LiveTV

Live

Opinion

ആർക്കു വേണ്ടിയുള്ള യുദ്ധങ്ങൾ?

ഇന്ത്യയിലായാലും ചൈനയിലായാലും ഇറാക്കിലായാലും ജീവിക്കാനായി പട്ടാളക്കാരനായി പോയ അച്ഛനെയും കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവം ഒരു പോലെയാണ്.

ആർക്കു വേണ്ടിയുള്ള യുദ്ധങ്ങൾ?

യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ലോകമനുഷ്യൻ ഒന്നും പഠിച്ചിട്ടില്ല. അതിനെ ദേശീയതയുടെ സൗന്ദര്യ മത്സരമായിക്കാണുന്ന നമ്മൾ ഒന്നും പഠിക്കാൻ പോകുന്നുമില്ല.

നമ്മളെ അറിയാത്തവർക്ക് നമ്മോടുള്ള വെറുപ്പും നമ്മൾ അറിയാത്ത മനുഷ്യരെക്കുറിച്ചുള്ള നമ്മുടെ വെറുപ്പും തമ്മിലാണ് ലോകം ഇന്നോളം കണ്ട എല്ലാ യുദ്ധങ്ങളിലെയും ഏറ്റുമുട്ടൽ.

ഇന്ത്യയിലായാലും ചൈനയിലായാലും ഇറാക്കിലായാലും ജീവിക്കാനായി പട്ടാളക്കാരനായി പോയ അച്ഛനെയും കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവം ഒരു പോലെയാണ്. അച്ഛന്റെ ചിന്നിച്ചിതറിയ ശരീരം എംബാം ചെയ്‌തെത്തുമ്പോഴുള്ള കുടുംബത്തിന്റെ നിലവിളിയൊച്ചയും ഒന്നു തന്നെ.

ബോംബിനു പോലും ഇതറിയാം. എറിയുന്ന വിഡ്ഢികളായ മനുഷ്യർക്ക് മാത്രം ഇതറിയില്ല. അതറിയാനുള്ള കാരുണ്യത്തിന്റെ വിവേകം ദൈവം തലച്ചോറിൽ നിക്ഷേപിക്കാൻ മറന്നു പോയിരിക്കുന്നു.

ആർക്കാണ് യുദ്ധത്തിൽ സന്തോഷവും ലാഭവും ഉണ്ടാകുന്നത്?

1)നരാധമന്മാരും കുടിലബുദ്ധിശാലികളുമായ യുദ്ധോപകരണ വ്യാപാരികൾക്ക്, അവരുടെ ഏജൻറുമാർക്ക്. ശതകോടിക്കണക്കിന് ഡോളർ മറിയുന്ന അനധികൃതഹബ്ബുകൾക്ക് .

2 ) കൊള്ളയും കവർച്ചയുംപൂഴ്ത്തിവെപ്പും വിലക്കയറ്റവുമുണ്ടാക്കുന്ന രണ്ടാം നിര നരാധമന്മാർക്ക്

3) ഭരണപരാജയം മൂടിവെക്കാൻ യുദ്ധത്തെ ഒരു ടാർ പായപോലെ മൂടി ഇരുട്ടാക്കുന്ന കഴിവ് കെട്ട ഭരണാധിപന്മാർക്ക് , യുദ്ധത്തെ മറയാക്കി കൊള്ളയിലേർപ്പെടുന്ന അവരുടെ ശിങ്കിടി മുണ്ടന്മാർക്ക്.

യുദ്ധം ആരുടെ ആവശ്യമാണ്?

ലോകത്താകമാനം പല പേരിൽ കാലൂന്നി നില്ക്കുന്ന ട്രേഡ്‌മൊണോപൊളികൾക്ക് , അവരുടെ മനുഷ്യത്വഹീനമായ കിടമത്സരങ്ങൾക്ക്.

