LiveTV

Live

Opinion

എല്ലാ പരിധികളും വിട്ട് യു.പി പോലീസ്; കുട്ടികൾക്കു നേരെ ഒടുങ്ങാത്ത ക്രൂരത

പൗരത്വ പ്രക്ഷോഭത്തിനിടെ ഇന്ത്യൻ നിയമങ്ങളും അന്താരാഷ്ട്ര ചട്ടങ്ങളും ലംഘിച്ച് ഉത്തര്‍പ്രദേശ് പോലീസ് കുട്ടികളോട് കാണിച്ച ക്രൂരതകള്‍ വെളിപ്പെടുത്തുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍

എല്ലാ പരിധികളും വിട്ട് യു.പി പോലീസ്; കുട്ടികൾക്കു നേരെ ഒടുങ്ങാത്ത ക്രൂരത

ന്യൂഡൽഹിയിലെ ശാഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പോയ ഭാര്യയുടെയും ഭർത്താവിന്റെയും നാല് മാസമുള്ള കുഞ്ഞ് ജനുവരി 30ന് മരണപ്പെട്ടത് ഒരുപാട് പേരെ രോഷം കൊള്ളിക്കുകയും സുപ്രീ കോടതിയുടെ വരെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാൽ ഡിസംബറിന്റെ തുടക്കത്തിൽ ഉത്തര്‍ പ്രദേശ് പോലീസ് തടഞ്ഞുവെച്ച 41 കുട്ടികൾ കസ്റ്റഡിയിൽ വെച്ച് പീഢനത്തിനിരയായി എന്ന വാർത്ത വന്നിട്ടും കാര്യമായ ഒരു പ്രതികരണവും പല ഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല.

ഡിസംബർ 12ന് നിയമം ഭേദഗതി ചെയ്തതിന് തൊട്ടുപിന്നാലെ യു.പിയിലെ 24 ജില്ലകളിൽ പ്രതിഷേധം അണപൊട്ടി. വളരെ മൃഗീയമായാണ് സംസ്ഥാന പോലീസ് ഇതിനോട് പ്രതികരിച്ചത്. മൂന്ന് വ്യത്യസ്ത ജനകീയ സംഘടനകൾ നടത്തിയ അന്വേഷണിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ കാര്യത്തിൽ പോലും പോലീസ് അയവ് കാണിച്ചിട്ടില്ല എന്ന് വ്യക്തമാണ്. 40 ശതമാനത്തിലധികം മുസ്‍ലിം ജനസംഖ്യയുള്ള ബിജ്നോർ, മുസഫർനഗർ തുടങ്ങിയ ജില്ലകളിലെ കാര്യമാണ് ഇതിൽ ഏറ്റവും ഭയാനകം. രാജ്യത്തുടനീളത്തു നിന്നുമുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾ വന്നു പഠിക്കുന്ന ഒരുപാട് പഠനകേന്ദ്രങ്ങളും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

സിറ്റിസൺസ് എഗൈൻസ്റ്റ് ഹേറ്റ്, ക്വിൽ ഫൌണ്ടേഷൻ, ഹഖ്: സെൻറർ ഫോർ ചൈൽഡ് റൈറ്റ്സ് എന്നീ സംഘടനകളാണ് ബിജ്നോർ, മുസഫർനഗർ, ഫിറോസാബാദ് എന്നീ ജില്ലകളിൽ ജനുവരി 10നും 24നുമിടക്ക് വസ്തുതാന്വേഷണം നടത്തിയത്. മാധ്യമങ്ങളിൽ വന്നതിനു ശേഷം പിന്നീട് സംഘടനയിലെ ഗവേഷകർ സ്ഥിരീകരിച്ച വാർത്തകളും ഇതിൽ പെടുന്നു. ഈ ലേഖനം എഴുതിയവര്‍ ക്വിൽ ഫൌണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.

