LiveTV

Live

Opinion

നാണപ്പൻ ചേട്ടൻ നിനവിൽ വരുമ്പോൾ

രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ആയുധം ഒന്നുതന്നെയാണ്, പണ്ടൊക്കെ എഴുത്തും വായനയുമായിരുന്നു അത്. ഇപ്പോൾ എന്താണോ എന്തോ? എന്തായാലും ശരി ഇവരുടെ പരസ്പര സഹായ സഹകരണ സംഘം അത്രനല്ല ഏർപ്പാടല്ല.

നാണപ്പൻ ചേട്ടൻ നിനവിൽ വരുമ്പോൾ

സത്യം പറഞ്ഞാൽ, നുണ നാട്ടുനടപ്പായി വരുന്നതു കൊണ്ടാണ് ഇതിങ്ങനെ എടുത്തു പറയുന്നത് - സത്യം പറഞ്ഞാൽ എന്ന്. സത്യം പറഞ്ഞാൽ ഒരാളുടെ വിയോഗം വല്ലാതെ അലട്ടുന്നുണ്ടിപ്പോൾ. എം.പി നാരായണപിള്ളയുടെ വിയോഗം. കേരളത്തിന് നാണപ്പൻ ചേട്ടന്റെ സഹായം ഏറ്റവും അത്യാവശ്യമുള്ള സമയമാണിത്. എന്നുവെച്ചാൽ, കേരളത്തിന്റെ ഒരു മാതിരിപ്പെട്ട പ്രശ്‌നങ്ങൾക്കൊക്കെ അപ്പപ്പോൾ പരിഹാരം നിർദ്ദേശിക്കാൻ ഒരാളുണ്ടാകുമായിരുന്നു.

ഉദാഹരണത്തിന്, കറണ്ടില്ലാതെ പവർക്കട്ട് കലശലായിരുന്ന കാലത്താണ് അദ്ദേഹം, കറണ്ട് ആവശ്യമില്ലാത്ത ബിസിനസുകൾ വരണം എന്ന് വാദിച്ചത്. പറ്റിയ ഒരു സംഗതിയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് കുറിയർ സർവ്വീസുകളാണ്. നാണപ്പൻ ചേട്ടൻ പറഞ്ഞ് പതിറ്റാണ്ടു കഴിഞ്ഞിട്ടേ മലയാളി അതിലേക്ക് തിരിഞ്ഞുള്ളൂ.

എം.പി നാരായണപിള്ള
എം.പി നാരായണപിള്ള

ഒരർത്ഥത്തിൽ, ഒരർത്ഥത്തിൽ മാത്രം നമ്മുടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെപ്പോലെയായിരുന്നു നാണപ്പൻ ചേട്ടൻ. നയാപൈസ പ്രതിഫലം പ്രതീക്ഷിക്കാതെ അദ്ദേഹം ഉപദേശം തന്നു കൊണ്ടേയിരിക്കുമായിരുന്നു. മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന തരം ഉപദേശമൊന്നുമല്ല. അതിന്റെ ഫലം കണ്ടല്ലോ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകരും അനുസാരികളും എല്ലാം കൂടിയിപ്പോൾ അദ്ദേഹത്തിന് എൻ.എൻ പിള്ളയുടെ അനശ്വര കഥാപാത്രമായ അഞ്ഞൂറാന്റെ പ്രതിഛായ വരുത്തിവച്ചല്ലോ.

നാണപ്പൻ ചേട്ടന്റെ ലൈൻ സ്വീകരിച്ചിരുന്നെങ്കിൽ ഈ അബദ്ധം മുഖ്യമന്ത്രിക്ക് വരില്ലായിരുന്നു. പത്രക്കാരെ ആകുന്നത്ര അകറ്റി നിർത്തണമെന്നതായിരുന്നു നാണപ്പൻ ചേട്ടന്റെ ലൈൻ. മുഖ്യമന്ത്രിയും അതാണല്ലോ ലൈൻ എന്ന് പഞ്ചപാവങ്ങൾക്ക് തോന്നാം. അങ്ങനെയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വരവുകണ്ടപ്പോൾ പ്രതീക്ഷിച്ചത്. എന്നാൽ സത്യമതല്ലല്ലോ. മാധ്യമ ഉപദേഷ്ടാക്കളും പ്രസ്സ് സെക്രട്ടറിമാരും പ്രസ്സല്ലാത്ത സെക്രട്ടറിമാരുമായി അര ഡസനോളം പത്രക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്.

അത് ഇന്നർ സർക്കിൾ.

അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ സംഘത്തിൽ അര ഡസനിൽ ഏറെയുണ്ട്.

