LiveTV

Live

Opinion

സ്വർണക്കടത്ത്: ആദ്യ സമ്പർക്ക പട്ടികയിൽ സർക്കാർ പോസിറ്റീവാകുമോ?

തെരഞ്ഞെടുപ്പുകൾ മുറ്റത്ത് കയറി നിൽക്കുന്ന കാലത്ത് ഉറപ്പുള്ള വടി കിട്ടിയ പ്രതിപക്ഷം ഇനി എല്ലാം പോസിറ്റീവാക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

സ്വർണക്കടത്ത്: ആദ്യ സമ്പർക്ക പട്ടികയിൽ സർക്കാർ പോസിറ്റീവാകുമോ?

പോസിറ്റീവ് എന്ന വാക്ക് ഇന്ന് ഏറെക്കുറെ ഭയപ്പാടോടെയാണ് ലോകം തന്നെ കേൾക്കുന്നത്. സന്ധ്യാ സമയം ആറ് മണി ആയാൽ പിന്നെ കേരളം ഈ വാക്ക് നെഞ്ചിടിപ്പോടെയാണ് കേൾക്കുന്നത്. അങ്ങനെ നെഗറ്റീവ് പോസിറ്റീവ് ആകുന്ന കാലമാണിത്.

കേരളത്തിലെ സന്ധ്യകളിൽ ഇപ്പോൾ ചില നെഗറ്റീവ് ഫലങ്ങൾക്കാണ് കാതോർക്കുന്നത്. രോഗത്തെക്കുറിച്ച സംശയങ്ങൾ തീർന്നെങ്കിൽ ഓരോന്നിനും മറുപടി പറയാമെന്ന മറുപടിയിൽ പലപ്പോഴും മാസ്ക്ക് വെച്ച കേരള മുഖങ്ങൾ ചുളിയുന്നു. ഒടുവിൽ അഖിലേന്ത്യാ സർവീസ് ചട്ടം എന്നതാണ് സർക്കാറിനെ കുഴിയിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിവരവിനിമയ വിപ്ലവത്തിലേക്ക് നാടിനെ നയിച്ചുകൊണ്ടിരുന്ന മുൻ ഐ.ടി കാര്യദർശിക്ക് സസ്പൻഷൻ. പ്രതിപക്ഷത്തിന് പോസിറ്റീവും സർക്കാറിന് നെഗറ്റീവും. അങ്ങനെ ഈ പോസിറ്റീവിന്‍റെ കാരണം ഞങ്ങൾ പുറത്ത് കൊണ്ടുവന്ന സ്രവമാണെന്ന് അവർ വമ്പ് പറഞ്ഞു തുടങ്ങി. തലസ്ഥാന സ്വർണക്കടത്ത് കേസ് വിവരങ്ങൾ പുറത്ത് വന്നപ്പോൾ മുതൽ ആദ്യ സമ്പർക്ക പട്ടികയിൽ തന്നെ ഇടം പിടിച്ച ശിവശങ്കരനെ സർക്കാർ ക്വാറന്‍റൈനിൽ സംരക്ഷിച്ചുവെങ്കിലും ഫലം അനുകൂലമായില്ല. മാറ്റി നിർത്തിയ ആളിനെ എടുത്തു മാറ്റേണ്ടി വന്നു.

ഒരു പാട് തവണ ആദ്യവും രണ്ടാമതും സമ്പർക്കപ്പട്ടികയിൽ അദ്ദേഹത്തെ പ്രതിപക്ഷം സമ്പർക്ക പട്ടികയിൽപെടുത്തിയെങ്കിലും ഫലം അവർക്ക് അനുകൂലമായില്ല. കോവിഡ് കാലത്തെ ഡേറ്റ മറിച്ച് സ്പ്രിൻക്ലർ കമ്പനിക്ക് നൽകിയെന്ന് പ്രതിപക്ഷം തെരുവിലും ടി.വി ചാനലുകളിലും വന്നിരുന്ന് ഒച്ചപ്പാട് ഉണ്ടാക്കി. ഐ.ടി വകുപ്പിൽ വഴിവിട്ട് നിയമനങ്ങൾ നടത്തിയ കടലാസുകൾ നിരത്തി. ഭരണപക്ഷത്ത് നിന്ന് സി.പി.ഐ പോലും കണ്ണുരുട്ടിയിട്ടും മുഖ്യമന്ത്രി ശൈലിയിൽ ഉറച്ചു. സ്വർണലോഹ കടത്തും അതിലെ നായകനും നായികയും എല്ലാം ശിവശങ്കരന്‍റെ തോഴർ. ഇതോടെ മുഖ്യമന്ത്രി പെട്ടു.