കുട്ടികൾ കസ്റ്റഡിയിൽ

ഡിസംബർ 20ന് മുസഫർനഗർ പോലീസ് സാദത്ത് മദ്രസയിലും ഹോസ്റ്റലിലും കയറി 50ഓളം കുട്ടികളെയും പ്രിൻസിപ്പലിനെയും പാചകക്കാരനെയും മറ്റു രണ്ട് സ്റ്റാഫ് അംഗങ്ങളെയും പിടിച്ചുകൊണ്ടുപോയതായി ഞങ്ങളുടെ അന്വേഷണ സംഘത്തിന് മനസ്സിലാക്കാൻ സാധിച്ചു. സി.എ.എക്കെതിരെയുള്ള പ്രതിഷേധത്തിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു പോലീസ് ആരോപണം. 50 കുട്ടികളിൽ 14 പേരുടെ പ്രായം 18ൽ താഴെയാണ്. ഇങ്ങനെയുള്ള നാല് കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്തി. 12 ദിവസങ്ങൾ കസ്റ്റഡിയിൽ കിടന്നതിനു ശേഷം മാത്രമാണ് ഈ നാല് കുട്ടികളെ വിട്ടയച്ചതെന്ന് മദ്രസയുടെ പ്രിൻസിപ്പലായ സയിദ് അസദ് റാസാ ഹുസൈനി പറയുന്നു.

ഇതേ ദിവസം തന്നെ പ്രതിഷേധം അരങ്ങേറിയ ബിജ്നോറിലെ നാഗിന മേഖലയിൽ പ്രായപൂർത്തിയാവാത്ത 22 കുട്ടികളെ പോലീസ് തടഞ്ഞുവെച്ചിരുന്നു. പതിനേഴുകാരനായ റസ്ദാനെയും (പേരു മാറ്റിയിട്ടുണ്ട്) മറ്റു രണ്ടു പേരെയും രണ്ടു ദിവസം പോലീസ് തടഞ്ഞവെച്ചു എന്ന് റസ്ദാന്റെ മാതാവ് ഞങ്ങളോട് പറഞ്ഞു. “അവരെ പോലീസ് വല്ലാതെ മർദ്ദിച്ചു. ആദ്യം ബിജ്നോർ പോലീസ് ലൈൻസിലാണ് കൊണ്ടുപോയത്. പിന്നീട് ഒരു ബി.ജെ.പി എം.എൽ.എയുടെ ഉടമസ്ഥതതയിലുള്ള ഫാംഹൌസിലേക്ക് കൊണ്ടുപോയി,” അവർ പറഞ്ഞു.

ഫിറോസാബാദിൽ പോലീസ് തടഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് നിയമസഹായം ലഭിക്കാൻ പോലീസ് അനുവദിച്ചിലെന്നും ഞങ്ങൾ കണ്ടെത്തി. ലഖ്നൌവിൽ രണ്ട് കുട്ടികൾക്ക് വെടിയേറ്റിട്ടുണ്ട്. വെടിവെച്ചില്ലെന്നാണ് പോലീസ് വാദമെങ്കിലും എൻ.ഡി.ടി.വിയുടെ ഒരു റിപ്പോർട്ട് ഈ വാദങ്ങളെ പൊളിച്ചടക്കിയിട്ടുണ്ട്. വരാനസിയിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് അമിതമായി ബലപ്രയോഗം കാണിച്ചതുമൂലം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു എട്ടു വയസ്സുകാരൻ കൊല്ലപ്പെട്ടു. കുട്ടിയുടെ മൃതദേഹം ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വൻ പോലീസ് സുരക്ഷയോടെ മൃതദേഹം മറവുചെയ്യാൻ കുടുംബം നിർബന്ധിക്കപ്പെട്ടു.

പതിനേഴുകാരനായ റസ്ദാനെയും (പേരു മാറ്റിയിട്ടുണ്ട്) മറ്റു രണ്ടു പേരെയും രണ്ടു ദിവസം പോലീസ് തടഞ്ഞവെച്ചു എന്ന് റസ്ദാന്റെ മാതാവ് ഞങ്ങളോട് പറഞ്ഞു. “അവരെ പോലീസ് വല്ലാതെ മർദ്ദിച്ചു. ആദ്യം ബിജ്നോർ പോലീസ് ലൈൻസിലാണ് കൊണ്ടുപോയത്. പിന്നീട് ഒരു ബി.ജെ.പി എം.എൽ.എയുടെ ഉടമസ്ഥതതയിലുള്ള ഫാംഹൌസിലേക്ക് കൊണ്ടുപോയി,” അവർ പറഞ്ഞു.

