിച്ച കോടിയേരി കേരളസമൂഹത്തോട് മാപ്പുപറയാന്‍ തയ്യാറാവണം.

(മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ടാണ് ലേഖകൻ)