Top

ശാഹീന്‍ബാഗ്, വടക്ക് കിഴക്കന്‍ ഡല്‍ഹി: എവിടെയായിരുന്നു രാഹുല്‍ ഗാന്ധി?

“ഭൂമിയിൽ ആർക്കെതിരെ ഹിംസ നടന്നാലും ഞാൻ അതിനെതിരാണ് ‘ എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അപ്പോൾ ഡൽഹിയും ജാമിയയും ജെ.എൻ.യുവുമൊന്നും ഈ ഭൂമിയുടെ ഭാഗമല്ല എന്നാണോ?

MediaOne Logo

  • Published:

    6 March 2020 1:48 AM GMT

  • Updated:

    2020-03-06 01:48:37.0

ശാഹീന്‍ബാഗ്, വടക്ക് കിഴക്കന്‍ ഡല്‍ഹി: എവിടെയായിരുന്നു രാഹുല്‍ ഗാന്ധി?
X

ഡൽഹി ഒരിക്കൽകൂടി കത്തിയമർന്നിരിക്കുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി വന്ന 13200 ഫോൺകോളുകളും പൂർണ്ണമായി നിരാകരിച്ച ഡൽഹി പോലീസ്, എത്ത്രത്തോളം ആസൂത്ത്രിതമായിട്ടാണ് ഈ മുസ്‍ലിം വംശഹത്യയിൽ പങ്കെടുത്തത് എന്ന് കാണിക്കുന്ന കൃത്യമായ തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതേസമയം, 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ പാർട്ടി അംഗങ്ങളുടെ പങ്ക് സംബന്ധിച്ച ചോദ്യങ്ങൾക്ക് അന്ന് തന്റെ ചെറുപ്പം മുൻനിർത്തി കുറ്റവിമുക്തനാവാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക് ഇപ്പോൾ 50 വയസ്സ് തികഞ്ഞിരിക്കുന്നു. നിലവിൽ ഡൽഹി നഗരത്തിൽ തന്നെ താമസിക്കുന്ന അദ്ദേഹം, രണ്ട് മാസത്തിലധികമായി സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിക്കുന്ന ശാഹീന്‍ബാഗിൽ നിന്നോ, ദിവസങ്ങൾക്ക് മുന്നേ കത്തിയെരിഞ്ഞ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നോ ഒട്ടുംതന്നെ ദൂരത്തുമല്ല.

"രാഷ്ട്രീയത്തിൽ നിങ്ങൾ അനീതിയുടെ ശക്തികളുമായി ഏറ്റുമുട്ടുകയും, ന്യായത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്താൽ നിങ്ങൾ കൊല്ലപ്പെടും". രണ്ട് വർഷങ്ങൾക്ക് മുൻപ് സിംഗപ്പൂരിലെ ഐ.ഐ.എം പൂർവ വിദ്യാർത്ഥിനിയോട് സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിവ. ഈ ഭയമാണോ ഡൽഹിയുടെ വടക്ക് കിഴക്ക് ഭാഗങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് പോലും അദ്ദേഹത്തെ തടയുന്നത്? ഒരിക്കൽ ലണ്ടനിലെ സ്കൂൾ ഓഫ് എക്കണോമിക്സ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ "ഭൂമിയിൽ ആർക്കെതിരെ ഹിംസ നടന്നാലും ഞാൻ അതിനെതിരാണ് ' എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അപ്പോൾ ഡൽഹിയും ജാമിയയും ജെ.എൻ.യുവുമൊന്നും ഈ ഭൂമിയുടെ ഭാഗമല്ല എന്നാണോ? അതുമല്ലെങ്കിൽ ഒന്നും ചെയ്യാതിരുന്നിട്ടും, എന്നോ അപ്രത്യക്ഷനായ ആഭ്യന്തര മന്ത്രിയെക്കാളും അവസരവാദം കളിക്കുന്ന ഡൽഹി മുഖ്യമന്ത്രിയെക്കാളും താൻ ഭേദമാണ് എന്ന് രാഹുൽ ഗാന്ധി സ്വയം പറഞ്ഞു ആശ്വസിക്കുകയാണോ?