ഡിസംബർ 11ന് പാർലമെൻറ് അംഗീകരിച്ച പൗരത്വ ഭേദഗതി ബിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിംകളല്ലാത്തതും 2014 ഡിസംബർ 31ന് ശേഷം രാജ്യത്ത് വന്നതും ഇവിടെ ആറ് വർഷം ജീവിക്കുകയും ചെയ്ത അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്ന നിയമമാണ്. മുസ്‍ലിംകളെ ഒഴിവാക്കിയതു കാരണം നിയമം വ്യാപകായ വിമർശനത്തിന് ഇരയായിട്ടുണ്ട്. നാഷണൽ റെജിസ്റ്റർ ഓഫ് സിറ്റിസൺസുമായി ചേർത്താൽ ഇന്ത്യയിലെ മുസ്‍ലിംകളെ വേട്ടയാടാനും അവരുടെ പൗരത്വം ഇല്ലാതാക്കാനും വേണ്ടി ഈ നിയമം ഉപയോഗിക്കപ്പെടാമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 26 പേർ ഇന്ത്യയിലുടനീളം മരണപ്പെട്ടിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിൽ കുട്ടികൾക്ക് മർദ്ദനം

കസ്റ്റഡിയിൽ വെച്ച് കുട്ടികൾക്ക് പീഢനമേറ്റതിന്റെ നിരവധി സംഭവങ്ങളും ഞങ്ങൾ രേഖപ്പെടുത്തി.

രണ്ടു ദിവസത്തെ കസ്റ്റഡി കഴിഞ്ഞ് ഡിസംബർ 22ന് മകൻ തിരിച്ചെത്തിയപ്പോൾ അവന്റെ ദേഹമാസകലം മുറിവകളുണ്ടായിരുന്നെന്നും അവന്റെ കാൽവിരലുകൾ അമർന്നുപോയിരുന്നുവെന്നും നാഗിനയിലെ റസ്ദാന്റെ മാതാവ് ബേമിന പറയുന്നു. “അവന് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,” അവർ പറയുന്നു. മർദ്ദനമേറ്റ് റസ്ദാന്റെ ശരീരത്തിന്റെ താഴ്ഭാഗം ഏതാണ്ട് മുഴുവനായും നീലിച്ചിരുന്നു.

പോലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കുന്ന  കുട്ടി
പോലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കുന്ന കുട്ടി

കസ്റ്റഡിയിലിരിക്കെ പോലീസ് റസ്ദാനെയും മറ്റുള്ളവരെയും മർദ്ദിച്ചെന്നും അവർക്ക് രാത്രി പുതയ്ക്കാൻ പുതപ്പുകൾ പോലും നൽകിയില്ലെന്നും അവന്റെ മാതാവ് പറയുന്നു. “തറയിൽ വിരിക്കുന്ന പായ് മാത്രമാണ് അവർക്ക് കൊടുത്തത്. ഉറങ്ങരുതെന്ന് കർശനമായ നിർദ്ദേശമുണ്ടായിരുന്നു. അവർ രാത്രി മുഴുവൻ എഴുന്നേറ്റിരിക്കേണ്ടി വന്നു. ആരെങ്കിലും ഉറങ്ങിപ്പോയാൽ അവരെ ഒരു ദയയുമില്ലാതെ തല്ലി,” അവർ പറയുന്നു.

വെള്ളം കുടിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ശൌചാലയം ഉപയോഗിക്കാൻ അവരെ പോലീസ് അനുവദിച്ചില്ല എന്നും അവർ ആരോപിക്കുന്നു. “കക്കൂസിൽ പോകണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർക്കും മർദ്ദനമേറ്റു,” ബെമിന പറയുന്നു.

“പോലീസുകാർ ബൂട്ട്സും ബാറ്റണും കൊണ്ടാണ് റസ്ദാനെ മർദ്ദിച്ചത്. അവന്റെ ശരീരത്തിന്റെ താഴ്ഭാഗത്ത് മുഴുവൻ മുറിവുകളാണ്,” അവർ പറയുന്നു.

