LiveTV

Live

Opinion

നടപ്പുദീനപ്പോലീസ്

അഞ്ഞൂറു മരണങ്ങളോടെ നടപ്പുദീനം ശമിച്ചു. അപ്പോഴേക്ക് നടപ്പുദീനപ്പോലീസിന്റെ സംഖ്യയും അഞ്ഞൂറായി. പാലക്കാടു വാണ ഏത് സർക്കിളിൻസ്പെക്ടറെക്കാളും ഇടത്തിലച്ചനെക്കാളും ഊറ്റം അനന്തൻ പിള്ളയ്ക്കുണ്ടായിരുന്നു.

നടപ്പുദീനപ്പോലീസ്

തുടയുടെ സന്ധിയിൽ വരുന്ന കുരുവാണല്ലോ പ്ലേഗിന്റെ ലക്ഷണങ്ങളിലൊന്ന്. ഇതേ ലക്ഷണമുള്ള മറ്റൊരു ദീനം ഇതിനു മുമ്പേ പാലക്കാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു. ചെട്ടിത്തെരുവിലെ ലക്ഷ്മിയും മുക്കക്കടവിൽ താമസിച്ച അലമേലുഅമ്മ്യാരുമായിരുന്നു ഈ ദീനത്തെ പ്രചരിപ്പിച്ചത്. അതുകാരണം ആദ്യമൊക്കെ കുരു പൊന്തിയ ഭർത്താക്കന്മാരെ ഭാര്യമാർ ഒറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. കുട്ടികൾക്ക് പോലും കുരു പൊന്താൻ തുടങ്ങിയപ്പോഴാണ് പേടി തുടങ്ങിയത്.

ചാലപ്പുറം നായന്മാർക്കുവേണ്ടി മാനവിക്രമൻ പണ്ടു തുടങ്ങിയ ദേശീയപത്രം ഇപ്രകാരം മുഖപ്രസംഗമെഴുതി:

'' നമ്മുടെ പ്രവിശ്യയിലെ ഒരു സനാതന നഗരമായ പാലക്കാട് അകത്തേത്തറ ഭൂമിപാലകരുടെ രാജസ്ഥാനമാകകൊണ്ടും പൊതുവേയുള്ള യാഥാസ്ഥിതികതകൊണ്ടും മറ്റെല്ലാം കൊണ്ടും നമ്മുടെ മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം കരസ്ഥമാക്കിയിരിയ്ക്കുകയാണല്ലോ. ആ സ്ഥിതിക്ക് അവിടെ നടമാടുന്ന നടപ്പുദീനം നമുക്കേവർക്കും അരോചകമാണെന്ന് പ്രത്യേകമായി ഊന്നിപ്പറയേണ്ടുന്നതിന്റെ ആവശ്യകതയില്ലെന്ന് സ്പഷ്ടമാണല്ലോ. ഈ ദീനം ബാധിയ്ക്കുന്നവർക്ക് നൂൽനൂൽപ്പ് മുതലായ ദിനചര്യകൾ നടത്തുന്നതിൽ വിഘ്നവും മറ്റു ശരീരികമായിട്ടുള്ള ക്ലേശങ്ങളും ധനനാശവും മിത്രനഷ്ടവും ഉണ്ടാകുമെന്നതിനു പുറമെ മരണസാദ്ധ്യതയും തുലോം ഗണ്യമല്ലെന്ന് നാം സ്മരിക്കുന്നത് ഉചിതം തന്നേയായിരിക്കും''

അതുപോലെതന്നെ മദിരാശിയിൽ നിന്നുള്ള വൈഷ്ണവബ്രാഹ്മണസനാതനികളുടെ ഇംഗ്ലീഷുപത്രവും നടപ്പുദീനത്തെ സംഭ്രമജനകമല്ലാതാക്കാൻ ആവതും ശ്രമിച്ചു. ആദ്യത്തെ മരണവാർത്ത ഇങ്ങനെയാണ് അവർ പ്രസിദ്ധപ്പെടുത്തിയത്: 'ശിവരാമൻനായർ ഡെഡ്ഡ്' ശിവരാമൻനായർ പ്ലേഗുപിടിച്ച് ചത്തെന്ന്. പിറ്റേന്ന് ഇപ്രകാരം: ' അയിലം അഗ്രഹാരം താത്താചാരി വെങ്കിടാചാരി പാസ്സെസ് എവേ.' അതും നടപ്പുദീനം തന്നെ. പക്ഷേ, പാസ്സെസ് എവേയിൽ പട്ടരുടെ മരണത്തിന് ശങ്കരാഭരണത്തിന്റെ ആലസ്യവും സൗന്ദര്യവും കൈവന്നു. ശൂദ്രന് അത്രയും അരുതല്ലോ.