പോരാത്തതിന്, നാം മുന്നോട്ടു തന്നെയാണ് പോകുന്നത് എന്ന് നാട്ടുകാരെ ബോധവൽക്കരിക്കാൻ വേണ്ടിയുള്ള ടെലിവിഷൻ പരിപാടിയുടെ അണിയറ പ്രവർത്തകരൊക്കെ പത്രക്കാരാണല്ലോ.

- ഇതൊരു ഔട്ടർ സർക്കിൾ.

അവിടം കൊണ്ടും തീരുന്നില്ല എന്നതാണ് തലസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷകരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ജയിച്ചുവന്ന വീണാ ജോർജും തോറ്റുപോയ നികേഷ് കുമാറും കെണിച്ചുവെച്ച കിനാവിൽ വീണുപോയവർ വേറെയുണ്ട്. നിയസഭാ ടിക്കറ്റിന് കൗണ്ടർ തുറക്കാൻ കാത്തുനിൽക്കുന്നവർ. നിയമസഭയല്ലെങ്കിൽ സഭാ ചാനലായാലും മതി എന്ന പാവങ്ങൾ വേറെ, അതിമോഹമില്ലാത്തവർ.

പിണറായി വിജയന്‍
പിണറായി വിജയന്‍

ഇമ്മട്ടിലൊരു പട, അകത്തും പുറത്തുമായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നാൽ അതിന്റെ ആരവം ആരെയും അടിതടക്കാരന്റെ നിലയിലെത്തിക്കും എന്നുറപ്പാണല്ലോ. അത് ശരിക്ക് ആസ്വദിക്കാൻ പറ്റുന്നത് മുഖ്യമന്ത്രിയുടെ സായാഹ്ന പത്രസമ്മേളനം ഫെയ്‌സ്ബുക്ക് ലൈവിൽ കാണുമ്പോഴാണ്.

രണ്ടു മന്ത്രിമാരുടേയും ചീഫ് സെക്രട്ടറിയുടേയും അകമ്പടിയോടെ അദ്ദേഹം ഗോദയിലെത്തി, മാസ്‌ക്ക് മാറ്റുമ്പോഴേക്ക് ലൈവ് ചാറ്റിൽ ചിയർ ലീഡേഴ്‌സ് ആർപ്പോ, ഹുയ്യോ!

അവർക്ക് കേൾക്കേണ്ടത്, രോഗപ്രതിരോധമോ അതിനുള്ള നിർദ്ദേശങ്ങളോ ഒന്നുമല്ല. പ്രതിപക്ഷത്തിനിട്ട് കൊട്ടുന്ന കൊട്ടാണ്. അതങ്ങ് വീണു കഴിഞ്ഞാൽ ചിയർലീഡേഴ്‌സിന്റെ പുളപ്പൊന്നു വേറെ തന്നെ. ബ്രീഫിങ്ങ് കഴിഞ്ഞാൽ പിന്നെ സംഗതി നടേപ്പറഞ്ഞ പടയാളികളുടെ വാൾത്തുമ്പിലായി. അവിടെക്കിടന്ന് രമേശ് ചെന്നിത്തലയൊക്കെ പിടയുന്ന പിടച്ചിലൊന്ന് കാണണം!

അൽസ്വൽപ്പം ക്രൗര്യമൊക്കെ ആസ്വദിക്കാൻ പറ്റുന്നവർക്കുള്ള ടെലിവിഷൻ പരിപാടിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ചോദ്യോത്തര ഭാഗം. ഹാസമാണ് വേണ്ടതെങ്കിൽ ട്രംപിന്റെ ബ്രീഫിങ്ങാണ് നല്ലത്. ഇത്രയും നല്ലൊരു സ്റ്റാന്റപ്പ് കോമഡി വേറെയില്ല. നായകൻ എടുത്തുചാടി കുടുക്കിൽപ്പെട്ട് വലഞ്ഞ് ഒടുവിൽ മരത്തണലിൽ ചാഞ്ഞുവീഴുമ്പോൾ പശ്ചാത്തലത്തിലൊരു വിഷാദഗാനം തൂവിപ്പോകുന്നതിന്റെ വേദന കിട്ടണമെങ്കിൽ രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനം കാണണം.

എൻ.എൻ. പിള്ളയുടെ ഭാവം വരുത്തിക്കാൻ മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത്ര മാധ്യമ സിങ്കങ്ങളൊന്നുമില്ല പ്രതിപക്ഷനേതാവിന്. ഒരൊറ്റ ഉപദേശകനാണ് ചെന്നിത്തലയെ വേണു നാഗവള്ളിയുടെ പരുവത്തിലാക്കിയത്. ഏതു സിനിമയിലും ക്ലൈമാക്‌സിൽ കാഴ്ചക്കാരെ കരയിക്കുന്ന നായകൻ.

