LiveTV

Live

Opinion

ജോർജ്ജ് ഫ്ലോയിഡും റൂഡ് ഗുള്ളിറ്റും; വംശവെറിക്ക് നോ പറഞ്ഞ ഫുട്ബോള്‍ മൈതാനങ്ങള്‍

വംശീയതക്ക് എതിരായ പോരാട്ടത്തിൽ ഫുട്‌ബോൾ നൽകിയ അതിജീവന കരുത്തിന് എല്ലാ അർത്ഥത്തിലും പകരം വെക്കാൻ നിലവിൽ ലോകത്ത് ഒന്നുമില്ല എന്നതാണ് സത്യം

ജോർജ്ജ് ഫ്ലോയിഡും റൂഡ് ഗുള്ളിറ്റും;
വംശവെറിക്ക് നോ പറഞ്ഞ ഫുട്ബോള്‍ മൈതാനങ്ങള്‍

"എനിക്ക് ശ്വാസം മുട്ടുന്നു" എന്ന ജോർജ്ജ് ഫ്ലോയിഡിന്റെ നിലവിളിയിൽ അമേരിക്ക കത്തിയെരിയുകയാണ്. ലോകം കണ്ട ഏറ്റവും വലിയ വംശീയ വെറിയന്മാരിൽ ഒരാളായ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ബംങ്കറിൽ ഒളിക്കുന്നു . വൈറ്റ് ഹൗസിലെ വിളക്കുകൾ അണയുന്നു. ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടെയും ഏകാധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും അന്ത്യ നാളുകൾ ഓർമ്മിപ്പിക്കും വിധം ട്രംപിനെതിരായ പ്രതിഷേധം അലയടിക്കുന്നു. ഈ പ്രക്ഷോഭത്തെ ലോക വ്യാപകമായി തന്നെ പടർത്താൻ കഴിയുമായിരുന്ന ഒന്നായിരുന്നു ഫുട്‌ബോൾ. കോവിഡ്‌ കാലത്തെ ഫുട്‌ബോളിന്റെ അസാന്നിധ്യം വിനോദം എന്നതിൽ ഉപരി നികത്താനാവാത്ത രാഷ്ട്രീയ നഷ്ടമായി തോന്നുന്ന ഘട്ടം ഇതാണ്. ലോകത്തെ ഏതൊരു രാഷ്ട്രീയ കക്ഷി സംഘടനകൾക്കോ, നേതാക്കൾക്കോ തിരുത്താൻ കഴിയാത്ത വിധം പലതും വംശീയ വിരുദ്ധത പൊതുബോധത്തിന്റെ ചരിത്രത്തിൽ ആ കാറ്റ് നിറച്ച പന്തിന് മാറ്റി മറിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് അതിന് കാരണം.

