LiveTV

Live

Opinion

ദേവികമാർ ഉണ്ടാവുന്നത് ഇങ്ങനെയാണ്

ഇത് ട്രയലാണെന്ന് ഇതു സംബന്ധിച്ച് മെയ് 29ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നില്ല. പ്രത്യേക ക്ലാസ് എന്നാണ് പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്കൂളിലെ ക്ലാസിന് പകരമല്ല എന്നും

ദേവികമാർ ഉണ്ടാവുന്നത് ഇങ്ങനെയാണ്

ഒരു ദലിത് സമുദായാംഗമായ വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു. ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ കേരളം രണ്ടായി ധ്രുവീകരിക്കപ്പെട്ടു. ഒരു വിഭാഗം സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. മറുവിഭാഗം സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് ആണയിട്ട് രംഗത്തെത്തി. അങ്ങനെ വാദപ്രതിവാദം തുടരുന്നതിനിടെ ദലിത് സമുദായാംഗങ്ങളായ ചിലര്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ സംവാദം തുടരുകയാണ്. ഇതില്‍ പൊതുവായ ഒരു കാര്യമുണ്ട്. സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെയും സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെയും ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണ്. മൂന്നാമത്തെ വിഭാഗം പറയുന്നതാകട്ടെ, ഈ രണ്ട് കൂട്ടര്‍ക്കും മനസിലാവുന്നുമില്ല.

എന്തിനാണ് ഒരു ക്ലാസ് നഷ്ടമായപ്പോഴേക്ക് ആ കുട്ടി ആത്മഹത്യ ചെയ്തത്? ഇത് ട്രയലാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണല്ലോ? ക്ലാസ് നഷ്ടമായതു കൊണ്ട് മാത്രമാണോ ആ കുട്ടി മരിച്ചത്? വേറെ എന്തോ അതിലില്ലേ? കഴിഞ്ഞ മാസം പതിനാറാം തീയതി തന്നെ വിദ്യാഭ്യാസ മന്ത്രി തദ്ദേശസ്ഥാപനങ്ങളോടും സ്കൂളധികൃതരോടും ഓണ്‍ലൈന്‍ സൌകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ? അപ്പോള്‍ തദ്ദേശസ്ഥാപനങ്ങളും സ്കൂളധികൃതരുമല്ലേ കുറ്റക്കാര്‍? ഇങ്ങനെ പോകുന്നു സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ വാദങ്ങള്‍.

അങ്ങനെയല്ല, കൃത്യമായി ആസൂത്രണം ചെയ്യാത്തത് കൊണ്ടാണ് 2.6 ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്? ഇത് ട്രയലല്ല, സ്പെഷ്യല്‍ ക്ലാസുകളാണ് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. ഡിജിറ്റല്‍ സൌകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സൌകര്യം ഒരുക്കിയ ശേഷം ക്ലാസ് തുടങ്ങിയാല്‍ മതിയായിരുന്നു. ഇതൊക്കെയാണ് സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ പറയുന്ന ന്യായം.