ഇന്ത്യ എന്നും കഷ്ടപ്പെട്ടിരുന്നത് അതിർത്തി യുദ്ധങ്ങളുടെയും അവിടെ സ്ഥിരമായി രൂപപ്പെടുന്ന അസ്വസ്ഥതകളുടെയും പേരിലാണെന്നത് ശ്രദ്ധേയമാണ്. എത്ര പതിറ്റാണ്ടുകളുടെ ആവർത്തനമാണിത്. രാജ്യാതിർത്തികൾ മനുഷ്യ തീക്കുണ്ഡമാക്കുന്ന എത്ര രാജ്യങ്ങൾ ഇത് പോലെയുണ്ട്?

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വ്യക്തിപരമായ ഒരനുഭവം പറയട്ടെ. ലോകയുദ്ധപ്രഭു ഉറങ്ങുന്നഅമേരിക്കയിൽ പോയപ്പോൾ നയാഗ്രയെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് അമേരിക്കൻഅതിർത്തി രാജ്യങ്ങളിലെ ശാന്തതയാണ്.

ഹൈവോൾട്ടേജ് ഇരുമ്പ് വേലിയില്ല. എ.കെ 47 കൈയിലേന്തി 24 മണിക്കൂറും ഉറക്കമൊഴിഞ്ഞ് മൈനസ് 20 ൽ കാവൽ കിടക്കുന്ന പട്ടാളക്കാരനില്ല. ദേശീയ വികാരത്തിൽ പൊതിഞ്ഞ അപര വെറുപ്പില്ല. സർക്കാർ സംവിധാനം പുറത്തിറക്കുന്ന കെട്ടുകഥകളില്ല .പല അതിർത്തി സ്ഥലങ്ങളും വീതി കുറഞ്ഞ ഒരു പുഴ പോലുമാണ് . ഒരു മുളയെടുത്ത് കുത്തിമറിഞ്ഞാൽ കാനഡ' അവിടെ നിന്ന് ഇങ്ങോട്ട് മറിഞ്ഞാൽഅമേരിക്ക. അതെ,അമേരിക്ക കാനഡ ഭായി ഭായി .

ഇവിടെയോ?

നമ്മുടെ നികുതി വരുമാനത്തിന്റെ ബഹു ഭൂരിഭാഗവും അപഹരിക്കപ്പെടുന്നത് അതിർത്തി സംഘർഷങ്ങൾക്ക്. ചെലവഴിക്കുന്ന അനവധി നിരവധി യുദ്ധോപകരണങ്ങളും അതിന്റെ സന്നാഹങ്ങളും. യുദ്ധോപകരണങ്ങളുടെ ഹോൾസെയിൽ വില്പനക്കാരനും അമേരിക്ക തന്നെ. ലോകസമാധാന ഏജൻറും ലവൻ തന്നെ. ഒരേ സമയം യുദ്ധ വ്യാപാരിയും സമാധാന നിർമ്മാതാവും ഒരാളാവുന്നതിന്റെ അയുക്തികതയിൽ നിന്നാണ് ഉപരിപ്ലവ ദേശീയതയുടെ ആരാധകർ ചിന്തിച്ച് തുടങ്ങേണ്ടത്. 1942 നു ശേഷം അമേരിക്ക നടത്തിയ യുദ്ധങ്ങളിൽ ഏറെയും കൈയേറ്റങ്ങളും കവർച്ചകളുമായിരുന്നു. ജോർജ് ബുഷ് ആയിരുന്നു ഈ മേഖലയിലെ സാത്താൻ വ്യാപാരത്തിലെ പഴയ സമാധാനപാലകൻ! മനസ്സിലാക്കിയിടത്തോളം വെച്ചു പറഞ്ഞാൽ ജൂനിയർ ജോർജ് ബുഷിന് ആയുധക്കമ്പനി ഉണ്ടായിരുന്നു.

