LiveTV

Live

Opinion

എല്ലാ ആലോചനകളും മറികടന്ന ദേശീയ വിദ്യാഭ്യാസനയം എല്ലാം മറികടക്കുമോ?

സംസ്ഥാനങ്ങൾ അവരുടെ നിലയും നിലവാരവും വച്ച് പരിഷ്കരിക്കുന്നതിനിടയിൽ ആലോചനകൾ എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കേന്ദ്രത്തിൻ്റെ പതിവ് രീതി ഇവിടെയും വന്നുപതിച്ചിരിക്കുന്നു.

എല്ലാ ആലോചനകളും മറികടന്ന ദേശീയ വിദ്യാഭ്യാസനയം എല്ലാം മറികടക്കുമോ?

ഏതൊരു സമൂഹത്തിൻ്റെയും ക്രിയാത്മകമായ വികസനത്തിൻ്റെ ഊന്നുപലകയാണ് ആരോഗ്യവും വിദ്യാഭ്യാസവും. അതുകൊണ്ട് തന്നെ കൃത്യമായ ആലോചനയും സർഗാത്മകമായ പരീക്ഷണവും കൊണ്ടേ വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാൻ കഴിയൂ. കാലാകാലങ്ങളിൽ സംസ്ഥാനങ്ങൾ അവരുടെ സാധ്യതകളും നടപ്പു ശീലങ്ങളും വച്ച് വിവിധ സമിതികളാൽ 'പരിഷ്കരിക്കാ'റുണ്ട്. എവിടെ ആലോചിച്ചു എവിടെ പരീക്ഷിച്ചു എന്നൊക്കെ ചോദിച്ചാൽ ഭരണ പ്രതിപക്ഷ വിദഗ്ധരുടെ വാക്കേറ്റങ്ങളിൽ കുടുങ്ങും വിദ്യാർഥികൾ അങ്ങ് പഠിക്കും. അതു കൊണ്ടാണ് അടങ്ങാത്ത പരിഷ്കാരങ്ങളും ഒടുങ്ങാത്ത വിവാദങ്ങളും കൊണ്ട് വിദ്യാഭ്യാസ രംഗം എക്കാലവും ആടിയുലയുന്നത്.

കാലോചിതമായ പരിഷ്കാരം വരുന്നതിന് ആരാണ് എതിര് നിൽക്കുക? അങ്ങനെ ഉണ്ടാവില്ല. പക്ഷേ ഇവിടെ സംസ്ഥാനങ്ങൾ അവരുടെ നിലയും നിലവാരവും വച്ച് പരിഷ്കരിക്കുന്നതിനിടയിൽ ആലോചനകൾ എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കേന്ദ്രത്തിൻ്റെ പതിവ് രീതി ഇവിടെയും വന്നുപതിച്ചിരിക്കുന്നു. നയം നടപ്പാക്കേണ്ട സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചോ തുടർന്നു വന്ന രീതികളോ പരിഗണിക്കാതെ വരുമ്പോൾ ഫെഡറൽ സംവിധാനത്തെ മാത്രമല്ല ബാധിക്കുക. പഠിക്കേണ്ട വിദ്യാർഥികളെയും അവരുടെ പഠന നിലവാരത്തെയുമാകും ബാധിക്കുന്നത്.

1986 ലെ ദേശീയ വിദ്യാഭ്യാസ നയം 1992 ൽ പുതുക്കിയെങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി കാര്യമായ പരിഷ്കാരങ്ങൾ ഇല്ലാത്ത ഒരു നയമാണ് നാം കൊണ്ടു നടക്കുന്നത്. അപ്പോൾ തന്നെ കൃത്യമായ ആലോചകളും അഭിപ്രായ സ്വരൂപണങ്ങളും അനിവാര്യമായിരുന്നു. പരിഷ്കരണ കുറിപ്പുകളുടെ കടലാസുകെട്ടുകൾ പാർലമെൻ്റ് എന്ന ജനാധിപത്യ സംവിധാനത്തിനകത്ത് വക്കുക എന്ന സാമാന്യ ബോധം തന്നെ അട്ടിമറിച്ചു. കോവിഡ് മഹാമാരിയിൽ ഏറ്റവും കടുത്ത പ്രതിന്ധി അനുഭവിക്കുന്ന, ഉടനെങ്ങാനും നല്ല ഭാവി ഉണ്ടാകുമെന്ന് പറയാനാകാത്തവിധം വിദ്യാഭ്യാസരംഗം കേവലം ഓൺലൈൻ കാര്യമായി മാത്രമായി വിദ്യാഭ്യാസ രംഗം പകച്ചു നിൽകുകയാണ്. അതിനിടയിൽ ധൃതിപിടിച്ച് കൂടിയാലോചനകളില്ലാതെ നടത്തുന്ന വെമ്പൽ രീതിയെ ആരെതിർത്താലും അതിൽ കാര്യമുണ്ട്. ഏത് കാര്യത്തിലും കച്ചവട താൽപര്യങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെ സംബന്ധിച്ച് വിശേഷിച്ചും.