നടപ്പുദീനപ്പോലീസ്

കൂടുതൽ ആളുകൾ ചത്തൊടുങ്ങാൻ തുടങ്ങിയപ്പോൾ പ്രാഥമിക വിദ്യാലയങ്ങളിലെ എഴുത്തച്ഛന്മാർ ആളുകളെ ശാസ്ത്രം പഠിപ്പിക്കാനിറങ്ങി: നടപ്പുദീനം പരത്തുന്നത് എലികളാണ്, പൂച്ചകളെ വളർത്തിയാൽ സർക്കാരിന്റെ സഹായമില്ലാതെ മഹാമാരിയെ നിലയ്ക്കു നിർത്താൻ കഴിയും.

എലികൾ സുൽത്താൻപേട്ട നാൽക്കവലയിലെ ഗണപതികോവിലിനെ ഒരു ഒളിപ്പോർ സങ്കേതമാക്കി ഉപയോഗിക്കുകയായിരുന്നെന്ന് സ്ഥലത്തെ ചെട്ട്യാൻമാരുടെ വിരോധികളായ ഈഴവർ അപഖ്യാതി പരത്തി. ഗണപതികോവിൽ ചെട്ട്യാൻമാരുടെ അമ്പലമായിരുന്നു. ഈ അപഖ്യാതി ചെവിക്കൊണ്ട ഗണപതിപൂജാരി വേലായുധൻചെട്ട്യാർ ഗണപതികോവിലിന്റെ നേർക്കുള്ള ഏതാക്രമണത്തേയും ചെട്ടികൾ ചെറുക്കുമെന്ന് ഈഴവരെ അറിയച്ചു. മരണം പത്തിൽ നിന്നു മുപ്പത്തേഴായി.

അനന്തൻപിള്ളയുടെ വരവോടെ രോഗത്തെക്കുറിച്ച് നാട്ടുകാർക്കുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങൾ പ്രസക്തങ്ങളല്ലാതായി. എലിയും അണുവും തുടയിലെ കുരുവും പ്രാണവേദനയുമൊക്കെ രാജ്യമീമാംസയായി മാറി. പീടികമുറിയിൽ നിന്നിറങ്ങി ബിലാത്തിത്തൊപ്പിയും മുറിമീശയും വായിൽ പൊള്ളാച്ചിച്ചുരുട്ടുമായി, മുറിയൻ കാൽശരായിയും കോട്ടും കൊക്കിവടിയുമായി അനന്തൻപിള്ള തെരുവുകളിലൂടെ ഉലാത്തി.

മീമാംസയഭ്യസിച്ച പ്രാഥമിക വിദ്യാലയങ്ങളിലെ എഴുത്തച്ഛന്മാർക്ക് മാത്രം ഈ നടമാട്ടത്തിന്റെ വരുംവരായ മനസ്സിലായി. ഒന്നുമറിയാത്ത സാധാരണ ജനങ്ങൾ തെരുവിൽ നിന്നുകൊണ്ട് തികഞ്ഞ നിഷ്പക്ഷതയോടെ അനന്തൻ പിള്ളയുടെ പീടിക മുറിയിലേക്ക് നോക്കുക മാത്രമാണ് ചെയ്തത്. തലയിൽ പുല്ലിൻകെട്ടുവെച്ച ഒരു ചെറുമിയും കള്ളിൻകുടം ചുമന്ന ഒരീഴവത്തിയും തന്നെ നോക്കിനിൽക്കുന്നത് അനന്തൻ പിള്ള ഒരു ദിവസം ശ്രദ്ധിക്കാനിടയായി.....എന്നാൽ അനന്തൻപിള്ള ഒരു നരവംശ ശാസ്ത്രജ്ഞന്റേയും ഭരണനിപുണന്റേയും കാഴ്ചപ്പാടിലൂടെയാണ് അവരെ നോക്കിയത്.