അതായത്, ഒറ്റയ്ക്കാണെങ്കിലും കൂട്ടത്തോടെയാണെങ്കിലും പത്രക്കാർ രാഷ്ട്രീയക്കാർക്ക് പറ്റിയ ഉപദേശകരല്ല. പത്രക്കാരെ രാഷ്ട്രീയക്കാർ ഉപദേശത്തിനു നിർത്തുന്നത് വധുവിനെ മേക്കപ്പ് ചെയ്യാൻ നാത്തൂനെ ഏൽപ്പിക്കുന്നത് പോലെയാണ്. അലങ്കരിച്ചു വരുമ്പോഴേക്ക് സൗന്ദര്യമങ്ങ് മങ്ങും. ചെറുങ്ങനെയൊരു തറുതലക്കാരിയുടെ ലുക്ക് വരും. രാഷ്ടീയക്കാരനല്ലെങ്കിലും രാഷ്ട്രീയക്കാരന്റെ മനസ്സുള്ളതുകൊണ്ടാവണം നാണപ്പൻ ചേട്ടൻ, പത്രക്കാരെ പരമാവധി അകറ്റിനിറുത്തുക എന്ന ലൈൻ സ്വീകരിച്ചത്. പത്രാധിപരായി പണിയെടുക്കുകയും നിരവധി പത്രക്കാരെ പഠിപ്പിച്ചെടുക്കുകയും ചെയ്തിട്ടും നാണപ്പൻ ചേട്ടൻ പത്രക്കാരെ വേറൊരു കൂട്ടരായിട്ടാണ് ഗണിച്ചു പോന്നത്.

പരാജയപ്പെട്ട സാഹിത്യകാരന്മാരാണ് പത്രക്കാരാവുന്നത് എന്നൊരു ചൊല്ലുണ്ടായിരുന്നു പണ്ട്. അതു കൊണ്ടുതന്നെ സാമാന്യം സർഗശേഷിയുള്ള സാഹിത്യകാരന്മാർ പത്രക്കാർക്ക് വലിയ വില വകവെച്ചുകൊടുത്തിട്ടില്ല. നമ്മുടെ പപ്പേട്ടനെ മലയാളത്തിലെ ഏറ്റവും വലിയ പത്രസ്ഥാപനത്തിലെ പേരുകേൾപ്പിച്ച ലേഖകൻ ദുബൈയിൽ വെച്ച് ഇന്റർവ്യൂ ചെയ്ത കഥയുണ്ട്.

പരാജയപ്പെട്ട സാഹിത്യകാരന്മാരാണ് പത്രക്കാരാവുന്നത് എന്നൊരു ചൊല്ലുണ്ടായിരുന്നു പണ്ട്. അതു കൊണ്ടുതന്നെ സാമാന്യം സർഗശേഷിയുള്ള സാഹിത്യകാരന്മാർ പത്രക്കാർക്ക് വലിയ വില വകവെച്ചുകൊടുത്തിട്ടില്ല. നമ്മുടെ പപ്പേട്ടനെ മലയാളത്തിലെ ഏറ്റവും വലിയ പത്രസ്ഥാപനത്തിലെ പേരുകേൾപ്പിച്ച ലേഖകൻ ദുബൈയിൽ വെച്ച് ഇന്റർവ്യൂ ചെയ്ത കഥയുണ്ട്. ആദ്യത്തെ ചോദ്യത്തിൽ പപ്പേട്ടൻ ഇടഞ്ഞു. എങ്കിലും കടിച്ചമർത്തി. രണ്ടാമത്തെ ചോദ്യം വന്നപ്പോൾ എഴുന്നേറ്റു, എന്നിട്ട് പറഞ്ഞു: 'തന്റെ സ്ഥാപനം ഇന്നപേരിലൊരു (പേരു കടുപ്പിച്ചു പറയുന്നു) സാഹിത്യ മാസിക ഇറക്കുന്നുണ്ട്. അതിൽ മൂന്നു ലക്കംമുമ്പ് എന്റെ അഭിമുഖം അച്ചടിച്ചിട്ടുണ്ട്. അതൊന്ന് വായിച്ചിട്ടു വാ.' പുനത്തിൽ കുഞ്ഞബ്ദുള്ളക്കും ഇതു തന്നെയായിരുന്നു പത്രക്കാരോടുള്ള ലൈൻ. എം.ടിയുടെ അഭിമുഖം കിട്ടുമെന്ന് പറഞ്ഞാൽ പോലും ആ വഴി പോകാൻ എത്ര പത്രക്കാർ ധൈര്യപ്പെടും?

