LiveTV

Live

Opinion

കാൽ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഹയർസെക്കന്‍ററി സീറ്റില്ല, മലപ്പുറത്തോടുള്ള വിവേചനം എന്നാണവസാനിക്കുക?

മലബാറിന് പുറത്തുള്ള ജില്ലകളിൽ പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥികളെക്കാൾ പ്ലസ് വൺ സീറ്റുകൾ നിലനിൽക്കുമ്പോഴാണ് മലപ്പുറത്ത് ജനിച്ചു പോയതിന്‍റെ പേരിൽ മാത്രം ഈ കുട്ടികൾ അനീതിക്കിരയാവുന്നത്

കാൽ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഹയർസെക്കന്‍ററി സീറ്റില്ല, മലപ്പുറത്തോടുള്ള വിവേചനം എന്നാണവസാനിക്കുക?

പ്രീഡിഗ്രി പൂർണ്ണമായി നിർത്തലാക്കിയ രണ്ടായിരം മുതൽ മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന മുഖ്യ വിദ്യാഭ്യാസ പ്രതിസന്ധിയാണ് ഹയർ സെക്കന്‍ററി സീറ്റുകളുടെ അപര്യാപ്തത. ഇരുപത് വർഷം പിന്നിട്ട് 2020 ലെത്തിയിട്ടും പ്രശ്നം ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇക്കാലത്തിനിടയിൽ മാറിമാറി അധികാരത്തിലേറിയ ഇടതുവലതു സർക്കാറുകളുടെ ശ്രദ്ധയിൽ മലപ്പുറത്തുകാർ ഈ വിഷയം നിരന്തരം ഉന്നയിച്ചിട്ടും സ്ഥിരം പരിഹാരമുണ്ടാകും വിധം നടപടികളെടുക്കാൻ ഇരുകൂട്ടരും ശ്രമം നടത്തിയിട്ടില്ല. അതിന്‍റെ ഫലമായി 70 ശതമാനത്തിലധികം മാർക്ക് നേടി എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് പോലും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് വരുന്നു. മലബാറിന് പുറത്തുള്ള ജില്ലകളിൽ പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥികളെക്കാൾ പ്ലസ് വൺ സീറ്റുകൾ നിലനിൽക്കുമ്പോഴാണ് മലപ്പുറത്ത് ജനിച്ചു പോയതിന്‍റെ പേരിൽ മാത്രം ഈ കുട്ടികൾ അനീതിക്കിരയാവുന്നത്. ഈ വർഷത്തെ കണക്കനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം ജില്ലകളിൽ എസ്.എസ്.എൽ.സി പാസായവരേക്കാൾ പ്ലസ് വൺ സീറ്റുകളുണ്ട്. മറ്റ് ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ ,ഐ.ടി.ഐ, പോളിടെക്നിക് എന്നിവ വേറെയും ആ ജില്ലകളിലുണ്ട്. കഴിഞ്ഞ വർഷം ഈ ജില്ലകളിൽ പല ബാച്ചുകളും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നത് വാർത്തയായിരുന്നു. സംസ്ഥാനത്തിന്‍റെ ഒരു ഭാഗത്ത് ആവശ്യത്തിലേറെ പ്ലസ് വൺ ബാച്ചുകളും സീറ്റുകളും ഉണ്ടാവുകയും മലപ്പുറമടക്കമുള്ള മലബാർ ജില്ലകളിൽ പതിനായിരങ്ങൾ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചന ഭീകരാവസ്ഥയാണ് സംസ്ഥാനത്ത് കുറച്ച് വർഷങ്ങളായി നിലനിൽക്കുന്നത്.

