LiveTV

Live

Opinion

മക്കളെ കൊല്ലുന്ന ശരണ്യമാർ ഉണ്ടാകുന്നതെങ്ങനെ? മനോരോഗ വിദഗ്ധർ പറയുന്നത്

മക്കളെ കൊല്ലുന്ന ശരണ്യമാർ ഉണ്ടാകുന്നതെങ്ങനെ? മനോരോഗ വിദഗ്ധർ പറയുന്നത്

കേരളത്തിലെ വീട്ടകങ്ങള്‍ ക്രൂരമായ കാഴ്ചകള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടമായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ പൊതുസമൂഹം ഏറെക്കുറെ ഉള്‍ക്കൊണ്ടുകഴി‍ഞ്ഞിട്ടുണ്ട്. ദിനേന ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവില്‍ വന്നത് വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്ന് കോളനിയില്‍ ഭാര്യ സിനിയെ ഭര്‍ത്താവ് കുട്ടന്‍ കൊന്നു കുഴിച്ചു മൂടി എന്ന വാര്‍ത്ത. കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ അമ്മ ശരണ്യ കടല്‍ ഭിത്തിയില്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതാണ് മറ്റൊന്ന്. കൂടത്തായി കൊലപാതക പരമ്പര ഒരു ക്രൈം ത്രില്ലര്‍ പോലെ കേരളം കണ്ടുകൊണ്ടിരുന്നിട്ട് അധികനാളായിട്ടില്ല. ക്രൂരക്യത്യങ്ങളുടെ കണക്കുകള്‍ തുടരുന്നു. ഇവിടെയെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഒരേ കൂരയില്‍ പ്രണയിച്ചും കലഹിച്ചും ജീവിച്ച മനുഷ്യരാണ് എന്നതാണ് മറ്റു ക്രൂരതകളേക്കാള്‍ ഇതിന് വാര്‍ത്താപ്രാധാന്യം ലഭിക്കാനിടയാക്കുന്നത്.

മനുഷ്യമനസിന് അതിന്‍റേതായ സ്വഭാവമുണ്ട്, സ്വര്‍ഗവും നരകവും സൃഷ്ടിക്കാന്‍ അതിനുസാധിക്കും.

എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ എന്നതിന് ഉത്തരം എളുപ്പം പറയാവുന്ന ഒന്നല്ല. കാരണം മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണതകള്‍ എത്രത്തോളമുണ്ടോ അത്രയേറെ പ്രയാസമാണ് ഓരോ കൃത്യത്തിന്‍റെയും കാരണങ്ങള്‍ കണ്ടുപിടിക്കുവാന്‍. ആംഗലേയകവി മില്‍ട്ടന്‍ മനുഷ്യമനസിനെ പ്രതിപാദിച്ച് എഴുതിയ വാക്കുകള്‍ നോക്കൂ. മനുഷ്യമനസിന് അതിന്‍റേതായ സ്വഭാവമുണ്ട്, സ്വര്‍ഗവും നരകവും സൃഷ്ടിക്കാന്‍ അതിനുസാധിക്കും. മില്‍ട്ടന്‍റെ ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന കാഴ്ചകള്‍. മാനസിക ആരോഗ്യം എന്നുപറയുന്നത് അത്രയേറെ പ്രധാനപ്പെട്ടതാണ്.

കുട്ടികളാകുമ്പോള്‍ തന്നെ മാതാപിതാക്കള്‍ ശ്രദ്ധിച്ചു തുടങ്ങണം. അമിതമായ ദേഷ്യം, ഏകാന്തത എന്നിവയെല്ലാം പ്രകടിപ്പിക്കുമ്പോള്‍ തന്നെ കൗണ്‍സിലിങ് നടത്തേണ്ടതാണ്. വികാരങ്ങളെ നിയന്ത്രിക്കാനാവാത്ത അവസ്ഥയെ കൗണ്‍സിലിങിലൂടെയും, ചികിത്സയിലൂടെയും ഭേദപ്പെടുത്താം

