LiveTV

Live

Opinion

പരിഷ്കരണങ്ങൾക്കായി കാത്തിരിക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങൾ

സമഗ്രവും സംയോജിതവുമായ ആസൂത്രണത്തിന്റെ അഭാവം നമ്മുടെ നഗര ഭരണ സംവിധാനത്തെ താളം തെറ്റിക്കുകയാണ്. കോവിഡ് മഹാമാരി അതാണ് നമുക്ക് തെളിയിച്ചു തന്നത്

പരിഷ്കരണങ്ങൾക്കായി കാത്തിരിക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങൾ

കോവിഡ്-19 ഇന്ത്യയുടെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തുകയും സ്വയംഭരണത്തിനുള്ള അവരുടെ പരിമിതമായ കഴിവുകളെ വീണ്ടും ഉയർത്തിക്കാട്ടുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ കോവിഡ് കേസുകളിൽ ഏതാണ്ട് അമ്പതു ശതമാനത്തോളം വന്നത് മെട്രോപൊളിറ്റൻ നഗരങ്ങളായ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായിരുന്നു.

ശക്തമായ ഭരണ രൂപകല്പനയുടെ അഭാവം

ഈ വീഴ്ചയ്ക്ക് തീർച്ചയായും ഒരു പൊതുജനാരോഗ്യ വശം ഉണ്ട്. 2018-ലെ ഇന്ത്യയുടെ പൊതുജനാരോഗ്യ ചിലവ് ആഭ്യന്തര വളർച്ച നിരക്കിന്റെ വെറും 1.28 ശതമാനം മാത്രമായിരുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2017-ൽ ലോകത്തിന്റെ ശരാശരി ഔട്ട് ഓഫ് പോക്കറ്റ് ഹെൽത്ത് എകസ്‌പെന്റിച്ചർ, അതായതു വ്യക്തികൾ ആരോഗ്യ സേവനിത്തിനായി നേരിട്ട് ചിലവഴിച്ച തുക 18.20 ശതമാനമായിരുന്നപ്പോൾ, ഇന്ത്യയിൽ ഇത് 62.40 ശതമാനമായിരുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ മാനവ വിഭവ ശേഷിയും വളരെ കുറവാണു. ഉദാഹരണത്തിന്, ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ചു ആയിരം പേർക്ക് ഒരു ഡോക്ടർ വേണമെന്നിരിക്കെ ഇന്ത്യയിൽ ഈ അനുപാതം 1:1,457 ആണ്. അസമമായ പൊതുജനാരോഗ്യ സംവിധാനത്തോടൊപ്പം തന്നെയുള്ള മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ഭരണ വ്യവസ്ഥ. കോവിഡിനോടുള്ള പ്രതികരണത്തെ മാത്രമല്ല, മറിച് പ്രകൃതി ദുരന്തങ്ങളെയും മനുഷ്യ-നിർമ്മിതമായ ദുരന്തങ്ങളെയും മറ്റു അപ്രതീക്ഷിത വെല്ലുവിളികളെ നേരിടുന്നതിനുമൊക്കെയുള്ള തയ്യാറെടുപ്പുകൾക്കും മികച്ച ഭരണ വ്യവസ്ഥക്ക് പങ്കുണ്ട്.

നഗരഭരണത്തെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ നാലെണ്ണമാണ്‌

  1. സവിശേഷമായ ആസൂത്രണം,

  2. മുനിസിപ്പാലിറ്റികളുടെ ധന/മനുഷ്യ വിഭവ ശേഷി

  3. മേയറുടെയും കൗൺസിലിന്റെയും ശാക്തീകരണം/ വിവിധ സിവിക് ഏജൻസികളുടെ ഏകോപനം

  4. വാർഡ് അടിസ്ഥാന ജനപങ്കാളിത്ത വ്യവസ്ഥ.

ഇന്ത്യയുടെ നഗര ഭരണ വ്യവസ്ഥക്ക് അടിത്തറ പാകിയ എഴുപത്തി നാലാം ഭരണ ഘടന നിയമ ഭേദഗതിയുടെ ഇരുപത്തിയേഴു വർഷങ്ങൾക്കിപ്പുറവും ഈ പരിഷ്കരണ അജണ്ടകൾ മന്ദഗതിയിൽ തന്നെ തുടരുകയാണ്.