എന്നിട്ട്, പത്രക്കാർ ചുറ്റിലുമില്ലാഞ്ഞിട്ട്, ആ മൂന്നു പേരിൽ ആരെങ്കിലും അവരുടെ മണ്ഡലത്തിൽ പരാജയപ്പെട്ടോ.

രാഷ്ട്രീയത്തിലും ഇതു തന്നെയാണവസ്ഥ. പരാജയപ്പെട്ട രാഷ്ട്രീയക്കാരാണ് പത്രക്കാരിൽ ഏറെയും. നിയമസഭയിൽ എത്തണമെന്ന് മോഹിച്ചിട്ടൊടുവിൽ നിയമസഭാ ഗാലറിയിൽ എത്തിപ്പെട്ടവർ. അവർക്കൊരു നേതാവിനെ ഉപദേശിക്കാൻ കിട്ടിയാൽ തന്റെ മോഹം മുഴുവൻ ആ പാവത്തിന്റെ തലയിൽ കയറ്റുമെന്ന് ഉറപ്പല്ലേ?

പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് തൊട്ടു തലേദിവസം നടത്തിയ പത്രസമ്മേളനം അദ്ദേഹത്തോട് ഒരു അഭിനിവേശം ഉണ്ടാക്കിയിരുന്നു. ഒരു ഹരമൊക്കെ തോന്നിയിരുന്നു. 'എന്റെ ആളാണ് എന്നു പറഞ്ഞ് ചില അവതാരങ്ങളൊക്കെ വരും. സൂക്ഷിക്കണം' എന്ന മുന്നറിയിപ്പാണ് ആ ഹരമുണ്ടാക്കിയത്. അച്യുതമേനോനെപ്പോലെ തനിക്കുതാൻപോന്നവനാണ് പുതിയ മുഖ്യമന്ത്രി എന്നു തോന്നിപ്പോയി. ആ തോന്നലിൽ മയങ്ങി ഭരണത്തിന്റെ അവസാനവർഷം എത്തിയപ്പോഴാണ് അവതാരങ്ങൾ അദ്ദേഹത്തിന് വരുത്തിവെച്ച വിനയുടെ ആഴമറിഞ്ഞത്.

ഭാഗ്യത്തിന്, മുഖ്യമന്ത്രിയുടെ ഭാഗ്യത്തിന് കയ്യിൽ കിട്ടിയ ആയുധം ഉപയോഗിക്കാൻ അറിയാത്ത പ്രതിപക്ഷമായിപ്പോയി. കളിയറിയുന്ന ഒരാൾ അപ്പുറത്തുണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു കളി.

അതുപോട്ടെ, അവതാരങ്ങളേക്കാൾ വിളഞ്ഞവരാണ് പത്രക്കാർ! സിന്റിക്കേറ്റ് എന്നും മറ്റും അവരെ ആക്ഷേപിച്ച ആളുടെ അഭിപ്രായഫാക്ടറി അവരല്ലേ നടത്തുന്നതിപ്പോൾ! ആ ഫാക്ടറിയിൽ എതിരാളിയെ പുട്ടുറുമീസാക്കാനുള്ള അഭിപ്രായങ്ങൾ മാത്രമല്ല ഉൽപ്പാദിപ്പിക്കപ്പെടുന്നത്. അതിന്റെ ഉടമയെ അഞ്ഞൂറാനും കൊളപ്പുള്ളി അപ്പനും ആക്കാനുള്ള പണികളും അവിടെ നടക്കുന്നുണ്ട്.

അതൊക്കെപ്പോട്ടെ, പറഞ്ഞു തുടങ്ങിയത് നാണപ്പൻ ചേട്ടന്റെ കാര്യമാണല്ലോ. നാണപ്പൻ ചേട്ടനുതുല്യം നാണപ്പൻ ചേട്ടനേയുള്ളൂ. ഇതേ മാതിരിയൊരു രാഷ്ടീയമാരിയുടെ കാലത്താണ് അദ്ദേഹം പറഞ്ഞത്:

'മുജ്ജന്മസുകൃതം ഒന്നുകൊണ്ടു മാത്രമാണ് ഞാനൊരു കോൺസ്സുകാരനാകാതിരുന്നത്. അല്ലെങ്കിലിന്ന് തലയിൽ മുണ്ടിട്ടു മാത്രമല്ലേ പുറത്തിറങ്ങാൻ പറ്റൂ' - എന്ന്.

ശരിയല്ലേ. കാര്യം മുഖ്യമന്ത്രി അകപ്പെട്ടു പോയെങ്കിലും അദ്ദേഹത്തിന് എതിരെ നിൽക്കാൻ പാങ്ങില്ലാത്ത കോൺഗ്രസിനെ കാണുമ്പോൾ നാണപ്പൻ ചേട്ടനെ തൊഴാൻ തോന്നുന്നില്ലേ?