വംശീയതക്ക് എതിരായ പോരാട്ടത്തിൽ ഫുട്‌ബോൾ നൽകിയ അതിജീവന കരുത്തിന് എല്ലാ അർത്ഥത്തിലും പകരം വെക്കാൻ നിലവിൽ ലോകത്ത് ഒന്നുമില്ല എന്നതാണ് സത്യം. മൂലധന ശക്തികളായവർക്ക് പ്രകടമായ വംശീയതയോ ഏതെങ്കിലും വിഭാഗത്തോട് വെറുപ്പിൽ നിന്ന് ഉടലെടുക്കുന്ന വിശ്വാസപരമായ വംശീയതയോ ഇല്ല എന്നതാണ് സത്യം, എന്നാൽ സാമ്പത്തീകമായ താല്പര്യം മുൻ നിർത്തി മുന്നോട്ട് പോവുന്ന മൂലധന ശക്തികൾക്ക് നില നിൽക്കുന്ന വംശീയ വെറിയുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തിയെ മുന്നോട്ട് പോവാൻ കഴിയുമായിരുന്നൊള്ളു. ഇവിടെയാണ് ഫുട്‌ബോൾ അടിമുടി മാറ്റി മറിച്ചത്. വർണ്ണ വെറിയുടെ ഇരകളായ ഫുട്‌ബോൾ പ്രതിഭകൾ കാലിൽ പന്തു കുരുക്കി നടത്തിയ സർഗാത്മകതക്ക് മുന്നിൽ മൂലധന ശക്തികളായ പല ക്ലബ്ബ് വക്താക്കളും 'നോ റേസിസം' ഉറക്കെ പറയേണ്ടി വന്നു', അത്ര മേൽ ഫുട്‌ബോളിൽ സ്വാധീനം ചെലുത്താൻ വർണ്ണ വെറിയുടെ ഇരകളായി പച്ച പുൽ മൈതാനത്ത് എത്തിയവർക്ക് കഴിഞ്ഞു. അവിടെ അംഗീകാരം എന്നതൊഴിച്ചു മറ്റൊരു മാർഗ്ഗം ക്ളബ്ബ് അധികൃതർക്ക് ഇല്ലായിരുന്നു. ഈ പോരാട്ടത്തിന് ആവട്ടെ പതിറ്റാണ്ടുകളുടെ തന്നെ പഴക്കവുമുണ്ട്. വളരെ പ്രകടമായ രൂപത്തിൽ അത് കളിക്കത്തിൽ ഇതിഹാസ താരങ്ങളിൽ നിന്ന് തന്നെ ലോകം കണ്ടിട്ടുമുണ്ട്. സിദാൻ മറ്റൊരാസിയെ ഇടിച്ചു വീഴ്ത്തിയത് ഒരു വിശ്വ കപ്പിന്റെ ഫൈനൽ മത്സരത്തിൽ കപ്പിനും ചുണ്ടിനും ഇടക്ക് വെച്ചാണ് എന്ന് വരുമ്പോൾ വംശീയ വെറിക്കെതിരായ ഫുട്‌ബോൾ ലോകത്തെ പോരാട്ടം എത്ര കണ്ട് ശക്തവും ആർജ്ജവവും നിറഞ്ഞതാണ് എന്നത് നമുക്ക് രണ്ടാമത് ചിന്തിക്കേണ്ട കാര്യം പോലുമില്ല.

സിദാൻ, മറ്റൊരാസി
സിദാൻ, മറ്റൊരാസി

പലപ്പോഴും ഫുട്‌ബോളിലെ ഇതിഹാസങ്ങൾ കളത്തിന് പുറത്തും തങ്ങളുടെ വംശീയ വെറിക്ക് എതിരായ പോരാട്ടത്തെ ഫുട്‌ബോൾ വെച്ച് കൊണ്ട് ഓർമ്മപ്പെടുത്തി. അത്തരം ഒരു പോരാളിയായിരുന്നു ഹോളണ്ടിന്റെ റൂഡ് ഗുള്ളിറ്റ്. ഹോളണ്ട് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായി ഇരിക്കെ തന്നെ ഗുള്ളിറ്റ് പറഞ്ഞ വാക്കുകളിൽ ഉണ്ട് അദ്ദേഹത്തിന്റെ വംശീയതക്ക് എതിരായ രാഷ്ട്രീയ നിലപാട് എത്രത്തോളം ശക്തമാണ് എന്ന്. ഡച്ച് ദേശീയ ഗാനത്തെ പറ്റി ഗുള്ളിറ്റ് പറഞ്ഞത് ഇങ്ങനെയാണ്

"ഓരോ അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുൻപും ദേശീയ ഗാനം ചെല്ലുബോൾ ഓരോ കളിക്കാരും അവരുടേതായ രീതിയിൽ ആയിരിക്കും ഉൾക്കൊള്ളുക, ഹോളണ്ടിനെ സംബന്ധിച്ച് തങ്ങളുടെ ദേശീയ ഗാനം ഒരു വിദേശിക്ക് വിശദീകരിച്ച് നൽകിയാൽ അവർ അത് കേട്ട് അത്ഭുതപ്പെടും . ജർമ്മൻ രക്തത്തെ കുറിച്ചും സ്‌പെയിനിലെ രാജാവിനെ കുറിച്ചും അതിൽ ഉണ്ടെന്ന് പറഞ്ഞാൽ ആ അത്ഭുതം പിന്നെയും വർദ്ധിക്കും.

