LiveTV

Live

Opinion

ഇനിയും തെളിവുകൾ അന്വേഷിക്കുന്ന രാമക്ഷേത്രം

രാമക്ഷേത്രത്തിന് ഇനിയും തെളിവുകൾ സ്ഥാപിച്ചെടുക്കേണ്ട ഈ ഗതികേട് പരിഹാസ്യമായാണ് മാറുന്നത്. ക്ഷേത്രംപണിയുമായി മുന്നോട്ടു പോകുന്നതിനു പകരം വിതണ്ഡമായ ഈ ചരിത്രവാദത്തിലേക്ക് തിരിഞ്ഞു നടക്കേണ്ട കാര്യമുണ്ടോ?

ഇനിയും തെളിവുകൾ അന്വേഷിക്കുന്ന രാമക്ഷേത്രം

അയോധ്യയിൽ നിയമാനുസൃതമായ രീതിയിൽ പലതവണ ഉദ്ഘനനം നടന്നപ്പോഴൊന്നും കണ്ടുകിട്ടിയില്ലാത്ത 'രാമക്ഷേത്രാവശിഷ്ട'ങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചില ടെലിവിഷൻ ചാനലുകൾ 'മാന്തി'യെടുക്കുന്നുണ്ട്. 1862ൽ ബ്രിട്ടീഷ് കാലം തൊട്ട് ഏറ്റവുമൊടുവിൽ 2003 വരെ നടന്ന നിരവധി ശാസ്ത്രീയ പര്യവേക്ഷണങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിച്ചതിനുശേഷമാണ് രാമക്ഷേത്ര ധ്വംസന വാദം സുപ്രീംകോടതി തള്ളിയത്. ബാബറിന്റെ കാലഘട്ടവുമായി ബന്ധപ്പെട്ടതോ അതിനു മുമ്പുള്ളതോ ആയ ഒരു മണ്ണടരിലും രാമക്ഷേത്രവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെടുക്കാനായിട്ടില്ലെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. എങ്കിൽ പോലും കൈവശാവകാശ നിയമം വ്യാഖ്യാനിച്ച് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കുകയാണുണ്ടായത്. രാമക്ഷേത്ര നിർമ്മാണ പ്രസ്ഥാനത്തിന് ധാർമ്മികമായി ഒരു ശോഭയും നൽകാതിരുന്ന ഈ കോടതിവിധിക്കു ശേഷം അയോധ്യയിൽ ക്ഷേത്രം പണി ആരംഭിച്ചുവെങ്കിലും അതിന് ബി.ജെ.പി ഉദ്ദേശിച്ച ആവേശം ലഭിക്കുന്നത് കാണാനുണ്ടായിരുന്നില്ല. ചാനലുകൾ കഴിഞ്ഞ ദിവസം മുതൽ പുറത്തു വിടാനാരംഭിച്ച പുതിയ തെളിവുകൾ ആ അർഥത്തിൽ ചത്ത കുതിരയെ വീണ്ടും തല്ലിയെഴുന്നേൽപ്പിക്കാനുള്ള നീക്കമായാണ് മാറുന്നത്.

ബാബർ ചക്രവർത്തി രാമക്ഷേത്രം തകർത്തിരുന്നുവെങ്കിൽ മസ്ജിദിന്റെ തറയോടു ചേർന്നോ തൊട്ടുതാഴെയോ ആയിരുന്നു അതിന്റെ അവശിഷ്ടങ്ങൾ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ബാബരി മസ്ജിദിന്റെ തറ സ്ഥിതി ചെയ്ത പതിനഞ്ചാം നൂറ്റാണ്ടിലെ മണ്ണടരിന് തൊട്ടു താഴെയുള്ളവയിൽ രണ്ടു നൂറ്റാണ്ടുകൾ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങളാണ് ഉദ്ഘനനത്തിൽ പുറത്തു വന്നത്. കുറെക്കൂടി കൃത്യമായി പറഞ്ഞാൽ മാംസഭുക്കുകളായ ഒരു സമൂഹമായിരുന്നു അവിടെ ജീവിച്ചിരുന്നവർ. അവർ ഭക്ഷിച്ച മൃഗങ്ങളുടെ എല്ലുകളും അവരുപയോഗിച്ച പിഞ്ഞാണ പാത്രങ്ങളുടെ തുണ്ടുകളുമൊക്കെ മസ്ജിദിനു താഴെയുള്ള കാലത്തെ മണ്ണടരുകളിൽ ഉണ്ടായിരുന്നു.