ഇത് ട്രയലാണെന്ന് ഇതു സംബന്ധിച്ച് മെയ് 29ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നില്ല. പ്രത്യേക ക്ലാസ് എന്നാണ് പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്കൂളിലെ ക്ലാസിന് പകരമല്ല എന്നും, എന്നാല്‍, സ്കൂളുകളില്‍ അധ്യയനം നടക്കാത്ത സാഹചര്യത്തില്‍ തുടര്‍പഠനത്തിന് കുട്ടികളെ സജ്ജരാക്കാനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. കൂടെ ഒരു കാര്യം കൂടി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ഇതെത്തിക്കാന്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ച ട്രയലാണെന്നും രണ്ടാഴ്ച കഴിഞ്ഞ് ഇതേ പാഠഭാഗങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതില്‍ നിന്ന് മനസിലാക്കേണ്ടത് രണ്ടാഴ്ചക്കുള്ളില്‍ എല്ലാ വിദ്യാര്‍ഥികളെയും ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു എന്നു തന്നെയാണ്. എന്നാല്‍, ഈ ട്രയല്‍ പരിപാടി മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുകയും ക്ലാസുകള്‍ ടിവിയും ഇന്റര്‍നെറ്റുമുള്ള വീടുകളില്‍ എത്തുകയും ചെയ്തതോടെ കൈറ്റിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ പെട്ടെന്ന് ജനപ്രീതി പിടിച്ചു പറ്റുകയും ചെയ്തു. ഇത് ട്രയലാണോ ശരിക്കുമുള്ള ക്ലാസാണോ എന്ന് സംശയമുയരാവുന്ന സാഹചര്യം ഉണ്ടാവുന്നു. ഒഴിവാക്കി നിര്‍ത്തപ്പെട്ട 2.6 ലക്ഷം കുട്ടികളിലാര്‍ക്കെങ്കിലും തങ്ങള്‍ ഒഴിവാക്കപ്പെട്ടു എന്ന് തോന്നാവുന്ന സാഹചര്യം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഓരോ വിദ്യാര്‍ത്ഥിയുടെയും നിയമപരമായ വിദ്യ അഭ്യസിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന് ഈ രണ്ടരലക്ഷം പേരില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് വിവേചനം തന്നെയാണ്. ഇത് ട്രയലായിരുന്നു, പാഠഭാഗങ്ങള്‍ ആവര്‍ത്തിക്കും എന്ന് വാദിച്ചതു കൊണ്ട് മാത്രം കാര്യമില്ല.

ഇത് കേവലം, ഇന്റര്‍നെറ്റ്- ടിവി ഉള്ളവര്‍, ഇല്ലാത്തവര്‍ എന്ന വിശദീകരണത്തിലേക്ക് ചുരുക്കുന്ന ഒന്നാണ് മുകളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍. യാഥാര്‍ത്ഥ്യം ഇതിനുമപ്പുറത്താണ്. ഇക്കാര്യമാണ് കേരളത്തിലെ ദലിത് സമൂഹം ഉറക്കെ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ, ബഹളത്തിനിടയില്‍ അതിന് വേണ്ടത്ര ശ്രോതാക്കളില്ല.

ആര്‍ക്കാണ് കേരളത്തില്‍ ടിവിയും ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണുമില്ലാത്തത്? അവരുടെ ജാതിയേതാണ്? അവരുടെ വര്‍ഗമേതാണ്? എന്തു കൊണ്ടാണ് അവര്‍ക്ക് ഈ കാലത്തും ഇതൊന്നുമില്ലാതെ പോയത്? ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി ഇവര്‍ക്ക് ടിവിയോ സ്മാര്‍ട് ഫോണോ ഏതെങ്കിലും സംഘടനകളോ പാര്‍ട്ടികളോ സംഭാവനയായി നല്‍കുന്നുവെന്ന് കരുതുക, അങ്ങനെ പരിഹരിക്കാവുന്നതാണോ അവരുടെ പ്രശ്നം? അവര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കിയാല്‍ അത് റീചാര്‍ജ് ചെയ്യാന്‍ വക അവര്‍ക്കുണ്ടോ? ടിവി നല്‍കിയാല്‍ ടിവിയുടെ വരിസംഖ്യ മുടങ്ങാതെ അടയ്ക്കാന്‍ അവര്‍ക്ക് കഴിയുമോ? ഇല്ലെങ്കില്‍ എന്തു കൊണ്ടാണ്?