അയാൾ കുടത്തെപ്പറ്റിയും പുൽക്കെട്ടിനെപ്പറ്റിയും ചിന്തിച്ചു. മിതമായ മദ്യപാനം തെറ്റല്ല. പുൽക്കെട്ടിലാണെങ്കിൽ കുറുന്തോട്ടി, കുഞ്ഞുണ്ണി, ആടലോടകം, നന്നാറി, കീഴാർനെല്ലി എന്നീ ശ്രേഷ്ഠസസ്യങ്ങളുടെ സാന്നിദ്ധ്യം അത്രയുമകലെനിന്നേ അനന്തൻപിള്ള മനസ്സിലാക്കി. അതു തിന്നുന്ന പശുക്കൾ കൂടുതൽ പാലു ചുരത്തും..... ഇത്തരം കേമികളെയാണ് ഭാരതത്തിന്നാവശ്യം. ആറ്റിങ്ങൽക്കാരനായ അനന്തൻപിള്ള എന്തുകൊണ്ടോ ഒരു പ്രത്യേക അടുപ്പത്തോടെയാണ് ഭാരതമെന്ന സങ്കൽപ്പത്തെ വാക്കിൽ സ്ഫുരിപ്പിച്ചതും ചിന്തയിൽ പേറി നടന്നതും.

അങ്ങനെ നോക്കി നിൽക്കെ അവർ പൈക്കണ്ണുകൾകൊണ്ട് അനന്തൻ പിള്ളയെ നോക്കി. പെട്ടെന്ന് അനന്തൻപിള്ള കൊക്കിവടി ഉയർത്തി തല്ലുതുടങ്ങി.നിലവിളിച്ചുകൊണ്ട് ചെറുമിയും ഈഴവത്തിയും ഓടി. പുല്ലിൻകെട്ടും കള്ളിൻ കുടവും നിലത്തു വീണു. ഈ സംഭവം പറഞ്ഞു കേട്ടപ്പോൾ മുത്തശ്ശി പറഞ്ഞു, ''കുട്ട്യോളേ, ദൊന്നും നല്ലേനല്ല''.

സംഭവശേഷം രണ്ടുദിവസം കഴിഞ്ഞാണ് ആദ്യത്തെ പ്ലേഗുപോലീസുകാരൻ പ്രത്യക്ഷപ്പെട്ടത്. വേഷവിധാനങ്ങളെല്ലാം തനിപ്പോലീസിന്റെ തന്നെ. ലക്ഷണമറിയുന്നവർ മാത്രം അവനെ തനിപ്പോലീസിൽനിന്ന് തിരിച്ചറിഞ്ഞു. പിറ്റേന്ന് മൂന്നുപേർകൂടി. വാരാന്തത്തിൽ ഇരുപതു നടപ്പുദീനപ്പോലീസുകാരുടെ ഒരു സംഘം അനന്തൻപിള്ളയുടെ കൽപ്പനകാത്ത് പീടികത്തിണ്ണയിൽ കാവൽനിന്നു. പിന്നെ ഇടംവലം പറഞ്ഞ് അനന്തൻപിള്ളയുടെ പിന്നിൽ നടപ്പുദീനപ്പട സുൽത്താൻപേട്ടയിലൂടെ കവാത്തു നടത്തി.

സംഭവശേഷം രണ്ടുദിവസം കഴിഞ്ഞാണ് ആദ്യത്തെ പ്ലേഗുപോലീസുകാരൻ പ്രത്യക്ഷപ്പെട്ടത്. വേഷവിധാനങ്ങളെല്ലാം തനിപ്പോലീസിന്റെ തന്നെ. ലക്ഷണമറിയുന്നവർ മാത്രം അവനെ തനിപ്പോലീസിൽനിന്ന് തിരിച്ചറിഞ്ഞു. പിറ്റേന്ന് മൂന്നുപേർകൂടി. വാരാന്തത്തിൽ ഇരുപതു നടപ്പുദീനപ്പോലീസുകാരുടെ ഒരു സംഘം അനന്തൻപിള്ളയുടെ കൽപ്പനകാത്ത് പീടികത്തിണ്ണയിൽ കാവൽനിന്നു. പിന്നെ ഇടംവലം പറഞ്ഞ് അനന്തൻപിള്ളയുടെ പിന്നിൽ നടപ്പുദീനപ്പട സുൽത്താൻപേട്ടയിലൂടെ കവാത്തു നടത്തി.

