LiveTV

Live

Opinion

അവരുടെ കണ്ണിൽ നമ്മളെന്താണ്?

കൊറോണ മനുഷ്യരെ കാണുന്നുണ്ടോ? കണ്ടാൽതന്നെ മനുഷ്യരേയും നരന്മാരേയും തിരിച്ചറിയുമോ? അതിന്, തമ്മിലങ്ങനെയൊരു വ്യത്യാസമുണ്ടോ?

അവരുടെ കണ്ണിൽ നമ്മളെന്താണ്?

ശരിയാണ്, നമുക്ക് കൊറോണയെ കാണാൻ കഴിയുന്നില്ല. അതു കൊണ്ടാണല്ലോ ആ ശത്രുവിനെ കണ്ടെത്താനും തുരത്തിയോടിക്കാനും നമുക്ക് കഴിയാത്തത്.

എന്നാൽ, തിരിച്ചൊരു സാധ്യതയില്ലേ, കൊറോണ മനുഷ്യരെ കാണുന്നുണ്ടാവില്ലേ? ഉണ്ടാവണമല്ലോ. കാണുന്നതുകൊണ്ടല്ലേ അവർ മനുഷ്യരെ ഓരോരുത്തരെയായി വീഴ്ത്തുന്നത്.

അങ്ങനെയാണെങ്കിൽ, കൊറോണ മനുഷ്യരെ കാണുന്നുണ്ടെങ്കിൽ, കൊറോണ എന്നല്ല ഏതെങ്കിലും സൂക്ഷ്മജീവികളോ അന്യഗ്രഹ ജീവികളോ കാണുന്നുണ്ടെങ്കിൽ, അവരുടെ കാഴ്ചയിൽ നമ്മൾ, മനുഷ്യർ എങ്ങനെയായിരിക്കും?

അതും അറിഞ്ഞിരിക്കണമല്ലോ. നമുക്ക് നമ്മളെപ്പറ്റിയൊരു ധാരണയുണ്ട്. അതിന്റെ പുറത്താണല്ലോ ഈ അഹങ്കാരമത്രയും. അതിന്റെ കടയ്ക്കലാണ് കൊറോണ കത്തിവെച്ചത് എന്നകാര്യം വേറെ! നമ്മളല്ലാത്തവർ, അതായത് മനുഷ്യരല്ലാത്തവർ, മനുഷ്യരെ എങ്ങനെയാണ് കണ്ടിട്ടുള്ളതെന്നും അവർ എങ്ങനെയാണ് മനുഷ്യരെ വിലയിരുത്തിയിട്ടുള്ളതെന്നും അറിഞ്ഞുവെക്കുന്നത് നല്ലതാണ്.

അവരുടെ കണ്ണിൽ നമ്മളെന്താണ്?

ഭൂമി സന്ദർശിക്കാനായി ചൊവ്വയിൽ നിന്നെത്തിയ ഒരു പ്രൊഫസർ തിരിച്ചു ചൊവ്വയിലെത്തി, ഭൂമിയിലെ 'വിചിത്ര' ജീവികളെപ്പറ്റി നടത്തിയ ഒരു പ്രഭാഷണമുണ്ട്. കേൾക്കേണ്ടതുതന്നെയാണ്. നമ്മെപ്പറ്റി നമ്മളല്ലാത്തവർക്കുള്ള ധാരണയെന്താണ് എന്നൊരു എകദേശ ധാരണയുണ്ടാകും.

ചൊവ്വയിൽ പര്യടനം നടത്താനായി അവിടെയെത്തിയ ഒരു മനുഷ്യ പ്രൊഫസർ ചൊവ്വയിലെ തെരുവിലൂടെയങ്ങനെ നടക്കുകയാണ്. അപ്പോഴാണ് അവിടെയുള്ള കോളജിന്റെ മതിലിന്മേലൊരു പോസ്റ്റർ കണ്ടത്.