അതിലുപരി, ഒരു ഹിന്ദി ആധിപത്യ ഹൈന്ദവ രാഷ്ട്രമായി ഈ രാജ്യം പരിണമിക്കുന്നതിനെ തടയാൻ ഉതകുന്ന എന്തെങ്കിലും രാഷ്ട്രീയ ശക്തികൾ നിലവിൽ ഇന്ത്യയിൽ അവശേഷിക്കുന്നുണ്ടോ? രാജ്യത്തിന്റെ തെക്ക് ഭംഗത്തെ സംസ്ഥാനങ്ങൾക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും ഒക്കെ എന്താണ് സംഭവിക്കാൻ പോകുന്നത്? പരമാധികാര രാഷ്ട്രമെന്ന ഇന്ത്യൻ യാഥാർഥ്യത്തിനു അന്ത്യം കുറിക്കുന്നതാണോ സര്‍ക്കാര്‍ നടപ്പിലാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം? 1950 ലെ ലിയാഖത്ത്-നെഹ്‌റു കരാറിലെ തെറ്റുകളെ തിരുത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ലോക്സഭയിലിരുന്ന് പറയുമ്പോൾ എന്താകും അമിത് ഷാഹ്‌ യാഥാർഥ്യത്തിൽ ഉദ്ദേശിച്ചിട്ടുണ്ടാവുക? ഇരു രാജ്യങ്ങളിലെയും ന്യുനപക്ഷ സംരക്ഷണം ഉറപ്പിക്കുന്നതായിരുന്ന ഈ കരാർ. ഇത്തരത്തിൽ തീവ്ര ഹൈന്ദവ ചിന്താഗതിക്കാരായ ബി.ജെ.പിയെ പോലൊരു പാർട്ടി രാജ്യത്തെ മുസ്‍ലിം ജീവിതത്തിനുമേൽ അരക്ഷിതാവസ്ഥ അടിച്ചെൽപ്പിക്കുമ്പോൾ, ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തരാൻ മുന്നിൽ നിന്ന രാഷ്ട്രീയ പാർട്ടി മാളത്തിൽ കയറി ഒളിച്ചിരിക്കുന്നതിനെ എങ്ങിനെയാണ് ന്യായീകരിക്കാൻ സാധിക്കുക.

മെയ് 2024 ലേക്ക് ഇനി അധിക ദൂരമൊന്നുമില്ല. പാർട്ടിയിൽ മറ്റൊരു നേതൃത്വത്തിനുള്ള വഴി തുറന്നുകൊടുക്കാനാണ് യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത് എങ്കിൽ ഒട്ടുംവൈകാതെതന്നെ അദ്ദേഹം എന്നെന്നേക്കുമായി വയനാട്ടിലേക്ക് പോകേണ്ടതുണ്ട് എന്ന് തോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള പൈതൃകത്തെ രാജ്യത്ത് അവശേഷിപ്പിക്കണം എന്ന് സോണിയ ഗാന്ധിയെങ്കിലും ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, മകന്റെ തെറ്റുകൾ തിരുത്താൻ ആവശ്യപ്പെടേണ്ട സമയവും അതിക്രമിക്കുകയാണ്. ഏറ്റവും ഒടുവിൽ നടന്ന ഡൽഹി വംശഹത്യയും അതിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളുമൊക്കെ എത്ത്ര ആഴമേറിയ വർഗീയ ധ്രുവീകരണത്തിലേക്കാണ് ബി.ജെ.പി ഇന്ത്യയെ കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട്, ഒന്നുകിൽ കോൺഗ്രസ്സും കൂട്ടുകക്ഷികളും പൂർണ്ണ സജ്ജരായി കളത്തിലിറങ്ങുക, അല്ലെങ്കിൽ എന്നെന്നേക്കുമായി ഇന്ത്യൻ ഭൂപടത്തിനോട് വിടപറയാൻ തയ്യാറാവുക.

പരിഭാഷ: ദിലാന തസ്‍ലിം

TAGS :
Next Story