LiveTV

Live

Opinion

പാലത്തായി: ഒരു രാഷ്ട്രീയ അട്ടിമറിയുടെ പേരാണ്‌

ആരൊക്കെയാണ് തിരശീലക്ക് പിന്നിൽ നിന്ന് കളിക്കുന്നതെന്നും ആരാണ് ഇതിനൊക്കെയും ചരട് വലിക്കുന്നതെന്നും അരിയാഹാരം കഴിക്കുന്നവർക്ക് കൃത്യമായി മനസ്സിലാവുന്നുണ്ട്.

പാലത്തായി: ഒരു രാഷ്ട്രീയ അട്ടിമറിയുടെ പേരാണ്‌

പാലത്തായിയിൽ ഒരു മാതാവ് കുഞ്ഞുമോളെയും നെഞ്ചോട് ചേർത്ത് നീതിക്കായ് കണ്ണുംനട്ടിരിപ്പുണ്ട്. രാഷ്ട്രീയമാണോ നിയമമാണോ തങ്ങൾക്ക് നീതി നിഷേധിക്കുന്നതെന്ന് അവർക്ക് വലിയ തിട്ടമൊന്നുമില്ല. പക്ഷെ പീഡനത്തെ അതിജീവിച്ച ഒരു കുഞ്ഞുമോൾ അത് തുറന്നു പറഞ്ഞപ്പോൾ അവൾ അപമാനിക്കപ്പെടുകയായിരുന്നു എന്ന യാഥാർത്ഥ്യം അവരുടെ മുന്നിലുണ്ട്. അവരുടെ മാത്രമല്ല, ഇത് പോലെ കുഞ്ഞുങ്ങൾ പീഡനങ്ങൾ തുറന്ന് പറഞ്ഞാൽ അപമാനിക്കപ്പെടാനും പ്രതിസ്ഥാനത്ത് നിർത്തപ്പെടാനുമാണ് സാധ്യതയെന്ന സന്ദേശം മുഴുവൻ സമൂഹത്തിന്‍റെയും മുന്നിലുണ്ട്.

കതിരൂർ മനോജ്‌ വധക്കേസിൽ 25 ആം പ്രതിയായി യു.എ.പി.എ ചുമത്തപ്പെട്ട പി ജയരാജൻ പാലത്തായി കേസ് രാഷ്ട്രീയ പ്രശ്‌നമല്ലെന്നും നിയമപ്രശ്നനമാണെന്നും പറയുന്നത് (മാധ്യമം സെപ്റ്റംബർ 12) അജ്ഞത കൊണ്ടല്ല, മറിച്ച് ആ കേസ് തങ്ങളെ തിരിഞ്ഞു കൊത്തുന്നതിലെ ജാള്യത മറച്ചുവെക്കാൻ മാത്രമാണ്. യാഥാർഥ്യങ്ങൾ മറച്ചുവെക്കാനുള്ള വ്യഗ്രത മുഴച്ചു നിൽക്കുന്ന ലേഖനം പക്ഷെ അടിമുടി വൈരുധ്യങ്ങളുള്ള ഒന്നായിപ്പോയി എന്ന് പറയാതെ വയ്യ. "കുട്ടിയുടെ മൊഴിയിലെ വൈരുധ്യം എങ്ങനെ സംഭവിച്ചു എന്നതാണ് ഒരു പ്രശ്നം " എന്ന് പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്ന ജയരാജന്‍ തന്നെ ഇതേ ലേഖനത്തിൽ "പതിനൊന്ന് വയസ്സായ ഒരു കുട്ടിയുടെ സ്വമേധയാ ഉള്ള മൊഴിയിൽ ചെറിയ പിഴവുകൾ സ്വാഭാവികം " എന്നും അത് വലിയ പ്രശ്‌നമേ അല്ലെന്നും സമ്മതിക്കുന്നുണ്ട്.

