LiveTV

Live

Opinion

അണ്ണാ ഡി.എം.കെയെ വലയ്ക്കുന്നു, ദക്ഷിണേന്ത്യയിലെ ശാഹീന്‍ ബാഗ്

അണ്ണാ ഡി.എം.കെയ്ക്കും മറ്റൊരു ഘടക കക്ഷിയായ പി.എം.കെയ്ക്കും മുസ്ലിം വോട്ടുകള്‍ നിര്‍ബന്ധമാണ്

അണ്ണാ ഡി.എം.കെയെ വലയ്ക്കുന്നു,
ദക്ഷിണേന്ത്യയിലെ ശാഹീന്‍ ബാഗ്

പൌരത്വ നിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധത്തില്‍ ഏറ്റവും ശക്തമായ പ്രതിഷേധം നടത്തിയ ഒരിടം തമിഴ്നാടാണ്. വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം പിന്നീട് എല്ലാ ജനവിഭാഗങ്ങളും ഏറ്റെടുത്തു. പൊങ്കല്‍ അവധിയ്ക്കു ശേഷം സമരങ്ങള്‍ ഒന്നു തണുത്തു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരത്തിനു ശേഷം നടത്തുന്ന പ്രതിഷേധങ്ങള്‍ മാത്രമായി ഇവ ഒതുങ്ങി. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചയോടെ കാര്യങ്ങള്‍ മാറി.

ചെന്നൈയിലെ വണ്ണാരപ്പേട്ടില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ പൊലിസ് നരനായാട്ട് നടത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സ്ത്രീകളുള്‍പ്പെടെ, പൊലിസിന്റെ ക്രൂരമര്‍ദനത്തിനിരയായി. 219 പേരെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മുന്നൂറുപേരുടെ സമരത്തെ ഇരട്ടിയിലധികം വരുന്ന പൊലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടത്. പത്തുമണിയോടെ, തമിഴ്നാട്ടില്‍ പൂര്‍ണമായും സമരം വ്യാപിച്ചു. ചെന്നൈയില്‍ നഗരത്തില്‍ മാത്രം അന്‍പത്തൊന്ന് ഇടങ്ങളിലും തമിഴ്നാട്ടില്‍ 220 ഇടങ്ങളിലും ഒരേ സമയം പ്രതിഷേധങ്ങളുണ്ടായി.

അണ്ണാ ഡി.എം.കെയെ വലയ്ക്കുന്നു,
ദക്ഷിണേന്ത്യയിലെ ശാഹീന്‍ ബാഗ്

തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, ചെന്നൈയിലെ വണ്ണാരപ്പേട്ടിലും മണ്ണടിയിലും സമരക്കാര്‍ രാപ്പകല്‍ പ്രതിഷേധം ആരംഭിച്ചു. വണ്ണാരപ്പേട്ട് ദക്ഷിണേന്ത്യയിലെ ശാഹീന്‍ബാഗായി.

പൊലിസിന്റെ ക്രൂരത

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് വണ്ണാരപ്പേട്ടില്‍ മൂന്നൂറോളം വരുന്ന ആളുകള്‍ പ്രതിഷേധം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം സമാധാനപരമായിട്ടായിരുന്നു സമരം നടത്തിയത്. എന്നാല്‍, നാലുമണിയോടെ പൊലിസ് ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനാല്‍ ചെന്നൈ നഗരത്തില്‍ ആര്‍ക്കും പ്രതിഷേധിയ്ക്കാന്‍ അവകാശമില്ലെന്നായിരുന്നു ന്യായം. എന്നാല്‍, സമാധാനപരമായി നടത്തുന്ന സമരങ്ങളെ എന്തിനാണ് നിങ്ങള്‍ ഭയപ്പെടുന്നതെന്ന് സമരക്കാര്‍ തിരിച്ചു ചോദിച്ചു. സംസാരങ്ങള്‍ തുടരുന്നതിനിടെ, സ്ഥലത്ത് പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

എട്ടുമണിയോടെ സമരക്കാര്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയ പൊലിസ് കണ്ണില്‍ക്കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. സ്ത്രീകളെ വലിച്ചിഴച്ച് വാനില്‍ കയറ്റി. ഒരാളെ നാല്‍പ്പതു ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. പ്രകേപനമില്ലാതെ പൊലിസ് പ്രതിഷേധക്കാര്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. സ്ത്രീകളാണെന്ന പരിഗണന പോലുമുണ്ടായിരുന്നില്ല. പുരുഷന്മാരെ തെരുവിലിട്ട് തല്ലിച്ചതച്ചു. "ഇതിനെതിരെ പ്രതിഷേധിയ്ക്കാതിരിയ്ക്കുന്നത് എങ്ങനെയാണ്." - സ്ത്രീകള്‍ ചോദിക്കുന്നു.

വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ, പൊലിസ് അറസ്റ്റു ചെയ്തവരെ വിട്ടയച്ചു. പിന്നീടായിരുന്നു വണ്ണാരപ്പേട്ട ദക്ഷിണേന്ത്യയിലെ ശാഹീന്‍ബാഗായി മാറിയത്. നൂറുപേരില്‍ ആരംഭിച്ച സമരം ഇപ്പോള്‍ നാലായിരത്തിലധികം പേരില്‍ എത്തിനില്‍ക്കുന്നു. പൌരത്വ നിയമഭേദഗതിയ്ക്കെതിരെ, നിയമസഭയില്‍ പ്രമേയം പാസാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലേയ്ക്ക് സമരക്കാര്‍ എത്തി. ഇപ്പോഴും സമരം തുടരുന്നു.

