LiveTV

Live

Opinion

ആരാണീ അനിൽ നമ്പ്യാർ?

രാജ്യദ്രോഹക്കേസിൽ സംഘ്പരിവാർ മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ ചോദ്യംചെയ്യപ്പെട്ടു എന്നു മാത്രമല്ല, കേസില്‍ ബി.ജെ.പിക്ക് ബന്ധമുണ്ട് എന്ന സൂചനയാണ് സ്വപ്ന സുരേഷിൻറെ മൊഴിയിലൂടെ പുറത്തുവരുന്നത്.

ആരാണീ അനിൽ നമ്പ്യാർ?

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് എഴുതി നൽകിയ ഒരു മൊഴിയുടെ പകർപ്പ് പുറത്തു വന്നു. ജനം ടി.വിയുടെ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത അന്നുതന്നെയാണ്, അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാനിടയാക്കിയ ഈ മൊഴി പുറത്തുവരുന്നത്. മൊഴിയിൽ പറയുന്നത് ശരിയാണെങ്കിൽ, സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദം അനിലിനുണ്ട്. ബി.ജെ.പിയെ സഹായിക്കാൻ യു.എ.ഇ കോൺസുലേറ്റിനോടാവശ്യപ്പെടാൻ അനിൽ നമ്പ്യാർ സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നതായും, തനിക്കെതിരായി യു.എ.ഇയിലുള്ള വഞ്ചനാക്കേസ് ഒത്തുതീർപ്പാക്കാൻ അനിലിനെ സ്വപ്ന സഹായിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഇതിനപ്പുറം, വളരെ ഗുരുതരമായ മറ്റൊരു ആരോപണവും മൊഴിയിലുണ്ട്. അതാണ് ഇപ്പോൾ വിവാദമായത്. സ്വർണം പിടിച്ച അന്നുതന്നെ കോൺസുലേറ്റിൻറെ പേരിൽ വന്നത് നയതന്ത്ര പാക്കേജല്ല എന്ന് പറയണമെന്ന് അനിൽ നമ്പ്യാർ സ്വപ്നയോട് ആവശ്യപ്പെട്ടു എന്നാണത്.

അനിൽ നമ്പ്യാർ വിവാദങ്ങളിലെ നായകനാകുന്നത് ഇതാദ്യമായല്ല. ആരാണീ അനിൽ നമ്പ്യാർ?

അനിൽ നമ്പ്യാർ
അനിൽ നമ്പ്യാർ

കണ്ണൂർ ജില്ലയിലെ എടത്തിലമ്പലം സ്വദേശി. തലശേരി സെന്റ് ജോസഫ് സ്‌കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ സജീവ എസ്.എഫ്.ഐ പ്രവർത്തകൻ. പ്രീഡിഗ്രിക്ക് ഗവ. ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോഴും എസ്.എഫ്.ഐയോട് ആഭിമുഖ്യം പുലർത്തിയ അനിൽ എസ്.എഫ്.ഐ പാനലിൽ ക്ലാസ് റെപ്രസന്റേറ്റീവായി മൽസരിച്ചു ജയിച്ചിട്ടുമുണ്ട്.

കേരള സർവകലാശാലയിൽ നിന്നാണ് ജേണലിസം പഠിക്കുന്നത്. കുറച്ചുകാലം ഒരു പത്രത്തിൽ ഇന്റേൺഷിപ്പ്. പിന്നീട് തിരുവനന്തപുരത്ത് സൂര്യാ ടിവിയിൽ റിപ്പോർട്ടറായി. അതുവരെ അനിൽ വി.ഒ എന്നായിരുന്ന പേര് അനിൽ നമ്പ്യാർ എന്നാക്കുന്നത് അപ്പോഴാണ്.

2000 ഫെബ്രുവരി 6 നു തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പത്മതീർത്ഥക്കുളത്തിൽ ഒരാളെ പട്ടാപ്പകൽ മുക്കികൊല്ലുന്നത് ചിത്രീകരിച്ച്, സൂര്യാ ടിവിയിലൂടെ വാർത്തയായി സംപ്രേഷണം ചെയ്തതോടെയാണ് അനിൽ നമ്പ്യാർ എന്ന മാധ്യമപ്രവർത്തകൻ മുഖ്യധാരയിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. കേരളീയ സമൂഹം ഞെട്ടിയ ഈ വാർത്താവതരണത്തിന്റെ പേരിൽ അനിൽ നമ്പ്യാരും സൂര്യ ടി.വിയും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി.

