LiveTV

Live

Opinion

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?

ലാഇലാഹ ഇല്ലല്ലാഹ്, ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം പൗരത്വ സമരത്തിൽ കേട്ടപ്പോൾ നെറ്റിചുളിച്ചവർ, ഇതേ മുദ്രാവാക്യം പൊന്നാനിയിൽ, കമ്മ്യൂണിസ്റ്റുകാർ, മുഴക്കിയ ചരിത്രം അറിഞ്ഞിട്ടില്ലെന്നോ!

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ ഒരു ഭരണാധികാരി സക്കാത്തിന്റെ ഒരു പങ്ക് അദ്ദേഹത്തെ ഏൽപ്പിക്കാൻ മുസ്‍ലിങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്ന് ഉറപ്പുതരുന്നു. അതും റമദാൻ മാസത്തിൽ!

വിശ്വാസികളിൽ പലരും ആ അഭ്യർത്ഥന ചെവിക്കൊണ്ടു. അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ആയിനത്തിൽ കിട്ടുന്നത് ഭരണാധികാരി പൊതുജനങ്ങളുടെ അറിവിലേക്കായി വെളിപ്പെടുത്തിപ്പോരുന്നുമുണ്ട്.

കർമ്മശാസ്ത്ര താർക്കികന്മാർ ആധിപത്യം പുലർത്തുന്ന മുസ്ലിം സമൂഹമാണല്ലോ കേരളത്തിലേത്. ഇക്കാര്യത്തിൽ ആരും കർമ്മശാസ്ത്രത്തിന്റെ അളവുകോലുമായി വന്നുകണ്ടില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് സക്കാത്താണോ, അതോ സദക്കയാണോ? സക്കാത്തിൽ നിന്ന് അങ്ങനെ ചോദിക്കാമോ? ഇനി സദക്കയുടെ പങ്കായിരിക്കുമോ അദ്ദേഹം ചോദിച്ചത് എന്നൊക്കെ ചിലർ സ്വകാര്യമായി സംശയിച്ചെങ്കിലും ആരും ആ സംശയം തീർക്കാൻ ശ്രമിച്ചതും കണ്ടില്ല. മുഖ്യമന്ത്രിയാകട്ടെ, സക്കാത്ത് എന്ന് തന്നെ ആവർത്തിച്ചു പ്രയോഗിക്കുന്നുമുണ്ട്.

സദക്കയും സക്കാത്തും തിരിച്ചറിയാനുള്ള സംവിധാനമൊക്കെ ഈ ഭരണകൂടത്തിനുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ തലപ്പത്ത് സി. ഫൈസി, വഖഫ് ബോർഡിന്റെ തലപ്പത്ത് ടി. കെ. ഹംസ, രണ്ടിന്റേയും സംയുക്ത ഖാദിയായി മന്ത്രി കെ.ടി. ജലീൽ, പോരാത്തതിന് അടിക്കടി പണ്ഡിതശൂറകളിലെ സംസർഗം - ഇത്രയൊക്കെയായിട്ടും സദക്കയും സക്കാത്തും ഒന്നല്ലാ എന്ന് മുഖ്യമന്ത്രി മനസ്സിലാക്കാതെവരില്ല.

അതുപോട്ടെ. അദ്ദേഹം അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും വ്യത്യാസമൊന്നുമില്ല. വിശ്വാസികൾതന്നെ രണ്ടും പരസ്പരം മാറിയും മറിഞ്ഞുമാണ് ധരിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതങ്ങുവിടാം. വെറുതെ കർമ്മശാസ്ത്രികളെ കുത്തിയിളക്കേണ്ട.

സംഗതി ലളിതമാണ്. ഇസ്‍ലാമിലെ സാമ്പത്തിക സംവിധാനം മാതൃകാപരമാണെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ട്. ബോധ്യപ്പെട്ട സ്ഥിതിക്ക് തന്റെ സർക്കാറിന്റെ പ്രവർത്തനത്തിൽ അത് ഉൾപ്പെടുത്തിയിട്ടുമുണ്ട്. തികച്ചും പുരോഗമനപരമായ നടപടിയാണത്.

