LiveTV

Live

Opinion

നിവർന്നു നിൽക്കാനാകുമോ ഡൽഹിക്ക്?

കോവിഡ് പ്രതിസന്ധി മറികടന്നാലും കോവിഡിനെ പ്രതിരോധിച്ച് ജീവിക്കാൻ ആരംഭിച്ചാലും ഡൽഹിയുടെ സമ്പദ് വ്യവസ്ഥയെ ഭേദപ്പെട്ട നിലയിൽ തിരിച്ചുകൊണ്ടുവരികയെന്നത് കെജ്‌രിവാൾ സർക്കാരിന് തലവേദനയാകും.

നിവർന്നു നിൽക്കാനാകുമോ ഡൽഹിക്ക്?

പുതുവർഷത്തിൽ വ്യാപാര മാന്ദ്യത്തോടെയായിരുന്നു ഡൽഹിയിലെ കമ്പോളങ്ങൾ ഉണർന്നത്. പൗരത്വ നിയമ പ്രശ്നങ്ങളും സംഘർഷങ്ങളും കണികണ്ടുണർന്ന ഡൽഹി. ആലസ്യം മാറുംമുമ്പേ കലാപം, വ്യവസായ കേന്ദ്രമായ വടക്കുകിഴക്കൻ മേഖലയിൽ. സർവ്വവും കത്തിയമർന്നു. പിന്നാലെ വന്നു, കോവിഡ് മഹാമാരി. അതും രാജ്യത്ത് ഏറ്റവും വലിയ രോഗ കേന്ദ്രങ്ങളിൽ ഒന്നായി മാറി. അടുത്ത പ്രഹരം, മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടലിന്‍റെ രൂപത്തിൽ. നിശ്ചലമായ മഹാനഗരം. തീർന്നില്ല, അഭയം തേടിയ നഗരം ഉപേക്ഷിച്ച് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് മടങ്ങി. അവസാനം ലോക്ക് ഡൗൺ പൂട്ട് തുറക്കുമെന്നായപ്പോൾ, തൊഴിലാളികളില്ലാതെ ശൂന്യമായ കച്ചവട കേന്ദ്രങ്ങൾ, വ്യവസായ ശാലകൾ.

നിവർന്നു നിൽക്കാനാകുമോ ഡൽഹിക്ക്?

കരകയറുമോ ഡൽഹി ?

മെയ് അവസാന വാരത്തിലെ കണക്കനുസരിച്ച് തലസ്ഥാനത്ത് വൈറസ് ബാധ പതിനയ്യായിരവും മരണം മുന്നൂറും കടന്നു. നിലവിൽ നിയന്ത്രിത മേഖലകൾ തൊണ്ണൂറോളം വരും. പൊലീസ്, സേനാവിഭാഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ അടിയന്തര സേവന മേഖലകളിലേക്കും രോഗം പടരുകയാണ്. തൊഴിലാളി പലായനങ്ങൾ ഏറിയും കുറഞ്ഞും തുടരുന്നു. നാലാംഘട്ട അടച്ചുപൂട്ടൽ അവസാനിക്കുമ്പോൾ രാജ്യത്തെ വ്യവസായ മേഖല സാധാരണനിലയിലേക്ക് കടക്കുകയാണ്. ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും വ്യവസായങ്ങൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഡൽഹിയിലും പ്രതിസന്ധിയിൽ നിന്നും കരകയറാൻ വ്യവസായ മേഖല ശ്രമിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നു. പക്ഷേ, യാഥാർത്ഥ്യം നേർവിപരീതമാണ്. അതിന് മൂന്നു കാരണങ്ങളുണ്ട്.

  • കലാപത്തിൽ തകർന്ന വടക്കുകിഴക്കൻ ഡൽഹിയെ പുനർനിർമ്മിക്കാനായിട്ടില്ല

  • അതിഥി തൊഴിലാളികളുടെ പലായനം

  • കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി

നിവർന്നു നിൽക്കാനാകുമോ ഡൽഹിക്ക്?

ഡൽഹിയെ തകർത്ത കലാപം

രാജ്യതലസ്ഥാനത്തെ വ്യവസായത്തിൽ വലിയ പങ്ക് വടക്കുകിഴക്കൻ ഡൽഹിക്കുണ്ട്. ഉത്തരേന്ത്യയുടെ മൊത്തവ്യാപാര കേന്ദ്രം. ആസാദ് പൂർ (പഴം - പച്ചക്കറി ), ഭഗീരത് പാലസ് (ഇൻഡസ്ട്രിയൽ ഗുഡ്സ് ), സദർ ബസാർ (വീട്ടുപകരണം), ഗാരി ബാവോളി (സുഗന്ധവ്യഞ്ജനം), ചൗരി ബസാർ (കടലാസ്, പിത്തള, ചെമ്പ്), കീർത്തി നഗർ (ഫർണിച്ചർ), ഗാന്ധിനഗർ (റെഡിമെയ്ഡ് വസ്ത്രങ്ങൾ) ഇങ്ങനെ പോകുന്നു മൊത്തവ്യാപാര കേന്ദ്രങ്ങളുടെ പട്ടിക. 2015ലെ സർക്കാരിന്‍റെ ബിസിനസ് രജിസ്റ്റർ പ്രകാരം വടക്ക് കിഴക്കൻ ഡൽഹിയിൽ 30,521 സംരംഭങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ 17,594 എണ്ണം കടകളും അനുബന്ധ പ്രവർത്തനങ്ങളും ആണ്. ശരാശരി 3.5 ശതമാനം തൊഴിലാളികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നു. 218 ഫാക്ടറികളിൽ ആയി 9.5 ശതമാനം തൊഴിലാളികളുണ്ട്. ഈ വ്യവസായങ്ങളും സംരംഭങ്ങളുമാണ് വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി മൂന്നാം ആഴ്ചയിലുണ്ടായ കലാപത്തിൽ കത്തിനശിച്ചത്.