എന്നാൽ ഒബാമ നൽകിയ അത്ഭുതകരമായ ശാന്തിയെ നാം മറന്നു കൂടാ. ട്രമ്പ് വീണ്ടും ബുഷിന്റെ തുടർച്ചയായി. യുദ്ധോപകരണ വ്യവസായത്തിന്റെ അനേകം കണ്ണികളും ഉദ്യോഗസ്ഥരുമുണ്ട്. തീവ്രവാദം എന്ന നാടകത്തിന്റെ സംവിധായകരാണിവർ. ശമ്പളവും കിമ്പളവും സുഖ സൗകര്യങ്ങളും ആ ട്രേഡിന്റെ ഏറ്റവും ആകർഷകമായ ഘടകം തന്നെ.എന്നാൽ അതിർത്തിയിൽ മരിച്ച, ഉടുതുണിക്ക് മറുതുണിയില്ലാത്ത കുടുംബങ്ങളിൽ നിന്നു വന്ന പാവം ജവാന്മാരുടെ ശവപ്പെട്ടികൾ വാങ്ങുന്നതിൽ പോലും കുംഭകോണം നടത്തിയ ഒരേയൊരു രാജ്യമേയുള്ളൂ, ലോക ചരിത്രത്തിൽ.. അതേതാണെന്ന് നമുക്കേവർക്കും അറിയാമല്ലോ. എന്തിനോ വേവുന്ന സാമ്പാറിലെ കഷ്ണങ്ങളല്ലേ നാം.?

യുദ്ധത്തിനെതിരെയുള്ള ഒറ്റമൂലി കണ്ടു പിടിച്ചത് മഹാനായ ഒരു എഴുത്തുകാരനാണ്. ബഷീർ എന്നാണ് അങ്ങേരുടെ പേര്. എല്ലാവർക്കും വരട്ടു ചൊറി വരിക ഇതാണ് ബഷീർ യുദ്ധത്തിനെതിരെ കണ്ടു പിടിച്ച 'ഒറ്റമൂലി '.

എത്ര പ്രവചനാത്മകമായ മരുന്ന്.! കൊറോണയ്‌ക്കൊക്കെ വെറും പുല്ലുവില !!

ഓരോ യുദ്ധം വരുമ്പോഴും മനുഷ്യ സ്‌നേഹിയായ ബഷീർ എന്ന എഴുത്തുകാരനെയും 73 വർഷം മുമ്പ് അദ്ദേഹം എഴുതിയ ശബ്ദങ്ങൾ എന്ന കൃതിയെയും അതിൽ ആവിഷ്‌ക്കരിക്കപ്പെട്ട യുദ്ധത്തിന്റെ ദുരിതങ്ങളെയും ആദരപൂർവ്വം ഓർക്കുന്നു.

ലോകത്തിലെവിടെയും യുദ്ധം സംഭവിക്കാതിരിക്കട്ടെ. പ്രത്യേകിച്ച് ഈ ആഗോള കൊവിഡ് കാലത്ത്.

അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളിലെ നീറിപ്പുകയുന്ന അനേകം അസംതൃപ്തികളും വിദ്വേഷങ്ങളും ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളെയും ഗ്രസിച്ചിരിക്കുന്നുണ്ട്.

അതിന്റെ ആവിഷ്‌ക്കാരമായി ഒരു പക്ഷേ, ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിന് വഴിമരുന്ന് ഇട്ടു കൂടെന്നില്ല..

ലോകത്ത് എവിടെയും യുദ്ധകാലാവസ്ഥ ഉണ്ടാകുമ്പോഴേക്കും സമാധാന ചർച്ചയുടെ ഓഫറുമായി എത്തുക എന്നത് അമേരിക്കയുടെ ഒരു രീതിയാണ്.ഇന്ത്യ ചൈന അതിർത്തി സംഘർഷം ഒരു യുദ്ധാന്തരീക്ഷ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴേക്കും ഇതാ, ഇന്ന് ഇതെഴുതുമ്പോഴേക്കും ആ യുദ്ധപ്രഭു വീണ്ടും എത്തിക്കഴിഞ്ഞു.