ഒന്നരവയസുള്ള സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊല്ലാന്‍ എങ്ങനെ ഒരമ്മയ്ക്ക് സാധിച്ചു എന്നതിന് മാനസികാരോഗ്യ വിദഗ്ധര്‍ വിശകലനം ചെയ്യുന്നത് വ്യക്തിത്വത്തിലുളള വൈകല്യമായിട്ടാണ്. വൈകാരികമായി നിയന്ത്രണമില്ലാത്ത വ്യക്തിത്വങ്ങള്‍( Border line Personality) എന്ന മാനസികപ്രശ്നമാണ് ഇത്തരത്തില്‍ വ്യക്തികളെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. ഈ അവസ്ഥയിലുള്ളവര്‍ക്ക് ഏതുതരം വികാരമായാലും അതിതീവ്രമായിരിക്കും. ദേഷ്യം, സങ്കടം, പ്രണയം എന്തുമാവട്ടെ അതി തീവ്രതയിലായിരിക്കും ഇവര്‍ പ്രകടിപ്പിക്കുക. പ്രിയപ്പെട്ടവരില്‍നിന്ന് സ്നേഹം ലഭിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്നൊക്കെ തോന്നുക. എവിടെ നിന്നാണോ ഇതെല്ലാം ലഭിക്കുന്നത് അത്തരം ബന്ധങ്ങളിലേക്ക് അതി തീവ്രമായി വീണുപോകും ഇവര്‍. അത്തരമൊരവസ്ഥയില്‍ തടസമാണെന്ന് തോന്നുന്നതിനോട് ദേഷ്യം തോന്നും, അതും ഇതേ തീവ്രതയില്‍. ഈ മാനസികാവസ്ഥയില്‍ നൊന്തുപെറ്റ കുഞ്ഞിനയാണ് കടല്‍ഭിത്തിയിലെറിഞ്ഞു കൊല്ലുന്നത് എന്ന ബോധമൊന്നും ഇവരിലുണ്ടാവില്ല. കുറ്റകൃത്യം ചെയ്തതിനുശേഷം കുറ്റബോധത്തിലേയ്ക്ക് വീഴുകയും ചെയ്യും. ഇത്തരം വ്യക്തിത്വ വൈകല്യങ്ങളെ ചികില്‍സയിലൂടെ രക്ഷപ്പെടുത്താന്‍ സാധിക്കുന്നതാണെന്നും മാനസിക ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടികളാകുമ്പോള്‍ തന്നെ മാതാപിതാക്കള്‍ ശ്രദ്ധിച്ചു തുടങ്ങണം. അമിതമായ ദേഷ്യം, ഏകാന്തത എന്നിവയെല്ലാം പ്രകടിപ്പിക്കുമ്പോള്‍ തന്നെ കൗണ്‍സിലിങ് നടത്തേണ്ടതാണ്. വികാരങ്ങളെ നിയന്ത്രിക്കാനാവാത്ത അവസ്ഥയെ കൗണ്‍സിലിങിലൂടെയും, ചികിത്സയിലൂടെയും ഭേദപ്പെടുത്താം.

കുട്ടികളായിരിക്കുമ്പോള്‍തന്നെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. വ്യക്തിത്വവൈകല്യത്തിന് കൗണ്‍സിലിങ് നല്‍കണം. എന്നാല്‍മാത്രമേ മാനസിക ആരോഗ്യമുള്ള തലമുറ വളര്‍ന്നുവരികയുള്ളൂ

കൂടത്തായി കൊലപാതകപരമ്പരയിലെ ജോളിയുടേത് തികച്ചും സമൂഹവിരുദ്ധവ്യക്തിത്വമാണ്. സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി എന്തുംചെയ്യുന്ന മാനസികാവസ്ഥ (Anti social personality). അതിനുവേണ്ടി മറ്റുള്ളവരെ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതിന് ഇവര്‍ക്ക് മടിയൊന്നുമില്ല. ചെയ്തുപോയ ക്രൂരതകളെക്കുറിച്ച് ഒരിക്കലും പശ്ചാത്താപമോ, കുറ്റബോധമോ ഇവര്‍ക്കുണ്ടാകില്ല.

ഇത്തരം ക്രിമിനല്‍ സ്വഭാവങ്ങളുടെയെല്ലാം പരിണിതഫലമാണ് ഏറ്റവും അടുപ്പമുള്ള ആളുകളെ ക്രൂരമായി കൊലചെയ്യപ്പെടുന്നതില്‍ എത്തിക്കുന്ന മാനസികാവസ്ഥ. വെഞ്ഞാറമൂട്ടില്‍ ഭര്‍ത്താവ് കുട്ടന്‍ ഭാര്യ സിനിയെ കൊന്നു കുഴിച്ചുമൂടിയത് പെട്ടെന്നുള്ള വ്യക്തിത്വവൈകല്യം കൊണ്ടല്ല. ഇതിനുമുമ്പും ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍നിന്നിറങ്ങി വീണ്ടും ഭാര്യയ്ക്കൊപ്പം താമസിച്ചാണ് കൊലചെയ്തത്.

ഇങ്ങനെയെല്ലാം ഏറെ സങ്കീര്‍ണമായ മാനസിക നിലയിലാണ് നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തിയും. കുട്ടികളായിരിക്കുമ്പോള്‍തന്നെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. വ്യക്തിത്വവൈകല്യത്തിന് കൗണ്‍സിലിങ് നല്‍കണം. എന്നാല്‍മാത്രമേ മാനസിക ആരോഗ്യമുള്ള തലമുറ വളര്‍ന്നുവരികയുള്ളൂ.

(വിവരങ്ങള്‍ക്ക് കടപ്പാട് - ഡോ. രമേശ് കെ. അസിസ്റ്റന്‍റ് പ്രൊഫസര്‍സൈക്യാട്രി, കോഴിക്കോട് മെഡിക്കല്‍കോളജ്)