LiveTV

Live

Opinion

ഡിസ്‍ലൈക്ക്: സടകുടഞ്ഞ് യുവ ഇന്ത്യ

പ്രചണ്ഡമായ പ്രചാരവേലയും, ഇരുപത്തിനാല് മണിക്കൂറും സുസജ്ജരായ ടെക്കികളും, ഏകോപനവും, ആസൂത്രണവും, നിർലോപമായി പണമൊഴുക്കിയും ബി.ജെ.പി ഓൺലൈനിൽ വലിയ യുദ്ധക്കളം തന്നെ തീർത്തിരുന്നു.

ഡിസ്‍ലൈക്ക്: സടകുടഞ്ഞ് യുവ ഇന്ത്യ

വർത്തമാന കാല രാഷ്ട്രീയ രീതികളുടെയും, ജനാധിപത്യത്തിൻ്റെയും ദിശ നിർണ്ണയിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്. ആട് പട്ടിയായും, വ്യാജൻ മിശിഹയായും നിമിഷാർദ്ധങ്ങൾ കൊണ്ട് പരിണമിക്കുന്നു. ധാർമ്മികതയും മൂല്യബോധവും ദൗർബല്യത്തിൻ്റെ അടയാളമായി ചിത്രീകരിക്കുന്ന, വിജയികൾക്ക് മാത്രം ഇടമുള്ള പുതിയ രാഷ്ട്രീയത്തെ സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. കറുപ്പിനെ വെള്ള പൂശുന്ന ഈ ചതുരംഗത്തിൽ തുടക്കം മുതൽ ബി.ജെ.പി മുന്നിട്ടു നിൽക്കുന്നുണ്ട്. അവരെ പദാനുപദം അനുകരിക്കലാണ് വിജയമാർഗ്ഗം എന്ന് കേരളത്തിലെ സി.പി.എം ഉറച്ചു വിശ്വസിക്കുന്നു. സർക്കാർ ശമ്പളം പറ്റുന്ന പി.ആർ കർമ്മികൾ കേരളത്തിൽ ഉടലെടുത്തത് അങ്ങനെയാണ്. നേട്ടങ്ങൾ സി.പി.എമ്മിനെ കടാക്ഷിച്ചില്ലെങ്കിലും ഓൺലൈൻ സമൂഹത്തിൻ്റെ ചൂരൽ പ്രയോഗം ഒരേ സമയം ബി.ജെ.പി ക്കൊപ്പം സി.പി.എമ്മിനും കിട്ടി എന്നത് രസാവഹമാണ്.

രാജ്യത്തിൻ്റെ അജണ്ടയും, ചർച്ചയും തീരുമാനിക്കുന്നത് താനാണെന്ന പതിവു ഭാവത്തിലാണ് ആഗസ്ത് 30 ന് നരേന്ദ്രമോദി മൻകീ ബാതുമായി കടന്നു വന്നത്. ചരിത്രത്തിലാദ്യമായി കൂവി വിളിച്ചു കൊണ്ട് ലക്ഷങ്ങളാണ് രംഗം കൈയ്യേറിയത്. ബി.ജെ.പിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ ഒരാഴ്ച കൊണ്ട് 30 ലക്ഷം ഡിസ് ലൈക്കുകളാണ് കുമിഞ്ഞ് കൂടിയത്. പി.എം.ഒ യൂ ട്യൂബ് ചാനലിൽ ലഭിച്ച ലൈക്കിൻ്റെ ഇരട്ടിയോളം പേർ ഡിസ് ലൈക്കിൽ വിരലമർത്തി. നരേന്ദ്ര മോഡി പേജ് ലൈവ് സ്ട്രീമിൽ പതിനായിരങ്ങൾ കൂട്ടത്തോടെ അനിഷ്ടം രേഖപ്പെടുത്തി. വികാരവിക്ഷുബ്ധമായ കമൻറുകളുടെയും ശാപവചസ്സിൻ്റെയും വേലിയേറ്റം ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്തബ്ധരായ ബി.ജെ.പി ഐ .ടി സെല്ലുകാർ കമൻ്റിനും, ലൈക്കിനുമുള്ള ഓപ്‌ഷൻ അയോഗ്യമാക്കി ഓടി രക്ഷപ്പെടുകയായിരുന്നു.