പിന്നെ തുടർന്നുള്ള തെരുവുകളിലൂടെ പടയോട്ടം നടത്തി.

എങ്കിലും പാലക്കാട്ടുകാർ അമിതമായി ആവലാതിപ്പെട്ടില്ല. പടയോട്ടങ്ങൾ പരിചയിച്ചവരാണല്ലോ പാലക്കാട്ടുകാർ. പ്രത്യേകിച്ചും സുൽത്താൻപേട്ടക്ക് സമീപം കഴിഞ്ഞവർ. എലിവേട്ടയും കവിഞ്ഞാൽ ശവം മറവുചെയ്യലുമാവും പടയുടെ നോട്ടമെന്ന് പാലക്കാട്ടുകാർ സമാധാനിച്ചു. എന്നാൽ ആദ്യത്തെ സംഘട്ടനം ഈ സമാധാനത്തെ തകർത്തു. അനന്തൻപിള്ളയും നാലു നടപ്പുദീനപ്പോലീസുകാരും മുത്തലിഫ് രാവുത്തരുടെ പലചരക്കു പീടികയുടെ മുമ്പിൽ നിന്നു കൊണ്ട് ഒരു കൽപ്പന വായിച്ചറിയിച്ചു. ചക്രവർത്തിതിരുമനസ്സിന്റെ പേരിൽ ആ പീടിക കുത്തിത്തുറക്കാനും ചരക്കുകൾ വെയിലത്തിടുവാനുമായിരുന്നു കൽപ്പന.

മുത്തലിഫ് രാവുത്തരുടെ കാര്യങ്ങളിൽ ഇടപെടാൻ അന്നുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ഒന്നാംലോകമഹായുദ്ധത്തിന് മുമ്പ് തുർക്കി സുൽത്താന്റെ പിറന്നാളിന് അയച്ച സന്ദേശത്തിനു കിട്ടിയ ഒദ്യോഗികമറുപടി ചില്ലിട്ട് പൂമുഖത്ത് തൂക്കിയിരുന്നു മുത്തലിഫ് രാവുത്തർ. സർ മുഹമ്മദ് ഉസ്മാന്റെ തറവാട്ടിൽ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാൻമാത്രം സ്വാധീനമുണ്ടായിക്കഴിഞ്ഞിരുന്നു രാവുത്തർക്ക്. സർ മുഹമ്മദ് ഉസ്മാൻ ആരെന്ന് പാലക്കാട്ടുകാർക്ക് അറിവില്ലായിരുന്നെങ്കിലും ഇതിഹാസപുരുഷനായ സർ സി. ശങ്കരൻനായരെപ്പോലെ തന്നെ പ്രമാണിയാവണമെന്ന് മാത്രം അവർ ഗണിച്ചു. ആ താരതമ്യം മതിയായിരുന്നു താനും. ഇത്രയും പറഞ്ഞു വന്നതിന്റെ ഉദ്ദേശം മുത്തലിഫ് രാവുത്തരുടെ സ്വാധീനത്തിന്റെ ഒരേകദേശ ചിത്രം തരാൻവേണ്ടി മാത്രമാണ്.

നടപ്പുദീനപ്പോലീസ്

പ്രഖ്യാപനം കേട്ട മുത്തലിഫ് രാവുത്തർ, ടിപ്പുസുൽത്താനെപ്പോലെ, കുലുങ്ങാതെ പീഠത്തിലിരുന്നു. പൊതികെട്ടുന്ന ജോലിക്കാരും അനന്തൻപിള്ളയെ ഗൗനിക്കാതെ പൊതികെട്ടു തുടർന്നു. അനന്തൻ പിള്ള നേരെ കയറി രാവുത്തരുടെ കഴുത്തിൽ കൊക്കിവടിയിട്ട് വലിച്ചു. രാവുത്തർ തെരുവിലേയ്ക്ക് ഉരുണ്ടുവീണു. പൊതിക്കെട്ടുകാർ നിലവിളിയായി. നടപ്പുദീനപ്പോലീസുകാരും കുറേ തോട്ടികളും ചേർന്ന് ചരക്കുകൾ പുറത്തേക്കെറിഞ്ഞു. എണ്ണിയാലൊടുങ്ങാത്ത ഒരു സമൂഹം എലികളും പെരിച്ചാഴികളും പുറത്തുവന്നു.

