LiveTV

Live

Opinion

നിക്ഷേപ തട്ടിപ്പുകളും ആത്മീയ സെലിബ്രിറ്റികളും

നഷ്ട- ലാഭങ്ങളിലെ പരസ്പര പങ്കാളിത്തമാവണം കൂട്ടുകച്ചവടത്തിന്റെ അടിസ്ഥാനം. നിർണ്ണിത നിക്ഷേപം നടത്തി നിർണ്ണിത മാസ/ വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നതും കൈപ്പറ്റുന്നതും എങ്ങിനെയാണ് ന്യായീകരിക്കാനാവുക

നിക്ഷേപ തട്ടിപ്പുകളും ആത്മീയ സെലിബ്രിറ്റികളും

കാസർകോട്ടെ ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണല്ലോ. അതുമായി ബന്ധപ്പെട്ട മറ്റ് ചില ആലോചനകൾ പങ്കു വെക്കുകയാണ് ഇവിടെ. ഇതൊരു വ്യാപാരത്തട്ടിപ്പിന്റെ പരിധിയിൽ വരുമെന്ന് പറയാനിനിയും സമയം വേണം. ധൂർത്തിനാൽ അടിതെറ്റിയേടത്തു കഴുക്കോലാവശിഷ്ട്ടം അടിച്ചു മാറ്റിയിട്ടുണ്ടോ എന്നും പറയാറായിട്ടില്ല. കച്ചവടം വശമില്ലാത്ത പ്രധാനികളുടെ ശ്രദ്ധക്കുറവിന്റെ വിലകൂടിയ പാഠമാണിതെന്ന പക്ഷവുമുണ്ട്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പണം നഷ്ടപ്പെട്ടുവെന്നതാണ് ഇതിലെ പ്രധാന പ്രശ്നം. നിക്ഷേപകർക്ക് പണം / വിഹിതം തിരിച്ചു നല്കാനൽപ്പം സമയം വേണമെന്ന എം.സി ഖമറുദീന്റെ ഏറ്റുപറച്ചിലിൽ മാന്യതയുടെ അംശം ഉണ്ട്. എന്നാൽ സഹമുതലാളിയും മത സംഘടനാ നേതാവുമായ ടി.കെ പൂക്കോയ തങ്ങളുടെ വിശദീകരണം ഒന്നും വന്നതായറിവുമില്ല. വിഷയത്തിൽ ഇടപെടാനും ഒരു തീരുമാനമെടുക്കാനും ലീഗ് നേതൃത്വം കാണിച്ച ശുഷ്കാന്തി സ്വാഗതാർഹമാണ്. നഷ്ടം നേരിട്ട നിക്ഷേപകർക്ക് ലീഗിന്റെ ഇടപെടൽ ഗുണം ചെയ്യുമോ എന്നത് കാത്തിരുന്നു കാണണം.