പൊലീസിന്‍റെ വീഴ്ചകളെ തുടക്കം മുതൽ മൂടിവെക്കാൻ ശ്രമിച്ച പി ജയരാജന് സി.പി.എം പാനൂര്‍ ഏരിയാ മുന്‍ സെക്രട്ടറി പി ഹരീന്ദ്രൻ ഏപ്രിൽ 4 ന് ഇട്ട എഫ്.ബി പോസ്റ്റിനെ കുറിച്ച് എന്താണ് പറയാനുള്ളത് ? "കേസിലെ പ്രതി ബി.ജെ.പി നേതാവായതാണോ പൊലീസിനെ നിഷ്ക്രിയമാക്കുന്നത്? പാനൂർ പൊലീസിന് നാണമോ മാനമോ ഉണ്ടോ എന്നല്ല നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കാനുള്ള ചുമതലയില്ലേ?" എന്ന് രൂക്ഷമായി പൊലീസിനെ വിമർശിക്കുന്ന ആ പോസ്റ്റിൽ സഖാവ് ഹരീന്ദ്രൻ വാളയാറിൽ പൊലീസ് നടത്തിയ നാണം കെട്ട കളികളെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.

പാലത്തായി: ഒരു രാഷ്ട്രീയ അട്ടിമറിയുടെ പേരാണ്‌

എന്താണ് യഥാർത്ഥത്തിൽ പാലത്തായിയിൽ സംഭവിച്ചത്?

വിമൻ ജസ്റ്റിസ് മൂവ്മെന്‍റിന്‍റെ അധ്യക്ഷ എന്ന നിലക്ക് കഴിഞ്ഞ മാർച്ച് 30ന് മുഖ്യമന്ത്രിക്ക് ആദ്യ പരാതി അയക്കാനുണ്ടായ കാരണം ഈ കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് കൃത്യമായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു. പോക്സോ പ്രകാരം FIR ഇട്ട ഈ കേസിൽ മെഡിക്കൽ പരിശോധനക്കും മജിസ്ട്രേറ്റിന് മുന്നിലെ മൊഴി കൊടുക്കലിനും ശേഷം നിരവധി തവണ തുടർച്ചയായി വീട്ടിനകത്തും പുറത്തും സ്റ്റേഷനിലും കുട്ടിയെ ചോദ്യം ചെയ്തത് മുതൽ തുടങ്ങുകയായിരുന്നു ആ അട്ടിമറി ശ്രമങ്ങൾ.

മാർച്ച് 27 ന് ജില്ലാ CWC യുടെ അറിവ് പോലുമില്ലാതെ കുട്ടിയെ ലോക്ക് ഡൌൺ സമയത്ത് ദൂരെ കോഴിക്കോടേക്ക് മാനസിക നില പരിശോധിക്കാൻ കൊണ്ട് പോയത് ആർക്ക് വേണ്ടിയായിരുന്നു? പ്രതിഭാഗം തന്നെയും അത് തങ്ങളുടെ ആവശ്യപ്രകാരം ആണെന്ന് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയതുമാണല്ലോ. പോക്സോ പ്രതിയെ കുട്ടിയുടെ ആദ്യ മൊഴിയനുസരിച്ച് തന്നെ അറസ്റ്റ് ചെയ്യാമെന്നിരിക്കെ ഒരു മാസം അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിച്ച യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. "പ്രതിക്ക് ബി.ജെ.പിക്കാർ ഏർപ്പെടുത്തിയ സംരക്ഷണ വലയം ഭേദിച്ച് പൊലീസ് അറസ്റ്റ് ചെയ്തു" എന്ന് മേനി നടിക്കുന്ന ജയരാജന്‍ യഥാർത്ഥത്തിൽ പിണറായിയുടെ പൊലീസിന്‍റെ ആർ.എസ്.എസ്സുമായുള്ള അവിശുദ്ധ കൂട്ട്കെട്ട് പറയാതെ പറയുകയായിരുന്നു.

