LiveTV

Live

Opinion

മനേകാ ഗാന്ധിയെന്ന പത്രാധിപയും വീരൻ ഹാജരാക്കിയ തെളിവും

അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി ദില്ലിയിലും ഉത്തരേന്ത്യയിൽ ആകമാനവും കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ് എന്ന് വീരൻ പ്രസംഗിച്ചുതന്നാൽ ഒരു സിനിമകണ്ടതുപോലെ മനസ്സിലായിട്ടുണ്ടാകും.

മനേകാ ഗാന്ധിയെന്ന പത്രാധിപയും വീരൻ ഹാജരാക്കിയ തെളിവും

നവയൗവനം വരുന്നതിനു തൊട്ടുമുമ്പ്് നാൾക്കുനാൾ കരകൗശലം കൂടിവരുമല്ലോ. ആ പ്രായത്തിൽ ഏറ്റവും പ്രിയപ്പെട്ട പത്രാധിപർ മനേകാ ഗാന്ധിയായിരുന്നു. പ്രിയപ്പെട്ട എന്നല്ല, കോരിത്തരിപ്പിച്ച എഡിറ്റർ എന്നാണ് പറയേണ്ടത്. മുത്തുച്ചിപ്പിയും പൗരധ്വനിയുമൊക്കെ തേടിപ്പിടിച്ചത് പിന്നീടാണ്. അതിനുംമുമ്പേ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുമായി അടുപ്പിച്ചതിന് മനേകാ ഗാന്ധിയോട് എന്നെന്നും നന്ദിയുണ്ടായിരിക്കുകയും ചെയ്യും.

അക്കാലത്ത് കോരിത്തരിപ്പിച്ച പ്രസംഗം അരങ്ങിൽ ശ്രീധരന്റേതായിരുന്നു.

''ഹിന്ദുവോട്ട് ഹിന്ദുവിന്'' എന്ന മുദ്രാവാക്യം ഉയർന്നുതുടങ്ങിയ കാലത്ത് ഒരിക്കൽ കമ്പളക്കാട് അങ്ങാടിയിൽ ജനതാ പാർട്ടിയുടെ പൊതുയോഗത്തിൽ അരങ്ങിൽ പ്രസംഗിച്ച പ്രസംഗം ഇപ്പോഴും ചെവിയിൽ അലയടിക്കുന്നുണ്ട്. ''ഹിന്ദു വോട്ട് ഹിന്ദുവിനാത്രേ, അവര് മാത്രം ഒരു ഹിന്ദു, ബാക്കിയുള്ളരെയൊക്കെപ്പിന്നെ വെത്തിലക്കെട്ടിൽ ഒളിപ്പിച്ച് ഇങ്ങോട്ട് കടത്തിയതാണോ''. ആ വാക്കുകൾ തീരുമുമ്പ് ''ഹിയർ'' വിളികളും ''വൺസ്‌മോർ'' അഭ്യർത്ഥനകളും കേട്ട് അന്തം വിട്ടിട്ടുണ്ട്. പ്രസംഗത്തെ അങ്ങനെയൊക്കെ ആളുകൾ പ്രോത്സാഹിപ്പിക്കുന്നത് ആദ്യമായിട്ട് കാണുകയായിരുന്നു.

അരങ്ങില്‍ ശ്രീധരന്‍
അരങ്ങില്‍ ശ്രീധരന്‍

പക്ഷേ, ഒരു പ്രശ്‌നമുണ്ടായിരുന്നു. അരങ്ങിൽ ശ്രീധരന്റെ പ്രസംഗം എപ്പോഴും കേൾക്കാൻ കിട്ടില്ല. ആൾ കോഴിക്കോട്ടുകാരനാണ്. വല്ലപ്പോഴുമേ വയനാട്ടിൽ വരൂ. എപ്പോഴും കേൾക്കാൻ കിട്ടുന്ന പ്രസംഗം വീരന്റേതായിരുന്നു. വീരൻ മുതലാളിയുടെ. അദ്ദേഹം തന്നെയാണ് എം.പി വീരേന്ദ്രകുമാർ എന്നൊക്കെ മനസ്സിലായത് പിന്നീടാണ്. ഞങ്ങൾക്ക് വീരനാണ്. വീരൻമുതലാളിയാണ്. സോഷ്യലിസ്റ്റിനും മുതലാളിയൊക്കെ ആകാം. അത് കാപ്പിറ്റലിസ്റ്റുകളുടെ കുത്തകയൊന്നുമല്ലല്ലോ. (വീരന്റെ പ്രസംഗം കേട്ടുകേട്ട് അതുപോലെ പ്രസംഗിക്കാൻ തുടങ്ങിയപ്പം അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കോ ഇഷ്ടപ്പെടാതെ വന്ന ഒരു കഥയുണ്ട്. ഒരു ഇടതുമുന്നണിക്കഥ. അത് പിന്നെപ്പറയാം)