ഇവിടെയുള്ള ശിവപുരി, ചാന്ദ്ഭാഗ് തുടങ്ങിയിടങ്ങളിൽ വർഷങ്ങൾ പഴക്കമുള്ള വൻ മാർക്കറ്റുകളും വ്യവസായ സംരംഭങ്ങളും കലാപത്തിൽ പൂർണമായി കത്തിനശിച്ചു. തകർന്ന കെട്ടിടങ്ങളുടെ തറ മുതൽ നിർമ്മാണം തുടങ്ങണം. ഇതിനായി കൂടുതൽ തുക വേണം. വലിയ വരുമാന മാർഗ്ഗമായിരുന്ന ടൂറിസം മേഖലയിലും കലാപം വൻ ആഘാതം ഉണ്ടാക്കി. ശൈത്യകാലത്തിന്റെ അവസാനത്തിൽ എത്താറുള്ള സഞ്ചാരികൾ ഇത്തവണ ഡൽഹിയിലേക്ക് എത്തിയില്ല. ഇതെപ്പോൾ സാധാരണ നിലയിലാകുമെന്ന് പറയാനുമാവില്ല. മറ്റ് സംസ്ഥാനങ്ങൾ 2 മാസത്തെ അടച്ചുപൂട്ടലിന്റെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോൾ എവിടെ നിന്ന് തുടങ്ങണമെന്ന് ഡൽഹിയിലെ വ്യവസായികൾക്ക് വ്യക്തതയില്ല.

നിവർന്നു നിൽക്കാനാകുമോ ഡൽഹിക്ക്?

നഗരത്തെ കൈവിട്ട അതിഥി തൊഴിലാളികൾ

വൻകിട നിർമ്മാണ കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളുമില്ലാത്തതിനാൽ വടക്ക് കിഴക്കൻ ഡൽഹിയിൽ പ്രധാനമായും ഉള്ളത് നിരവധി ചെറുകിട യൂണിറ്റുകളാണ്. ബാഗ്, കുപ്പി, ബക്കറ്റ്, പൈപ്പ് എന്നിവയുടെ നിർമ്മാണങ്ങളാണ് ഏറെയും. പണിക്കാരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികൾ. അതിർത്തി മേഖലയായതിനാൽ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് നല്ലൊരു ശതമാനവും. 2011 ലെ സെൻസസ് പ്രകാരം 22.42 ലക്ഷം ജനസംഖ്യയിൽ 8.23 ലക്ഷം മറ്റു സംസ്ഥാനങ്ങളിൽ ജനിച്ചവരാണ്. ഇവരുടെ മക്കളെ കൂടി പരിഗണിച്ചാൽ സംഖ്യ ഇതിലും വർധിക്കും. വ്യവസായങ്ങൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തൊഴിലാളികളെ തിരികെ എത്തിക്കാതെ പ്രവർത്തനങ്ങൾ തുടങ്ങാനാകില്ല. നരേല വ്യവസായ മേഖലയിൽ ഫാക്ടറികളും വ്യവസായങ്ങളും തുറന്നെങ്കിലും തൊഴിലാളികളില്ലാത്തതിനാൽ നിശ്ചലാവസ്ഥയിലാണ്.

നിവർന്നു നിൽക്കാനാകുമോ ഡൽഹിക്ക്?

കോവിഡ് മഹാമാരി

കലാപത്തോടെ നിശ്ചലമായ ഡൽഹിയിലെ വ്യാപാരമേഖലക്ക് ഇരട്ടി പ്രഹരമായിരുന്നു കോവിഡ് പ്രതിസന്ധി. അടച്ചുപൂട്ടൽ കൂടിയെത്തിയതോടെ കരകയറാനാകാത്ത ദുരിതക്കയത്തിലാണ് വ്യാപാരികൾ. ഇപ്പോഴും രോഗബാധ തുടരുന്നതിനാൽ ഡൽഹിയിൽ നിയന്ത്രണങ്ങളിൽ പൂർണമായി ഇളവ് നൽകുക സാധ്യമല്ല. കലാപത്തിന്‍റെ കാര്യത്തിലാണെങ്കിലും കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിൽ ആണെങ്കിലും കൊട്ടിയാഘോഷിക്കപ്പെട്ട ഭരണമികവ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കാഴ്ചവയ്ക്കാൻ ആയിട്ടില്ല. കേന്ദ്ര- ഡൽഹി സർക്കാരുകൾ തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതും തിരിച്ചടിയാണ്. കോവിഡ് പ്രതിസന്ധി മറികടന്നാലും കോവിഡിനെ പ്രതിരോധിച്ച് ജീവിക്കാൻ ആരംഭിച്ചാലും ഡൽഹിയുടെ സമ്പദ് വ്യവസ്ഥയെ ഭേദപ്പെട്ട നിലയിൽ തിരിച്ചുകൊണ്ടുവരികയെന്നത് കെജ്‌രിവാൾ സർക്കാരിന് തലവേദനയാകും.