LiveTV

Live

Opinion

കാട്ടാനകളുടെ കൂട്ടത്തില്‍ ചില ആനകള്‍ അനാഥരാക്കപ്പെടുന്നു; എന്താണ് അതിന് കാരണം?

കാട്ടാനകളിലെ അനാഥരായ ഒറ്റയാന്‍മാരുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആനകള്‍ക്കിടയിലും യത്തീമുകളുണ്ടോ എന്ന് മുഖം ചുളിക്കണ്ട. സംഗതി ഉള്ളതാണ്.

കാട്ടാനകളുടെ കൂട്ടത്തില്‍ ചില ആനകള്‍ അനാഥരാക്കപ്പെടുന്നു; എന്താണ് അതിന് കാരണം?

വ്യവസ്ഥാപിത കുടുംബ ഘടനയും കൂട്ടായ്മയുമുള്ള സാമൂഹ്യ ജീവികളായ കാട്ടാനകളുടെ കൂട്ടത്തില്‍ നിന്ന് തിരസ്കരിക്കപ്പെടുന്ന ഒറ്റയാന്‍മാര്‍ ശരിക്കും അനാഥരാണ്. ഇത്തരത്തിലൊരണ്ണമാണ് കഴിഞ്ഞ ആഴ്ച വയനാട്ടിലെ വൈത്തിരിയില്‍ ചുറ്റിക്കറങ്ങിയിരുന്ന കുഞ്ഞന്‍ കാട്ടു കൊമ്പന്‍.

ആനക്കൂട്ടത്തില്‍ നിന്ന് മാറി മനുഷ്യരുമായി അടുപ്പം കാണിച്ചും കുറുമ്പു കാട്ടിയും നടന്നിരുന്ന കുട്ടിയാനയെ കണ്ട നാട്ടുകാര്‍ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. കൂട്ടം തെറ്റിയതാകാം എന്നാണ് ആദ്യം കരുതിയത്. വൈകാതെ വണ്ടി വിളിച്ച് വനപാലകര്‍ അവനെ കാട്ടില്‍ തന്നെ കൊണ്ട് വിട്ടു. എന്നാല്‍ ആനക്കൂട്ടം ഇവനെ തിരിഞ്ഞു നോക്കിയില്ല. അടുത്ത് ചെന്ന് ലോഹ്യം പറയാന്‍ കുട്ടിയാനയും ചെന്നില്ല. ഒരാഴ്ച കഴിയുമ്പോഴേക്കും അവന്‍ വീണ്ടും വൈത്തിരിയിലെ ജനവാസ മേഖലയില്‍ തിരിച്ചെത്തി. മുള്ളന്‍പാറ നിവാസികളുടെ കാപ്പിത്തോട്ടത്തില്‍ നിലയുറപ്പിച്ച ആനക്കുട്ടിക്ക് ചക്കയും മറ്റും വെട്ടിനുറുക്കി നല്‍കലായി നാട്ടുകാരുടെ പണി.

സ്ഥലത്തെത്തിയ വനപാലകര്‍ക്ക് ഒരു കാര്യം മനസ്സിലായി ഇവനെ ഇനി കാട് കയറ്റിയിട്ട് കാര്യമില്ല. ആനക്കൂട്ടത്തോടൊപ്പം ചേരാന്‍ തയ്യാറല്ലാത്ത ഒറ്റയാനെ അവസാനം മുത്തങ്ങയിലെ ആന ക്യാമ്പിലെത്തിച്ചിരിക്കുകയാണ് വനംവകുപ്പുദ്യോഗസ്ഥര്‍.

കാട്ടാനകളുടെ കൂട്ടത്തില്‍ ചില ആനകള്‍ അനാഥരാക്കപ്പെടുന്നു; എന്താണ് അതിന് കാരണം?

ഇങ്ങനെ കൂട്ടത്തിലൊരുവനെ ആനക്കൂട്ടം ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്താനുള്ള കാരണങ്ങള്‍ എന്താവും?