അരിശം തീരാത്ത നാട്ടുകാർ ദേശീയ വിദ്യഭ്യാസ നയം സംബന്ധിച്ച ഗവർണ്ണർമാരുടെ പരിപാടിയിലും, ഐ.പി.എസ് പ്രബേഷണറി ഓഫീസർമാരുടെ മീറ്റിലും, ഇന്തോ - യു.എസ് സ്ട്രാറ്റജിക് ആൻറ് പാർട്ട്ണർഷിപ്പ് ഫോറത്തിലുമടക്കം മോഡിയുടെ മുഖം കണ്ടയിടങ്ങളിലെല്ലാം വെട്ടു കിളികളെപ്പോലെ ആഞ്ഞു കൊത്തി. കേന്ദ്ര സർക്കാറിൻ്റെ കോവിഡ് ആനിമേഷൻ വീഡിയോവിനെയും വെറുതെ വിട്ടില്ല. തൻ്റെ പത്ര സമ്മേളന വീഡിയോ വഴി ഒറ്റ രാത്രി കൊണ്ട് സംബിത് പത്ര വാരിക്കൂട്ടിയത് 90000 ഡിസ് ലൈക്കുകളാണ്. എല്ലാത്തിനും പിന്നിൽ കോൺഗ്രസാണെന്ന ആരോപണം ഉടൻ തന്നെ പുറപ്പെടുവിക്കകയുണ്ടായി.

ഡിസ്‍ലൈക്ക്: സടകുടഞ്ഞ് യുവ ഇന്ത്യ

ഭാവാഭിനയങ്ങളും, കണ്ണീരും, ചിരിയും, പൊയ് വെടികളും കൊണ്ട് യഥാർത്ഥ പ്രശ്നങ്ങളെ മറച്ചു പിടിക്കുന്നതിൽ മോഡി എന്നും വിജയിച്ചു പോന്നിരുന്നു. നീറ്റ് - ജെ.ഇ.ഇ വിദ്യാർത്ഥി രോഷവും, - 23.9 ലേക്ക് കൂപ്പുകുത്തിയ സാമ്പത്തിക രംഗവും, തൊഴിലില്ലായ്മയും, അതിർത്തിയിലെ നാണക്കേടും മറികടക്കാൻ കളിപ്പാട്ടം നിർമ്മിക്കാനും, ഇന്ത്യൻ പട്ടിയെ വളർത്താനുമുള്ള ആഹ്വാനമാണ് പുതുതായി മോഡി മുഴക്കിയത്. എന്നാൽ വിദ്യാർത്ഥികളുടെയും, യുവാക്കളുടെയും രോഷാഗ്നിയിൽ ഇത്തവണ സംഗതി ഒത്തില്ല. അതേ സമയം ഇങ്ങ് കേരളത്തിൽ ചിലർ മോദിക്ക് വേണ്ടി പരിശീലിക്കുക യായിരുന്നു. ചോദ്യപേപ്പറടക്കം പാർട്ടി ഗുണ്ടകൾക്ക് ചോർത്തി നൽകി ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണതയും, അപമാനവും പേറുന്ന പി.എസ്.സി യെ വെളുപ്പിച്ചെടുക്കാനായിരുന്നു ആ സാഹസിക ദൗത്യം. അങ്കക്കച്ച മുറുക്കിയത് എം.ബി. രാജേഷായിരുന്നു. അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ജോലി ലഭിക്കാത്തതും, ആത്മഹത്യയും, കൺസൽട്ടൻസി രാജും, വ്യാജബിരുദവുമൊക്കെ ജയ് വിളിച്ച് നേരിടാനായിരുന്നു രാജേഷിൻ്റെ പരിപാടി.എമണ്ടൻ കണക്കുകൾ നിരത്തിയുള്ള ന്യായീകരണങ്ങൾ ബൂമറാംഗായി മാറി. ലൈക്കുകളെ നിഷ്പ്രഭമാക്കി ഡിസ് ലൈക്ക് കളം നിറഞ്ഞു. കോൺഗ്രസാണ് പിന്നിലെന്ന പ്രസ്താവനയിൽ പോലും രാജേഷ് ബി ജെ പി യോട് സാമ്യത നിലനിർത്തി.