വീരന്റെ പ്രസംഗത്തിൽ നിന്നാണ് അടിയന്തരാവസ്ഥ എന്തായിരുന്നു എന്ന് ശരിക്കറിഞ്ഞത്. അടിയന്തരാവസ്ഥ എന്ന അമിതാധികാരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി എന്ന യുവരാജാവ് ദില്ലിയിലും ഉത്തരേന്ത്യയിൽ ആകമാനവും കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ് എന്ന് വീരൻ പ്രസംഗിച്ചുതന്നാൽ ഒരു സിനിമകണ്ടതുപോലെ മനസ്സിലായിട്ടുണ്ടാകും. തുർക്ക്മാൻ ഗേറ്റിൽ മുസ്ലിംകൾ തിങ്ങിപ്പാർത്തിരുന്ന ചേരികൾ ബുൾഡോസർ വെച്ച് തകർക്കുന്നതൊക്കെ വീരൻ വിവരിക്കുമ്പോൾ ബുൾഡോസറിന്റെ ഇരമ്പലാണ് തലച്ചോറിലുണ്ടായത്.

എം.പി വീരേന്ദ്രകുമാര്‍ ഒരു ബഹുജന സമരത്തിനിടെ
എം.പി വീരേന്ദ്രകുമാര്‍ ഒരു ബഹുജന സമരത്തിനിടെ
http://www.mpveerendrakumar.in/

അടിയന്തരാവസ്ഥക്കാലം കഴിഞ്ഞത് തെരഞ്ഞെടുപ്പിലേക്കായിരുന്നുവല്ലോ. തെരഞ്ഞടുപ്പു യോഗങ്ങളിൽ പ്രധാന ആകർഷണം വീരന്റെ പ്രസംഗംതന്നെയായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി വഴി വീരനും സംഘടനാകോൺഗ്രസ് വഴി ഉപ്പയും ജനതാപാർട്ടിയിൽ എത്തിയിരുന്നു. അതുകൊണ്ട് യോഗങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഉപ്പ എന്നെക്കൊണ്ടുപോയി വേദിയുടെ മുന്നിൽത്തന്നെ ഇരുത്തുമായിരുന്നു. ചിലപ്പോഴെങ്കിലും വേദിയിൽത്തന്നെ പുറകിലെവിടെയെങ്കിലും നിർത്തും.

വീരന്റെ പ്രസംഗം അടിയന്തരാവസ്ഥാ കഥനത്തിലേക്ക് കടന്നപ്പോൾ അന്തരീക്ഷം പെട്ടെന്നു ശോകമൂകമായി. ഉത്തരേന്ത്യയിലെങ്ങും കുടുംബാസൂത്രണ ശസ്ത്രക്രിയക്കായി ചെറുപ്പക്കാരെ ആട്ടിപ്പിടിച്ചുകൊണ്ടുപോയ കാര്യം വീരൻ വിശദീകരിച്ചുതുടങ്ങിയതോടെ, സദസ്സിൽ നിന്ന് നെടുവീർപ്പുകളും തേങ്ങലുമൊക്കെ ഉയർന്നു. അങ്ങനെയാ പ്രസംഗം വൈകാരികതയുടെ അടുത്തതലത്തിലേക്ക് കടന്നപ്പോൾ വീരൻ പൊടുന്നനെ നിറുത്തി. നൊടിനേരത്തെ നിശ്ശബ്ദക്ക് ശേഷം പറഞ്ഞു: ''ഞാനിനി പ്രസംഗിക്കുന്നില്ല, ഇതാ ഈ ചെറുപ്പക്കാരൻ പറയട്ടെ, എന്താണ് ഉണ്ടായത് എന്ന്''...

