LiveTV

Live

Opinion

പ്രജകൾക്കു വേണ്ടിയല്ല, ഖജനാവുകൾക്ക് വേണ്ടിയാണ് സർക്കാറുകൾ

ബി.ജെ.പിയുടെ ഇഷ്ടക്കാരായ സ്‌പൈസ് ജെറ്റിന് മാത്രമാണ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ അനുമതി ഇപ്പോള്‍ ലഭിക്കുന്നത്. എന്തു കൊണ്ട് അവര്‍ മാത്രം?

പ്രജകൾക്കു വേണ്ടിയല്ല, ഖജനാവുകൾക്ക് വേണ്ടിയാണ് സർക്കാറുകൾ

കോവിഡ് കാലത്ത് മാത്രമായി ജനങ്ങളോട് സവിശേഷമായ ഒരു ബാധ്യതയുമില്ലെന്നാണ് ഇന്ത്യയിലെല്ലായിടത്തുമുള്ള ഭരണകൂടങ്ങള്‍ പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കുന്നതൊന്നും സൗജന്യമാകരുതെന്ന മുതലാളിത്ത സിദ്ധാന്തങ്ങളാണ് ഈ സര്‍ക്കാറുകളുടെ പൊതുവെയുള്ള ഇന്ധനം. നേട്ടകോട്ടങ്ങളുടെ പട്ടിക മുന്നില്‍വെച്ച് വിലയിരുത്തുമ്പോള്‍ കോവിഡ് രോഗത്തിനുള്ള ചികില്‍സ മാത്രമാണ് ഒരുപക്ഷേ ഈ സര്‍ക്കാറുകള്‍ ഏറ്റെടുക്കുന്നത്. വലിയൊരളവില്‍ അതവരുടെ നിവൃത്തികേടുമാണ്. അതേസമയം കോവിഡ് സൃഷ്ടിച്ച സാമ്പത്തികമോ ശാരീരികമോ കാര്‍ഷികമോ സാമൂഹികമോ ആയ മറ്റു പ്രശ്‌നങ്ങളോടൊന്നും അനുഭാവപൂര്‍ണമായ പ്രതികരണം ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കാണാനാവില്ല. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ കേരളവും കേന്ദ്രവും പറയുന്നത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. കറവപ്പശുക്കളായ പ്രവാസികള്‍ തിരികെ വരരുത് എന്നു തന്നെയാണ് നിലപാടുകളുടെ മര്‍മ്മം. അതിഥി തൊഴിലാളികള്‍ തിരിച്ചു പോകരുതെന്നത് ഇതിന്‍റെ ആഭ്യന്തര വകഭേദമാണ്. മടങ്ങിയെത്തുന്നവരും മടങ്ങിപ്പോകുന്നവരും സൃഷ്ടിക്കാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളോടാണ് മാനവികമായ കാഴ്ചപ്പാടുകളേക്കാള്‍ ഈ സര്‍ക്കാറുകള്‍ പ്രതികരിക്കുന്നത്.

കേരളത്തിലേക്കുള്ള ഫ്‌ളൈറ്റുകളുടെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കം ഉദാഹരണമായി എടുക്കുക. കേന്ദ്രം പറയുന്നത്12 വിമാനങ്ങളേ ഒരു ദിവസം സ്വീകരിക്കാനാവൂ എന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി അറിയിച്ചതായാണ്. എന്നാല്‍ 24 ഫ്‌ളൈറ്റുകള്‍ വരെ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒരു ദിവസം അനുവദിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറയുന്നു. തര്‍ക്കം വിമാനങ്ങളുടെ എണ്ണത്തെ കുറിച്ച് മാത്രമായാണ് മാറുന്നത്. ഇപ്പറയുന്ന 12 എണ്ണം കൃത്യമായി വരുന്നുണ്ടോ ഇല്ലേ എന്നത് അന്വേഷിച്ചാല്‍ തീരാവുന്ന കേസാണിത്. ശരാശരി ആറ് വിമാനമാണ് ഇതുവരെ പ്രതിദിനം കേരളത്തിലെത്തിയത്. വന്ദേ ഭാരത് എന്നും മറ്റും പേരിട്ട് പ്രവാസികളെ പോക്കറ്റടിച്ച് നാട്ടിലെത്തിക്കുന്ന കേന്ദ്രവും നാട്ടിലെത്തുന്നവര്‍ക്കായി പൊതുഖജനാവില്‍ നിന്നും പണം മുടക്കുന്നതില്‍ മനസ്താപമുള്ള സംസ്ഥാന സര്‍ക്കാറും ആകെക്കുടി ഉറപ്പു വരുത്തുന്നത് ഇന്ത്യയിലേക്ക് വരുന്നവരുടെ എണ്ണം പരമാവധി കുറക്കുക എന്നതു മാത്രമല്ലേ?