എന്തു കൊണ്ടാണ് ഒരു ക്ലാസ് നഷ്ടപ്പെടുന്പോഴേക്കും ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നത്? ഈ ബഹളത്തിനിടയില്‍ കേട്ട ഏറ്റവും ക്രൂരമായ ചോദ്യമാണിത്. ഇതിനുത്തരം രോഹിത് വെമുലയുടെ മരണമാണ്. എന്റെ ജന്മം തന്നെയാണ് . മൈ ബെര്‍ത്ത് ഈസ് മൈ ഫേറ്റല്‍ ആക്സിഡന്റ്- എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണമായ ദുരന്തം. ഇതായിരുന്നു വെമുല തന്റെ ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിട്ടത്. ജന്മം കൊണ്ടു തന്നെ വിവേചനം നല്‍കുന്ന ഒരു സാമൂഹിക ക്രമത്തിലേക്കാണ് ഓരോ ദലിത് കുഞ്ഞും പിറന്നു വീഴുന്നത്. അതാണ് ജാതിയുടെ ഏറ്റവും ക്രൂരമായ സ്വഭാവം. ജനിച്ചു പോവുന്നത് തന്നെ ദുരന്തമായി മാറുന്നു ഓരോ ദലിതനും. വെമുല നേരിട്ട വിവേചനം എന്താണെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. ദേവിക കടന്നു പോയത് എന്തിലൂടെയാണെന്ന് ആര്‍ക്കുമറിയണമെന്നില്ല. കാരണം, ഞാന്‍ പോകുന്നു എന്ന് മാത്രമാണ് അവള്‍ പറഞ്ഞത്.

കേരളത്തിലും ജാതിയോ എന്ന് അല്‍ഭുതം കൂറുന്ന ഒരു ജനതയാണ് മലയാളികള്‍. പട്ടികജാതി-വര്‍ഗക്കാര്‍ ഒഴികെ എന്ന് മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കുകയും ജാതിവാല്‍ പേരിനൊപ്പം ചേര്‍ത്ത് മേനിനടിക്കുന്നവരും വിവാഹം സ്വജാതിയില്‍ നിന്ന് മാത്രം നടത്തുന്നവരും പ്രണയിക്കുന്പോള്‍ പോലും ജാതി നോക്കുകയും ചെയ്യുന്ന ഒരു ജനതയാണ് ഈ വ്യാജ അഭിമാനബോധത്തില്‍ രമിക്കുന്നത്. ആധുനിക-ജനാധിപത്യ കേരളം രൂപം കൊണ്ട് 63 വര്‍ഷം കഴിഞ്ഞും കേരളത്തില്‍ ജാതി അതിശക്തമായി നിലനില്‍ക്കുന്നു എന്ന് കണ്ണുളളവര്‍ക്ക് കാണാന്‍ കഴിയും. ഇത് സാംസ്കാരികവും സാമൂഹ്യവുമായ ഘടനയാണെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ-സന്പദ് വ്യവസ്ഥ തന്നെ ജാതിയില്‍ അധിഷ്ഠിതമാണെന്ന് കാണാന്‍ കഴിയും.