അല്ലെങ്കിലും പിണറായി വിജയൻ ഇസ്‍ലാമിനെ ഒട്ടും അറിയാത്ത ആളല്ല. ഇസ്‍ലാമിക വിജ്ഞാനത്തിന്റെ കാര്യത്തിൽ പിണറായി തികഞ്ഞ ലെനിനിസ്റ്റാണ്. പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ കണ്ണൂരിൽ അദ്ദേഹത്തിന്റെ മുൻകയ്യിൽ നടത്തിയ വിശേഷാൽ മുസ്ലിംസമ്മേളനം ഓർക്കുന്നില്ലേ?

അല്ലെങ്കിലും പിണറായി വിജയൻ ഇസ്‍ലാമിനെ ഒട്ടും അറിയാത്ത ആളല്ല. ഇസ്‍ലാമിക വിജ്ഞാനത്തിന്റെ കാര്യത്തിൽ പിണറായി തികഞ്ഞ ലെനിനിസ്റ്റാണ്. പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ കണ്ണൂരിൽ അദ്ദേഹത്തിന്റെ മുൻകയ്യിൽ നടത്തിയ വിശേഷാൽ മുസ്ലിംസമ്മേളനം ഓർക്കുന്നില്ലേ? (പൊലീസ് ഗ്രൗണ്ടിൽ മുസ്ലിം ബഹുജനങ്ങൾക്കായി നിസ്‌ക്കാരപ്പായ വിരിച്ച് നടത്തിയ സമ്മേളനം. അതിൽ പിണറായി സഖാവ് നടത്തിയ പ്രസംഗമാണല്ലോ 'മലബാറിലെ മുസ്‍ലിങ്ങളും ഇടതുപക്ഷവും' എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ രാഷ്ട്രീയ രേഖ.) അങ്ങനെയൊരു സമ്മേളനം മോസ്‌കോവിൽ മാത്രമാണ് അതിനുമുമ്പ് നടത്തിയിട്ടുള്ളത്. 1917 ൽ.

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?

കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ച ശേഷം ലെനിൻ കൈക്കൊണ്ട ആദ്യ നടപടികളിലൊന്ന്, ഖലീഫാ ഉസ്മാന്റെ കാലത്തുള്ള ഖുർആന്റെ പ്രതി മുസ്‍ലിങ്ങളെ തിരിച്ചേൽപ്പിക്കുക എന്നതാണ്. സാർ ഭരണകൂടം പിടിച്ചുവെച്ചതായിരുന്നു അത്. അതുകൊണ്ടും തീർന്നില്ല, മുസ്ലിം ഭൂരിപക്ഷ സോവിയറ്റുകളിൽ വെള്ളിയാഴ്ച അവധിദിനമായി പ്രഖ്യാപിക്കുകയും ചെയ്തു, ലെനിൻ ഭരണകൂടം.

വിപ്ലവം നടക്കുമ്പോൾ ബോൾഷേവിക് നേതാക്കളിൽ പലരും മുസ്‍ലിങ്ങളുടെ കാര്യത്തിൽ സംശയാലുക്കളായിരുന്നു. മുസ്‍ലിങ്ങളെ എങ്ങനെ കൈകാര്യംചെയ്യണം എന്നറിയാതെ ഒരു തരം അമ്പരപ്പിലായിരുന്നു. അവകാശങ്ങളില്ലാത്ത പ്രജകളായി കണ്ടാൽമതി എന്ന് കരുതിയവരുമുണ്ട്. അപ്പോഴാണ് ലെനിൻ അവർ പൊരുതുന്ന സഖാക്കളാണെന്ന് പ്രഖ്യാപിച്ചത്. അവരിലെ ഇസ്‍ലാമിക സത്ത വിപ്ലവത്തിന്റെ പൂർത്തീകരണത്തിന് ഉപകരിക്കുമെന്ന് കണക്കുകൂട്ടിയത്. ഇപ്പോൾ പിണറായി വിജയൻ കേരളത്തിലെ മുസ്‍ലിങ്ങളുടെ ഇസ്‍ലാമിക സത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് ഉപകരിക്കും എന്ന് കണക്കുകൂട്ടിയത് പോലെ തന്നെ.