സമീപകാലത്ത് കേരളത്തിലെ കാടുകളില്‍ നിന്ന് ഇങ്ങനെ പുറംതള്ളപ്പെട്ട ആനകള്‍ ഏറെയുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റും കാട്ടാന ഗവേഷകനുമായ ഡോ പി. എസ് ഈസ.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ആനക്കുട്ടികളെ വനം വകുപ്പിന് ഇങ്ങനെ ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. ഇതില്‍ ഒഴുക്കില്‍ പെട്ടവയും പാറയിടിക്കില്‍പെട്ടു പോകുന്നവയുമെല്ലാം ഉണ്ട്. എന്നാല്‍ കൌതുകകരമായത് ആനക്കൂട്ടം ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി നിര്‍ത്തുന്ന ഒറ്റയാന്‍മാരുടെ കാര്യമാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ഇതേ കുറിച്ച് ശാസ്ത്രീയ പഠനം ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ട് പലതും നിഗമനങ്ങളാണ്.

ജനിതക വൈകല്യമോ അംഗഭംഗമോ സംഭവിച്ച ആനക്കുഞ്ഞുങ്ങളെയും ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധിയോ മാരകരോഗമോ പിടിപെട്ട കുട്ടിയാനകളെയും ആനക്കൂട്ടം പുറംതള്ളാറുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന അനാഥക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഏറ്റെടുത്ത് വിദഗ്ദ ചികിത്സയും പ്രത്യേക പരിചരണവുമൊക്കെ നല്‍കിയാലും അവയെ രക്ഷിച്ചെടുക്കാന്‍ പ്രയാസമാണെന്നാണ് അനുഭവം.

ട്യൂമറുകളുകളടക്കം പലതരം രോഗം പേറുന്ന ഇവയെ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ഗജവീരന്‍മാരുടെ ഗ്രാഹ്യശക്തി സമ്മതിച്ചു കൊടുത്തേ പറ്റൂ. സ്കാനറുകള്‍ തോറ്റു പോകുന്ന രോഗനിര്‍ണ്ണയ ശേഷിയാണ് ആനക്കൂട്ടത്തിലെ കാരണവന്‍മാര്‍ക്കുള്ളത്. കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം വരെ ആനകളിലെ പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനം. കുള്ളന്‍ ആനകളെ പോലെ ജനിതക വൈകല്യമുള്ള ആനക്കുട്ടികള്‍ ജനിക്കുമ്പോഴും കുടുംബത്തില്‍ നിന്നവര്‍ പുറംതള്ളപ്പെടും.

കാട്ടാനകളുടെ കൂട്ടത്തില്‍ ചില ആനകള്‍ അനാഥരാക്കപ്പെടുന്നു; എന്താണ് അതിന് കാരണം?

ഇതു സംബന്ധിച്ച നിഗമനങ്ങളിലൊന്ന് ഇങ്ങനെയാണ്, പൊതുവില്‍ ആനക്കൂട്ടത്തില്‍ ആണുങ്ങളുടെ എണ്ണം കുറവായതിനാല്‍ ഇടത്തരം ആനകള്‍ പിടിയാനകളുമായി ഇണചേരും. ഇങ്ങനെ പിറക്കുന്ന കുട്ടികള്‍ പൂര്‍ണാരോഗ്യവാന്‍മാരാവില്ല. അല്ലെങ്കില്‍ പ്രായത്തിനൊത്ത വളര്‍ച്ച കാണില്ല. ഇവര്‍ക്ക് അന്തസോടെ ആനക്കൂട്ടത്തില്‍ തുടരാനോ കാട്ടില്‍ തലയുയര്‍ത്തി ജീവിക്കാനോ സാധ്യമല്ലെന്ന് ബോധ്യപ്പെടുന്നതോടെ അവര്‍ കൂട്ടത്തില്‍ തുടരാന്‍ യോഗ്യരല്ലാതായിത്തീരുന്നു. അമ്മയ്ക്ക് ഇവയുടെ പരിചരണം സാധ്യമല്ലാതാകുന്നതും പുറംതള്ളാന്‍ കാരണമാകുന്നതായാണ് ഒരു നിഗമനം . ഈ അഭിപ്രായത്തെ പക്ഷേ ഗവേഷകര്‍ കാര്യമായെടുക്കുന്നില്ല. കാരണം ലിംഗസമത്വം പ്രയോഗവത്കരിച്ച ആന കുടുംബത്തില്‍ കുഞ്ഞുങ്ങളുടെ പരിചരണം പോലും അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല എന്നതു തന്നെ.