അവിടെ നിന്നും പിന്നെയും താഴേക്കു കുഴിച്ചപ്പോഴാണ് 11ാം നൂറ്റാണ്ടിലെ മണ്ണടരിൽ നിന്നും ചില ക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചത്. അതായത് മസ്ജിദിനും 400 വർഷം മുമ്പേയുള്ള ഒരു കാലഘട്ടത്തിലേതെന്നർഥം. സമ്പൂർണമായ ഒരു തെളിവായിരുന്നില്ല അതുപോലും. അവ പടിഞ്ഞാറു ദിക്കിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ഒരു മതിലിൽ പതിച്ച നിലയിലായിരുന്നു ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ മതിലിന് പക്ഷെ പൂർണമായ ഒരു കെട്ടിടത്തിന്റെ ഘടനയോ തുടർച്ചയോ ഉണ്ടായിരുന്നില്ല. അത് ഒരു കിനാതി മസ്ജിദോ ഈദ് ഗാഹോ ആയിരിക്കാമെന്ന മുസ്ലിംകളുടെ വാദവും രാമക്ഷേത്രമാണെന്ന ഹിന്ദുക്കളുടെ വാദവും സുപ്രീംകോടതി ഒരുപോലെ തള്ളി. എന്തായാലും വിളക്ക് കത്തിക്കുന്നതിനും വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനും ക്ഷേത്രങ്ങളിൽ അക്കാലത്ത് ഉപയോഗിക്കാറുണ്ടായിരുന്ന രണ്ട് ഉ്പകരണങ്ങളുടെ മാതൃകകൾ ഈ മതിലിൽ ഉണ്ടായിരുന്നുവെന്നതിൽ ഒരു തർക്കവുമില്ല. കപോടപാലി, അമാലിക എന്ന ഈ രണ്ടേ രണ്ട് അവശിഷ്ടങ്ങളാണ് ഇതുവരെ രാമക്ഷേത്രത്തിന്റെ തെളിവുകളായി വിശ്വഹിന്ദുപരിഷത്തും മറ്റും ഉയർത്തി കാട്ടിയിരുന്നത്. ഇനി അഥവാ അതൊരു ക്ഷേത്രം ആയിരുന്നെങ്കിൽ തന്നെയും ഈ മതിലിനും ബാബരി മസ്ജിദിനുമിടയിൽ രേഖപ്പെടുത്തിയ രണ്ടു നൂറ്റാണ്ടിന്റെ ജനവാസവും മറ്റൊരു കാലഘട്ടത്തിന്റെ ആൾപ്പാർപ്പില്ലായ്മയും ബാബർ ക്ഷേത്രം തകർത്ത പ്രചാരണത്തിന്റെ അടിസ്ഥാനത്തെ റദ്ദ് ചെയ്യുന്നുണ്ടായിരുന്നു. അതോടൊപ്പം ബി.ജെ.പി അവകാശപ്പെട്ടു കൊണ്ടിരുന്ന പടുകൂറ്റൻ പുരാതന രാമക്ഷേത്രത്തെ കുറിച്ച ഭാവനാവിലാസങ്ങളെയും ആ കുഞ്ഞു മതിൽകെട്ട് ഇല്ലാതാക്കുന്നുണ്ടായിരുന്നു.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രപരമായ എല്ലാ വാദങ്ങളുടെയും മുനയൊടിച്ചതിനു ശേഷമാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തന്റെ അയോധ്യാ വിവാദ വിധി ന്യായം പ്രഖ്യാപിക്കുന്നത്. കേസ് ജയിച്ചിട്ടും തോറ്റ അവസ്ഥയിലായിരുന്നു ബി.ജെ.പി. അയോധ്യയിൽ ഇതിനകം ആരംഭിച്ച ക്ഷേത്ര നിർമ്മാണം വലിയ ജനശ്രദ്ധ ആകർഷിക്കാതെ പോകുന്നതിലും വിധിന്യായത്തിലെ ഈ പ്രതികൂല പരാമർശങ്ങൾക്ക് പങ്കുണ്ടായിരുന്നു. ആർക്കിയോളജി വകുപ്പിന് എണ്ണമറ്റ ഉദ്ഘനനങ്ങൾക്കു ശേഷവും കിട്ടാതെ പോയ തെളിവുകൾ മുഴുവനും ഏതാനും കൂലിത്തൊഴിലാളികൾക്ക് ഒറ്റ രാത്രി കൊണ്ട് കണ്ടെടുക്കാനായെന്ന ഇപ്പോഴത്തെ വാദം സാധാരണക്കാരായ ജനങ്ങളെ വിഡ്ഡികളാക്കാൻ ഉപകരിക്കുമായിരിക്കാം. പക്ഷെ മറ്റൊരു സമൂഹത്തിന്റെ ആരാധനാലയം തല്ലിത്തകർക്കാനായി ബി.