LiveTV

Live

Opinion

ജോലിസ്ഥലങ്ങളിൽ നിന്ന് അകറ്റിനിർത്താം ഈ ആറ് ദുശ്ശീലങ്ങൾ

ജോലി സ്ഥലം എന്നത് വേറെ ഒരു ലോകമാണ്. അവിടം പലതരക്കാർ, വ്യത്യസ്ത സ്വഭാവഗുണമുള്ളവർ, പലതരത്തിൽ ചിന്തിക്കുന്നവർ എല്ലാം ഒത്തുചേർന്ന് ഒരു ലക്ഷ്യത്തിനു വേണ്ടി ഒന്നായി പ്രവർത്തിക്കുന്ന ഇടമാണ്.

ജോലിസ്ഥലങ്ങളിൽ നിന്ന് അകറ്റിനിർത്താം ഈ ആറ് ദുശ്ശീലങ്ങൾ

ജോലിസ്ഥലങ്ങൾ കൂടുതൽ മത്സരാധിഷ്ഠിതമായ കാലമാണിത്. മികച്ച പ്രകടനം നടത്തുകയും ഫലപ്രദമായ ഉൽപ്പാദനക്ഷമത കാണിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ജോലിസ്ഥലങ്ങളിലെ താരങ്ങൾ. പ്രായത്തിനും പരിചയസമ്പത്തിനും മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള കാലമൊക്കെ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ജോലി ചെയ്യുക എന്നതു മാത്രമല്ല, ജോലിസ്ഥലത്ത് വിജയകരമായി നിലനിൽക്കുക എന്നതുതന്നെ ഇപ്പോൾ പ്രധാനമാണ്.

ജോലി സ്ഥലം എന്നത് വേറെ ഒരു ലോകമാണ്. അവിടം പലതരക്കാർ, വ്യത്യസ്ത സ്വഭാവഗുണമുള്ളവർ, പലതരത്തിൽ ചിന്തിക്കുന്നവർ എല്ലാം ഒത്തുചേർന്ന് ഒരു ലക്ഷ്യത്തിനു വേണ്ടി ഒന്നായി പ്രവർത്തിക്കുന്ന ഇടമാണ്. വ്യക്തിജീവിതത്തിൽ നമുക്കുണ്ടാകുന്ന വിഷമങ്ങളും വികാരവിക്ഷോഭങ്ങളും തിരിച്ചടികളുമൊന്നും അവിടേക്ക് കൊണ്ടുചെല്ലാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 'വർക്ക്‌പ്ലേസ് ബിഹേവിയർ' എന്നത് ഓരോരുത്തരും കൃത്രിമമായി നിർമിച്ചെടുക്കേണ്ടതും ചിട്ടയോടെ പാലിക്കേണ്ടതുമാണ്. എന്നാൽ, സ്വന്തം വ്യക്തിത്വത്തിന്റെ അടരുകൾ ജോലിസ്ഥലങ്ങളിലേക്ക് ചുമന്നുകൊണ്ടുപോയി, അവിടെ കാര്യങ്ങൾ അവതാളത്തിലാക്കുന്ന പലരെയും കാണാം.

സമാധാനവും ശാന്തിയും പ്രസന്നതയും നിറഞ്ഞുനിന്നാൽ മാത്രം സുഖപ്രദമാകുന്ന ജോലിയിടങ്ങളെ നശിപ്പിച്ചു കളയുന്ന ചിലരെ പരിചയപ്പെടാം. അവരിലെ ദുഃസ്വഭാവങ്ങൾ നമ്മളിലുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കാം