1. സംയോജിത ആസൂത്രണത്തിന്റെ അഭാവം

എല്ലാ മെട്രോപൊളിറ്റൻ പ്രദേശങ്ങളിലും, അതായതു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗര പ്രദേശങ്ങളിലും മെട്രോപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റികൾ (എം‌പി‌സി) രൂപീകരിക്കാൻ ഇന്ത്യൻ ഭരണാഘടന അനുശാസിക്കുന്നുണ്ടു. മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ സംയോജിത ആസൂത്രണം ഉറപ്പാക്കൽ, കരട് വികസന പദ്ധതികൾ തയ്യാറാക്കൽ, പ്രാദേശിക അധികാരികളും, സംസ്ഥാന, കേന്ദ്ര സർക്കാരുകളും നിശ്ചയിച്ചിട്ടുള്ള മുൻ‌ഗണനകൾ സമന്വയിപ്പിക്കൽ തുടങ്ങിയവയാണ് എംപിസിയുടെ ഉത്തരവാദിത്തങ്ങൾ. എന്നാൽ മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും ഒന്നുകിൽ എംപിസി രൂപീകരിക്കാതെയിരിക്കുകയോ അല്ലെങ്കിൽ രൂപീകരിച്ചവ പ്രവർത്തനരഹിതമോ ആണ്. ജനാഗ്രഹ എന്ന സന്നദ്ധ സംഘടനയുടെ ആന്വൽ സർവ്വേ ഓഫ് ഇൻഡ്യയാസ് സിറ്റി സിസ്റ്റംസ് (ASICS 2017 )പഠനപ്രകാരം, വിലയിരുത്തിയ പതിനെട്ടു നഗരങ്ങളിൽ ഒൻപത്തെണ്ണത്തിൽ മാത്രമാണ് എംപിസി പേരിനെങ്കിലും രൂപീകരിച്ചിട്ടുള്ളത്.

പരിഷ്കരണങ്ങൾക്കായി കാത്തിരിക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങൾ

സമഗ്രവും സംയോജിതവുമായ ആസൂത്രണത്തിന്റെ അഭാവം കോവിഡ് പ്രതിസന്ധിയിൽ ഏറെ പ്രകടമായതാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള പാർപ്പിട സംവിധാനങ്ങളുടെ അപര്യാപ്‌തത, അർത്ഥവത്തായ സാമൂഹിക സുരക്ഷയുടെ അഭാവം എന്നിവ നഗര ദരിദ്രര്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധയിാണെന്ന് നാമറിഞ്ഞു. തുല്യ അവസരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്ന ഇട-ദീർഘകാല സ്പേഷ്യൽ പ്ലാനിങ്ങിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങൾ അവർത്തിക്കാതിരിക്കുവാൻ കഴിയു.

2. ദുർബലമായ ധനകാര്യാ - മനുഷ്യ വിഭവ ശേഷി

ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളുടെ ധനകാര്യശേഷിയും മനുഷ്യ-വിഭവ ശേഷിയും ഏറെ ദുർബലമാണ്. ഉദാഹരണത്തിന്, ബെംഗളൂരു നഗരത്തിന്റെ ചിലവിന്റെയും വരുമാനത്തിന്റെയും അനുപാതത്തിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി 47.9 ശതമാനമാണ്. ഇത് ചെന്നൈയിൽ 30.5 ശതമാനവും, മുംബൈയിൽ 36.1 ശതമാനവും കൊൽക്കത്തയിൽ 48.4 ശതമാനവുമാണ്. എസിക്സ് 2017 പഠന പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ഉള്ള നഗരസഭാ മുംബൈ ആണ്. ഓരോ ലക്ഷം പൗരന്മാർക്കും മുംബൈ നഗരസഭക്ക് 938 ഉദ്യോഗസ്ഥരുണ്ട്. എന്നാൽ ആഗോള നഗരങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ, ഈ പൗര-ഉദ്യോഗസ്ഥ അനുപാതം വളരെ കുറവാണു. ഉദാഹരണത്തിന്, ജോഹന്നാസ്ബർഗിൽ ഓരോ ലക്ഷം പൗരന്മാർക്കും 2,922 ഉദ്യോഗസ്ഥരും ന്യൂയോർക്കിൽ 5,466 ഉദ്യോഗസ്ഥരുമാണുള്ളത്.