ലോക്കൽ പൊലീസിൽ നിന്നും മാറ്റി അന്വേഷണമേൽപിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതിന്‍റെ തൊണ്ണൂറാം ദിവസം കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റപത്രം എടുത്തുദ്ധരിച്ച് ന്യായീകരിക്കുന്ന ജയരാജന്‍ കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട്ട് ചേർക്കാതെ ഒളിപ്പിച്ച് വെച്ചതിനെ കുറിച്ച് മിണ്ടുന്നില്ല. കുട്ടിയുടെ ആന്തരികാവയവത്തിന് ക്ഷതം പറ്റിയെന്ന് പരാമർശമുണ്ട് എന്ന് ജയരാജനും സമ്മതിക്കുന്ന കേസിലെ ഏറ്റവും നിർണ്ണായകമായ മെഡിക്കൽ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് പൂഴ്ത്തിവെച്ചത് സംഘ് പരിവാർകാരനായ പ്രതിയെ സഹായിക്കാനല്ലാതെ മറ്റെന്തിനാണ്? അധ്യാപകൻ കുട്ടികളെ അടിക്കുന്ന ആളാണെന്ന ഇല്ലാ കേസ് എഴുതിച്ചേർത്ത് നൽകിയ ഈ കുറ്റപത്രത്തിൽ കുട്ടിയുടെ അടുത്ത കൂട്ടുകാരിയുടെ വളരെ നിർണ്ണായകമായ മൊഴി ഒഴിവാക്കിയതിനെ കുറിച്ച് എന്ത് കൊണ്ട് ജയരാജനും മിണ്ടുന്നില്ല, ഈ കുട്ടിയുടെ മൊഴി ഒരു ചാനലിലൂടെ കേരളം മുഴുവൻ കേട്ടതുമാണ്.

പാലത്തായി: ഒരു രാഷ്ട്രീയ അട്ടിമറിയുടെ പേരാണ്‌

ഒരു പിഞ്ചുകുട്ടി തന്‍റെ അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ട കേസിൽ വളരെ പ്രധാനപ്പെട്ട ഈ കാര്യങ്ങൾ ഒഴിവാക്കിയതിലൂടെ ക്രൈംബ്രാഞ്ചിന്‍റെ ഒത്തുകളി കേരളത്തിന്‌ മുഴുവൻ ബോധ്യപ്പെട്ടിട്ടും അതേ കുറിച്ച് ജയരാജനും സി.പി.എമ്മും സ്ഥലം MLA യും വനിതാ ശിശു ക്ഷേമ മന്ത്രിയുമായ ശൈലജ ടീച്ചറും മൗനം നടിക്കുന്നു എന്നത് കൊണ്ടാണ് ഇത്‌ നിയമപ്രശ്നമല്ല രാഷ്ട്രീയ പ്രശ്നം തന്നെയാണെന്ന് ഉറപ്പിച്ചു പറയാനാവുന്നത്. കഴിഞ്ഞ ദിവസം മാതാവ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ വാദം കേൾക്കവേ കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രം മതി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ കളളക്കളികൾ വെളിപ്പെടാൻ. ഇത്ര ദുര്‍ബലമായി അന്വേഷണം നടന്ന കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ കോടതി "കാര്യക്ഷമമല്ലാതെ അന്വേഷണം നടന്ന കേസിൽ പ്രതിക്ക് 90 ദിവസം വരെ ജാമ്യം കിട്ടാതിരുന്നത് അത്ഭുതമാണ് " എന്നായിരുന്നു നിരീക്ഷിച്ചത്.