മുത്തലിഫ് രാവുത്തരുടെ വെള്ളത്താടി ചുഴറ്റിപ്പിടിച്ചുകൊണ്ട് അനന്തൻപിള്ള ജനങ്ങളോടു പറഞ്ഞു: "ഇതാ ഇതിലേറ്റവും വലിയ പെരുച്ചാഴി. ലവൻ അനന്തമ്പിള്ളേ അറിയത്തില്ല. അനന്തമ്പിള്ളയ്ക്ക് ഉസ്മാമ്മേത്തനേം ചങ്കരഞ്ചൂദ്രനേം പുല്ലാ!''

മുഹമ്മദ് ഉസ്മാനും ശങ്കരൻനായരും സർക്കാരാണ്. അവരുടെ സൃഷ്ടിയായ അനന്തൻപിള്ള പാലക്കാടിനെ സംബന്ധിച്ചേടത്തോളം അവരേക്കാൾ ഉഗ്രമൂർത്തിയായി വളരുകയാണ്. പലക്കാട്ടുകാർ നടുങ്ങി.

മുത്തശ്ശിമാത്രം പറഞ്ഞു: '' എന്താ കുട്ട്യാളേ നിയ്ക്ക് ഇതത്ര പിടിയ്ക്ക്ണില്ല്യ. ഞായം ചെയ്യ്ണേലും ഒരു മര്യാദ വേണം''. പേരക്കുട്ടികളായ വേണുഗോപാലനും ശിവശങ്കരനും ചിരിച്ചതേയുള്ളൂ. പതിനാലും പന്ത്രണ്ടും വയസ്സുള്ള അവർ ആവേശത്തോടെ അനന്തൻ പിള്ളയുടെ മാർഗ്ഗം പിൻപറ്റി. അനന്തൻപിള്ള സ്വന്തം മാർഗ്ഗവും. ഗണപതികോവിലിന്റെ വാതിൽ അനന്തൻ പിള്ള ചവിട്ടിത്തുറന്നു. പ്രതിഷ്ഠയ്ക്ക് പിന്നിൽനിന്ന് വൈരമാലയണിഞ്ഞ ഒരെലിമാത്രം ഞൊണ്ടിഞൊണ്ടി സുൽത്താൻ പേട്ടയിലേക്കിറങ്ങി പുകയായി അപ്രത്യക്ഷമാവുന്നതു കണ്ട വേലയുധൻ ചെട്ട്യാർ നിലവിളിച്ച്‌ കുടുമ വിരിച്ചിട്ട് നെഞ്ചത്തു തല്ലി തലതല്ലി മരിച്ചു.

മരണങ്ങളുടെ എണ്ണം മുന്നൂറായുയർന്നു. മരിച്ച വീടുകളിൽ കയറി നടപ്പുദീനപ്പോലീസുകാർ കലവും കിണ്ണവും തല്ലിയുടച്ചു. രജിസ്തരിൽ പേരു ചേർക്കാതെ മറവു ചെയ്ത ശവങ്ങൾ തോണ്ടി അവയുടെ വൃഷ്ണങ്ങളും മുലകളുമരിഞ്ഞ് മഞ്ഞളും ചുണ്ണാമ്പും തേച്ച് ചൂടിക്കയറിൽ കോർത്ത് വഴിമരങ്ങളിൽ തൂക്കി. എന്നിട്ട് ആ ശവങ്ങളെ സീലുകുത്തി താറുകൊണ്ട് നമ്പറടിച്ച് പൊയ്മുഖംവെച്ചു പോലീസു വാദ്യത്തോടെ വീണ്ടും അടക്കം ചെയ്തു.