ബി.ജെ.പിയുടെ 2014ലെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തും എന്നത്. ഇതനുസരിച്ച് 2016ൽ മുൻ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കി. ബഹിരാകാശ ഗവേഷണ കേന്ദ്രം മുൻ ചെയർമാന്‍ കസ്തൂരിരംഗനാണ് കഴിഞ്ഞ വർഷം കരടുരേഖ ഉണ്ടാക്കിയത്. ലക്ഷക്കണക്കിന് പേരിൽ നിന്ന് അഭിപ്രായസ്വരൂപണം നടത്തിയാണ്പ കരടുണ്ടാക്കിയത് എന്നാണ് അവകാശവാദം. അതോെടൊപ്പം, മാനവശേഷി വികസനം എന്ന സങ്കീര്‍ണ വാചകം മാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിമാറ്റിയെന്നത് ഒരു നല്ല കാര്യമാണ് താനും.

കേരളത്തെ ബാധിക്കുമോ?

വിദ്യാഭ്യാസ പരിഷ്കരണത്തിലും പരീക്ഷണത്തിലും മികവ് പറയാവുന്ന കേരളത്തെ പുതിയ കേന്ദ്രനയം എങ്ങനെ ബാധിക്കും എന്നത് സുപ്രധാന ചോദ്യമാണ്. സ്വകാര്യവത്കരണത്തെ ശക്തിപെടുത്തും എന്ന, കേരളത്തിലെ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പറച്ചിലിനപ്പുറം കാര്യങ്ങൾ വിശദീകരിക്കപെടേണ്ടതുണ്ട്. ഇനി ഞങ്ങൾക്ക് റോളില്ല എന്ന് പിന്നീട് പറഞ്ഞ് സ്വയംഭരണപദവി നൽകലിൽ വരുത്തിയ നയംമാറ്റം പോലെ സാധാരണക്കാരൻ്റെ വിദ്യാഭ്യാസ അവകാശത്തെ എടുത്തുകളയരുത്. കാര്യമായ പഠനവും കൃത്യമായ തിരുത്തലുകളും വഴി അവകാശങ്ങൾ സംസ്ഥാനത്തിൻ്റെ സംരക്ഷിക്കപ്പെടണം.

സ്കൂൾ ക്ലാസ് ഘടന 5 + 3+ 3+ 4 എന്ന രീതിയിലേക്കാവും രാജ്യം മാറുക. പൊതു വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ഒന്നാം നിരയിൽ നിൽക്കുന്ന കേരളത്തിന് ഇത് സാരമായ പരിക്കേല്‍പിക്കാനാണ് സാധ്യത. പ്രൈമറിക്കു മുമ്പുള്ള വിദ്യാഭ്യാസം നിർബന്ധമാക്കുന്നതോടെ നിലവിലുള്ള കേരളത്തിൻ്റെ പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം ഉയർത്തേണ്ടി വരും. അതിനുവേണ്ട അധ്യാപക - അനധ്യാപക സംവിധാനമൊരുക്കൽ കനത്ത സാമ്പത്തികബാധ്യത ക്ഷണിച്ചു വരുത്തും.

സംവരണം എന്ന ഭരണഘടനാ അവകാശത്തെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസനയം ശബ്ദിക്കുന്നില്ല. സ്വകാര്യ വിദ്യാഭ്യാസരംഗത്തെ സർക്കാർ മേഖലക്കൊപ്പം വളർത്തുമ്പോൾ സർക്കാർ രംഗത്ത് സ്വാഭാവിക തളർച്ച നേരിടും. മുൻപ് അധികാരമത്രയില്ലാത്തപ്പോൾ തന്നെ സിലബസുകളിൽ ചരിത്രം വളച്ചൊടിക്കല്‍ പോലെയുള്ളത് ചെയ്തെങ്കിൽ UGC , AICTE പോലെയുള്ള സംവിധാനങ്ങളെല്ലാം ഇല്ലാതാക്കി അധികാരം നേരിട്ട് സ്ഥാപിക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷൻ എന്ന സമാന്തര സർക്കാർ ഉടലെടുക്കും എന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യായമായ ആശങ്കയാണ്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങൾ പാടെ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നതെന്നും, നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളിലെ അടിസ്ഥാനപരമായ പലതും ഒഴിവാക്കിയത് വിദ്യാഭ്യാസത്തിന്റെ കച്ചവട - വർഗ്ഗീയവല്ക്കരണങ്ങള്‍ക്കാണെന്നു ന്യായമായും സംശയിക്കാം. വിദ്യാഭ്യാസമേഖലയില്‍ രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ ആശങ്കകളും ഏറെക്കുറെ ഇതൊക്കെ തന്നെയാണ്.