അങ്ങനെയൊരു തെരഞ്ഞെടുപ്പു യോഗം കൽപ്പറ്റ അങ്ങാടിയിൽ നടക്കുകയാണ്. വീരൻ പ്രസംഗം തുടങ്ങി. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും മകന്റെ അഞ്ചിന പരിപാടിയും യൂത്ത് കോൺഗ്രസ്സിന്റെ മൂന്നിന പരിപാടിയും എല്ലാം ചേർന്ന് ''അവന്റെ ഇരുപത്തെട്ട് കഴിച്ച'' കഥയോടെയാണ് തുടങ്ങിയത്. അടിയന്തരാവസ്ഥാ കഥനത്തിലേക്ക് കടന്നപ്പോൾ അന്തരീക്ഷം പെട്ടെന്നു ശോകമൂകമായി. ഉത്തരേന്ത്യയിലെങ്ങും കുടുംബാസൂത്രണ ശസ്ത്രക്രിയക്കായി ചെറുപ്പക്കാരെ ആട്ടിപ്പിടിച്ചുകൊണ്ടുപോയ കാര്യം വീരൻ വിശദീകരിച്ചുതുടങ്ങിയതോടെ, സദസ്സിൽ നിന്ന് നെടുവീർപ്പുകളും തേങ്ങലുമൊക്കെ ഉയർന്നു. അങ്ങനെയാ പ്രസംഗം വൈകാരികതയുടെ അടുത്തതലത്തിലേക്ക് കടന്നപ്പോൾ വീരൻ പൊടുന്നനെ നിറുത്തി. നൊടിനേരത്തെ നിശ്ശബ്ദക്ക് ശേഷം പറഞ്ഞു: ''ഞാനിനി പ്രസംഗിക്കുന്നില്ല, ഇതാ ഈ ചെറുപ്പക്കാരൻ പറയട്ടെ, എന്താണ് ഉണ്ടായത് എന്ന്''... എല്ലാവരും വീർപ്പ് അടക്കി നോക്കിനിൽക്കെ വേദിയിൽ പിൻനിരയിൽ കൂനിക്കൂടി ഇരുന്ന ഒരു ചെറുപ്പക്കാരനെ ആരൊക്കെയോ ചേർന്ന് മുന്നോട്ടു കൊണ്ടുവന്നു. മൈക്കിന് മുന്നിൽ നിർത്തി. അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. കുറച്ചു നേരം മിണ്ടാതെ നിന്ന അവൻ ഒറ്റക്കരച്ചിൽ. പൊട്ടിപ്പൊട്ടികരഞ്ഞു. പിന്നീട് വീരൻതന്നെ മൈക്കിനു മുന്നിലെത്തി ആ ചെറുപ്പക്കാരന്റെ കഥ പറഞ്ഞു.

വയനാട്ടിലെ മേപ്പാടിക്ക് അടുത്ത് എവിടെയോ ആയിരുന്നു ആ മുസ്ലിം ചെറുപ്പക്കാരന്റെ വീട്. അവൻ നാടുവിട്ടു പോയതാണ്. ആദ്യം മദ്രാസിലെത്തി. പോയിപ്പോയി ഉത്തരേന്ത്യയിൽ എവിടേയോ എത്തി. റെയിൽവേസ്‌റ്റേഷനിൽ കിടന്ന് ഉറങ്ങിയപ്പോൾ പോലീസിന്റെ കണ്ണിൽപ്പെട്ടു. എല്ലാ ഉദ്യോഗസ്ഥരും കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് ആളെപ്പിടിക്കാൻ നടക്കുകയായിരുന്നല്ലോ. അവർ ഈ വയനാട്ടുകാരൻ ചെറുപ്പക്കാരനെ കൊണ്ടുപോയത് കുടുംബാസുത്രണ ക്യാമ്പിലേക്കാണ്. അവിടെ വെച്ച് അവന്റെ ഞരമ്പ് സർക്കാർ മുറിച്ചു. പ്രത്യുൽപ്പാദനം സാധ്യമല്ലാത്ത ഒരു മനുഷ്യജീവിയായി അവനെ പുറത്തേക്ക് വിട്ടു. അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോൾ അവൻ നാട്ടിൽ തിരിച്ചെത്തി. അങ്ങനെയവൻ രാഷ്ട്രീയ പൊതുയോഗങ്ങളിൽ തെളിവായി ഹാജരാക്കപ്പെടുന്ന ഒരു മനുഷ്യജീവിയുമായി.