പ്രചണ്ഡമായ പ്രചാരവേലയും, ഇരുപത്തിനാല് മണിക്കൂറും സുസജ്ജരായ ടെക്കികളും, ഏകോപനവും, ആസൂത്രണവും, നിർലോപമായി പണമൊഴുക്കിയും ബി.ജെ.പി ഓൺലൈനിൽ വലിയ യുദ്ധക്കളം തന്നെ തീർത്തിരുന്നു. ഹീനമായ ഫാസിസ്റ്റ് തന്ത്രങ്ങളായിരുന്നു പയറ്റിയിരുന്നത്. തങ്ങളെ എതിർക്കുന്നവരെ ശ്രേണിയായി തിരിച്ച് സംഹരിക്കാൻ ശ്രമിച്ചു പോന്നു. മുസ്ലിം സ്വത്വം പേറുന്ന രാഷ്ട്രീയ കലാ സാഹിത്യ സാമൂഹ്യ ആക്ടിവിസ്റ്റുകൾക്ക് ആൻ്റി നാഷണൽ ടാഗായിരുന്നു നൽകിയിരുന്നത്. ഇടതു ലിബറലുകൾക്ക് മാവോ മുദ്ര നൽകി. സ്ത്രീകൾക്ക് റേപ്പ് ഭീഷണി സമ്മാനിച്ചു. ഭരണ നയങ്ങളെ വിമർശിക്കുന്നവരെ രാജ്യ ദ്രോഹികളാക്കി. വിദ്യാർത്ഥികളെ ദുർമാർഗ്ഗികളെന്നു വിളിച്ചു. ചൊൽപ്പടിക്കു നിൽക്കാത്തവരെ മുഴുവനും വളഞ്ഞിട്ട് സമ്മർദ്ദത്തിലാക്കി. പോലീസും, ഭരണകൂട ഏജൻസികളും വഴി ഇതിൻ്റെ തുടർ നടപടികളും ക്രമീകരിച്ചു പോന്നു. സഞ്ജീവ് ഭട്ടുമാർ ഇപ്പോഴും ജയിലിൽ തന്നെയാണ്. ഭയത്തിൻ്റെ കരിമ്പടത്തിൽ രാജ്യത്തിൻ്റെ അസ്ഥിത്വം തളച്ചിട്ടു.

ദഹിക്കാത്ത നിലപാടുകൾ പറഞ്ഞാൽ സ്വന്തം പാളയത്തിലെ തല മുതിർന്ന നേതാവെന്ന പരിഗണന പോലും ബി.ജെ.പി ഐ ടി സെൽ നൽകാറില്ല. കശ്മീരികളെയും, സംസ്കാരത്തെയും പ്രകീർത്തിച്ചതിന് മന്ത്രി രാജ്നാഥ് സിങ്ങിനെയും, മിശ്ര വിവാഹിതരോട് അപമര്യാദ കാട്ടിയ വിദേശമന്ത്രാലയ ഉദ്യോഗസ്ഥരെ ശാസിച്ചതിന് സുഷമ സ്വരാജിനെയും നിശിതമായി ആക്രമിച്ചിരുന്നു. പരീക്ഷ മാറ്റിവെക്കൽ വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ചതിന്, തന്നെ ആക്രമിച്ച സെല്ലിനെ തെമ്മാടികൾ എന്നാണ് സുബ്രഹ്മണ്യസ്വാമി വിളിച്ചത്. ഫേക്ക് ഐ ഡി കളിൽ നിന്നാണ് ആക്രമങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തരം ഫേക്കുകളെ ഫോളോ ചെയ്യുന്നതിൽ കേന്ദ ക്യാബിനറ്റ് മന്ത്രിമാർ പോലുമുണ്ടെന്നാണ് സ്ഥിതിവിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഡിസ്‍ലൈക്ക്: സടകുടഞ്ഞ് യുവ ഇന്ത്യ