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിലും ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിലുമുള്ള നഗര ഭരണസ്ഥാപനങ്ങളുടെ ക്ഷീണാവസ്ഥ കോവിഡ് വീണ്ടും തുറന്നു കാട്ടിയിരിക്കെ, സ്വയംഭരണത്തിന് മുനിസിപ്പാലിറ്റികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള അവശ്യകതയാണ് സൂചിപ്പിക്കുന്നത്.

3. പരിമിതമായ അധികാരങ്ങൾ മാത്രമുള്ള മേയറും കൗൺസിലും, വിഘടിച്ച ഭരണവും

ഇന്ത്യയുടെ നഗരങ്ങളെ നയിക്കുന്ന മേയർമാർക്കു യഥാർത്ഥത്തിൽ നഗരത്തിന്റെ ഭരണ നിർവഹണത്തിൽ പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളത്. പത്ത് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നുംതന്നെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട മേയർമാരില്ല. ഈ നഗരങ്ങളിലെല്ലാം കൗൺസിലർമാർക്കിടയിൽനിന്നാണ് മേയറിനെ തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ, നഗര സഭയുടെ കാലാവധി അഞ്ചു കൊല്ലമാണെങ്കിലും, മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും മേയർക്ക് അഞ്ചു കൊല്ലം കാലാവധിയില്ല. ഉദാഹരണത്തിന്, മുംബൈ മേയറുടെ കാലാവധി 2.5 വർഷമാണ്. ദില്ലി, ബെംഗളൂരു എന്നീ നഗരങ്ങളിൽ വെറും ഒരു വർഷവും. കൂടാതെ, മിക്കപ്പോഴും നഗരാസൂത്രണം, പാർപ്പിടം, ജലം, പരിസ്ഥിതി, അഗ്നി, മറ്റു അടിയന്തിര സേവനങ്ങൾ തുടങ്ങിയ നിർണായക പ്രവർത്തനങ്ങളിൽ ഒന്നും തന്നെ മേയർക്കോ കൗൺസിലിനോ പൂർണ്ണ തീരുമാനമെടുക്കാനുള്ള അധികാരമില്ല. ഇതുകൊണ്ടൊക്കെ തന്നെ, നമ്മുടെ മെട്രോപൊളിറ്റൻ നഗരങ്ങൾ യഥാർത്ഥത്തിൽ എഴുപത്തിനാലാം ഭരണഘടനാ ഭേദഗതി നിയമം വിഭാവനം ചെയ്ത പ്രാദേശിക സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വളരെ അകലെയാണ്. ഇതിനുപുറമെ, നഗരാസൂത്രണം, നഗരത്തിലെ ജലം, പൊതുഗതാഗതം തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് പലപ്പോഴും നഗര ഭരണകൂടത്തിന് പുറത്തുള്ള ഏജന്‍സികളാണ്‌.

ഒരു യഥാർത്ഥ അധികാര വികേന്ദ്രികരണ വ്യവസ്ഥിതിയിൽ ഇവ നഗര സഭക്ക് കീഴിലാണ് പ്രവർത്തിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾ അതാതു സംസ്ഥാന സർക്കാരുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ നഗരത്തിലെ ട്രാഫിക്, പോലീസ്, നിർണായക പൊതുമരാമത്തു പണികൾ തുടങ്ങിയവ സംസ്ഥാന സർക്കാരുകൾ നേരിട്ടാണ് നിയന്ത്രിക്കുന്നത്.

പരിഷ്കരണങ്ങൾക്കായി കാത്തിരിക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങൾ

ഒരു മികച്ച ജനാധിപത്യ നഗരത്തിന്റെ അത്യന്താപേക്ഷിത ഘടകമാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്തവും അധികാരവുമുള്ള ഒരു നേതാവ്. ആ രാഷ്ട്രീയ അധികാരി ഒരു കാരണവശാലും ഒരു മുഖ്യമന്ത്രിയോ, സംസ്ഥാന സർക്കാരോ അല്ല, മറിച്ചു , നഗരത്തെ അടുത്തറിയുന്ന മേയറാണ്.