'ഭൂമി എന്ന ഗ്രഹം സന്ദർശിച്ചു തിരിച്ചുവന്ന ഒരു പ്രൊഫസർ ഭൂമിയിൽ കണ്ട വിചിത്ര ജീവികളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. പോസ്റ്റർ വായിച്ച ഭൂമിക്കാരൻ പ്രൊഫസർക്കും കൗതുകമായി. അദ്ദേഹം മെല്ലെ ഹാളിലേക്ക് കയറി. പുറകിലൊരു മൂലയിൽ സ്ഥലംപിടിച്ചു.

പ്രഭാഷണം ആരംഭിച്ചു. ചൊവ്വൻ പ്രൊഫസർ ആദ്യമായി നിരവധി തെളിവുകൾ നിരത്തി ഭൂമിയിൽ ജീവനുണ്ടെന്ന് സ്ഥാപിക്കുന്നു. ചൊവ്വയിലെ മറ്റനേകം പ്രൊഫസർമാരും ഗവേഷകരും അത്തരമൊരു അവകാശവാദം നേരത്തെ ഉന്നയിച്ചിരുന്നതാണ്. പിന്നീടയാൾ, തങ്ങളറിഞ്ഞതിൽ നിന്ന് തികച്ചും ഭിന്നമായ, വളരെ പുരോഗതി പ്രാപിച്ച വർഗമായ മനുഷ്യരെക്കുറിച്ച് സംസാരിക്കാനാരംഭിക്കുന്നു.

മനുഷ്യൻ എന്ന ജീവിയെ സദസ്സിന് മനസ്സിലാകുന്ന തരത്തിൽ വിശദീകരിക്കാൻ വളരെ പ്രയാസമാണെന്നയാൾ പറഞ്ഞു. പിന്നീടയാൾ, മനുഷ്യനെ രണ്ടു ദ്വാരങ്ങളും നാലു പിടികളുമുള്ള പാത്രത്തോട് ഉപമിക്കാമെന്ന് പറഞ്ഞു. എന്നിട്ട് തുടർന്നു:

''മനുഷ്യർ എന്നു വിളിക്കപ്പെടുന്ന ആ ജീവികൾ ഭൂമിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുകയാണ്. അവർ വളരെ വേഗതയുള്ളവരും വളരെ ക്രൂരന്മാരുമാണ്. പരസ്പരം കൊല്ലാനുള്ള ഒരു ത്വര അവരിൽ കാണുന്നു. പല അവസരങ്ങളിലും ഭൂമിയുടെ പല ഭാഗങ്ങളിൽ അവർ സംഘം ചേർന്ന് അടക്കാത്ത പ്രതികാരദാഹത്തോടെ പരസ്പരം പോരടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അധുനാതുനങ്ങളായ നശീകരണായുധങ്ങൾ ഉപയോഗിച്ച് അവർ മനുഷ്യരെ വീഴ്ത്തുകയും അംഗവിച്ഛേദം നടത്തുകയും മൃതശരീരങ്ങളെ വികലമാക്കുകയും മനുഷ്യാവയവങ്ങളുടെ ഭയാനകമായ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ആദ്യം ഞാൻ കരുതി, അവർ ഭക്ഷണത്തിനു വേണ്ടിയാണ് കൊല്ലുന്നതെന്ന്. എന്നാൽ മൃതദേഹങ്ങളെ അവർ യുദ്ധക്കളത്തിൽ തന്നെ വിട്ടേച്ച് പോകുന്നതു കണ്ടപ്പോൾ എനിക്ക് മനസ്സിലായി, പരസ്പരം കൊല്ലുന്നതിലാണ് അവർക്ക് സന്തോഷമെന്നും അതിനാണവർ കൊല്ലുന്നതെന്നും. അതിക്രൂരമായി പരസ്പരം കൊല്ലുന്നതിന് അവർക്ക് യുക്തിഭദ്രമായ വലിയ കാരണങ്ങളൊന്നുമില്ലെങ്കിലും അവരുടെ കഴിവിന്റേയും സമയത്തിന്റേയും ഊർജത്തിന്റേയും ബഹുഭൂരിഭാഗവും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്ന ഉപകരണങ്ങളുണ്ടാക്കാനാണ് അവരുപയോഗിക്കുന്നത്. കൊല്ലുകയും കൊള്ളയടിക്കുകയും അഗ്‌നിക്കിരയാക്കുകയും ഇതരന്റെ സ്വത്തുക്കളെ സ്വന്തമാക്കുകയും ചെയ്തുകഴിഞ്ഞാൽ അവരതിൽ അഭിമാനവും അനുഭൂതിയും കണ്ടെത്തുകയും അത്യധികമായ ആഹ്ലാദത്തോടുകൂടി അത് ആഘോഷിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് അവർ വീരഗാഥകൾ പോലും രചിക്കാറുണ്ട്.'' അയാൾ പറഞ്ഞു.