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?

ലെനിന്റെ ആ ലൈൻ പിന്നീട് പൂർത്തീകരിച്ചത് ഇന്ത്യക്കാരനായ എം.എൻ റോയിയാണ്. ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പിതാവ് എന്നൊക്കെ വിളിക്കപ്പെട്ട മാനവേന്ദ്രനാഥ് റോയ്. മുസ്ലിം ഭൂരിപക്ഷ മേഖലയായ മധ്യേഷ്യൻ പ്രദേശങ്ങളിൽ വിപ്ലവം പൂർത്തികരിക്കാനുളള ചുമതല ലെനിൻ ഏൽപ്പിച്ചത് റോയിയെയാണ്. താഷ്‌ക്കന്റാണ് അതിനു പറ്റിയ കേന്ദ്രമായി റോയ് തെരഞ്ഞെടുത്തത്.

റോയിയുടെ ഓർമക്കുറിപ്പുകൾ പ്രകാരം ഒക്ടോബർ വിപ്ലവത്തിന്റെ മൂന്നാം വർഷികത്തിനു ശേഷമായിരുന്നു മോസ്‌ക്കോവിൽ നിന്നുള്ള യാത്ര. ബുഖാറയും ഖുറാസാനുമൊക്കെ പിടിച്ചടക്കുമ്പോൾ റോയ് അവിടെയുണ്ടായിരുന്നു. അവിടെ അദ്ദേത്തിന് പൂർത്തിയാക്കാനുള്ള രാഷ്ട്രീയ ദൗത്യം ജീവചരിത്രത്തിൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ''അവിടെ തൊഴിലാളി വർഗം ഇല്ലായിരുന്നു. കച്ചവടക്കാർ, കൃഷിക്കാർ, താഴേക്കിടയിലുള്ള മതപുരോഹിതന്മാർ എന്നിവരായിരുന്നു അവിടത്തെ താമസക്കാർ. വിപ്ലവം ഇസ്‍ലാമിക വിരുദ്ധമല്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു കൊണ്ട് ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങൾ സനിഷ്‌ക്കർഷം പഠിക്കാൻ റോയ് നിർബന്ധിതനായി.''

അങ്ങനെ എം.എൻ. റോയ് ഇസ്‍ലാമിനെക്കുറിച്ച് നിഷ്‌ക്കർഷതയോടെ പഠിച്ചു. ആ പഠനത്തിന്റെ അനശ്വരമായ ഫലമാണ് 'ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്ക്' എന്ന ഗ്രന്ഥം. ഭൗതികവാദത്തിന്റെ തറയിൽ നിന്നുകൊണ്ട് ഇത്രമേൽ ബൗദ്ധിക സത്യസന്ധതയോടെ ഇസ്‍ലാമിനെ വിലയിരുത്തിയ ഒരു ഗ്രന്ഥം വേറെയുള്ളതായി ഇതുവരെ കേട്ടിട്ടില്ല.