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി
സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി

ആ കാലവും കടന്നുപോയി. സഞ്ജയ്ഗാന്ധി ആദ്യം മരിച്ചു. ഇപ്പോഴിതാ വീരനും മരിച്ചു. അവരൊക്കെയും അവരുടെ കർമ്മങ്ങളിലേക്ക് മടങ്ങി. ഇനി ഓർമിക്കപ്പെടുക അവരുടെ കർമ്മങ്ങളുടെ പേരിലാകും. പക്ഷേ ആ പാവം ചെറുപ്പക്കാരൻ, അവൻ എന്തായോ ആവോ! പത്രപ്രവർത്തനത്തിന്റെ സഹജമായ കൗതുകത്താൽ അവനെ തെരഞ്ഞുകണ്ടെത്താൻ ഞാൻ പലവട്ടം ശ്രമിച്ചിരുന്നു പക്ഷെ കണ്ടില്ല. അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ അറുപതുകടന്നിരിക്കും. ഉണ്ടോ, ഇല്ലയോ. എന്തോ!

അടിയന്തരാവസ്ഥയിലെ സഞ്ജയ്ഗാന്ധിയുടെ അമിതാധികാരമാണ് ആ അവസ്ഥ കഴിഞ്ഞപ്പോൾ പ്രധാനമായും ഇന്ത്യ ചർച്ച ചെയ്തത്. അതിൽ ഏറ്റവും പ്രധാനം കുടുംബാസൂത്രണം തന്നെയായിരുന്നു. മുസ്ലിംകളും ദളിതരുമായിരുന്നു അതിന്റെ ഇരകൾ. അവരുടെ കണ്ണീരാണ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞടുപ്പിൽ കോൺഗ്രസ്സിനെ തറപറ്റിച്ചത്. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റമ്പി. ജനതാ പാർട്ടി ഭരണം പിടിച്ചു. അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തിൽ കോൺഗ്രസ്സ് വിട്ട് പുറത്തുപോയ ജഗജീവൻ റാം ജനതാപാർട്ടിയുടെ കരുത്തായി. ദളിത് ബെൽറ്റിൽ കോൺഗ്രസ്സിന്റെ കരുത്ത് അതുവരെയും ബാബു ജഗജീവൻ റാം ആയിരുന്നു. അദ്ദേഹം കോൺഗ്രസ്സ് വിട്ടപ്പോൾ ഒരു ഉഗ്രൻ മുദ്രാവാക്യം ഉയർന്നു വന്നിരുന്നു; ''ജവജീവൻ പോയി ജീവൻ പോയി'' എന്ന്.

ജഗജീവന്‍ റാം
ജഗജീവന്‍ റാം

മോറാർജി ദേശായിയുടെ മന്ത്രിസഭയിൽ ജഗജീവൻ റാം ഉപപ്രധാനമന്ത്രിയാണ്. ആ മന്ത്രിസഭയാകട്ടെ, അടിയന്തിരാവസ്ഥയിലെ അമിതാധികാരത്തിന്റെ പേരിൽ ഇന്ദിരാഗാന്ധിയെയും മകനേയും കേസുകളിൽ കുടുക്കി ശ്വാസം മുട്ടിക്കുകയാണ്. മാധ്യമങ്ങൾ ആ കഥകളിലാണ്. അപ്പോഴാണ് കോൺഗ്രസ്സിന് വെളിച്ചംനൽകാൻ ഒരു ഉദയമുണ്ടായത്. സൂര്യാ മാഗസിൻ. അമതേശ്വർ ആനന്ദ് ആയിരുന്നു അതിന്റെ പ്രസാധക. അവർ മനേകയുടെ അമ്മയാണ്. മനേകതന്നെയായിരുന്നു പത്രാധിപർ. അങ്ങെയനിയിരിക്കെ ഒരു ദിനം സൂര്യമാസിക കയറിയങ്ങ് കത്തി. എന്നു വെച്ചാൽ ഹിറ്റ്. ഹിറ്റോടിറ്റ്. ആവശ്യക്കാരെ തൃപ്തിപ്പെടുത്താനയി ആ 1978 ഒക്്‌ടോബർ 21ലെ ലക്കം മൂന്നുവട്ടം അച്ചടിക്കേണ്ടിവന്നു. അത്രയും ഹൃദ്യഹാരിയായ ചിത്രങ്ങളുണ്ടായിരുന്നു അതിൽ. ഉപപ്രധാനമന്ത്രിയായ ജഗജീവൻ റാമിന്റെ മകൻ സുരേഷും അദ്ദേഹത്തിന്റെ സുഹൃത്ത് സുഷമാ ചൗധരിയുമായിരുന്നു ചിത്രത്തിൽ. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു, പക്ഷെ ചിത്രത്തിൽ നൂൽബന്ധം ഉണ്ടായിരുന്നില്ല. സെന്റ്രൽ സ്‌പ്രെഡ്ഡ് അടക്കം നാലഞ്ചു പേജുകൾ ആ ബന്ധത്തിന്റെ പലവിധ കലാരൂപങ്ങളായിരുന്നു.