ആദ്യ സമ്പർക്ക പട്ടികയിൽ തന്നെ ഇടം പിടിച്ച ശിവശങ്കരനെ സർക്കാർ ക്വാറന്‍റൈനിൽ സംരക്ഷിച്ചുവെങ്കിലും ഫലം അനുകൂലമായില്ല. മാറ്റി നിർത്തിയ ആളിനെ എടുത്തു മാറ്റേണ്ടി വന്നു

തെരഞ്ഞെടുപ്പുകൾ മുറ്റത്ത് കയറി നിൽക്കുന്ന കാലത്ത് ഉറപ്പുള്ള വടി കിട്ടിയ പ്രതിപക്ഷം ഇനി എല്ലാം പോസിറ്റീവാക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാർട്ടി സെക്രട്ടറി എന്ന അജയ്യനിൽ നിന്ന് മുഖ്യമന്ത്രി കസേരയിൽ എത്തി കാർക്കശ്യവും വാഴ്ത്തപെടലുകളും കൊണ്ട് സെക്രട്ടറിയേറ്റിലെ ഓഫീസ് ഒഴിയേണ്ടി വരില്ല എന്ന് വരെ പറഞ്ഞ് കേട്ടിടത്ത് നിന്നാണ് ഈ ഇടർച്ചകൾ. അവസാന ലാപ്പിൽ കളി പുറത്തെടുത്ത് ഗോൾവല കുലുക്കാനാകുമെന്ന പ്രതിപക്ഷ മോഹത്തെക്കുറിച്ച വർത്തമാനത്തിലേക്ക് കേരളം കടന്നു. രണ്ട് വലിയ പ്രളയം, ഓഖി, നിപ ഒടുവിൽ കോവിഡിലും പതറിയില്ലെന്ന അന്തർദേശീയ പ്രതിഛായക്ക് മീതെയാണ് സ്വർണ ലോഹം വന്ന് പതിച്ചത്.

രണ്ട് വലിയ പ്രളയം, ഓഖി, നിപ ഒടുവിൽ കോവിഡിലും പതറിയില്ലെന്ന അന്തർദേശീയ പ്രതിഛായക്ക് മീതെയാണ് സ്വർണ ലോഹം വന്ന് പതിച്ചത്.

സമരങ്ങൾ കോടതി മുടക്കിയെങ്കിലും സാമൂഹ്യ മാധ്യമങ്ങളും ടി.വി ചാനലുകളും പത്രങ്ങളും വഴി സമൂഹ വ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ വ്യാപനത്തിലൂടെ ഭരണപക്ഷത്തിന്‍റെ നെഗറ്റീവുകളെ പോസിറ്റീവാക്കാം എന്നാണ് പ്രതിപക്ഷ പ്രതീക്ഷ. അതിനായി കന്‍റോൺമെന്‍റ് വീട് കേന്ദ്രീകരിച്ച് ഇനിയും മടിക്കാത്ത ആക്ഷേപങ്ങളുയരും. അങ്ങനെ മഹാമാരികൾ സർക്കാറിന് പോസിറ്റീവ് ആയെങ്കിൽ ഇനി വരുന്ന ഫലങ്ങൾ തങ്ങൾക്ക് പോസിറ്റീവ് ആകുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആശ.

എത്ര കൊയ്താലും കോൺഗ്രസ് പാർട്ടിക്കകത്തെ സമ്പർക്ക പട്ടിക അത്ര വേഗം പോസിറ്റിവ് ആകില്ലെന്നതിലാണ് ഇടത് പ്രതീക്ഷ എന്ന കാര്യവും അന്തരീക്ഷ വ്യാപനമാണ്.