ആധുനിക കേരളം ഫ്യൂഡല്‍ ഘടനയില്‍ നിന്ന് ജനാധിപത്യ ഘടനയിലേക്ക് മാറുന്നത് ഐക്യകേരള രൂപീകരണത്തോടെയാണ്. ഇന്ത്യ സ്വതന്ത്രമാവുകയും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടതിന്റേയും ഭാഗമായാണ് മലയാളം സംസാരിക്കുന്ന ഭൂവിഭാഗം എന്ന നിലയില്‍ കേരളം രൂപം കൊള്ളുന്നത്. ഒരു ഫ്യൂഡല്‍ സാന്പത്തിക സാമൂഹിക ഘടനയില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റം വരണമെങ്കില്‍ നടക്കേണ്ട അടിസ്ഥാന മാറ്റമാണ് ഭൂബന്ധങ്ങളിലെ മാറ്റം. ജന്മി -കുടിയാന്‍ സന്പ്രദായത്തില്‍ നിന്ന് കൃഷി ഭൂമി കൃഷി ചെയ്യുന്നവരിലേക്കെത്തുന്ന നീതിപൂര്‍വകമായ വിതരണം. കേരളത്തില്‍ പക്ഷേ നടന്നത് കുടിയായ്മ പരിഷ്കരണമായിരുന്നു. ജന്മിമാരായിരുന്നവര്‍ക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ച് ബാക്കിയുള്ള ഭൂമി അതത് ഭൂമികളില്‍ കൃഷി ചെയ്യുന്ന കുടിയാന്മാര്‍ക്ക് വിതരണം ചെയ്തു. എന്നാല്‍, കുടിയാന്മാരെന്നാല്‍ മുഴുവന്‍ പേരും മണ്ണില്‍ പണിയെടുക്കുന്നവരായിരുന്നില്ല. അവരുടെ കീഴില്‍ കര്‍ഷകതൊഴിലാളികളായിരുന്ന ദലിത് സമുദായാംഗങ്ങളായിരുന്നു. ഭൂപരിഷ്കരണം തുടര്‍ പ്രക്രിയയാണെന്നും മിച്ച ഭൂമി കണ്ടെത്തുന്ന മുറയ്ക്ക് അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നായിരുന്നു കാര്‍ഷിക ബന്ധ നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യത്തെ സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരത്തെ തുടര്‍ന്ന് കാര്‍ഷിക ബന്ധ നിയമം നടപ്പാക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നത്, കാര്‍ഷിക ബന്ധ നിയമത്തില്‍ തന്നെ തോട്ടം, മതസ്ഥാപനങ്ങളുടെ ഭൂമി എന്നിവ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കിയത്, പിന്നീട് വന്ന സര്‍ക്കാരുകളുടെ നിയമത്തിലെ വെള്ളം ചേര്‍ക്കല്‍ എന്നിവ വഴി മിച്ച ഭൂമി ഇല്ലാതായി. 1969ല്‍ അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ അതു വരെ കഴിഞ്ഞുപോയ ഭേദഗതികളോടെ നിയമം പാസാക്കി. ഇതോടെ, കര്‍ഷകത്തൊഴിലാളികള്‍ എന്ന് പേരിട്ട് വിളിച്ച ദലിതുകള്‍ നിയമപരമായി ഭൂരഹിതരായി. ഇവര്‍ക്കായി കേരളത്തില്‍ ലക്ഷം വീട് കോളനികളുണ്ടായി. കോളനി എന്ന് ഒരു അറപ്പുമില്ലാതെ അവയ്ക്ക് പേരിട്ട് കേരളം ദലിതുകളുടെ ജീവിതം സാമൂഹിക തടങ്കലിലാക്കി. അവരെ മുഖ്യധാരയില്‍ നിന്നകറ്റി നിര്‍ത്തി.

കേരളത്തില്‍ ഭൂമി ലഭിച്ച സമുദായങ്ങളുടെ സാന്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വളര്‍ച്ചക്ക് പില്‍ക്കാല കേരളം സാക്ഷ്യം വഹിച്ചു. അതിന്റെ മറ്റൊരു പ്രത്യാഘാതം ഭൂമി ലഭിച്ചവരുടെ രണ്ടാം തലമുറ ഭൂമിയില്‍ നിന്നകന്നു എന്നുള്ളതാണ്. വിദ്യാഭ്യാസം നേടിയ ആ തലമുറ വിദേശത്തും മറുനാടുകളിലും ജോലി തേടിപ്പോയി. അങ്ങനെ കേരളത്തില്‍ കൃഷി അന്യം നിന്നു തുടങ്ങി. ഇതേ കൃഷി ഭൂമിയിലെ കര്‍ഷകത്തൊഴിലാളികളായ ദലിതുകള്‍ നിര്‍മാണ തൊഴിലുകളിലേക്ക് തിരിഞ്ഞു.