4. സുതാര്യത, ജനപങ്കാളിത്തം തുടങ്ങിയവയുടെ അഭാവം

ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന വാർഡ് കമ്മിറ്റികൾ, പ്രദേശം കേന്ദ്രീകരിച്ചുള്ള പ്രത്യേകം സഭകള്‍ തുടങ്ങിയ വ്യവസ്ഥാപിത സ്ഥാപനങ്ങളുള്ള സുതാര്യമായ നഗരങ്ങൾ ജനാധിപത്യത്തെ ഏറെ പുഷ്ടിപ്പെടുത്തും. എന്നാൽ ഇന്ത്യയിലെ ഒരു മെട്രോപൊളിറ്റൻ നഗരവും കൃത്യമായി പ്രവർത്തിക്കുന്ന വാർഡ് കമ്മറ്റികളോ പ്രാദേശിക സഭകളോ രൂപീകരിച്ചിട്ടില്ല. ഇതിനു പുറമെ, നഗര ഭരണത്തെ സംബന്ധിച്ച സാമ്പത്തിക പ്രവർത്തന വിഷയങ്ങളിൽ ആവശ്യത്തിന് സുതാര്യത ഇല്ലാത്തതു ഭരണ സംവിധാനത്തെ കൂടുതൽ ബലഹീനമാക്കുന്നു. എസിക്സ് 2017 പഠന പ്രകാരം ‘സുതാര്യത’, ‘ജനപങ്കാളിത്തം’ എന്നീ ഘടകങ്ങളിൽ ഇന്ത്യയുടെ വലിയ മെട്രോപൊളിറ്റൻ നഗരങ്ങളുടെ ശരാശരി സ്കോർ പത്തിൽ വെറും 3.04 ആണ്.

ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും സമ്പർക്ക രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനും ക്വോറൻറ്റീൻ നടപ്പിലാക്കുന്നതിനും സന്നദ്ധ സേവകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും സാമൂഹ്യ സന്നദ്ധ സംഘടനകളുടെ സഹകരണത്തിനും, വികേന്ദ്രികൃത ജനപങ്കാളിത്ത വ്യവസ്ഥക്കുള്ള പ്രാധാന്യം കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധം നമുക്ക് കാണിച്ചു തന്നു.

നഗരങ്ങള്‍: സാധ്യതകളും സങ്കീര്‍ണതകളും

ചെറിയ നഗരങ്ങൾ ഉയർന്നുവരുമ്പോഴും, ഇന്ത്യയുടെ നഗരവൽക്കരണത്തിന്റെ അടിസ്ഥാന സ്വഭാവം “മെട്രോപൊളിറ്റൻ” ആണെന്നാണ് ലോക ബാങ്ക് റിപ്പോർട്ട് പറയുന്നത്. ഇതിന്റെ കാരണം, പുതുതായി ഉണ്ടാകുന്ന ചെറു നഗരങ്ങൾ ഇപ്പോൾ നിലനിൽക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങൾക്കടുത്തയാണ് ഉണ്ടാകുന്നത്. മക്കിൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, 2012-ൽ ഇന്ത്യയുടെ ആഭ്യന്തര വളർച്ച നിരക്കിന്റെ 40 ശതമാനം നൽകിയത് 54 മെട്രോപൊളിറ്റൻ നഗരങ്ങളാണ്. 2025-ഓടെ ഇന്ത്യയുടെ ആഭ്യന്തര വളർച്ച നിരക്കിന്റെ അമ്പതു ശതമാനത്തോളം വരിക 49 മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നാവും .. ഇതൊക്കെയാണെങ്കിലും, ഒരു ശക്തമായ മെട്രോപൊളിറ്റൻ ഭരണ സംവിധാനത്തെക്കുറിച്ചുള്ള ചർച്ച ഇന്ത്യ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു.