സാമ്പത്തികവശത്തു നിന്നു മാത്രമല്ല, ഏതു വശത്തു നിന്നു നോക്കിയാലും ഇസ്‍ലാമിന്റെ രാഷ്ട്രീയം അംഗീകാരമർഹിക്കുന്നു എന്നാണ് റോയ് വിശദീകരിച്ചത്:

'കൃത്യമായി പറഞ്ഞാൽ, ഇസ്ലാം ഒരു മതമെന്നതിലുപരി ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് ഉയർന്നുവന്നത്. പ്രഥമഘട്ടത്തിൽ മരുഭൂമിയിൽ സ്ഥിരവാസമാക്കിയിരുന്ന ഗോത്ര സമൂഹങ്ങളോട് ഗോത്രവൈരം മറന്ന് ഐക്യപ്പെടാനുള്ള ആഹ്വാനമാണ് അത് മുഴക്കിയത്. ഇതേത്തുടർന്ന് അതിവേഗം യാഥാർത്ഥ്യമായിത്തീർന്ന മത രാഷ്ടീയ ഏകീകരണതത്വങ്ങൾ റോമാ സാമ്രാജ്യത്തിന്റെ ഏഷ്യൻ - ആഫ്രിക്കൻ മേഖലകളിൽ പ്രാചീന സാമൂഹിക ധാരണകളുടെ ഉന്മൂലനത്തിന് തുടക്കംകുറിച്ചു. ക്രിസ്തുമതത്തിന് അതിന്റെ യഥാർത്ഥ വിപ്ലവപരിവേഷം ഇതിനകം നഷ്ടമായിക്കഴിഞ്ഞിരുന്നു. ഒരു വശത്ത് ക്രിസ്തുമത സ്ഥാപനങ്ങൾ ഉയർത്തിവിട്ട സന്ന്യാസവാദവും മറുവശത്ത് സാമ്രാജ്യത്വത്തിന്റെ പതനവും കാര്യങ്ങളെ കൂടുതൽ വഷളാക്കി. ക്രിസ്തുമതത്തിന്റെ ജീർണത, അറേബ്യൻ കച്ചവടക്കാർ പ്രചരിപ്പിച്ച പുതിയ മത സിദ്ധാന്തങ്ങളിലേക്ക് ആകൃഷ്ടരാകുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പ്രത്യാശയുടേയും രക്ഷയുടേയും ആത്യന്തിക സന്ദേശമായി ഇസ്ലാം സ്വീകരിക്കപ്പെട്ടു. ഈ പുതിയ മതപ്രചാരമാകട്ടെ ജീർണ്ണിതമായ റോമൻ ലോകത്തിന്റെ എല്ലാവിധ അഴിമതികളിൽനിന്നും വിമുക്തമായിരുന്നു. ഇസ്‍ലാമിന്റെ കുതിച്ചുചാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട ഈ പ്രതിഭാസം മാനവികതയുടെ ഒരു രക്ഷാകവമായി വിലയിരുത്തപ്പെട്ടു.'' - എന്ന് സമർത്ഥിച്ചുകൊണ്ടാണ് റോയ് തുടങ്ങുന്നത്!

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?

എന്നിട്ട് നൂറ്റാണ്ടുകളിലൂടെ, ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോവുകയാണ് റോയ്. വെറുതെ ഓടുകയല്ല. ഉമർ ഇബ്‌നു ഖത്താബിനെ പോലുള്ള രാഷ്ട്രീയക്കാരെയും അവിസന്ന, അവിറോസ്, അൽകിന്ദി തുടങ്ങിയ ശാസ്ത്രജ്ഞരേയും ഗസ്സാലിയെ പോലുള്ള ജ്ഞാനികളേയും പരിചയപ്പെടുത്തുന്നു. അവർക്കൊക്കെ അവരായി വളരാനുള്ള വഴിയൊരുക്കിയത് മുഹമ്മദ് എന്ന നേതാവാണെന്ന് സമർത്ഥിക്കുന്നു: ''വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും മനുഷ്യൻ പ്രാപിക്കേണ്ട ധൈഷണിക വളർച്ചയെക്കുറിച്ചും മുഹമ്മദിനു കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഹമ്മദിന്റെ മതത്തിന്റെ കേന്ദ്രബിന്ദു ഇതായിരുന്നതുകൊണ്ടു കൂടിയാണ് ഖുർആൻ പ്രകടിപ്പിക്കുന്ന തീവ്രമായ ജിജ്ഞാസകളോ, ഇസ്ലാം മതവിശ്വാസത്തിന്റെ പ്രാകൃതാവസ്ഥയോ, ഒരിക്കലും ഇസ്‍ലാമിന്റെ ചരിത്രപരമായ ദൗത്യത്തെ നിഷേധിക്കാൻ നമ്മളെ അനുവദിക്കാത്തത്.'' എന്ന് സ്ഥാപിക്കുന്നു.