"മനുഷ്യർ എന്നു വിളിക്കപ്പെടുന്ന ആ ജീവികൾ ഭൂമിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുകയാണ്. അവർ വളരെ വേഗതയുള്ളവരും വളരെ ക്രൂരന്മാരുമാണ്. പരസ്പരം കൊല്ലാനുള്ള ഒരു ത്വര അവരിൽ കാണുന്നു. പല അവസരങ്ങളിലും ഭൂമിയുടെ പല ഭാഗങ്ങളിൽ അവർ സംഘം ചേർന്ന് അടക്കാത്ത പ്രതികാരദാഹത്തോടെ പരസ്പരം പോരടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അധുനാതുനങ്ങളായ നശീകരണായുധങ്ങൾ ഉപയോഗിച്ച് അവർ മനുഷ്യരെ വീഴ്ത്തുകയും അംഗവിച്ഛേദം നടത്തുകയും മൃതശരീരങ്ങളെ വികലമാക്കുകയും മനുഷ്യാവയവങ്ങളുടെ ഭയാനകമായ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ആദ്യം ഞാൻ കരുതി, അവർ ഭക്ഷണത്തിനു വേണ്ടിയാണ് കൊല്ലുന്നതെന്ന്. എന്നാൽ മൃതദേഹങ്ങളെ അവർ യുദ്ധക്കളത്തിൽ തന്നെ വിട്ടേച്ച് പോകുന്നതു കണ്ടപ്പോൾ എനിക്ക് മനസ്സിലായി, പരസ്പരം കൊല്ലുന്നതിലാണ് അവർക്ക് സന്തോഷമെന്നും അതിനാണവർ കൊല്ലുന്നതെന്നും."

അയാൾ തുടർന്നു: ''ഇനി അവരുടെ ഭക്ഷണ കാര്യത്തിലാണെങ്കിൽ അവർ നരഭോജികളല്ല. ശരീരത്തിൽ നിന്ന് പുറത്തേക്ക് തൂങ്ങി നിൽക്കുന്ന പിടികളുണ്ടവർക്ക്. അതിനെക്കൊണ്ട് അവർ ആവശ്യമുള്ള ധാന്യം, പച്ചക്കറി, പഴങ്ങൾ തുടങ്ങിയ വസ്തുക്കൾ വാരിയെടുക്കുകയും വീട്ടിൽ കൊണ്ടുപോവുകയും ചെയ്യുന്നു. അവിടെവെച്ച് അവരതൊക്കെ ചട്ടികളിലും കലങ്ങളിലും വെച്ച് വേവിക്കുകയോ ചൂടാക്കുകയോ പൊരിക്കുകയോ മറ്റോ ചെയ്യുന്നു. അത് ചെയ്യുമ്പോൾ അവർ മസാലയോ മധുരമോ ഒക്കെ ചേർക്കുന്നു. പിന്നീടവർ ആർത്തിയോടുകൂടി അതൊക്കെ ആമാശയങ്ങളിലേക്ക് തള്ളിനിറക്കും. ഇടക്കിടെ അവർക്ക് രോഗം വരും. അവർ കരയുകയും ഞെളിയുകയും ചെയ്യും. എന്നാൽ അവർക്കിടയിൽ ഭിഷഗ്വരന്മാർ എന്നൊരു വിഭാഗമുണ്ട്. അവർ വന്നു ഇവരുടെ ശരീരത്തിൽ നിന്ന് എന്തൊക്കെയോ വലിച്ചെടുക്കുകയോ പകരം വെക്കുകയോ അകത്താക്കുകയോ ഒക്കെ ചെയ്യും. അതോടെ അവരുടെ അസുഖങ്ങൾ മാറും. മനുഷ്യൻ വളരെ പുരോഗമിച്ചുവെന്ന് അവർ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവന്റെ സ്ഥിതി വളരെ പരിതാപകരമാണ്.''