കോവിഡ്-19 പ്രാഥമികമായി ഒരു മെട്രോപൊളിറ്റൻ യുദ്ധമാണ്, പ്രെത്യേകിച്ചും മെട്രോപൊളിറ്റൻ നഗരങ്ങളുടെ വലുപ്പവും സങ്കീര്‍ണതകളും അനന്തമായ സാധ്യതകളും അവസരങ്ങളും വാഗ്ദാനം ചെയ്യുന്നതിനോടപ്പംതന്നെ വെല്ലുവിളികളും ഉയർത്തുന്നു. സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ചെറു നഗരങ്ങൾ പലപ്പോഴും മെട്രോപൊളിറ്റൻ നഗരങ്ങളുടെ സമ്പത് വ്യവസ്ഥയുടെ വ്യാപ്തിയിൽ നിന്നുമാറിയും ഉയർന്നു വരുന്നുണ്ട് എന്നതാണ്. ഇതിനർത്ഥം, ഇന്ത്യയുടെ നഗരത്തെ പറ്റിയുള്ള കാഴ്ചപ്പാട് മെട്രോപൊളിറ്റൻ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെങ്കിലും, ചെറിയ നഗരങ്ങളെ അവഗണിക്കാനാവുന്നതല്ല എന്നാണ്.

മുന്നോട്ടുള്ള വഴി ആഗോളതലത്തിൽ, മെട്രോപൊളിറ്റൻ നഗരങ്ങളെ ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ് അഥവാ മേയർ ആണ് നയിക്കുന്നത്. അതോടപ്പം തന്നെ, ഭരണ സംവിധാനത്തിലെ വിഘടനം കുറച്ചു നഗരത്തിലെ ഭരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ചും ഏകോപിപ്പിച്ചും കൊണ്ട് പോകുന്ന ക്രമീകരണങ്ങളുമുണ്ട്. ഇതിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റും യുകെയിലും ഓസ്‌ട്രേലിയയിലും അടുത്തായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കംബൈൻഡ് അതോറിറ്റീസും ഉൾപ്പെടുന്നു.

പരിഷ്കരണങ്ങൾക്കായി കാത്തിരിക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങൾ

ആഗോളതലത്തിലുള്ള ഉദാഹരണങ്ങളിൽ നിന്നും മെട്രോപൊളിറ്റൻ ഭരണ രൂപകൽപ്പനയെക്കുറിച്ചുള്ള പാഠങ്ങൾ ഉൾകൊള്ളുന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ സാഹചര്യത്തിനും രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്കും അനുയോജ്യമായ ആഭ്യന്തര പരിഹാരങ്ങൾ ആവശ്യമാണ്.

കോവിഡ്-19 ഉയര്‍ത്തിയ വെല്ലുവിളികൾ ഭാവിയിൽ ഇന്ത്യൻ നഗരങ്ങളെ ബാധിക്കാവുന്ന കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ ഭീഷണികളുടെ ഓർമപ്പെടുത്തൽ കൂടിയാണ്. മെട്രോപൊളിറ്റൻ നഗരങ്ങളുടെ ഭരണ വ്യവസ്ഥയോടുള്ള സമീപനത്തിൽ അടിസ്ഥാന മാറ്റം വരുത്തുവാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരുമിച്ചു നീങ്ങേണ്ടതുണ്ട്. അഞ്ചു കൊല്ലം കാലാവധിയും നഗരത്തിനുമേൽ അധികാരവുമുള്ള മേയർ , വികേന്ദ്രീകൃത വാർഡ് അടിസ്ഥാന ജനപങ്കാളിത്ത വ്യവസ്ഥ, വിവിധ നഗര അനുബന്ധമായ സ്ഥാപനങ്ങളുടെ ഏകോപനത്തിന് ചുക്കാൻ പിടിക്കാൻ കഴിയുന്ന നഗരസഭ ഒക്കെയാവണം ഇതിലേക്കുള്ള ആദ്യ പടികൾ. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഭരണ വ്യവസ്ഥയുടെ അവലോകനത്തിനുള്ള അവസരമായി ഉപയോഗിക്കുകയും അതുവഴി മെട്രോപൊളിറ്റൻ നഗരങ്ങളുടെ ഭരണ സംവിധാനങ്ങൾ പരിഷ്കരിക്കുകയും ചെയ്യേണ്ടതാണ്.

(ബെംഗളൂരു ആസ്ഥാനമായുള്ള ജനാഗ്രഹ സെന്റർ ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഡെമോക്രസി എന്ന സ്ഥാപനത്തിലെ അഡ്വക്കസി വിഭാഗം അസ്സോസിയേറ്റ് മാനേജർ ആണ് ലേഖിക )