കൂടുതൽ നിരൂപിക്കാൻ നിൽക്കുന്നില്ല. ഇങ്ങനെയൊരു പുസ്തകമുണ്ടെന്നും അത് എഴുതപ്പെട്ട സാഹചര്യം ഇതാണെന്നും ഓർത്തുപോയതാണ്. ഇസ്‍ലാമിന്റെ ചരിത്രപരമായ ഈ പങ്കിൽ ഒരോഹരി തീച്ചയായും പിണറായി വിജയന് അവകാശപ്പെട്ടതാണ്. സക്കാത്തിന്റെ ഓഹരി മാത്രമല്ല ഈ രാഷ്ട്രീയത്തിന്റെ ഓഹരി കൂടി അദ്ദേഹത്തെ ഏൽപ്പിക്കേണ്ടതുണ്ട്. കാരണം സക്കാത്തിനെ സക്കാത്താക്കി നിർത്തുന്നത് അതിൽ ഉൾച്ചേർന്നിട്ടുള്ള സാമൂഹിക- രാഷ്ട്രീയ ഘടകങ്ങളാണ്.

അത് തിരിച്ചറിഞ്ഞു കൊണ്ട് എം.എൻ റോയ് പ്രയോഗിച്ച തന്ത്രങ്ങളൊക്കെയും പിണറായി ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ അതു വെറും തന്ത്രങ്ങളായി മാത്രമേ കണ്ടവർ ധരിച്ചുള്ളൂ. എന്തൊക്കെയാണ് റോയ് ചെയ്തത് എന്ന് നോക്കാം: ''വിപ്ലവം ഇസ്ലാം വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ മതഗ്രന്ഥങ്ങളുടെ ആധികാരികതയോടെ വിപ്ലവം ഇസ്‍ലാമിക വിരുദ്ധമല്ലെന്ന് ന്യായീകരിച്ചു. മാത്രമല്ല കമ്മ്യൂണിസം അടിച്ചേൽപ്പിക്കലല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഈ വസ്തുതകൾ തെളിയിക്കുന്നതിന് ജനപ്രാതിനിധ്യമുള്ള ഒരു ജനപ്രതിനിധി സമ്മേളനം വിളിച്ചുകൂട്ടുകയും സമ്മേളനം നടന്നുകൊണ്ടിരിക്കെ പ്രാർത്ഥനക്ക് പോകാനുള്ള സമയം അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഇതെല്ലാം ജനങ്ങളിൽ സംശയം ദൂരീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു. അതിന് ഒട്ടൊക്കെ ഫലമുണ്ടായതായും അനുഭവപ്പെട്ടു.''

''വിപ്ലവത്തിന്റെ ഫലമായി ബുഖാറൻ ജനതക്ക് ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ജനപ്രതിനിധ്യമുള്ള ഒരു ജനകീയ വിപ്ലവസമിതി രൂപീകരിച്ചു. അതിന്റെ ആഭിമുഖ്യത്തിൽ ഒരു മതപുരോഹിതന്റെ പുത്രനും മോസ്‌ക്കോവിൽ സാറിന്റെ കാലത്ത് വിദ്യാഭ്യാസം നടത്തിയ ആളും ചെറുപ്പക്കാരനുമായ ഫെയ്‌സുല്ലാ ഖാസീവിനെ താൽക്കാലിക ഗവൺമെന്റിന്റെ തലവനായും നിശ്ചയിച്ചു. അദ്ദേഹം ഈശ്വരന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.'' - എന്നാണ് ജീവചരിത്രത്തിൽ പറയുന്നത്.