അമേരിക്കയെ ചങ്ങാതിയാക്കി കൂടെ തോളിൽ കൈയിട്ട നടന്ന രാഷ്ട്രങ്ങൾ നശിച്ചുപോയിട്ടേ ഉള്ളു എന്ന് ചരിത്രം വായിക്കുന്നവർക്കറിയാം. സമാധാന ദൂതിന്റെ മാലാഖ വേഷമിട്ടു വരുന്ന ഈ സാത്താനെ ഒരകലത്തിൽ നിർത്തിയില്ലെങ്കിൽ നമ്മൾ അനുഭവിക്കേണ്ടി വരും. കൊടിയ ട്രേഡ് മത്സര രംഗത്താലും കൊറോണ വ്യാപന വിദ്വേഷത്താലും ചൈനയോടുള്ള അമേരിക്കൻ പക ഇന്ത്യയുടെ ചെലവിൽ തീർക്കാനുള്ള ട്രമ്പിന്റെ ബുദ്ധിയെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന്റെ 'ഇണ്ടി മേട്ട്പ്രണ്ടായ ' നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഏതെങ്കിലും വിധത്തിലുള്ള ഇച്ഛാശക്തി ഉണ്ടെന്നതിന് തെളിവുകളൊന്നുമില്ല. ഇതാവും യുദ്ധാന്തരീക്ഷം മൂർച്ചിച്ചാൽ ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ കെണി. ഇന്ത്യയെ ഒരു വടിയാക്കി ചൈനയെ ഇന്ത്യൻ ചെലവിൽ അടിക്കുന കെണി!.

ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് ദുരന്തം വിതറിയ ചൈനയെ വെറുക്കുന്ന രാഷ്ട്രങ്ങളുടെ സഖ്യകക്ഷികളും, ചൈനയെ പിന്താങ്ങുന്നതിൽ ലാഭം കണ്ടെത്തുന്ന അഭിനവസഖ്യരാജ്യ എതിർ ശക്തികളും മറ്റൊരു നിരയിൽ ഒരുമിച്ച് കൂടെന്നുമില്ല.

ഓസ്ട്രിയ സെർബിയ എന്നീ ചെറിയ രാജ്യങ്ങൾ തുടങ്ങി വെച്ച ലഘുവായ പിണക്കങ്ങളിൽ നിന്ന് രൂപം കൊണ്ട ലഘുവായ യുദ്ധത്തിൽ നിന്നാണ് രണ്ട് മഹായുദ്ധങ്ങളുടെ അഗ്‌നികുണ്ഡമായി ലോകം പിന്നീട് മാറിയത് രണ്ട് ലോകമഹായുദ്ധങ്ങളുടെ നാൾവഴികൾ പരിശോധിക്കുന്ന ആർക്കും ഇത് മനസ്സിലാക്കാം. മുൻ വിധികൾ മാറ്റി വെച്ച് പഠിക്കാനിരിക്കുന്ന ഉപരിപ്ലവ ദേശീയ വാദികൾക്ക് പോലും ചിലപ്പോൾ മനസ്സിലായേക്കാം!

നാം ആരെയാണ് കൊല്ലുന്നതതെന്നും ആർക്ക് വേണ്ടിയാണ് കൊല്ലപ്പെടുന്നതെന്നും

തിരിച്ചറിയാനുള്ള വേദിയാണ് ഏത് യുദ്ധസാഹചര്യങ്ങളുടെയും ആദ്യകാല സന്ദർഭങ്ങൾ. അത് അങ്ങേയറ്റം നിർണായകവുമാണ്..ടെലിവിഷൻ ചാനലിലെ വാർ ബൈറ്റ്‌സുകൾ മിക്‌സ്ചറും കൊറിച്ച് കണ്ട് സുഖിച്ച് ആസ്വദിക്കാവുന്ന ഒന്നല്ല , സ്വന്തം രാജ്യത്തെ യുദ്ധസാഹചര്യങ്ങൾ.

യുദ്ധം ഒഴിഞ്ഞു പോകാനുള്ള സാഹചര്യങ്ങൾ ഇപ്പോഴുമുണ്ടല്ലോ. അത് സംഭവിക്കട്ടെ.