മാധ്യമ റിപ്പോർട്ടുകൾ

നാഗിനയിൽ പോലീസ് കസ്റ്റഡിയിലായ പ്രായപൂർത്തിയാകാത്ത അഞ്ചു കുട്ടികളുടെ കാര്യത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടായതായി ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരെ ഇടയ്ക്കിടയ്ക്ക് ലാത്തി കൊണ്ട് മർദ്ദിക്കുകയും കുട്ടികളെ ഉറങ്ങാൻ അനുവദിക്കാതെ അവരെ മാനസികമായി പീഢിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. “ഉറങ്ങിപ്പോവാതിരിക്കാൻ ഞാനെന്റെ വിരലുകൾ കൊണ്ട് കണ്ണ് അമർത്തിപ്പിടിച്ചു. ചെറുതായി ഉറങ്ങിപ്പോയാൽ തന്നെ പോലീസുകാർ വടി കൊണ്ട് അടിക്കും,” ഒരു പതിനേഴുകാരൻ അതിൽ പറയുന്നുണ്ട്.

താപനില ആറ് ഡിഗ്രിയോളം താഴ്ന്നിട്ടും കുട്ടികൾക്ക് ഒരു നേരിയ പായ് മാത്രമാണ് നൽകിയത്. അതിനു മേൽ കിടക്കുകയോ അതു കൊണ്ട് പുതക്കുകയോ ചെയ്യാമെന്ന് വെബ്സൈറ്റിൽ പറയുന്നു.

വെള്ളിയാഴ്ച നോമ്പ് തുറക്കാൻ വെള്ളം പോലും കുട്ടികൾക്ക് കൊടുത്തില്ലെന്ന് 14 കുട്ടികളെ പിടിച്ചുകൊണ്ടുപോയ മുസഫർനഗറിലെ മദ്രസയുടെ പ്രിൻസിപ്പാളും സ്ഥാപകനുമായ സയിദ് അസദ് റസാ ഹുസൈനി പറയുന്നു. “പോലീസ് അവരെ അവഹേളിക്കുകയും പ്രവാചകനെ പോലെയുള്ള ഇസ്‍ലാമിക വ്യക്തിത്വങ്ങളെ ആക്ഷേപിക്കുകയും ചെയ്തു,” അദ്ദേഹം പറയുന്നു. “അവരെ നിർബന്ധിച്ച് ജയ് ശ്രീ രാം വിളിപ്പിച്ചു.”

മാനസിക പീഢനം

ശാരീരികമായ പീഢനത്തിനു പുറമെ മാനസികമായും വൈകാരികമായും യു.പി പോലീസ് കുട്ടികളെ പീഢിപ്പിച്ചിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത മറ്റു മുതിർന്നവരെ പോലീസ് എങ്ങനെയാണ് മർദ്ദിക്കുന്നതെന്നതിന്റെ കഥകൾ പോലീസ് അവർക്ക് വിവരിച്ചുകൊടുക്കാറുണ്ടായിരുന്നു എന്ന് റസ്ദാനിനൊപ്പം കസ്റ്റഡിയിലായിരുന്ന പതിനാലു വയസ്സുകാരൻ നിഷാദ് പറയുന്നു.

“ഞങ്ങളെ ബസിൽ കൊണ്ടുപോകുമ്പോൾ ഒരു പോലീസുകാരൻ ആരെയോ വീഡിയോ കോളിൽ വിളിച്ച് ചില ആളുകളുടെ വസ്ത്രമഴിക്കുകയും അവരെ ഒരു ദയയുമില്ലാതെ അടിക്കുകയും ചെയ്യുന്നതിന്റെ രംഗങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. ഞങ്ങളെയും അങ്ങനെയാണ് സ്വാഗതം ചെയ്യാൻ പോകുന്നതെന്നു വരെ അയാൾ പറഞ്ഞു. “ഇവിടെ വാ, നിങ്ങളെ സ്വാഗതം ചെയ്യാനുള്ളതെല്ലാം ഞങ്ങൾ ഒരുക്കിയിട്ടുണ്ട്’”

പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് പോലീസ്  പതിപ്പിക്കുന്ന 'വാണ്ടഡ്' പോസ്റ്റര്‍
പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് പോലീസ് പതിപ്പിക്കുന്ന 'വാണ്ടഡ്' പോസ്റ്റര്‍

പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ “150ഓളം പേർ തിങ്ങിനിന്ന് മർദ്ദിക്കപ്പെടുകയായിരുന്ന ഒരു ഹാളിലേക്ക് ഞങ്ങളെ തള്ളി,” നിഷാദ് പറയുന്നു. ചില കുട്ടികളെ പോലീസ് മോചിക്കുമ്പോഴും ഇനിയൊരു സമരത്തിൽ പങ്കെടുത്താൽ നിങ്ങളുടെ വിധിയും ഇതുതന്നെയായിരിക്കും എന്ന് പറഞ്ഞതായി ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരുടെ പോസ്റ്ററുകൾ പതിക്കലാണ് മുസ്‍ലിംകളെ ഭയപ്പെടുത്താൻ യു.പി പോലീസ് ഉപയോഗിക്കുന്ന മറ്റൊരു വഴിയെന്ന് ഞങ്ങളുടെ സംഘം കണ്ടെത്തി. പോലീസിനെ ഭയന്ന് പല രക്ഷിതാക്കളും കുട്ടികളെ ബിജ്നോറിൽ നിന്ന് പറഞ്ഞുവിട്ടുവെന്നും ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

“ഞങ്ങളെ ബസിൽ കൊണ്ടുപോകുമ്പോൾ ഒരു പോലീസുകാരൻ ആരെയോ വീഡിയോ കോളിൽ വിളിച്ച് ചില ആളുകളുടെ വസ്ത്രമഴിക്കുകയും അവരെ ഒരു ദയയുമില്ലാതെ അടിക്കുകയും ചെയ്യുന്നതിന്റെ രംഗങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. ഞങ്ങളെയും അങ്ങനെയാണ് സ്വാഗതം ചെയ്യാൻ പോകുന്നതെന്നു വരെ അയാൾ പറഞ്ഞു.

“എന്റെ മുഖം നല്ല വ്യക്തമായി തന്നെ പോസ്റ്ററിൽ കാണാൻ സാധിക്കും. അതിലുള്ളതു പോലെയുള്ള ജാക്കറ്റും തൊപ്പിയും എന്റെയടുത്തുണ്ട്,” ബിജ്നോറിലെ ജലാബാദ് മേഖലയിലുള്ള 15 വയസ്സുകാരൻ റെഹാൻ പറയുന്നു. “എന്നെ പോലെ 18 വയസ്സിൽ താഴെയുള്ള വേറെയും കുട്ടികളുടെ ചിത്രങ്ങൾ പോസ്റ്ററുകളിൽ കാണാം. ഇതു വരെ ഒരു പോലീസുകാരനും ഞങ്ങളെ അന്വേഷിച്ച് വന്നിട്ടില്ല. പക്ഷെ, ഞാൻ എത്രയും വേഗം ഇവിടെ നിന്ന് പോകാൻ നിൽക്കുകയാണ്.”

മുസഫർനഗറിൽ പോലീസുകാർ സാദത്ത് മദ്രസയിലെ അധികാരികളെ സമീപിക്കുകയും വിദ്യാർത്ഥികളിൽ ആരെയും പോലീസ് മർദ്ദിക്കുകയോ പീഢിപ്പിക്കുകയോ ചെയ്തില്ലെന്ന് അവരുടെ കൈയിൽ നിന്ന് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ഇതിനു പകരം കസ്റ്റഡിയിലെടുത്ത കുട്ടികളെ വിടാമെന്ന് അവർ പറഞ്ഞു. ഇല്ലെങ്കിൽ കേസുകൾ നീണ്ടുപോകും. മറ്റൊരു വഴിയുമില്ലാത്തതിനാൽ രേഖകൾ ഒപ്പിട്ടുകൊടുത്തെന്ന് പ്രിൻസിപ്പാൽ പറയുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ലംഘനം

നിയമലംഘനം നടത്തുന്ന കുട്ടികളുമായി ബന്ധപ്പെട്ട ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015 എന്ന നിയമം പല രീതിയിൽ യു.പിയിൽ പോലീസ് ലംഘിച്ചതായി തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജുവനൈൽ ജസ്റ്റിസ് ആക്ടുകളുടെ പരിധിയിൽ വരുന്ന നിയമങ്ങളുടെ സംരക്ഷണമാണ് കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്നത്.