70 ശതമാനത്തിലധികം മാർക്ക് നേടി എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് പോലും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് വരുന്നു

ഈ വർഷം മലപ്പുറം ജില്ലയിൽ 77685 വിദ്യാർഥികളാണ് എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 76633 വിദ്യാർഥികൾ ഉപരി പഠനത്തിനർഹരായി. എന്നാൽ 41200 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് മലപ്പുറം ജില്ലയിൽ സർക്കാർ എയ്ഡഡ് മേഖലയിൽ നിലവിലുള്ളത്. 85 ഗവൺമെന്‍റ് ഹയർ സെക്കന്‍ററികളിൽ 50 സീറ്റുകൾ വീതം 435 ബാച്ചുകളിലായി 21750 സീറ്റുകൾ. എയ്ഡഡ് മേഖലയിൽ 84 ഹയർ സെക്കന്‍ററി സ്കൂളുകളിലായി 389 ബാച്ചുകളിൽ 19450 സീറ്റുകളും. സർക്കാർ സ്കൂളും എയ്ഡഡും ചേർത്താൽ 21750 + 19450 = 41200 സീറ്റുകൾ.

ഗവൺമെന്‍റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ് ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകൾ. ഇവയിലെ മുഴുവൻ സീറ്റും കൂട്ടിയാൽ അയ്യായിരത്തിനടുത്ത് മാത്രമാണുള്ളത്. 27 വി.എച്ച്.എസ്.ഇകളാണ് മലപ്പുറം ജില്ലയിലുള്ളത്. 24 എണ്ണം ഗവൺമെന്‍റും മൂന്നെണ്ണം എയ്ഡഡും. 77 ഗവൺമെന്‍റ് ബാച്ചുകളിലും ഏഴ് എയ്ഡഡ് ബാച്ചുകളിലുമായി ആകെ 2820 സീറ്റുകൾ. ഗവൺമെന്‍റ് - എയ്ഡഡ് പോളിടെക്നിക്കുകളിലായി വെറും 1150 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. ഐ.ടി.ഐ കളിൽ 1087 സീറ്റും. എല്ലാം ചേർന്നാൽ 5057. ഹയർ സെക്കന്‍ററി, വി.എച്ച്.എസ്‌.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലെ എല്ലാ സീറ്റുകൾ കൂട്ടിയാലും 46257 സീറ്റുകളാണ് ഗവൺമെന്‍റ്, എയ്ഡഡ് മേഖലയിൽ മലപ്പുറം ജില്ലയിലുള്ളത്. പത്താം ക്ലാസ് പാസായ 30376 വിദ്യാർഥികൾക്ക് ഗവൺമെന്‍റ്, എയ്ഡഡ് മേഖലയിൽ ഒരു സ്കീമിലും ഉപരി പഠനത്തിന് അവസരമില്ലെന്നർഥം. പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിടുന്ന സർക്കാർ മലപ്പുറത്തെ വിദ്യാർഥികൾ ഉയർന്ന ഫീസ് കൊടുത്ത് അൺ എയ്ഡഡ് സ്കൂളുകളിൽ ചേർന്ന് പഠിച്ചോട്ടേ എന്ന് തീരുമാനിച്ചാൽ പോലും 23408 വിദ്യാർഥികൾ പുറത്തുതന്നെയായിരിക്കും. 12025 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിൽ അൺഎയ്ഡഡ് മേഖലയിലുള്ളത്.

സി.ബിഎസ്.ഇ, ഐ.സി.എസ്.ഇ സ്കീമുകളിൽ എസ്.എസ്.എൽ.സി എഴുതിയവരുടെ റിസൽറ്റ് ചേർത്താൽ സീറ്റില്ലാത്തവരുടെ കണക്കുകൾ ഇനിയും വർധിക്കും. ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ ശേഷം നാട്ടിൽ പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവർ വേറെയുമുണ്ട്. കോവിഡ് പ്രതിസന്ധിയുൾപ്പെടെയുള്ള കാരണത്താൽ ഇവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിക്കാനാണ് സാധ്യത.

ഇതിനോടൊപ്പം സേ പരീക്ഷാവിജയികളും ചേരും. അയ്യായിരത്തിലധികം വിദ്യാർഥികൾ ഇങ്ങനെ കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ അപേക്ഷകരായുണ്ടായിരുന്നു.