1. 'ഇതൊക്കെ മതി' മനോഭാവക്കാർ

ശരിയും തെറ്റും അറിഞ്ഞിട്ടും 'ഞാനെന്തിന് ഇടപെടുന്നു? എല്ലാം ഇങ്ങെ തന്നെ പോകട്ടെ...' എന്നു വിചാരിച്ച്, ഒരു വാക്കുപോലും ഉച്ഛരിക്കാൻ പറ്റാതെ മാറി നിൽക്കുന്ന ആളുകളെ നമുക്കു ജോലിയിടങ്ങളിൽ കാണാൻ കഴിയും. പേടികൊണ്ടോ മടുപ്പുകൊണ്ടോ ആയിരിക്കാം ഈ നിസ്സംഗത. സ്വയം തകർക്കുന്ന ജീവികളായി ഇവരെ കണക്കാക്കാം. മറ്റുള്ളവരുടെ ഇടയിൽ ഒരു ഉന്നതിയും ഇവർക്കുണ്ടാകുകയില്ല. കമ്പനിയുടെ വളർച്ചയിൽ ഇവർ ഒരു പങ്കും വഹിക്കില്ല എന്നുമാത്രമല്ല, പലപ്പോഴും തകർച്ചയിൽ അറിഞ്ഞുകൊണ്ടുതന്നെ പങ്കാളിയാവുകയും ചെയ്യും.

ജോലിസ്ഥലങ്ങളിൽ നിന്ന് അകറ്റിനിർത്താം ഈ ആറ് ദുശ്ശീലങ്ങൾ

2. നെഗറ്റീവിറ്റി: മൊത്തമായും ചില്ലറയായും

നെഗറ്റീവിറ്റി അഥവാ നിഷേധാത്മകതയുടെ പരിസരം സൃഷ്ടിക്കുന ആളുകളുണ്ട്. കൂടെ പ്രവർത്തിക്കുന്നവരുടെ ഭാവനയെയും ഊർജത്തെയും അടിച്ചമർത്തുക എന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. അശുഭാപ്തിവിശ്വാസം ചുറ്റിലും വാരിവിതറും. നവീനവും ഗുണപ്രദവുമായ കാര്യങ്ങൾ ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തി താഴ്ത്തിക്കാണുന്ന സ്വഭാവക്കാരാണ് ഇവർ. നിലവിലുള്ള തൊഴിലന്തരീക്ഷത്തെ മടുപ്പിക്കുന്നു എന്നു മാത്രമല്ല, കമ്പനി ഒരുതരത്തിലും വളരില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യും ഇവർ.

3. ആത്മവിശ്വാസമില്ലാത്തവർ

സ്വന്തം കഴിവും പ്രവൃത്തിയിലും ഒട്ടും വിശ്വാസമില്ലാത്തവരാണ് മറ്റൊരു കൂട്ടർ. മറ്റുള്ളവർക്കു മുന്നിൽ അനാവശ്യ വിനയത്തോടെ നിൽക്കുന്ന ഇവർ സ്വന്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയില്ലെന്നു മാത്രമല്ല, താൻ സ്വയം ചെയ്യുന്ന കാര്യങ്ങളിൽ ഒട്ടും വിശ്വാസമില്ലാത്തവരുമായിരിക്കും. എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചു മാത്രം നിൽക്കുക, മറ്റുള്ളവർ എന്തുകരുതും എന്നുമാത്രം ചിന്തിച്ച് ജോലി ചെയ്യുക, എല്ലായ്‌പോഴും ക്ഷമാപണം നടത്തുക തുടങ്ങിയവയാണ് ഇവരുടെ രീതി. സ്വന്തം കഴിവിൽ ഒട്ടും വിശ്വാസമില്ലാത്തതിനാൽ മറ്റുള്ളവരുടെ സഹതാപം കൊണ്ട് കഴിഞ്ഞുകൂടുന്നവരാണ് ഇവർ. ദൈനംദിന കാര്യങ്ങൾ കഴിഞ്ഞുപോകും എന്നല്ലാതെ കമ്പനിയുടെ വളർച്ചയിൽ ഇവർക്ക് പങ്കൊന്നുമുണ്ടാവില്ല.