അനിൽ നമ്പ്യാർ
അനിൽ നമ്പ്യാർ

പിന്നീടാണ് വ്യാജരേഖ കേസ് ഉണ്ടാവുന്നത്.

എ.കെ ആന്റണി മന്ത്രിസഭയിലെ ടൂറിസം മന്ത്രിയായിരുന്ന കെവി തോമസിനെതിരെ ഒരു എക്സ്‌ക്ലൂസീവ് വാർത്ത അനിൽ നമ്പ്യാർ റിപ്പോർട്ട് ചെയ്തു. കെ.വി തോമസിന് 336 കോടി രൂപയുടെ അന്തർസംസ്ഥാന ഹവാല ഇടപാടുണ്ടെന്നും കള്ളപ്പണ റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും അക്കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം. ഈ വിഷയത്തിൽ ഇന്റലിജൻസ് ഡി.ജി.പി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച റിപ്പോർട്ട് എന്ന് പറഞ്ഞു ഒരു രേഖയും അനിൽ സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്തു. മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉടൻ രാജിവെയ്ക്കേണ്ടി വരുമെന്നും കെ.വി തോമസ് ഒഴിയുന്ന കസേരയിലേക്ക് ഐ ഗ്രൂപ്പ് എം.എൽ.എ ആയിരുന്ന ശോഭന ജോർജ് മന്ത്രിയാകുമെന്നുമായിരുന്നു വാർത്ത.

കെ.വി തോമസും മുഖ്യമന്ത്രി എ.കെ ആൻറണിയും, അനിൽ നമ്പ്യാർ പുറത്തുവിട്ട രേഖ വ്യാജമാണെന്ന് പ്രഖ്യാപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അനിൽ നമ്പ്യാർ, ശോഭനാ ജോർജ്, തനിനിറം പത്രത്തിൻറെ ലേഖകൻ ആർ ജയചന്ദ്രൻ, അനിൽ ശ്രീരംഗം എന്നിവരായിരുന്നു പ്രതികൾ.

ശോഭന ജോർജ്‌
ശോഭന ജോർജ്‌

അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അനിൽ നമ്പ്യാർ ഒളിവിൽ പോയി... ഇരുപത് ദിവസം ഒളിവിൽ കഴിയവേ, മാധ്യമപ്രവർത്തകരിൽ ചിലർ അനിലിനെ പിന്തുണച്ച് രംഗത്തെത്തി. കീഴടങ്ങിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് പോലീസ് വാഗ്ദാനം ചെയ്തതോടെ അനിൽ നമ്പ്യാർ കീഴടങ്ങി. ശോഭനാ ജോർജിൻറെ നിർദേശപ്രകാരമാണ് വ്യാജരേഖക്കു മേൽ വാർത്ത നൽകിയതെന്ന് മൊഴിയും നൽകി. കോൺഗ്രസിൽ കരുണാകരൻ വിഭാഗത്തിലെ പ്രധാന നേതാവായിരുന്ന ശോഭനാ ജോർജിന്റെ രാഷ്ട്രീയ ഭാവിയും ഇതോടെ ഇരുളിലായി. കരുണാകരൻ പോലും ശോഭനയെ പ്രത്യക്ഷമായി പിന്തുണച്ചില്ല. ചെങ്ങന്നൂരിൽ നിന്ന് തുടർച്ചയായി മൂന്നുവട്ടം ജയിച്ച ശോഭനക്ക് 2006ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെ കോൺഗ്രസുമായി അകന്ന അവരിപ്പോൾ സി.പി.എമ്മിലാണ്. നിലവിൽ ഖാദിബോർഡ് ചെയർപേഴ്‌സണും.