കുടിയേറ്റക്കാരായ സ്പെയിനിന് ആദരം നൽകുന്നതാണ് ഹോളണ്ടിന്റെ ദേശീയ ഗാനം, അവർ ചോദിക്കും അതിൽ അഭിമാനം കൊള്ളാൻ ഒന്നുമില്ലേ എന്ന്. എന്നെ സംബന്ധിച്ചു അക്കാര്യത്തിൽ ഒന്നും പറയാനുണ്ടാകാറില്ല ദേശീയ ഗാനം ചൊല്ലുന്ന നേരം ഞാൻ മിണ്ടാതിരിക്കലാണ് പതിവ് ഹോളണ്ട് ഫുട്ബോളിനെ പ്രതിനിധാനം ചെയ്യുന്നതിൽ മാത്രമാണ് ഞാൻ അഭിമാനിക്കുന്നത്" - ( ഹോളണ്ട് ഇതിഹാസ താരം റൂഡ് ഗുള്ളിന്റെ ' ഹൗ ടൂ വാച് സോക്കർ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വാക്കുകളാണിത് )

റൂഡ് ഗുള്ളിറ്റ്
റൂഡ് ഗുള്ളിറ്റ്

ജർമ്മൻ, സ്പാനിഷ് വംശീയതയോട് ചരിത്രപരമായുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ താൻ ഏതൊരു രാജ്യത്തിന് വേണ്ടിയാണോ കളിക്കുന്നത്, ഏതൊരു രാജ്യത്തെയാണോ മുന്നിൽ നിന്ന് നയിക്കുന്നത് ആ രാജ്യത്തിന്റെ തന്നെ ദേശീയ ഗാനത്തെ തിരസ്ക്കരിക്കുക എന്ന വ്യക്തവും, ശക്തവുമായ നിലപാടാണ് ഗുള്ളിറ്റ് സ്വീകരിച്ചത്. തീവ്ര ദേശീയത ആയുധമാക്കി കൊണ്ട് തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനതയെ അപരവൽക്കരിക്കുന്ന നാടുകളിലെ രാഷ്ട്രീയ നേതാക്കൾ വരെ എടുക്കാൻ മടിക്കുന്ന തീരുമാനമാണ് പുൽ തകിടികളിൽ ഗുള്ളിറ്റ് എടുത്തത്. അതുകൊണ്ടും തീരുന്നില്ല പോരാട്ടം കളി കളത്തിന് പുറത്തേക്കും കടന്നു ആ പോരാട്ടം. ലോകത്തെ മികച്ച ഫുട്ബോളറായി ഗുള്ളിറ്റിനെ 1987-ൽ തെരഞ്ഞെടുത്തപ്പോൾ തനിക്ക് കിട്ടിയ അവാർഡ് ഗുള്ളിറ്റ് സമർപ്പിച്ചത് വർണ്ണവെറിക്ക് എതിരെ പോരാടിയതിന്റെ പേരിൽ വർഷങ്ങൾ ജയിലിൽ കഴിയേണ്ടി വന്ന ആഫ്രിക്കൻ വിപ്ലവനായകൻ നെൽസൺ മണ്ടേലയ്ക്കായിരുന്നു. ഗുള്ളിറ്റിന്റെ പാരമ്പര്യം പേറിവരുന്ന അതേ ഡച്ച് ഫുട്‌ബോളിൽ നിന്ന് ഇതാ ലോകം മുഴുവൻ ചർച്ചയാവുന്ന വിധത്തിൽ വംശീയതക്ക് എതിരായ മറ്റൊരു പോരാട്ടം കൂടി ഈ അടുത്ത കാലത്ത് അടയാളപ്പെടുത്തിയിരുന്നു.