രാജ്യത്ത് പ്രായോഗിക തലത്തില്‍ നടക്കുന്ന ഇത്തരം അരാജകത്വങ്ങളെ മാധ്യമങ്ങളെ ഉപയോഗിച്ച് മഹത്വവല്‍ക്കരിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് ആരെങ്കിലും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് 3 മാസത്തെയെങ്കിലും കാലാവധിയുള്ള തൊഴില്‍ വിസയോ റസിഡന്‍റ് വിസയോ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യവസ്ഥ കൊണ്ടുവന്നതായാണ്. എന്നാല്‍ മറുഭാഗത്ത് കാലാവധി കഴിഞ്ഞ എല്ലാതരം വിസകളും ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയതായാണ് യു.എ.ഇ ഗവണ്‍മെന്‍റ് പറയുന്നത്. അവര്‍ക്കില്ലാത്ത ക്രമ പ്രശ്‌നം കേന്ദ്ര സര്‍ക്കാറിന് എന്തിനാണ്? പുതിയ വ്യവസ്ഥയെ കേന്ദ്രമന്ത്രി നിഷേധിച്ചില്ലെങ്കിലും ദുബൈയിലേക്ക് പോകുന്നവരെ നിയമം ബാധിക്കില്ലെന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. മറുഭാഗത്ത് വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നും പറയുന്നു. എന്തിന്? പോകുന്ന രാജ്യമല്ലേ അവിടെ ഇറങ്ങാന്‍ വിസയില്‍ എത്ര ദിവസം വേണമെന്നു പറയേണ്ടത്? ഇന്ത്യയിലേക്ക് വരുന്നയാളുടെ വിസയെന്തിന് കേന്ദ്രം പരിശോധിക്കണം? അയാള്‍ ഇന്ത്യക്കാരനാണോ അല്ലേ എന്ന് മാത്രം നോക്കിയാല്‍ പോരേ? പാസ്‌പോര്‍ട്ടിന് കാലാവധിയുണ്ടോ ഇല്ലേ എന്നതല്ലേ ആകെക്കൂടി കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് ഉറപ്പു വരുത്തേണ്ട കാര്യം?

ജനങ്ങള്‍ക്കു വേണ്ടി ആരും ഒരു ചുക്കും ചെയ്യുന്നില്ല. രാജ്യഭരണമെന്നത് വലിയൊരു കോര്‍പറേറ്റ് കമ്പനിയുടെ നടത്തിപ്പ് പോലെയായാണ് മാറുന്നത്. ഏറ്റവുമൊടുവില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ കാര്യം. ഈ കമ്പനികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്രം മറ്റൊരു രീതിയില്‍ ഈ വിഷയത്തില്‍ കൃത്യമായി ഇടപെടുന്നുണ്ട്. ബി.ജെ.പിയുടെ ഇഷ്ടക്കാരായ സ്‌പൈസ് ജെറ്റിന് മാത്രമാണ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ അനുമതി ഇപ്പോള്‍ ലഭിക്കുന്നത്. എന്തു കൊണ്ട് അവര്‍ മാത്രം? റാസല്‍ ഖൈമയില്‍ നിന്നും കണ്ണൂരിലേക്ക് 175 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് വിമാനത്തിന് 47,25,000 രൂപയുടെ ക്വട്ടേഷനാണ് കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റ് ഒരു മലയാളി കമ്പനിയുടെ ഉടമക്ക് നല്‍കിയത്. ആളൊന്നുക്ക് 30,000 രൂപയാകും ഈ ടിക്കറ്റ്. എന്നാല്‍ അതിന്‍റെ പകുതിയിലും കുറഞ്ഞ തുകക്ക് ഗോ എയറും ഇന്‍ഡിഗോയും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ തയാറാണെങ്കിലും അവര്‍ക്ക് കേന്ദ്രം അനുമതി കൊടുക്കുന്നില്ല. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിംഗ് നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിലെ അംഗവുമായതാണോ കാരണം?

പ്രജകൾക്കു വേണ്ടിയല്ല, ഖജനാവുകൾക്ക് വേണ്ടിയാണ് സർക്കാറുകൾ
ബി.ജെ.പിയുടെ ഇഷ്ടക്കാരായ സ്‌പൈസ് ജെറ്റിന് മാത്രമാണ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ അനുമതി ഇപ്പോള്‍ ലഭിക്കുന്നത്. എന്തു കൊണ്ട് അവര്‍ മാത്രം?