എണ്ണം പിന്നെയും കയറി. വൈഷ്ണവബ്രാഹ്മണസനാതനികളുടെ പത്രം സ്ഥിതിവിവരക്കണക്കുകൾ കൊടുത്തു. '' ടൂ ഹൺഡ്രഡ് അന്റ് എയ്റ്റിഫൈവ് പാസ് എവേ ''. പാലക്കാട് പാണ്ടിപ്പട്ടന്മാരുടെ വലിയൊരു സമൂഹമുണ്ടായിരുന്നു എന്നതാണ് കാര്യം. ചില്ലോടുമേഞ്ഞ അഗ്രഹാരങ്ങളിൽ കേറിച്ചെന്ന് അനന്തൻപിള്ള പട്ടത്തികളെ വിരട്ടി.

അഞ്ഞൂറു മരണങ്ങളോടെ നടപ്പുദീനം ശമിച്ചു. അപ്പോഴേക്ക് നടപ്പുദീനപ്പോലീസിന്റെ സംഖ്യയും അഞ്ഞൂറായി. പാലക്കാടു വാണ ഏത് സർക്കിളിൻസ്പെക്ടറെക്കാളും ഇടത്തിലച്ചനെക്കാളും ഊറ്റം അനന്തൻ പിള്ളയ്ക്കുണ്ടായിരുന്നു. അനന്തമ്പിള്ളയുടെ നടപ്പുദീനപ്പോലീസിന്റെ കിരീടവും ചുട്ടിയും തനിപ്പോലീസിന്റേതായിരുന്നുതാനും. ഈ പരിതസ്ഥിതിയിൽ അനന്തൻ പിള്ളയ്ക്ക് അവിടെ എന്തും ചെയ്യാമായിരുന്നു. എന്നാൽ ഇടംവലം നോക്കാതെ നീതിനടത്തുക മാത്രമാണ് അനന്തൻ പിള്ള ചെയ്തത്. നടപ്പുദീനം ശമിച്ചപ്പോഴേക്ക് അനന്തൻ പിള്ളയ്ക്ക് ഐതിഹാസികമായ മാനങ്ങൾ കൈവന്നു കഴിഞ്ഞിരുന്നു. അനന്തൻ പിള്ളയില്ലാതെ കഴിഞ്ഞുകൂടാൻ വയ്യെന്ന ഒരു തോന്നൽ പാലക്കാട്ടുകാരെ ബാധിച്ചു.

- കഥ എന്ന വിഭാഗത്തിൽ പെടുത്തി ഒ.വി വിജയൻ എഴുതിയ ഒരു ഗദ്യരചനയുടെ ആദ്യഭാഗമാണിത്. ഇതിവിടെ തീരുന്നില്ല. വിജയൻ ഇവിടെയൊന്ന് നിർത്തുന്നുണ്ട്. അതു കൊണ്ട് നമ്മളും ഒന്ന് നിർത്തുന്നു.

തന്നെയുമല്ല വിജയൻ എഴുതിയത് പൂർണ രൂപത്തിൽ ഇവിടെ ചേർത്തിട്ടില്ല. അരിച്ചെടുത്തതാണ്. പ്രധാനമായും കഥാപാത്രങ്ങളുടെ നരവംശശാസ്ത്രപരമായ വർണ്ണനകളും ജാതീയമായ കോന്ത്രമ്പല്ലുകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്.

പറഞ്ഞല്ലോ, കഥയാണോ ചരിത്രമാണോ എന്ന് തിട്ടപ്പെടുത്താനാകാതെ നിരൂപകൻ പുകയുകയാണ്. സർ മുഹമ്മദ് ഉസ്മാൻ എന്നയാൾ തുർക്കി ഖലീഫയും സർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡണ്ടും വൈസ്റോയിയുടെ കൗൺസിലിലെ അംഗവുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരും ആണ് എന്ന് വായനക്കാർ മനസ്സിലാക്കേണ്ടതാണ്.

മറ്റു പലതും നിരൂപിക്കാനുണ്ട്. മുത്തശ്ശി പറഞ്ഞതുപോലെ, ന്യായം ചെയ്യുന്നതിലും മര്യാദവേണമോ വേണ്ടയോ? അങ്ങനെ പലതും നിരൂപിക്കാനുണ്ട്.

അതിലേക്ക് വരാം, ചരിത്രകഥയുടെ രണ്ടാം ഭാഗം കഴിഞ്ഞിട്ട്.