ഡച്ച് ലീഗിലെ സെക്കന്റ് ഡിവിഷനിലെ മത്സരത്തിനിടെ എക്സൽസിയർ താരം അഹമ്മദ് മെൻഡസ് മൊറീറിക്കെതിരെ 'കുരങ്ങൻ' എന്ന വംശീയ അധിക്ഷേപം ഉണ്ടായത്. സത്യത്തിൽ മറ്റുള്ള ലീഗുകളെ പോലെ നിലവിൽ പോപ്പുലർ അല്ല ഡച്ച് ലീഗ്, ഡച്ച് ലീഗിലെ സെക്കന്റ് ഡിവിഷനിലെ സംഭവം ആയതുകൊണ്ട് അധികം ആരും തന്നെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നുമില്ല. എന്നാൽ അവിടെയാണ് കാറ്റ് നിറച്ച പന്തിന്റെ വംശീയതക്ക് എതിരായ രാഷ്ട്രീയം എത്ര ശക്തമെന്ന് തെളിഞ്ഞത്. ലോകം അറിയാതെ പോവുമായിരുന്ന ഒന്നിനെ ലോകത്തെ അറിയിച്ചുകൊടുത്തു കൊണ്ടാണ് ഹോളണ്ട് താരങ്ങളായ വൈനാൽഡവും ഫ്രാങ്കിയും രംഗത്തുവന്നത്. ഫുട്‌ബോൾ എന്നത് മൈതാനത്തിലെ പച്ചപ്പുല്ലുകൾക്കിടയിൽ കാറ്റ് നിറച്ച ഒരു ഗോളം മാത്രമല്ല, അതിന് പലപ്പോഴും വംശീയവെറിയന്മാരെ കരിച്ചുകളയാനുള്ള തീ ഗോളമാവാനും കഴിയുമെന്ന് പച്ചപുൽമൈതാനം സാക്ഷ്യംവഹിച്ച ദിനങ്ങൾ.

വംശീയ അധിക്ഷേപം നടന്നതിന് പിറകെയാണ് യൂറോ യോഗ്യതക്ക് വേണ്ടിയുള്ള ഹോളണ്ട്-എസ്‌തോണിയ മത്സരം നടക്കുന്നത്. ഹോളണ്ടിനായി ആദ്യഗോൾ നേടിയ വൈനാൽഡവും ഹോളണ്ട് മിഡ് ഫീൽഡർ ഫ്രാങ്കിയും ആഹ്ലാദം പങ്കിടാൻ ഓടി അടുക്കുന്നു, പിന്നീട് ഇരുവരും മൈതാനത്തിന്റെ സൈഡിൽ വെച്ചിട്ടുള്ള ക്യാമറയിലേക്കാണ് ഓടിയെത്തിയത്. ഇരുവരും കൈ മുട്ട് വരെ ജേഴ്സി കയറ്റിവക്കുന്നു, രണ്ട് കൈകളും ചേർത്തുവച്ചുകൊണ്ട് ഇങ്ങനെ പറയുന്നു-

'' ഇവിടെ ഒരു വംശമേ ഞങ്ങൾക്കുള്ളൂ, അത് ഫുട്‌ബോളാണ്''