സൂര്യ ടി.വി വാർത്താ പരിപാടികൾ അവസാനിപ്പിച്ചിട്ടും, പഴയ കേസുകൾ മൂലമുള്ള കുപ്രസിദ്ധി കാരണം അനിൽ നമ്പ്യാർക്ക് പുതിയ ലാവണം ലഭിച്ചില്ല. സംഘ് പരിവാർ ആഭിമുഖ്യത്തോടെ ജനം ടി.വി തുടങ്ങിയപ്പോൾ അവിടെ ചേക്കേറി. അതുവരെ ഇടതുരാഷ്ട്രീയക്കാരനായിരുന്ന അനിലിന് ആർ.എസ്.എസ് പിന്തുണയോടെയെത്തിയ ജനം ടിവിയിൽ ചേക്കേറാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് കേരളത്തിലുണ്ടായ വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് വിഭാഗീയതയും വർഗീയതയും സൃഷ്ടിക്കാനുള്ള ശ്രമമാണ് അനിൽ നമ്പ്യാരുടെ നേതൃത്വത്തിലുണ്ടായത്. സുപ്രീം കോടതി വിധി വന്നതിനു ശേഷം ശബരിമല ദർശനത്തിനായി പോയ രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്കിനാണുള്ളതെന്ന വാർത്ത ഇതിനൊരു ഉദാഹരണം മാത്രം.

ലൗ ജിഹാദ്, ഐ.എസ് റിക്രൂട്ട്മെൻറ് തുടങ്ങി സംഘപരിവാറിന്റെ വർഗീയ പ്രചാരണങ്ങളുടെ മാധ്യമമുഖമാണ് വർത്തമാന കേരളത്തിൽ അനിൽ നമ്പ്യാർ. കേരളം രൂക്ഷമായ പ്രളയത്തെ നേരിട്ടപ്പോഴും കോവിഡ് മാഹാമാരി പടർന്നു പിടിക്കുമ്പോഴും പ്രതിലോമപരമായ നിലപാടുകളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് അനിൽ നമ്പ്യാർ കൈക്കൊണ്ടത്.

ആരാണീ അനിൽ നമ്പ്യാർ?

സ്വർണക്കടത്ത് തന്നെ രാജ്യദ്രോഹമാണ് എന്നാണ് എൻ.ഐ.എ കോടതിയിൽ പറഞ്ഞിട്ടുള്ളത്. ഒരു രാജ്യദ്രോഹക്കേസിൽ സംഘ്പരിവാർ മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ ചോദ്യം ചെയ്യപ്പെട്ടു എന്നു മാത്രമല്ല, ഈ സ്വർണക്കടത്തുമായി ബി.ജെ.പിക്ക് ബന്ധമുണ്ട് എന്ന സൂചനയാണ് സ്വപ്ന സുരേഷിൻറെ മൊഴിയിലൂടെ പുറത്തുവരുന്നത്. ബി.ജെ.പിയെ സഹായിക്കണമെന്ന് അനിൽ നമ്പ്യാർ തന്നോട് ആവശ്യപ്പെട്ടുവെന്ന സ്വപ്നയുടെ മൊഴി ഇതിലേക്ക് വിരൽചൂണ്ടുന്നു. വന്നത് നയതന്ത്ര പാഴ്‌സലല്ല എന്ന് പറയണമെന്ന് അനിൽ ഉപദേശിച്ചുവെന്ന സ്വപ്‌നയുടെ മൊഴി ഗൗരവമർഹിക്കുന്നതാണ്. വന്നത് നയതന്ത്ര പാഴ്‌സൽ തന്നെയെന്ന് കേന്ദ്രസർക്കാരും അന്വേഷണ ഏജൻസികളും കോടതിയിൽ പറയുമ്പോഴും കേന്ദ്രമന്ത്രി വി മുരളീധരൻ അത് നയതന്ത്ര പാഴ്‌സലല്ല എന്ന് ആവർത്തിച്ചിരുന്നു. എന്തിനാണ് അത് നയതന്ത്ര പാഴ്‌ലസലല്ല എന്ന് പറയണമെന്ന് അനിൽ നമ്പ്യാർ പറഞ്ഞത്? എന്തിനാണ് ഇക്കാര്യം വി. മുരളീധരൻ ആവർത്തിച്ചത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികളാണ്.