ഭൂപരിഷ്കരണം പ്രഖ്യാപിച്ചത് സിപിഐ-കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. 63ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷം കോണ്‍ഗ്രസ്-സിപിഐ കൂട്ടുകെട്ടില്‍ നടന്ന ഭൂപരിഷ്കരണ ശ്രമങ്ങളുടെ അവസാനഘട്ടത്തില്‍ സിപിഎം കടുത്ത എതിര്‍പ്പുയര്‍ത്തി. മിച്ച ഭൂമി ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി എകെജിയുടെയും മറ്റും നേതൃത്വത്തില്‍ 1970 ജനുവരി 1 മുതല്‍ മിച്ചഭൂമി സമരം പ്രഖ്യാപിച്ചിരുന്നു. അതിന് രണ്ട് വര്‍ഷം മുന്പാണ് സിപിഎം കര്‍ഷകത്തൊഴിലാളി യൂനിയന്‍ രൂപീകരിച്ചത്. എന്നാല്‍, എകെജിയുടെ മരണത്തോടെ മിച്ചഭൂമി സമരത്തിന് തുടര്‍ച്ചയില്ലാതെ പോയി. എണ്‍പതുകളില്‍ നക്സല്‍ പ്രസ്ഥാനങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദലിത്-ആദിവാസി സംഘടനകളുമാണ് പിന്നീട് ഭൂസമരം തുടരുകയും ഭൂപരിഷ്കരണത്തിന് തുടര്‍ച്ച ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ ഒന്നുമുണ്ടായില്ല. 2018 ജൂണ്‍ രണ്ടിന് കര്‍ഷകത്തൊഴിലാളി യൂനിയന്‍ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിലാണ് അവസാനമായി ഭൂപരിഷ്കരണത്തിന് തുടര്‍ച്ച വേണമെന്ന് ഒരു സിപിഎം നേതാവ് പ്രസംഗിക്കുന്നത്. എന്നാല്‍, 2007ല്‍ തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി രണ്ടാം ഭൂപരിഷ്കരണം എന്ന ആവശ്യം ചര്‍ച്ച ചെയ്ത് തള്ളിയിരുന്നു. രണ്ടാം ഭൂപരിഷ്കരണ വാദം സമൂഹത്തില്‍ കലാപമുണ്ടാക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തല്‍. മിച്ചഭൂമി ഭൂരഹിതര്‍ക്ക് എന്ന വാദത്തില്‍ നിന്ന് എല്ലാവര്‍ക്കും വീട് എന്ന ആശയമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നയം. ഭൂപരിഷ്കരണ ശ്രമങ്ങളോട് പണ്ടു മുതലേ വിമുഖത കാണിച്ചു പോന്ന കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ നിലപാട് ഇവിടെ പ്രസക്തവുമല്ല. മൂന്ന് സെന്റ് -അഞ്ച് സെന്റ്- പത്തു സെന്റ് കോളനികളായിരുന്നു മുന്പുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഭൂരഹിതരായവര്‍ക്ക് ഫ്ളാറ്റുകളായി എന്നതാണ് മാറ്റം.

വിദ്യാഭ്യാസ രംഗത്തും സമാനമായ അട്ടിമറി ദലിതുകളുടെ കാര്യത്തിലുണ്ടായി. ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം, ശന്പള പരിഷ്കരണം , പാഠ്യ പദ്ധതി തുടങ്ങിയവയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്ന വ്യവസ്ഥകളുണ്ടായിരുന്നു. എന്നാല്‍ വിമോചന സമരത്തിന്റെ സമ്മര്‍ദവും കോടതി ഇടപടെലും മൂലം എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലും മറ്റും വെള്ളം ചേര്‍ത്ത ബില്ലാണ് നിയമമാക്കിയത്. ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78 ശതമാനമാണ് എയ്ഡഡ് സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങള്‍ എല്ലാം കേരളത്തിലെ ഉന്നത ജാതി-സമുദായങ്ങളുടെ കൈവശമാണ്.ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് എയ്ഡഡ് മേഖലയില്‍ അധ്യാപകരുടെ എണ്ണം. എഴുപതിനായിരത്തിനടുത്ത് അനധ്യാപകരുമുണ്ട്. പ്രതിവര്‍ഷം പതിനായിരം കോടിയിലധികമാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ ശന്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. എയ്ഡഡ് മേഖലയില്‍ നിയമനത്തിന് സംവരണമില്ലാത്തതിനാല്‍ ഇവിടെയും ദലിതുകള്‍ പിന്തള്ളപ്പെട്ടു.