ജോലിസ്ഥലങ്ങളിൽ നിന്ന് അകറ്റിനിർത്താം ഈ ആറ് ദുശ്ശീലങ്ങൾ

4. പരാതി പറയുന്നവർ

എന്തുകാര്യത്തിനും പരാതി പറയുകയും സ്വന്തം കഴിവുകേടുകൾക്ക് ഒഴികഴിവ് കണ്ടെത്തുകയും ചെയ്യുന്ന ശീലക്കാർ സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ബാധ്യതയാണ്. സ്വന്തം കുടുംബകാര്യങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും ദാരിദ്ര്യവും മറ്റുള്ളവർക്കു മുന്നിൽ പങ്കുവെച്ച് സഹതാപം പിടിച്ചുപറ്റുന്നവരാണ് ഇവർ. ഒരു കാര്യത്തിലും ഇവർ തൃപ്തരാവില്ലെന്ന് മാത്രമല്ല, ഓഫീസിൽ വൈകിയെത്തുന്നതിനും ജോലി സമയത്ത് ചെയ്തു തീർക്കാത്തതിനും ജോലിക്കിടെ വരുത്തുന്ന വീഴ്ചകൾക്കും വരെ ഇവർക്ക് 'കാരണങ്ങൾ' ഉണ്ടായിരിക്കും.

5. 'നാളെ നാളെ നീളെ നീളെ'

സുപ്രധാന ജോലികളെല്ലാം അനന്തമായി നീട്ടിവെച്ചു കൊണ്ടുപോകുന്നവരാണിവർ. എന്തുപറഞ്ഞാലും അത് നാളെയാവട്ടെ എന്നതാവും ഇവരുടെ പ്രതികരണം. കൂട്ടായ്മയിൽ ചെയ്തു തീർക്കേണ്ട പലതും ഇവരുടെ മനോഭാവം കാരണം അലസിപ്പോവാറുണ്ട്. ഈ സ്വഭാവം കാരണം മറ്റുള്ളവരെക്കൂടി ഇവർ പലപ്പോഴും കുഴപ്പത്തിൽ ചാടിക്കും.

ജോലിസ്ഥലങ്ങളിൽ നിന്ന് അകറ്റിനിർത്താം ഈ ആറ് ദുശ്ശീലങ്ങൾ

6. വികാരജീവികൾ

വികാരങ്ങളില്ലാതെ മനുഷ്യരില്ല. എന്നാൽ എല്ലാ വികാരവും എല്ലായിടത്തും പ്രകടിപ്പിക്കാനാവില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേഷ്യം അഥവാ കോപം. പെട്ടെന്ന് കോപിക്കുന്ന ആളുകൾ പലപ്പോഴും മാറ്റിനിർത്തപ്പെടും. ഇവർക്കൊപ്പം ജോലി ചെയ്യാൻ മറ്റുള്ളവർക്ക് താൽപര്യമുണ്ടാവില്ല.

സ്വന്തം ജോലിയെ മാത്രമല്ല, സഹപ്രവർത്തകരെയും സ്ഥാപനത്തെയും വരെ അപകടത്തിലാക്കുന്ന ഇത്തരം ദുശ്ശീലങ്ങൾ ഉപേക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് ഒരു നല്ല ജോലിയിലേക്ക് പ്രവേശിക്കാനാകൂ. അപ്പോഴാണ് ജോലിസ്ഥലം ഗുണപരമാകുന്നതും. ശീലങ്ങൾ എല്ലാർക്കും പലതാണ്. അത് നമ്മെ ഏതു രീതിയിലാണ് ബാധിക്കുന്നത് എന്ന് തിരിച്ചറിയണം. അതനുസരിച്ചു അനുയോജ്യമായി പ്രവർത്തിക്കാനും ശ്രമിക്കണം. അവിടെയാണ് ഒരു വ്യക്തിയുടെ വിജയം.