ഇത്തരത്തിലുള്ള നിക്ഷേപക സംരംഭങ്ങൾ മലബാറിന്റെ പല ഭാഗത്തും കാണാൻ സാധിക്കും. ഗൾഫ് അധ്വാനത്തിലൂടെയും മറ്റും സമാഹരിക്കപ്പെടുന്ന തുകകൾ കയ്യിലുള്ള കുടുംബങ്ങൾ ഈ മേഖലയിൽ ധാരാളമാണ്. ഈ പണം വെറുതെ കിടക്കാതെ ഉൽപാദന ക്ഷമമായി വിനിയോഗിക്കാമല്ലോ എന്ന ചിന്തയാണ് അവരെ ഇത്തരം നിക്ഷേപ പദ്ധതികളിലേക്ക് ആകർഷിക്കുന്നത്. ബാങ്കിൽ നിക്ഷേപിച്ച് പലിശയിലൂടെ ലഭിക്കുന്ന ആദായം നിഷിദ്ധം (ഹറാം) ആയി കാണുന്നവരാണ് ഇവർ. തരക്കേടില്ലാത്ത സുരക്ഷിത വരുമാനസ്രോതസ്സായി സ്വർണ്ണ / വസ്ത്ര / ടൈൽസ് മേഖലകളിലെ നിക്ഷേപം അംഗീകരിക്കപ്പെട്ട് പോന്നിട്ടുണ്ട്. ക്ഷണനേരംകൊണ്ടുള്ള വർധിത കച്ചവട വികാസം മനനം ചെയ്ത മുതലാളിമാർ നടേ പറഞ്ഞ വ്യാപാരങ്ങൾക്കാമുഖമോതാൻ ബോധപൂർവ്വം തിരഞ്ഞെടുക്കാറ്, സമുദായ പണ്ഡിതരേയോ, ഒരു പ്രദേശത്തിന്റെ നാമശ്രദ്ധയുള്ള തറവാട് കുലമേന്മാഖ്യാതിയുള്ളവരെയോ ആണ്. ഇത്തരം സംരംഭങ്ങളുടെ ഉൽഘാടനത്തിന് വിളിക്കപ്പെടുന്നത് മിക്കപ്പോഴും ആത്മീയ സെലിബ്രിറ്റികളാണ്.

ടി.കെ പൂക്കോയ തങ്ങള്‍
ടി.കെ പൂക്കോയ തങ്ങള്‍

നഷ്ട- ലാഭങ്ങളിലെ പരസ്പര പങ്കാളിത്തമാവണം കൂട്ടുകച്ചവടത്തിന്റെ അടിസ്ഥാനം. അതിന് പകരം നിർണ്ണിത നിക്ഷേപം നടത്തി നിർണ്ണിത മാസ/ വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നതും കൈപ്പറ്റുന്നതും എങ്ങിനെയാണ് ന്യായീകരിക്കാനാവുക. ഇതും പലിശയുടെ ഗണത്തിൽ തന്നെയല്ലേ പെടുക? ലാഭ വിഹിതം എപ്പോഴും എങ്ങിനെയാണ് നിർണിതമായ ഒരു സംഖ്യ ആവുക? ഇക്കാര്യങ്ങൾ സംരംഭകരെയും നിക്ഷേപകരായ നാധാരണക്കാരെയും പഠിപ്പിക്കേണ്ട ഉത്തരവാദിത്തം മത പണ്ഡിതൻമാർക്കാണ്. പക്ഷേ സങ്കടകരമായ കാര്യം അവരാണ് ഇത്തരം പദ്ധതികളുടെ പ്രമോട്ടർമാരായി അരങ്ങത്തും അണിയറയിലും ഉള്ളത് എന്നാണ്. വിവാദമായ കാസർക്കാട്ടെ നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ എം.സി ഖമറുദീന്റെ പേര് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹം രാഷ്ട്രീയക്കാരനായത് കൊണ്ട് അത് സ്വാഭാവികം. എന്നാൽ ആ സംരംഭത്തിൽ ഖമറുദീനെക്കാൾ പങ്കാളിത്തവും ഉത്തരവാദിത്തവുമുള്ളയാളാണ് ടി.കെ. പൂക്കോയ തങ്ങൾ. അദ്ദേഹം ഒരു മത സംഘടനയുടെ പ്രമുഖ സംഘാടകനും നേതാവുമാണ്. എന്തുകൊണ്ട് ആ വശം ചർച്ച ചെയ്യപ്പെട്ടില്ല. എന്നല്ല, മലബാറിലെ ഈ നിലയിൽ ഉയരുകയും തകരുകയും ചെയ്ത നിരവധി നിക്ഷേപ സ്ഥാപനങ്ങളുടെ മുന്നണിയിലും പിന്നണിയിലും ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ കാണാൻ കഴിയും. ഇതൊക്കെ ഇങ്ങനെ മതിയോ എന്നത് മത/ ആത്മീയ സംഘടനകൾ ഗൗരവത്തിൽ ആലോചിക്കേണ്ട കാര്യമാണ്.

(അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് ലേഖകൻ)