ഈ കേസിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ മേൽനോട്ട ചുമതലയുള്ള ഐ.ജി ശ്രീജിത്ത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ സമൂഹമധ്യത്തിൽ അധിക്ഷേപിച്ചതിനെ കുറിച്ചോ പ്രതിക്കെതിരെ മൊഴി കൊടുത്ത കുട്ടിയുടെ കൂട്ടുകാരിയുടെ പേരടക്കം ഒരു ഫോൺ സംഭാഷണത്തിലൂടെ പുറത്ത് വിട്ടതിനെ കുറിച്ചോ പി. ജയരാജന്‍ എന്തുകൊണ്ട് മിണ്ടുന്നില്ല? ഭാഗികമായി മാത്രം കുറ്റപത്രം സമർപ്പിച്ച കേസിന്‍റെ വിശദ വിവരങ്ങൾ പ്രതിക്ക് സഹായകരമായ വിധത്തിൽ പുറത്തുവിട്ട് നിയമലംഘനം നടത്തിയ ഐ.ജി ശ്രീജിത്തിനെതിരെ കുട്ടിയുടെ മാതാവ് തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അയാളെ കേസിന്‍റെ ചുമതലയിൽ തന്നെ നിലനിർത്തിയത് പ്രതിയെ സംരക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്?

6 മാസം മുമ്പ് ഫോറൻസിക് പരിശോധനക്ക് വേണ്ടി വസ്ത്രവും മൊബൈലും ഉൾപ്പടെയുള്ള തെളിവുകൾ കൊണ്ടു പോയെങ്കിലും ആ റിപ്പോർട് പുറത്തുവരാത്തത് എന്ത് കൊണ്ടാണ്? കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കുള്ള പരാതിയിൽ പറഞ്ഞ രണ്ടാം പ്രതിയെ കുറിച്ച് ക്രൈം ബ്രാഞ്ച് എന്ത് കൊണ്ടാണ് അന്വേഷണം നടത്താത്തത് ?

പാലത്തായി: ഒരു രാഷ്ട്രീയ അട്ടിമറിയുടെ പേരാണ്‌

പോക്സോ നിയമം വന്നശേഷം കേരളത്തിൽ ഇരുപതിനായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ 90 ദിവസത്തിനുള്ളിലും അതിനുശേഷവും 99 ശതമാനം പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്ന് ന്യായീകരിക്കുന്ന ജയരാജന്‍ തന്റെ നേതാവ് ആയ പിണറായി വിജയന്‍ നയിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കഴിവ് കേട് തുറന്നുകാട്ടിയത് കടന്നകയ്യായിപ്പോയി എന്ന് പറയാതെ വയ്യ!

11 വയസ്സുകാരി കുട്ടി കള്ളം പറയുന്ന സ്വഭാവം ഉള്ളവൾ ആണെന്നും ഭാവനയിൽ നിന്ന് കാര്യങ്ങൾ മെനയുന്ന സ്വഭാവം ഉള്ളവളാണെന്നുമുള്ള കല്ല് വെച്ച നുണ റിപ്പോർട്ട് ആയി കൊടുത്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ ഇരക്ക് നീതികിട്ടാൻ വേണ്ടി ഊർജിതശ്രമം നടത്തുന്നവരായി വാഴ്ത്തുന്ന ജയരാജന്‍ കണ്ണടച്ച് ഇരുട്ടാക്കുക മാത്രമാണ് ചെയ്യുന്നത്.

ഒരു കാര്യം വ്യക്തമാക്കാം, പാനൂരിലെയും കൂത്തുപറമ്പിലേയും പാര്‍ട്ടി സഖാക്കളെ പോലും ഇരുട്ടിൽ നിർത്തി ആരൊക്കെയാണ് തിരശീലക്ക് പിന്നിൽ നിന്ന് കളിക്കുന്നതെന്നും ആരാണ് ഇതിനൊക്കെയും ചരട് വലിക്കുന്നതെന്നും അരിയാഹാരം കഴിക്കുന്നവർക്ക് കൃത്യമായി മനസ്സിലാവുന്നുണ്ട്. നിയമപരമായി ഭദ്രമായ രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുമായിരുന്ന ഒരു കേസിനെ ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ ഒത്തുകളിയാണ് ജയരാജൻ മറച്ചുവെക്കാൻ നോക്കുന്നത്.

(വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റാണ് ലേഖിക)