LiveTV

Live

Opinion

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

സിനിമകളിലെ സൗന്ദര്യ ശാസ്ത്രത്തില്‍ നിന്ന് രാഷ്ട്രീയം വിഛേദിക്കപ്പെട്ടതാണോ? സിനിമകളിലെ രാഷ്ട്രീയം, തുറന്ന പ്രഖ്യാപനത്തിലൂടെ മാത്രം അടയാളപ്പെടുത്തേണ്ടതാണോ? 'നാസിര്‍' സിനിമയെ മുൻനിർത്തിയുള്ള പ്രതികരണം

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

നെതർലാന്‍റ്സിലെ ഹ്യൂബർട്ട് ബലാസ് ഫണ്ടിന്‍റെ സഹായത്താൽ, തമിഴ് എഴുത്തുകാരൻ ദിലീപ് കുമാറിന്‍റെ ക്ലര്‍ക്ക് സ്റ്റോറിയെ (Clerk Story)യെ ആസ്പദമാക്കി അരുൺ കാർത്തിക് സംവിധാനം ചെയ്ത 'നാസിര്‍(NASIR)' എന്ന സിനിമ റോട്ടര്‍ഡാമില്‍ (Rotterdam tiger Competition) മത്സര ഇനത്തിൽ നെറ്റ്പാക്ക് അവാർഡും, മികച്ച ഏഷ്യൻ ഫീച്ചർ ഫിലിം അവാർഡും, സവിശേഷ നിരൂപക ശ്രദ്ധയും നേടുകയുണ്ടായി.

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

'നാസിര്‍' സിനിമയെ മുൻനിർത്തി അതിന്‍റെ വായനകളോടും, സിനിമയോടും ചില പ്രതികരണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു.

സിനിമകളിലെ സൗന്ദര്യ ശാസ്ത്രത്തില്‍(aesthetics) നിന്ന് രാഷ്ട്രീയം (political) വിഛേദിക്കപ്പെട്ടതാണോ? സിനിമകളിലെ രാഷ്ട്രീയം, സവിശേഷമായി തുറന്ന പ്രഖ്യാപനത്തിലൂടെ മാത്രം അടയാളപ്പെടുത്തേണ്ടതാണോ? സൗന്ദര്യശാസ്ത്രത്തെ (aesthetics) കുറിച്ചുള്ള ആലോചനകൾ, കേവലം തുറന്ന വെളിപാടിന്‍റെയോ, കാൽപനികതയിലോ, വിപ്ലാവാത്മക പ്രഖ്യാപനത്തിൽ മാത്രം ഒരുങ്ങുന്നതല്ലന്നും, മറിച്ച് മാല മുത്ത് പോലെ കോർത്തിണക്കുന്ന സാമൂഹ്യ കാഴ്ചകളുടെ, അനുഭവങ്ങളാണ് എന്ന നിരീക്ഷണങ്ങളുണ്ട്. സൗന്ദര്യശാസ്ത്രത്തിന്‍റെ, ആസ്യാദനങ്ങളുടെ വിശകലനങ്ങൾ സത്യമായും (truth)'truth is beauty' രാഷ്ട്രീയമായും നിർണയിക്കുന്ന കാന്‍റിനെ പോലയുള്ളവർ, സൗന്ദര്യശാസ്ത്രത്തിന്‍റെ (Aesthetics) പ്രതിനിധാനങ്ങൾ, സവിശേഷമായി കലയുടെ സാർവ്വലൗകികത അടയാളപ്പെടുത്തുകയും, അദൃശ്യമായി നിത്യജീവിത രാഷ്ട്രീയ വ്യവഹാരങ്ങളുടെ, ഭാഗമാകുന്നുണ്ടെന്ന് പറയപ്പെടുന്നു. മറ്റൊരർത്ഥത്തിൽ 'My Art My Politics' എന്ന മുതലാളിത്ത പ്രസ്താവനയെ മറികടന്ന് സൗന്ദര്യശാസ്ത്രത്തിന്‍റെ (Aesthetics) സവിശേഷ സാർവ്വലൗകികത (Universality) കലയുടെ ജനാധിപത്യ വൽക്കരണത്തേയും, രാഷ്ട്രീയത്തിനേയും സൂചിപ്പിക്കുന്നുണ്ട്. സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും ഇഴപിരിഞ്ഞുള്ള നാസിര്‍ സിനിമ, ഈയർത്ഥത്തിൽ ഇവ തമ്മിലുള്ള ദ്വന്ദ്വ- നിർമിത അതി-വായനകളെ അപ്രസക്തമാക്കുന്നതായാണ് അനുഭവപ്പെടുന്നത്.