സി.ബിഎസ്.ഇ, ഐ.സി.എസ്.ഇ സ്കീമുകളിൽ എസ്.എസ്.എൽ.സി എഴുതിയവരുടെ റിസൽറ്റ് ചേർത്താൽ സീറ്റില്ലാത്തവരുടെ കണക്കുകൾ ഇനിയും വർധിക്കും

ഒരു അധ്യയന വർഷം മാത്രം വാലിഡിറ്റിയുള്ള പത്തോ ഇരുപതോ ശതമാനം താൽക്കാലിക സീറ്റുവർധനവ് കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നതിന് കഴിഞ്ഞ വർഷങ്ങൾ തന്നെ സാക്ഷിയാണ്. ആ അധ്യയനവർഷം പൂർത്തിയായാൽ ആ താൽക്കാലിക വർധനവ് ഇല്ലാതാകും. വരും വർഷങ്ങളിൽ സീറ്റുകൾ പഴയപടിയായി പ്രതിസന്ധി അതേപ്പടി തുടരുകയും ചെയ്യും. കുറച്ച് വർഷങ്ങളായി ഈ താൽകാലിക ചെപ്പടിവിദ്യ കാണിച്ച് ജനരോഷം മറികടക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. തെക്കൻ ജില്ലകളിൽ വിദ്യാർഥികളില്ലാതെ കാലിയായി കിടക്കുന്ന ഒന്നോ രണ്ടോ ബാച്ചുകൾ ഒരു വർഷത്തിന് മാത്രമായി കൊണ്ടുവരുന്ന താൽക്കാലിക നീക്കുപ്പോക്കുകളെല്ലാം ഇതിന്‍റെ ഭാഗമായാണ് കാണേണ്ടത്. സ്ഥിരമായ പരിഹാരത്തിന് മലപ്പുറം ജില്ലയിൽ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. അതിൽ നിന്നാവട്ടെ ഓരോ വർഷവും സർക്കാർ ഒളിച്ചോടുകയുമാണ്. മലപ്പുറം ജില്ലയിലെ 85 ഗവൺമെന്‍റ് ഹയർ സെക്കന്‍ററികളിലും ആവശ്യാനുസാരം മൂന്ന് ഗ്രൂപ്പുകളിലുമുള്ള പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചാൽ പ്രതിസന്ധിക്ക് അൽപ്പമെങ്കിലും സ്ഥിരപരിഹാരമാകും. മലപ്പുറം ജില്ലയിൽ 19 ഗവൺമെന്‍റ് ഹൈസ്കൂളുകളിൽ ഇപ്പോഴും ഹയർ സെക്കന്‍ററിയില്ല. ഇവിടങ്ങളിൽ ഭൗതിക സൗകര്യമൊരുക്കി ഉടൻ ഹയർ സെക്കന്‍ററി അനുവദിക്കാൻ സർക്കാർ നടപടിയെടുക്കണം. നിലവിലെ അനുപാതമനുസരിച്ച് തന്നെ ഒരു ക്ലാസിൽ അമ്പത് വിദ്യാർഥികളുണ്ടായിരിക്കെ താൽക്കാലികമായി സീറ്റ് വർധിപ്പിക്കുക എന്നത് പരിഹാരമേയല്ല. അത് മറ്റ് അക്കാദമിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നത് കഴിഞ്ഞ അധ്യയന വർഷങ്ങളിലെ അനുഭവങ്ങളുമാണ്. മുമ്പ് വന്ന സർക്കാരിൽ പഴിചാരി വിഷയത്തെ അഭിമുഖീകരിക്കുന്നതിൽ നിന്നും ഇനിയും സംസ്ഥാന സർക്കാരിന് ഒളിച്ചോടാനാവില്ല. എല്ലാ കണ്ടും കേട്ടും അനുഭവിച്ചും വളരുന്ന പുതിയ തലമുറയിൽ ഭരണ സംവിധാനങ്ങളോട് അസംതൃപ്തി വളർത്താനേ അത് ഇടയാക്കൂ . പൊതുവിദ്യാഭ്യാസ ശാക്തീകരണവും സാമൂഹിക നീതിയും മുന്നോട്ടുവെക്കുന്ന ഒരു ഭരണകൂടം എന്നന്നേക്കുമായി ഈ പ്രതിസന്ധി പരിഹരിക്കുന്ന സ്പെഷൽ പാക്കേജുകളും നടപടികളുമാണ് എടുക്കേണ്ടത്. പുതിയ അധ്യയന വർഷത്തിന്‍റെ അഡ്മിഷൻ പ്രക്രിയക്ക് മുമ്പുതന്നെ അതുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.