ഞായറാഴ്ച മന്ത്രി ഡി. ജയകുമാറുമായി സമരക്കാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും സമരം അവസാനിപ്പിയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിഷേധക്കാര്‍ ഇതിന് തയ്യാറായിട്ടില്ല. കൃത്യമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുന്നതുവരെ സമരം തുടരും.

പ്രതിപക്ഷത്തിന്റെ ഐക്യദാര്‍ഡ്യം

സമരം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ പിന്തുണയുമായി എത്തി. പിന്നാലെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങി എല്ലാ കക്ഷികളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി കൂടി സമരവേദിയില്‍ എത്തിയതോടെ, രാജ്യന്തരതലത്തിലേയ്ക്ക് ചെന്നൈയിലെ ശാഹീന്‍ബാഗിലെ പ്രതിഷേധം എത്തി. പുരുഷന്മാരെക്കാളേറെ സ്ത്രീകള്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കുന്നുവെന്നാണ് ഇവിടുത്തെ പ്രത്യേകത. സെക്രട്ടറിയേറ്റും കലക്ടറേറ്റുകളും ഉപരോധിയ്ക്കുമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. തമിഴ്നാടിന്റെ ഭൂരിഭാഗം ജില്ലകളിലും വണ്ണാരപ്പേട്ട് ഐക്യദാര്‍ഡ്യ സദസുകളും നടക്കുന്നുണ്ട്.

വലഞ്ഞ് സര്‍ക്കാര്‍

പൊലിസ് ലാത്തിച്ചാര്‍ജോടെ, രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടി കഴിഞ്ഞ ചെന്നൈയിലെ സമരങ്ങള്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിന് ചെറിയ തലവേദനയല്ല. മന്ത്രി ഡി.ജയകുമാറിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പി പറയുന്ന കാര്യങ്ങള്‍ അക്ഷരംപ്രതി ചെയ്യുന്ന തമിഴ്നാട്ടിലെ സര്‍ക്കാര്‍, ഇവിടെ ഒന്നും ചെയ്യാന്‍ സാധിയ്ക്കാത്ത അവസ്ഥയിലായി. സമരക്കാര്‍ ആവശ്യപ്പെടുന്നതു പോലെ നിയമസഭയില്‍ പ്രമേയം പാസാക്കിയാല്‍ അതോടെ, കേന്ദ്രം പിണങ്ങും. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാറിന് വലിയ തിരിച്ചടി നേരിടേണ്ടിവരും. സമരക്കാരെ ഒഴിവാക്കി മുന്നോട്ടു പോയാല്‍, വരുന്ന തെരഞ്ഞെടുപ്പില്‍ അത് വലിയ തിരിച്ചടിയാകും.

അണ്ണാ ഡി.എം.കെയെ വലയ്ക്കുന്നു,
ദക്ഷിണേന്ത്യയിലെ ശാഹീന്‍ ബാഗ്

തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ കെല്‍പുള്ളവരാണ് വിവിധ മുസ്ലിം സംഘടനകള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് കൃത്യമായ അര്‍ത്ഥത്തില്‍ അണ്ണാ ഡി.എം.കെയ്ക്ക് തിരിച്ചടിയായതുമാണ്. അതുകൊണ്ടു തന്നെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സര്‍ക്കാരിപ്പോള്‍. കൂട്ടുകക്ഷിയായ ബി.ജെ.പിയാണെങ്കില്‍, ശക്തമായ എതിര്‍പ്പാണ് സമരത്തോട് കാണിക്കുന്നത്. തമിഴ്നാട്ടിലെ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, പൊലിസിന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. തീവ്രവാദികള്‍ നടത്തുന്ന സമരത്തെ ഇങ്ങനെ തന്നെയാണ് കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു രാജയുടെ വാദം. ഇത് സമരക്കാര്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് വഴിവച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെയ്ക്കും മറ്റൊരു ഘടക കക്ഷിയായ പി.എം.കെയ്ക്കും മുസ്ലിം വോട്ടുകള്‍ നിര്‍ബന്ധമാണ്. കേന്ദ്രത്തെയും പ്രതിഷേധക്കാരെയും പിണക്കാതെ, എങ്ങനെ പ്രശ്നം അവസാനിപ്പിയ്ക്കുമെന്ന രാപ്പകല്‍ ചര്‍ച്ചയിലാണ് അണ്ണാ ഡി.എം.കെ സര്‍ക്കാരിപ്പോള്‍.

ചെന്നൈയില്‍ സി.എ.എ വിരുദ്ധ സമരത്തിന് നേരെ പൊലീസ് അതിക്രമം. വണ്ണാർപേട്ടിലെ ശാഹീൻ ബാഗ് മോഡൽ സമര പന്തലില്‍ ലാത്തിച്ചാർജ്. നിരവധി പേർക്ക് പരിക്ക്

Posted by MediaoneTV on Friday, February 14, 2020