സഞ്ജയ് ഗാന്ധി, മനേക ഗാന്ധി
സഞ്ജയ് ഗാന്ധി, മനേക ഗാന്ധി

അതിനു പലവിധത്തിൽ ചരിത്രപ്രാധാന്യമുണ്ട്. അതിനെപ്പറ്റി പലവിധ ചർച്ചകൾ നടന്നിട്ടുണ്ട്. ആ ചിത്രങ്ങൾ പല പത്രസ്ഥാപനങ്ങളിലും എത്തിയിരുന്നു എന്നും മാധ്യമങ്ങളിൽ അത്തരം ചിത്രങ്ങൾ അച്ചടിക്കുന്നത് മര്യാദയല്ലാത്തതിനാൽ എല്ലാവരും ഒഴിവാക്കി എന്നുമൊക്കെ കേട്ടിരുന്നു. എന്തായാലും ആ മര്യാദയൊന്നും മനേകാഗാന്ധിയെ പേടിപ്പിച്ചില്ല. അവർ ധൈര്യം കാണിച്ചു. അത് അവർക്ക് പത്രപ്രവർത്തനത്തിൽ പരിചയമില്ലാത്തിട്ടാണ് എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല. പരിചയമുള്ള ഒരു കൺസൾട്ടന്റ് എഡിറ്റർ ആ മാഗസിന് ഉണ്ടായിരുന്നു. സാക്ഷാൽ ഖുഷ് വന്ത് സിംഗ്. ആ ചിത്രങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞത് ''കാമസൂത്രം പറയുന്ന 68 രീതികളിൽ ഒൻപതെണ്ണം ഈ ചിത്രങ്ങൾ തന്നെയാണ്'' എന്നായിരുന്നു.

എന്തായാലും ആ മര്യാദയൊന്നും മനേകാഗാന്ധിയെ പേടിപ്പിച്ചില്ല. അവർ ധൈര്യം കാണിച്ചു. അത് അവർക്ക് പത്രപ്രവർത്തനത്തിൽ പരിചയമില്ലാത്തിട്ടാണ് എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല. പരിചയമുള്ള ഒരു കൺസൾട്ടന്റ് എഡിറ്റർ ആ മാഗസിന് ഉണ്ടായിരുന്നു. സാക്ഷാൽ ഖുഷ് വന്ത് സിംഗ്.

അപ്പോൾ ആ പ്രായത്തിൽ ആ മാസിക നവയുവാക്കളെ ആകർഷിച്ചതിൽ അത്ഭുതമില്ലല്ലോ. അതിന്റെ പത്രാധിപരെ എന്നെന്നും ഓർക്കേണ്ടതല്ലേ. രാഷ്ട്രീയക്കാരിയായ മനേകാ ഗാന്ധിയെ മാത്രമല്ല പത്രക്കാരിയായ മനേകാ ഗാന്ധിയേയും ഓർക്കേണ്ടതല്ലേ, അതല്ലേ മര്യാദ. മര്യാദയെ പേടിക്കേണ്ടതില്ലെങ്കിലും അത് ഉണ്ടായിരിക്കണമല്ലൊ.

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?
Also Read

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?

പ്രതിപക്ഷനേതാവുദ്യോഗം അവശ്യസർവീസാണോ?
Also Read

പ്രതിപക്ഷനേതാവുദ്യോഗം അവശ്യസർവീസാണോ?