അധികാര പ്രമത്തതയുടെയും, അഹങ്കാരത്തിൻ്റെയും ഉച്ചസ്ഥായിലാണ് ബി.ജെ.പി അഭിരമിക്കുന്നത്. തങ്ങൾ തൊടുന്നതൊക്കെ പൊന്നാണെന്നും ഓഡിറ്റിംഗും, ജഡ്ജ്മെൻറും തങ്ങൾക്ക് ബാധകമല്ല എന്നും അവർ പരസ്യമായി ഉദ്ഘോഷിച്ചു. കോടതികളെയും, ഭരണഘടന സ്ഥാപനങ്ങളെയും സ്തുതിപാഠകരാക്കി മാറ്റി. നോട്ടു നിരോധനവും, വികലമായ ജി.എസ്.ടിയും, അന്ധമായ കോർപ്പറേറ്റ് സേവയുമടക്കമുള്ള വങ്കത്തങ്ങൾ രാജ്യത്തെ നിവർന്ന് നിൽക്കാൻ ശേഷിയില്ലാത്തവണ്ണം രോഗാതുരമാക്കുമ്പോൾ ചർച്ചകൾ വഴി മാറ്റി വിട്ടു. പത്ര,ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളെ മുഴുവൻ അതിനായി വിലക്കെടുത്തു. മുത്തലാഖ്, അയോധ്യ, പൗരത്വം തുടങ്ങിയ എല്ലിൻ കഷ്ണങ്ങളിൽ തങ്ങളാഗ്രഹിക്കുന്ന നേരങ്ങളിൽ കടിച്ചുപറിക്കുന്ന പോഴൻമാരാക്കി അവർ ഭാരതീയരെ സ്ഥാപിച്ചു പോന്നു.

അമിത ആത്മവിശ്വാസത്തിൻ്റെ മുഖത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ യുവത്വം പ്രഹരമേൽപ്പിച്ചത്. എല്ലാവരെയും എല്ലായ്പ്പോഴും കബളിപ്പിക്കാൻ കഴിയില്ലയെന്നും, വിദ്വേഷ വൈകാരികതയെ മുൻനിർത്തി ജീവൽ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാകില്ലെന്നും കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഏറ്റവും സ്പഷ്ടമായി മുഴങ്ങിയ മിഴിവേറിയ സന്ദർഭമാണിത്. സമാന ചിന്തകളുടെ നൈരന്തര്യത്തിലും തുടർച്ചയിലുമാണ് 130 കോടി ജനങ്ങളുടെ ഭാവി കൂടി കൊള്ളുന്നത്. സഹസ്രാബ്ധങ്ങളുടെ സൃഷ്ടി, സ്ഥിതി, സമത്വത്തിൻ്റെ പാരാവാരം അലിഞ്ഞു ചേർന്ന ഭാരതാംബയുടെ മണ്ണിൽ പരമതദ്വേഷത്തിന് ഒരിക്കലും ഇടമുണ്ടായിട്ടില്ല എന്നതു തന്നെയാണ് ശുഭപ്രതീക്ഷ മുറുകെ പിടിക്കാൻ സുമനസ്സുകളെ പ്രേരിപ്പിക്കുന്ന വികാരം.

(കെ.പി.സി.സി മെമ്പറാണ് ലേഖകന്‍)