ഉപേക്ഷിക്കപ്പെടുന്ന ആനകളെയാണെങ്കില്‍ പോലും കരിവീരന്‍മാരെ കാട്ടില്‍ തന്നെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വിടാനാണ് വനം വകുപ്പ് ആഗ്രഹിക്കുന്നതെന്ന് ഫോറസ്റ്റ് വെറ്റിനറി ഓഫീസറും സര്‍ജ്ജനുമായ ഡോ അരുണ്‍ സക്കറിയ പറയുന്നു. മറ്റൊരു നിര്‍വ്വാഹവുമില്ലെങ്കില്‍ മാത്രം ഏറ്റെടുക്കുന്ന ആനകളുടെ പരിചരണം തന്നെ ഏറെ ചെലവേറിയതും ദുഷ്കരവുമാണ്. വര്‍ഷത്തില്‍ 10 ലക്ഷം രൂപയെങ്കിലും ഓരോ ആനക്കും നീക്കി വെക്കേണ്ടി വരും.

നിലവില്‍ കേരളത്തിലെ ആന ക്യാമ്പുകളിലുള്ള 40 ആനകളില്‍ 32 എണ്ണവും ഇങ്ങനെ കൂട്ടത്തില്‍ നിന്ന് പുറംതള്ളപ്പെട്ട അനാഥകളാണ്. മുത്തങ്ങയിലെ ആന ക്യാമ്പിലുള്ള 14 കാട്ടാനകളില്‍ 10 എണ്ണവും ആനക്കൂട്ടം ഒഴിവാക്കിയവയാണ്. കേരളത്തിലെ മറ്റ് ആന ക്യാമ്പുകളായ കോടനാട്, കോട്ടൂര്‍, കോന്നി എന്നിവിടങ്ങളിലും അനാഥ ആനകളാണ് അധികവും പാലക്കാട്ടെ സാറ്റലൈറ്റ് ക്യാമ്പിലും ആനുപാതികമായി കൂടുതല്‍ അനാഥആനകള്‍ തന്നെ. കേരളത്തിലെ ക്യാമ്പുകളിലുള്ള ആനകളില്‍ പിന്നെയുള്ളത് നാട്ടുകാര്‍ക്ക് "ശല്യക്കാരായ" കൊമ്പന്‍മാരാണ്. നാട്ടിലിറങ്ങിയെന്നും കൃഷി നശിപ്പിച്ചെന്നുമൊക്കെ കുറ്റം ചുമത്തപ്പെട്ടവര്‍, കൊലക്കുറ്റം വരെ പേറുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാരുടെ ആകെ എണ്ണം മൂന്നാണ്. പിന്നെ നാട്ടാനയെന്ന പേരില്‍ വളര്‍ത്തിയിരുന്നവരില്‍ നിന്ന് മതിയായ രേഖകളില്ലാത്തതിനാലും നിയമലംഘനം നടത്തിയതിനാലും സര്‍ക്കാര്‍ പടിച്ചെടുത്ത മൂന്നാനകള്‍. പിന്നെയൊരാളെ കര്‍ണാടക കേരളത്തിന് സമ്മാനിച്ചതാണ്. ആനക്യാമ്പില്‍ തന്നെ പിറന്ന കുഞ്ഞാണ് ക്യാമ്പില്‍ കഴിയുന്ന മറ്റൊരാന.

ഇനി കുറവുകളും പോരായ്മകളും കാരണം ആനക്കൂട്ടം പുറത്താക്കിയ കുഞ്ഞുങ്ങളുടെ കാര്യത്തിലും കാട്ടിലൊരു നീതിയുണ്ട്. കടുവയോ മറ്റു ഇരപിടിയവന്‍മാരോ ഇവയെ ഭക്ഷണമാക്കും. അതുകൊണ്ട് മുടന്തനോ കുരുടനോ ആയ ഒരു ആനയും കാട്ടില്‍ ദുരിതജീവിതം നയിക്കുന്നുണ്ടാവില്ല. കാലമിത്രയായിട്ടും ആനക്കൂട്ടം ഉപേക്ഷിച്ചു കളയുന്ന ആനകളെകുറിച്ചുള്ള വ്യക്തമായ ശാസ്ത്രീയ പഠനം നടന്നിട്ടില്ല എന്നത് വലിയ പോരായ്മയാണ്. ഇതിനായി സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോട്ടൂര്‍ ആന ക്യാമ്പിനോട് ചേര്‍ന്ന് ഒരുങ്ങുന്ന എലിഫന്‍റ് റെസ്ക്യൂ ആന്‍റ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ പഠനങ്ങള്‍ക്ക് കളമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ഗവേഷകരും പ്രകൃതി സ്നേഹികളും.