ഈ പ്രതിഷേധം വന്നതോടു കൂടിയാണ് ലോകം മുഴുവന് ഈ സംഭവം അറിയുന്നത്. എസ്‌തോണിയക്ക് എതിരായ കളിക്ക് മുൻപ് ഹോളണ്ട് ടീം ഒന്നടങ്കം കൈകോർത്ത് 'വംശീയത തുലയട്ടെ' എന്ന സന്ദേശം നൽകിയിരുന്നു. അതിനപ്പുറം വൈകാരികമായിരുന്നു ഫ്രാങ്കിയും വൈനാൽഡവും മുന്നേ മനസ്സിൽ കരുതിവച്ച് നടത്തിയ പ്രതിഷേധം. എന്തൊരു സൗന്ദര്യമാണ് അതിന്. എന്തൊരു ശക്തമായിരുന്നു ആ പ്രതിഷേധം. അതുകൊണ്ടു തന്നെയാവാം ആ പ്രതിഷേധത്തിന്റെ സൗന്ദര്യം ലോകം മുഴുവന് പടർന്നത്. സോഷ്യൽ മീഡിയകളിൽ വൈറൽ ആയി. അതിനു പിറകെ ഡച്ച് ഒന്നാം ഡിവിഷനിലെയും രണ്ടാം ഡിവിഷനിലെയും കളികൾ ആരംഭിക്കാൻ റഫറി വിസിൽ ഊതിയിട്ടും പന്ത് ടച്ചു ചെയ്യാതെ ടീമുകൾ പ്രതിഷേധിച്ചത്. ഡച്ച് ഫുട്‌ബോൾ അസോഷിയേഷന്റെയും ഫുട്ബോൾ ഒഫീഷ്യലുകളുടെയും റഫറിമാരുടെയും സമ്മതത്തോടെ തന്നെ ആയിരുന്നു ഈ പ്രതിഷേധമെന്ന് വരുമ്പോഴാണ്, എത്രത്തോളം ആഴത്തിലാണ് ഫുട്‌ബോളിന്റെ ലോകം വംശീയതയെ തച്ചുതകർക്കുന്നതെന്ന് മനസ്സിലാവുക. കളി നിർത്തിവച്ചതോടെ ഗ്യാലറികളിൽ നിന്ന് കാണികളുടെ വംശീയതക്ക് എതിരായ മുദ്രാവാക്യം അലയടിക്കുന്നു. മറ്റെവിടെയും കാണാൻ കഴിയില്ല ഇത്രക്ക് മനോഹരമായ ഒരു രാഷ്ട്രീയം.

ജോർജ്ജ് ഫ്ലോയിഡും റൂഡ് ഗുള്ളിറ്റും;
വംശവെറിക്ക് നോ പറഞ്ഞ ഫുട്ബോള്‍ മൈതാനങ്ങള്‍

വംശീയവെറി മൂത്ത് ആളുകളെ നിയമം നടപ്പിലാക്കേണ്ട പോലീസ് വരെ തെരുവിൽ തല്ലി കൊല്ലുന്നത് വരെ ആഘോഷമാക്കുന്ന ഒരു ജനതയുള്ള അതേ കാലത്തുതന്നെ വംശീയമായ ഒരു പരാമർശത്തെ പോലും ഇത്രക്ക് ഗൗരവമായി കണ്ട് പ്രതിരോധിക്കുന്ന ഒരു ജനതയെ മറുഭാഗത്ത് കാണുമ്പോൾ ഉരുണ്ട ഫുട്‌ബോൾ ഉരുണ്ട ഭൂമിയിലെ തന്നെ ഏറ്റവും വലിയ അതിജീവനത്തിന്റെ രാഷ്ട്രീയമായിരുന്നു. നിർഭാഗ്യ വശാൽ ജോർജ്ജ് ഫ്രോയിഡിന്റെ ' എനിക്ക് ശ്വാസം മുട്ടുന്നു എന്ന 'നിലവിളി കേൾക്കാൻ ആർത്തിരമ്പുന്ന ആ ഫുട്‌ബോൾ ഗ്യാലറികളില്ല നമുക്ക് മുന്നിൽ. അപ്പോൾ പോലും ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കാണികൾ ഒഴിഞ്ഞ മൈതാനത്ത് നിന്നും ജോർജ്ജ് ഫ്രോയിഡിനായി പല കളിക്കാരും ഉയർത്തിയ പ്രതിഷേധം നാം കണ്ടു. അപ്പോഴാണ് സത്യത്തിൽ കൂടുതൽ ദുഃഖം തോന്നിയത്. ലോകം മൊത്തം പന്തുരുണ്ടിരുന്നുവെങ്കിൽ ആർക്കും തടയാൻ കഴിയാത്ത വിധം ആവുമായിരുന്നില്ലേ ആ പ്രതിഷേധം?