- ഇതാണ് മനുഷ്യനെക്കുറിച്ച് മനുഷ്യനല്ലാത്തവർക്കുള്ള ധാരണ. അവർ പുറത്തു നിന്നു കണ്ടതാണല്ലോ.

യഥാർത്ഥത്തിൽ ഇങ്ങനെയാണോ മനുഷ്യർ?

മനുഷ്യരായ നമ്മൾ മനുഷ്യരെ എങ്ങനെയാണ് കാണുന്നത് എന്നൊരു പ്രശ്‌നമില്ലേ? ഉണ്ടെന്ന് കരുതുന്നവരുണ്ട്.

പ്രൊഫസര്‍ അലി ശരീഅത്തി
പ്രൊഫസര്‍ അലി ശരീഅത്തി
MehrNews.com

മനുഷ്യനെ മനുഷ്യനാക്കുന്ന 'മനുഷ്യത' ഇല്ലാത്തവരും മനുഷ്യന്മാർക്കിടയിലുണ്ട് - എന്ന് പ്രൊഫസർ അലി ശരീഅത്തി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 'അവർ വെറും നരന്മാരാണ്. നരവംശത്തിൽ പിറന്നവർ, നരവംശ ശാസ്ത്രത്തിന്റെ യുക്തികൾ ഉപയോഗിച്ചു നോക്കിയാൽ നരനാണ്. എന്നാൽ അവർ മനുഷ്യൻ എന്ന പടിയിലേക്ക് എത്തിയിട്ടില്ല' - എന്നാണ് പ്രൊഫസർ ശരീഅത്തി പറയുന്നത്.

ബുദ്ധിജീവികൾക്കും പ്രൊഫസർമാർക്കും അങ്ങനെ പല നേരംപോക്കുകളും പറയാനുണ്ടാകും. നമ്മളങ്ങനെയല്ലല്ലോ. മനുഷ്യനോ മാനവനോ, നരനോ എന്തായാലും വേണ്ടില്ല, വാനരൻ ആണെന്ന് പറയാതിരുന്നാൽ മതി. പറഞ്ഞാലും കുഴപ്പമില്ല, കൊറോണ പിടിക്കാതിരുന്നാൽ മതി, അല്ലേ? അങ്ങനെയല്ലേ..

വാതിൽപ്പടി:

ചൊവ്വൻ പ്രൊഫസറുടെ പ്രസംഗം എഴുത്തിലാക്കിയത് അലിശരീഅത്തിയാണ്. ഫാരിസിയിലായിരുന്നു അത്. അവിടെനിന്ന് ഇംഗ്ലീഷിലാക്കിയത് ഗുലാം എ ഫായിസ് ആണ്. അവിടെ നിന്ന് മലയാളത്തിലാക്കിയത് കെ.സി സലീമാണ്.

അതായത്, ചേരുംപടിക്കാരൻ ഇതിലൊന്നും ചേർത്തിട്ടില്ല എന്നർത്ഥം. പിന്നെ, ചെറിയൊരു വാക്ക്മാറ്റം ഉണ്ട്. 'നരൻ' എന്നതിന് ബശർ എന്ന വാക്കാണ് ശരീഅത്തി ഉപയോഗിച്ചത്. പരിഭാഷകർ രണ്ടുപേരും അതേവാക്കാണ് ഉപയോഗിച്ചത്; ബശർ എന്ന്. മനുഷ്യഗുണങ്ങളൊന്നുമില്ലാത്ത, മനുഷ്യക്കോലം മാത്രമുള്ള ഇരുകാലി. അതിന് നരൻ എന്ന വാക്ക് ഉപയോഗിച്ചത് മാത്രമാണ് ഇതിൽ ചെയ്ത ഏക കൈക്രിയ. അത് ചേരുമെന്ന് കരുതി. ചേർച്ചയില്ലെങ്കിൽ മറ്റാരെയും പഴിക്കരുത്; ഈ പംക്തിക്കാരനെ പഴിച്ചോളുക.