1429 ഹൈസ്‌കൂളിലായുളള 35,584 അദ്ധ്യാപകരില്‍ എസ്.എസി. 84 ഉം എസ്.ടി 2 പേരുമാണ് ഉളളത്. 1869 യു.പി. സ്‌കൂളുകളിലായി 33,057 അദ്ധ്യാപകരുണ്ട്. ഇതില്‍ എസ്.സി. 91 ഉം. എസ്.ടി. 32 ഉം ആണ്. 3,981 എയ്ഡഡ് എല്‍.പി. സ്‌കൂളുകളിലായി 36,297 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 176 പേര്‍ എസ്.സി.യും 62 പേര്‍ എസ്.ടിയും ആണ്.

എയ്ഡഡ് മേഖലയിലെ ഹയര്‍സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍, യു.പി., എല്‍.പി. അടക്കം മൊത്തം സ്‌കൂളുകള്‍ 7,966 ആണ്. ഇതില്‍ 1,15,140 അദ്ധ്യാപകരുണ്ട്. എന്നാല്‍ ദലിത് ആദിവാസി വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം 447 ആണ്. (അവലംബം -എംകെ ജയകുമാര്‍, വാഴ്ചയുഗം-2017)

ജനസംഖ്യാനുപാതികമായി സംവരണം ലഭിച്ചാല്‍ ഇതിന്റെ പത്ത് ശതമാനത്തിന് ദലിത് സമുദായം അര്‍ഹരാണ്. ഇത് കഴിഞ്ഞ എത്രയോ പതിറ്റാണ്ടായി ആ സമുദായത്തിന് നഷ്ടമായതാണ്. ആ നഷ്ടം നികത്തുന്നത് പോട്ടെ, ഈ തെറ്റ് തിരുത്താന്‍ പോലും ജനാധിപത്യ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു പോലുമില്ല.

ഇത്രയും കാര്യങ്ങള്‍ മുന്നില്‍ വെച്ച് പരിശോധിച്ചാല്‍ ഒരു ജനതയെ എങ്ങനെയാണ് സുസംഘിടതമായി അരികുവല്‍ക്കരിക്കുന്നത് എന്ന് മനസിലാകും. കേരളം രൂപം കൊണ്ട് ആറ് പതിറ്റാണ്ടു കഴിഞ്ഞിട്ടും കാലുറപ്പിക്കാന്‍ ഭൂമി പോലുമില്ലാതെ, വരുമാനമാര്‍ഗങ്ങള്‍ക്കുള്ള വഴികളടക്കപ്പെട്ട ഒരു സമുദായമാണ് ദലിതുകള്‍. ആ ജീവിതം എന്താണെന്ന് അവരൊഴികെയുള്ളവര്‍ക്ക് മനസിലാവുക പോലുമില്ല. കാരണം ആടുജീവിതത്തില്‍ ബെന്‍യാമീന്‍ പറയുന്നത് പോലെ നമ്മള്‍ ജീവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥയാണ്. അതു കൊണ്ടാണ് എന്തിനാണ് ഒരു ക്ലാസ് നഷ്ടമാകുന്പോഴേക്ക് ദേവിക മരിച്ചത് എന്ന ചോദ്യമുയരുന്നത്. അവള്‍ക്ക് നഷ്ടമാകുന്നത് ഒരു ക്ലാസ് മാത്രമല്ല എന്ന് എത്ര പറയാന്‍ ശ്രമിച്ചാലും മറ്റുള്ളവര്‍ക്ക് മനസിലാവുകയുമില്ല.

വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കും. ഈ കേരളത്തില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്നം?