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

സിനിമയിലേക്ക് വരാം, ദേശരാഷ്ട്രത്തിന്‍റെയും, തനിക്കു ചുറ്റുമുള്ള ഹൈന്ദവ പൊതുബോധത്തിൽ നിന്ന് കുതറി മാറി/അവ പരിഗണിക്കാതെ നടന്നു നീങ്ങുന്നയാളാണ് നസീർ. മനോഹരമായ നിറങ്ങൾ കൊണ്ടും, ഫ്രെയിമുകൾ കൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമായ ചിത്രം നസീർ എന്ന ടെക്സ്റ്റയിൽസ് ജീവനക്കാരനായ കേന്ദ്ര കഥാപാത്രത്തിലൂടെയാണ് 'നാസിര്‍' സിനിമ നടന്നു നീങ്ങുന്നത്. മനോഹരമായി കവിതകൾ എഴുതുന്ന, ഗസലുകൾ കേൾക്കുന്ന, (Nephew) വരച്ച കളറിംഗുകൾ കാണുന്ന, ഉച്ചസമയത്ത് ബീഡി വലിക്കുന്ന, ഭക്തി സാന്ദ്രമായി നാഥന്‍റെ വിളിക്കുത്തരം നൽകുന്ന നസീർ, താൻ ജീവിക്കുന്ന ലോകത്ത്/ഇടത്തിൽ ഇതെല്ലാം തന്‍റെ അവകാശമെന്ന് കരുതുന്നയാളാണ്. ആശ്വാസത്തിന്‍റെയും, സ്ഥിരതയുള്ള സാഹചര്യങ്ങൾക്കായി ജീവിതത്തിന്‍റെ മറ്റു സങ്കീർണതകളിൽ നിന്ന് നാസർ വിട്ടുനിൽക്കുന്നു. മെച്ചപ്പെട്ട ജീവിതത്തിനായി പ്രത്യാശയുടെ തുരുത്തിലേക്ക് പതുക്കെ ജീവിച്ചു പോകുന്ന നാസറിൽ നിന്ന് ഏതു തരം രാഷ്ട്രീയ ആക്ഷനാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?

താൻ വലയം ചെയ്യപ്പെട്ടെ അധീശ പൊതുബോധം തന്നെ ട്യൂൺ ചെയ്യുന്നുണ്ടെന്ന് പോലും വകവെക്കാതെ സ്വാതന്ത്രവും, പ്രത്യാശയും അടയാളപ്പെടുത്തുന്ന നസീറിന്‍റെ ഒരോ ഫ്രെയ്മുകളും, താൻ ജീവിക്കുന്ന ലോകത്തിലെ/സമൂഹത്തിലെ നിത്യജീവിത രാഷ്ട്രീയ ഘടകങ്ങളാണ്. നസീർ നിർമിക്കുന്ന ഏകതാനമായ സ്വത്വത്തിന്‍റെ, സ്വാതന്ത്രത്തിന്‍റെ, പ്രത്യാശയുടെ, നിലനിൽപ്പിന്‍റെ രാഷ്ട്രീയ സൗന്ദര്യ ശാസ്ത്രങ്ങളേയാണ് ഹിന്ദുത്വ ആൾക്കൂട്ടം ഭീകരമായി കവർന്നടുക്കുന്നത്. യഥാർത്ഥത്തിൽ ഇത് സിനിമ പറയുന്ന രാഷ്ട്രീയത്തിന്‍റെ തുടർച്ച മാത്രമാണ്.

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

ടെക്സ്റ്റയിൽസ് എന്ന തൊഴിലിടത്തിലെ (working art) വിരസതയെ നസീർ മറികടക്കുന്നത്, അയാൾ എഴുതുന്ന കവിതകളിലൂടെയാണ്. താനും കുടുംബവുമൊത്തുള്ള ജീവിതത്തെ കുറിച്ചുള്ള, പ്രത്യാശകളിലാണ്, വിശ്വാസിയായ (ഇൻഷാ അല്ലാഹ്) നസീർ തന്‍റെ വീക്ഷണവുമായി പതിയെ മുന്നോട്ട് പോകുന്നത്. മറ്റൊരർത്ഥത്തിൽ തന്‍റെ ആശങ്കകളെ/ പ്രയാസങ്ങളെ, ആൾകൂട്ടത്തിന്‍റെ സംഘ-സംഘർഷങ്ങളിലൂടെ അഭിസംബോധന ചെയ്യാൻ നസീർ താൽപര്യപെടുന്നില്ല. ഓരങ്ങളിലൂടെ പതുക്കെ നടന്നു പോകുന്ന നസീർ പ്രത്യാശയുടേതായ, ജീവിതത്തെക്കുറിച്ചുള്ള സ്വയം നിർണിത ഇടം അടയാളപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