ജെ.പി ഒരുകാലത്ത് നടത്തിയ വ്യാജപ്രചാരണത്തിന് ഈ കണ്ടെത്തലുകൾ അൽപ്പം പോലും മാന്യത നൽകുന്നില്ല. ഈ വിഷയത്തിൽ വി.എച്ച്.പിയുടെയും ബി.ജെ.പിയുടെയും ഇതവരെയുള്ള ട്രാക്ക് റെക്കോർഡിന്റെ വെളിച്ചത്തിൽ ഇപ്പോഴത്തെ കണ്ടെത്തലുകൾ സുതാര്യമാണെന്ന് വിശ്വസിക്കുക ഒട്ടും എളുപ്പവുമല്ല. രാമജൻമഭൂമി തീർഥ ട്രസ്റ്റ് അംഗംം ചമ്പത് റായി പുറത്തുവിട്ട വിവരമനുസരിച്ച് കുബേർ ടില്ലയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ബാബരി മസ്ജിദ് നിലനിന്ന 63 ഏക്കർ ഭൂമിയിൽ ചരിത്രകാരൻമാർ ബുദ്ധ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടയാളപ്പെടുത്തുന്ന ഒരു മൺകൂനയാണിത്. രാമക്ഷേത്രത്തിന്റേതെന്ന് അവകാശപ്പെടുന്ന കറുത്ത കസൗട്ടി സംതംഭങ്ങളും ഇപ്പോൾ പുറത്തു വന്ന പുരാവസ്തുക്കളിലുണ്ട്. അതേസമയം മസ്ജിദ് നിലനിന്ന തറക്കു ചുറ്റും 64 കുഴികളെടുത്ത് ആർക്കിയോജിക്കർ സർവ്വെ നടത്തിയ ഉദ്ഖനനത്തിൽ കസൗട്ടിക്കല്ലിന്റെ ഒരു കഷണം പോലും ലഭിച്ചിരുന്നില്ല. അതിനിടെയാണ് മുഴുവൻ തൂണുകൾ തന്നെ പുറത്തു വരുന്നത്! ഈ തൂണുകളിലെ ചിത്രങ്ങൾ അപഥ്രിച്ച ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നത് അവ ബുദ്ധ സംസ്‌കാരവുമായി ബന്ധപ്പെട്ടവയാണെന്നാണ്. അക്കൂട്ടത്തിൽ ലഭിച്ച ശിവലിംഗത്തെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തുകയെന്നത് ഒട്ടും എളുപ്പവുമല്ല. ബുദ്ധമതത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും 'രാമക്ഷേത്ര ഭൂമി'യിൽ എങ്ങനെ വന്നു എന്നത് ബി.ജെ.പിയെ കുഴക്കുന്ന ഒരു കണ്ടെത്തലായാണ് മാറുക. ബാബറിനു മുമ്പുള്ള കാലഘട്ടത്തിൽ അയോധ്യയിൽ സ്ഥിതി ചെയ്തിരുന്ന നൂറു കണക്കിന് ബുദ്ധ വിഹാരങ്ങൾ പിൽക്കാലത്ത് ക്ഷേത്രങ്ങളായി മാറുകയാണുണ്ടായതെന്ന ആരോപണം സുപ്രീംകോടതിയിൽ പോലും ചർച്ചക്കു വന്നിരുന്നു. ഇപ്പോഴത്തെ 'തെളിവുകൾ' ഏത് കാലഘട്ടത്തിലെ മണ്ണടരിൽ നിന്നാണ് മാന്തിയെടുത്തത് എന്ന ചോദ്യത്തിന് ഉത്തരം പറയാനാവുന്ന പുരാവസ്തു വിദഗ്ധർ 'തഥാകഥിത' ഉദ്ഘനനത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുമില്ല.

എന്തായാലും രാമക്ഷേത്രത്തിന് ഇനിയും തെളിവുകൾ സ്ഥാപിച്ചെടുക്കേണ്ട ഈ ഗതികേട് പരിഹാസ്യമായാണ് മാറുന്നത്. സുപ്രീംകോടതി ഭൂമിയുടെ ഉടമസ്ഥാവകാശം തന്ന സ്ഥിതിക്ക് ക്ഷേത്രം പണിയുമായി മുന്നോട്ടു പോകുന്നതിനു പകരം വിതണ്ഡമായ ഈ ചരിത്രവാദത്തിലേക്ക് ഇടക്കിടെ തിരിഞ്ഞു നടക്കേണ്ട വല്ല കാര്യവുമുണ്ടോ?