ഇപ്പറഞ്ഞതൊക്കെ പിണറായി വിജയനും പയറ്റിയിട്ടുണ്ട്. മുസ്ലിം സമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്. സമ്മേളനം നടന്നുകൊണ്ടിരിക്കെ പ്രാർത്ഥിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. അംഗശുദ്ധി വരുത്താനായി വെള്ളവും നിസ്‌ക്കാരപ്പായയും തയ്യാറാക്കി വെച്ചിരുന്നു. സമിതികളിൽ മതപുരോഹിതന്റെ മകനേയോ മരുമകനേയോ ഒക്കെ തലവനായി നിയമിക്കാറുണ്ട്. - ലെനിനും എം. എൻ. റോയിയും ചെയ്തതൊക്കെ പിണറായി വിജയനും ചെയ്തിട്ടുണ്ട്.

പക്ഷേ, റോയ്ക്ക് ബോധ്യപ്പെട്ടതു പോലെ ഇസ്‍ലാമിന്റെ രാഷ്ട്രീയ- സാമൂഹിക വശം മാത്രം പിണറായിക്ക് ബോധ്യപ്പെടുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്, അള്ളാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ അടിസ്ഥാന മുദ്രാവാക്യങ്ങൾ കാലത്തിന് യോജിച്ചതല്ലാ എന്നു തോന്നുന്നത്. എന്നാൽ ആ മുദ്രാവാക്യങ്ങൾ പറഞ്ഞുറപ്പിച്ചതിനു ശേഷം ചെയ്യേണ്ട കർമമായ സക്കാത്ത്, അദ്ദേഹത്തിന്റെ കർമപരിപാടികൾക്ക് യോജിച്ചതാണ് താനും. ഈ വൈരുദ്ധ്യം മറികടക്കാൻ സഹായിക്കുന്ന കൈപ്പുസ്തകമാണ് 'ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്ക്. തീർച്ചയായും ആ പങ്കിൽ ഒരോഹരി പിണറായിക്കും അവകാശപ്പെട്ടതാണ്. സക്കാത്ത് പിരിച്ചെടുക്കുന്നയാൾക്ക് അതിന്റെ അടിസ്ഥാനവും അറിഞ്ഞിരിക്കണമല്ലോ.

കെ ദാമോദരന്‍
കെ ദാമോദരന്‍

ഈ പാരസ്പര്യം, മുസ്‍ലിങ്ങളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ഈ രാഷ്ട്രീയ പാരസ്പര്യം സോവിയറ്റ് പഴങ്കഥയല്ല. നമ്മുടെ മലബാറിന്റെയും രാഷ്ട്രീയ ചരിത്രമാണ്. 1938- 39 കാലത്ത് സഖാവ് കെ. ദാമോദരൻ പൊന്നാനി കേന്ദ്രീകരിച്ച് തൊഴിലാളി പ്രവർത്തനം നടത്തിയിരുന്നപ്പോൾ അവിടെക്കേട്ട മുദ്രാവാക്യം '' ലാഇലാഹ ഇല്ലല്ലാ, ഇങ്ക്വിലാബ് സിന്ദാബാദ്'' എന്നതാണ്.

കൂടുതൽ അറിയണമെന്നുള്ളവർക്ക് റോയിസ്റ്റായ എം. റഷീദ് എഴുതിയ മറ്റൊരു ജീവചരിത്രം ശുപാർശ ചെയ്യുന്നു. കെ.ദാമോദരന്റെ ജീവചരിത്രം. അതിലൊരു സമരഗീതമുണ്ട്:

''കമ്പനിപൂട്ടി, കമ്പനിയുടമ

കുമ്പ നിറച്ചു സുഖിച്ചീടുമ്പോൾ

ബീഡി തിരച്ചുതിരച്ചിഹനിത്യം

വീടു പുലർത്തും തൊഴിലാളികളോ

പട്ടണനടുവിൽ പണിയില്ലാതെ

പട്ടികളെപ്പോലുഴലുകയായി

ജോലിവിയർപ്പു വറ്റുംമുമ്പേ

കൂലിക്കൊടുക്കണമെന്നരുൾ ചെയ്‌തോർ

കൊല്ലാക്കൊലയിതെതിർക്കുന്നു നബി

സല്ലല്ലാഹു അലൈവസല്ലം

നിഷ്ഠുരനിയമക്കോടതി മുമ്പിൽ

നിഷ്ഫലം ഞങ്ങടെ നിലവിളിയെല്ലാം

കണ്ണുള്ളവരേ കാതുള്ളവരേ

കാരിയമറിയാൻ കരളുള്ളവരേ

പ്രതിഷേധിപ്പിൻ ലോക്കൗട്ടിനെ

പ്രതിഷേധിപ്പിൻ ഞങ്ങളോടൊപ്പം ''

- ഇതൊക്കെ കേരളവും കേട്ടതാണ്. ഇത്തരം മുദ്രാവാക്യങ്ങൾക്ക് ഊർജ്ജമായിക്കിടക്കുന്ന വിശ്വാസത്തിന്റെ സാമ്പത്തിക സത്തയാണ് സക്കാത്ത്. തീർച്ചയായും സക്കാത്തിന് രാഷ്ട്രീയമുണ്ട്. മനുഷ്യ സമത്വത്തിന്റെ രാഷ്ട്രീയം. അത് എം.എൻ. റോയിക്കും കെ. ദാമോദരനും മനസിലായെങ്കിൽ പിന്നാലെ വന്നവർക്കും മനസ്സിലാകേണ്ടതാണ്.

വാതിൽപ്പടി: സക്കാത്ത്, സദക്ക എന്നീ രണ്ട് സംജ്ഞകൾ പറഞ്ഞല്ലോ. അതിൽ സക്കാത്ത് നിർബന്ധമായും കൊടുത്തിരിക്കേണ്ടതാണ്. ഒരാൾക്കുള്ള നീക്കിയിരുപ്പിന്റെ അഥവാ സമ്പാദ്യത്തിന്റെ നിശ്ചിത ഓഹരി വർഷത്തിലൊരിക്കൽ കണക്കെടുത്ത് സക്കാത്തായി കൊടുക്കണം. ഒരർത്ഥത്തിൽ സമ്പാദ്യത്തിനുമേലുള്ള നിർബന്ധിത നികുതിയാണ് സക്കാത്ത്. സ്വർണത്തിനും കച്ചവട ലാഭത്തിനും ശമ്പളത്തിനുമൊക്കെ സക്കാത്തുണ്ട്. സമൂഹത്തിൽ അതിന് അർഹതപ്പെട്ടവർ ആര് എന്നത് കണക്കാക്കാൻ നിശ്ചിത മാനദണ്ഡവുമുണ്ട്. കണക്കു പ്രകാരം സക്കാത്ത് കൊടുക്കുക എന്നത് നിസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ പോലെ നിർബന്ധമായ അനുഷ്ഠാനമാണ്. ഇവ ചെയ്തില്ലെങ്കിൽ ദൈവം കണക്ക് ചോദിക്കും എന്നാണ് വിശ്വാസം. അതിന്റെയൊക്കെ മുൻപേ, ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശ്വാസവചനം ചൊല്ലിയിരിക്കണം.

എന്നാൽ, സദക്ക എന്നത് ഐഛികമായ ദാനമാണ്. ഒരാളുടെ കഴിവ് അനുസരിച്ച്, തനിക്ക് താൽപ്പര്യമുള്ളയാൾക്ക് കൊടുക്കാം. കൊടുത്താൽ അതിന് ധർമത്തിന്റെ പ്രതിഫലം കിട്ടും.

അവരുടെ കണ്ണിൽ നമ്മളെന്താണ്?
Also Read

അവരുടെ കണ്ണിൽ നമ്മളെന്താണ്?

ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ
Also Read

ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