സിനിമയിൽ തുറന്ന രാഷ്ട്രീയ പ്രഖ്യാപനമായി അനുഭവേദ്യമാകുന്ന, കണക്കാക്കുന്ന, ഷോപ്പുകൾ തകർക്കുന്ന, ജയ് ശ്രീറാം വിളിക്കുന്ന ഹിന്ദുത്വ ആൾക്കൂട്ട ഫ്രെയിമുകളിൽ നിന്നല്ല യഥാർത്ഥത്തിൽ 'നാസിര്‍' സിനിമയുടെ രാഷ്ട്രീയ മൊമന്‍റ് തുടങ്ങുന്നത്. ഉയർന്നജാതിക്കാരനായ തൊഴിലുടമ, നസീറിനെ സുഹൃത്തായി കാണാൻ കൂട്ടാക്കാത്ത, അയാളെ ഒഴിവാക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്‍റെ മകൻ, വെജിറ്റേറിയൻ ഭക്ഷണ വർണനകൾ, തുടങ്ങി കാഴ്ചകളിലും, രുചികളിലും, അധികാര ബന്ധങ്ങളിലും അദൃശ്യമായ ഹൈന്ദവ പൊതുമണ്ഡലത്തിന്‍റെ ബാക്കിപത്രം മാത്രമാണ് ഹിന്ദുത്വ ആൾക്കൂട്ടത്തിന്‍റെ, രണോൽസുക അലർച്ചകൾ. നസീറിന്‍റെ സ്ഥായിയായ നിഷ്ക്കളങ്കതക്കപ്പുറം, താൻ ജീവിക്കുന്ന പൊതുമണ്ഡലത്തിന്‍റെ നിശബ്ദതയും, ആൾകൂട്ടത്തിന്‍റെ അപരവത്കരണവും കൂടി സിനിമയിൽ (അ)ദൃശ്യമായ ഫ്രെയിമുകളാണ്. സ്വാതന്ത്രപൂർവ്വ ജീവിതത്തെ കുറിച്ച്, (അബൂദാബിക്കാരനായ തന്‍റെ സുഹൃത്തിന്‍റെ ക്ഷണം) പ്രത്യാശയെ കുറിച്ച് സ്വപ്നം കാണുന്ന, ചിന്തിക്കുന്ന നസീറിനെ പോലെയുള്ള നിലനിൽപ്പിന്‍റെ ശരീരങ്ങൾ അധീശ -ആൾകൂട്ട/ പൊതുമണ്ഡലങ്ങളിൽ നിന്ന് പുറത്ത് പോയവരാണ്/ പാകമാവാത്തവരാണ്. മറ്റൊരർത്ഥത്തിൽ ആൾക്കൂട്ട മനശാസ്ത്രത്തിന്‍റെയും, പൊതുമണ്ഡലത്തിന്‍റെയും അപരവൽക്കരണം ഇത്തരത്തിൽ വ്യതിരിക്ത, സ്വതന്ത്ര ശരീരങ്ങളുടേൽ മേൽ ഹിംസക്കുള്ള സാധുത എളുപ്പമാക്കുന്നു എന്നതു കൂടിയാണ്. ഹിന്ദുത്വ അപസ്മാര അലർച്ചയിൽ പൊലിഞ്ഞ നസീറിനെ കേന്ദ്രീകരിച്ചുള്ള ഇര/ നിസ്സഹായത സഹതാപ പരിവേഷം, യഥാർത്ഥത്തിൽ നസീറിന്‍റെ സർഗ്ഗാത്മകതയുടെ, തനിക്കും അവകാശപ്പെട്ട സ്വാതന്ത്രത്തിന്‍റെ, മെച്ചപ്പട്ട ജീവിതത്തിനായുള്ള പ്രത്യാശയുടെ ആവിഷ്ക്കാരങ്ങളെ റദ്ദു ചെയ്യുന്നതാണ്. നസീറിന്‍റെ നിത്യ ജീവിത അനുഭവങ്ങൾ സംവദിക്കുന്ന സാമൂഹ്യ പരിസരം, തനിക്ക് പാകമാകാത്ത, നിശബ്ദത നിറഞ്ഞ അധീശ ഇടങ്ങളാണെന്ന യാഥാർത്ഥ്യം, സൂക്ഷ്മമായ ഫ്രെയിമുകളിൽ കാണുന്നുണ്ട്.

നാസിറിലെ (അ)ദൃശ്യ ഫ്രെയിമുകൾ

ചെറിയ കെട്ടിടങ്ങളും, വീടുകളും, ഇടുങ്ങിയ വഴികളും, റോഡുകളും, ചന്തകളും, പട്ടണവും, ചുമരുകളിൽ ആവരണം ചെയ്യപ്പെട്ട ഹൈന്ദവ ചിത്രങ്ങൾ, പൊതുവഴിളിലെ ഹൈന്ദവ പകർന്നാട്ടങ്ങൾ തുടങ്ങി ചിത്രത്തിലെ ഭൗമ ശാസ്ത്രപരമായ (geographical) ഫ്രെയിമുകൾ സാവധാനം സിനിമക്കൊപ്പം നമ്മെ സഞ്ചരിപ്പിക്കുന്നുണ്ട്. വാങ്കിന്‍റെ ശബ്ദഭംഗി, ആക്രോശ പ്രസംഗങ്ങൾ, അലർച്ചകളെല്ലാം സൗന്ദര്യശാസ്ത്രത്തിന്‍റെ സൂക്ഷമമായ വിശകലനങ്ങൾ വിളിച്ചോതുന്നുണ്ട്.

മഞ്ഞ വെളിച്ചവും, ഇരുട്ടും, മൂകതയും, ആൾകൂട്ടവുമൊക്കെയായി കോർത്തെടുത്തതാണ് അരുൺ കാർത്തികിന്‍റെ 'നാസിര്‍' നായുള്ള ഓരോ ഫ്രെയിമുകളും.