മറ്റൊരു ഉദാഹരണമാണ് വിമാനക്കമ്പനികളുടെ പകല്‍ കൊള്ള. പ്രത്യകിച്ചും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടേത്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ ഏകപക്ഷീയമായി ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ രാജ്യത്തുടനീളം ആഭ്യന്തര സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഒരു വിമാനക്കമ്പനി യാത്ര റദ്ദാക്കിയാല്‍ അന്താരാഷ്ട്ര മര്യാദയനുസരിച്ച് പണം തിരികെ നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ജനങ്ങളോട് മറ്റേതെങ്കിലും ദിവസം യാത്ര ചെയ്യാന്‍ ആവശ്യപ്പെടുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നത്. എപ്പോഴെങ്കിലും പോയാല്‍ മതിയെന്നുള്ളവര്‍ക്ക് അങ്ങനെ ഉപയോഗപ്പെടുത്താമെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത, മറ്റൊരു ദിവസം പോയിട്ട് കാര്യമില്ലാത്തവര്‍ എന്തു ചെയ്യണം? ഈ പണം തിരികെ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും യാത്ര മുടങ്ങിയ തീയതികളുടെ അടിസ്ഥാനത്തിലല്ല യാത്ര ബുക്ക് ചെയ്തത് ഏതു ദിവസമാണെന്ന് നോക്കിയാണ് എയര്‍ ഇന്ത്യ പണം തിരികെ നല്‍കുന്നത്. അതായത് ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കല്ല മാര്‍ച്ച് 23 മുതല്‍ ടിക്കറ്റ് എടുത്തവരുടെ പണം മാത്രമാണ് മടക്കി നല്‍കുന്നത്. ജനങ്ങളെ വിഡ്ഡികളാക്കുന്നതിന് ഇതില്‍പ്പരം മറ്റൊരു ഉദാഹരണമുണ്ടോ? കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം എയര്‍ ഇന്ത്യ എപ്പോഴാണ് ടിക്കറ്റ് ബുക്കിംഗുകള്‍ സ്വീകരിച്ചത്? സര്‍ക്കാര്‍ വിമാനക്കമ്പനി തന്നെ ഇത്തരം തട്ടിപ്പിന് മുന്നില്‍ നിന്നാല്‍ സ്വകാര്യ കമ്പനികളുടെ കാര്യം പറയാനുണ്ടാവുമോ?

അതിഥി തൊഴിലാളികള്‍ക്ക് ട്രെയിനുകളും ബസും ഏര്‍പ്പെടുത്തിയ രീതിയില്‍ പ്രജകളോടുള്ള ഒരു ഭരണകൂടത്തിന്റെ ക്ഷേമ തല്‍പ്പര്യം എവിടെയെങ്കിലും കാണാനുണ്ടായിരുന്നോ? പ്രതിസന്ധി ഘട്ടത്തില്‍ നാടുവിട്ടോടുന്ന തൊഴിലാളികളുടെ കയ്യില്‍ നിന്ന് ഉള്ളതും കൂടി പിടിച്ചു പറിക്കുന്ന രീതിയിലായിരുന്നു ഈ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക്. വന്ദേ ഭാരത് പദ്ധതിയുടെ തനിപ്പകര്‍പ്പായാണ് ശ്രമിക് ട്രെയിനുകള്‍ മാറിയത്. ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും നിലനില്‍ക്കണമെങ്കില്‍ നഗരങ്ങളിലെ തൊഴിലാളികള്‍ ഒഴിഞ്ഞു പോകരുതായിരുന്നു. അതു കൊണ്ടു തന്നെയാണ് അവരുടെ പലായനത്തെ ആദ്യഘട്ടത്തില്‍ ഒരിക്കല്‍ പോലും സഹാനുഭൂതിയോടെ കാണാന്‍ സര്‍ക്കാറുകള്‍ തയാറാവാതിരുന്നത്. പുറംലോകം അറിയാതെ പോയ കോവിഡ് കാല അജണ്ടയായിരുന്നു അത്. നഗരങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് തൊഴിലന്വേഷിച്ചെത്തിയവര്‍ ലോകത്ത് മറ്റേതെങ്കിലുമൊരു രാജ്യത്ത് സമാനമായ രീതിയില്‍ തിരികെ പോയിട്ടുണ്ടോ? എന്തു കൊണ്ട് ഈ ദുരന്തം ഇന്ത്യയില്‍ മാത്രമുണ്ടായി? എന്തുകൊണ്ട് ഇതേ കോവിഡ് കാലത്ത് തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്ന പുതിയ ലേബര്‍ നിയമം ഇന്ത്യ പാസാക്കിയെടുത്തു?

കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം എയര്‍ ഇന്ത്യ എപ്പോഴാണ് ടിക്കറ്റ് ബുക്കിംഗുകള്‍ സ്വീകരിച്ചത്? സര്‍ക്കാര്‍ വിമാനക്കമ്പനി തന്നെ ഇത്തരം തട്ടിപ്പിന് മുന്നില്‍ നിന്നാല്‍ സ്വകാര്യ കമ്പനികളുടെ കാര്യം പറയാനുണ്ടാവുമോ?

തീര്‍ന്നില്ല ഇനിയുമുണ്ട്. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതിന്‍റെ ഉദാഹരണങ്ങള്‍. ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി വിതരണം ചെയ്യുന്ന അമേരിക്കന്‍ പരിശോധനാ കിറ്റുകള്‍ക്ക് മാത്രം ഒരുഘട്ടത്തില്‍ അംഗീകാരം നല്‍കിയ കേന്ദ്ര ആരോഗ്യവകുപ്പ് പിന്നീട് ടെസ്റ്റു നടത്താനുള്ള അവകാശം സ്വകാര്യ ലാബുകള്‍ക്ക് നല്‍കിയെന്ന് അവകാശപ്പെട്ടിരുന്നല്ലോ. ഗുജറാത്ത് കമ്പനി ഈടാക്കുന്നതിന്‍റെ പത്തിലൊന്ന് തുകക്ക് രാജ്യത്ത് നിരവധി തദ്ദേശ നിര്‍മ്മിത കിറ്റുകള്‍ ഇന്ന് ലഭ്യവുമാണ്. പക്ഷെ കേന്ദ്രസര്‍ക്കാറിന്‍റെ മൂക്കിന് ചുവടെയുള്ള ദല്‍ഹിയില്‍ ഒറ്റ ലാബില്‍ പോലും 4500 രൂപയില്‍ താഴെയുള്ള നിരക്കില്‍ കോവിഡ് പരിശോധന നടക്കുന്നില്ല. 450 മുതല്‍ 800 രൂപ വരെയാണ് തദ്ദേശീയ കിറ്റുകളുടെ വിലനിലവാരമെങ്കില്‍ ഈ പകല്‍കൊള്ള അവസാനിപ്പിക്കേണ്ടത് ആരാണ്?

രാജ്യത്ത് പ്രായോഗിക തലത്തില്‍ നടക്കുന്ന ഇത്തരം അരാജകത്വങ്ങളെ മാധ്യമങ്ങളെ ഉപയോഗിച്ച് മഹത്വവല്‍ക്കരിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എം.എസ്.എം.ഇകള്‍ക്കും ഉന്തുവണ്ടി കച്ചവടക്കാര്‍ക്കുമൊക്കെ ഈടില്ലാതെ വായ്പ കൊടുക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. കര്‍ഷകര്‍ക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ നിരത്തുന്നുണ്ട്. ഈ പ്രചാരണ പ്രാഘോഷത്തില്‍ മുങ്ങിപ്പോവുകയാണ് ഇന്ത്യ. കേള്‍ക്കുന്ന ഓരോ ഉന്തുവണ്ടിക്കാരനും കര്‍ഷകനും വ്യവസായിയും വിശ്വസിക്കുന്നത് ഒരുപക്ഷേ തനിക്കു മാത്രം എന്തോ കാരണം കൊണ്ട് ഈ കോടികള്‍ കിട്ടാതെ പോയതാവുമെന്നാണ്. വിമാനങ്ങളും ട്രെയിനുകളും ഏര്‍പ്പെടുത്തുന്നത് പോകട്ടെ ജനങ്ങള്‍ക്ക് കാളവണ്ടി പോലും നല്‍കാത്ത സര്‍ക്കാറുകള്‍ അല്ലേ ദല്‍ഹിയിലും യു.പിയിലുമുള്ളത്? താഴെത്തട്ടിലുള്ള അവസാനത്തെ അന്ത്യോദയക്കാരനോടുള്ള പ്രതിബദ്ധത അവരാണ് ആണയിട്ടു കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ നടന്നു മാത്രം സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിനിടെ സന്നദ്ധ സംഘടനകള്‍ നല്‍കിയ അപ്പവും വെള്ളവുമൊഴികെ സര്‍ക്കാറിന്‍റെ ഒരു ചപ്പാത്തി പോലും തിന്നാനുള്ള യോഗമില്ലാത്തവര്‍ക്കു പോലും ഒരു പരാതിയുമില്ലാതെ പോകുന്നതിന്‍റെ കാരണം ഈ പ്രചാരണ പൊലിമയാണ്. കച്ചവടം മാത്രമാണ് ആകെക്കൂടി നടക്കുന്നത്. കേരളത്തിലാകട്ടെ, കേന്ദ്രത്തിലാകട്ടെ .....