ചെറുതോ വലുതോ ആയ കുറ്റങ്ങൾക്ക് ഒരു കുട്ടിയെയും കസ്റ്റഡിയിൽ എടുക്കാൻ പാടില്ലെന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 വ്യക്തമായി പറയുന്നുണ്ട്. ഏറ്റവും നീചമായ കുറ്റങ്ങൾക്ക് മാത്രമേ എഫ്.ഐ.ആറും കസ്റ്റഡിയും പാടുള്ളൂ. എന്നാൽ യു.പിയിൽ കസ്റ്റഡിയിൽ എടുക്കപ്പെട്ട കുട്ടികളുടെ എഫ്.ഐ.ആറിൽ വെറും ചെറിയ കുറ്റങ്ങൾ മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ എന്ന് ഞങ്ങളുടെ അന്വേഷണസംഘം കണ്ടെത്തി.

ഇടയ്ക്കിടയ്ക്ക് ലാത്തി കൊണ്ട് മർദ്ദിക്കുകയും കുട്ടികളെ ഉറങ്ങാൻ അനുവദിക്കാതെ അവരെ മാനസികമായി പീഢിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. “ഉറങ്ങിപ്പോവാതിരിക്കാൻ ഞാനെന്റെ വിരലുകൾ കൊണ്ട് കണ്ണ് അമർത്തിപ്പിടിച്ചു. ചെറുതായി ഉറങ്ങിപ്പോയാൽ തന്നെ പോലീസുകാർ വടി കൊണ്ട് അടിക്കും,” ഒരു പതിനേഴുകാരൻ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കാനുള്ള ഉത്തരവാദിത്വം ബാലക്ഷേമ വകുപ്പിലെ പോലീസ് ഉദ്യോഗസ്ഥർക്കോ പ്രത്യേക ജുവനൈൽ പോലീസ് വകുപ്പിലെ അംഗത്തിനോ ആണെന്ന നിയമവും ഇവിടെ കാറ്റിൽ പറത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാവാത്ത കുട്ടികളെ 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ വെച്ചിട്ടുണ്ടെന്നും ഒരാളെയും ബോർഡിനു മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വെളിപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് ഉത്തർ പ്രദേശിൽ പ്രായപൂർത്തിയാവാത്ത 26 കുട്ടികളെ പോലീസ് ലോക്കപ്പിൽ വെച്ചുവെന്ന് മാത്രമല്ല, അവരെ പീഢനത്തിനിരയാക്കുകയും മറ്റുള്ളവരെ പോലീസ് മർദ്ദിക്കുന്നതിന് നിർബന്ധിച്ച് സാക്ഷികളാക്കുകയും ചെയ്തു. അവരെ തടഞ്ഞുവെച്ച കാര്യം രക്ഷിതാക്കളെയോ ഒരു പ്രൊബേഷൻ ഉദ്യോഗസ്ഥനെയോ അറിയിച്ചില്ല. കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട കാര്യമാണിത്.

ഇതിനു പുറമെ അറസ്റ്റു ചെയ്യപ്പെട്ട ആളുകളുടെ പ്രായം 18 മുകളിലാണോ എന്ന് തീർച്ചപ്പെടുത്തേണ്ട പരമപ്രധാനമായ നടപടിയും ഇവിടെ പാലിക്കപ്പെട്ടില്ല. കുട്ടികളുടെ ചിത്രം പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചതു വഴി ഈ നിയമത്തിനു കീഴിൽ കുട്ടികൾക്ക് ഉറപ്പുനൽകിയിട്ടുള്ള സ്വകാര്യതയും നടപടികളുടെ രഹസ്യസ്വഭാവവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

യു.എൻ ചട്ടങ്ങളുടെ ലംഘനം

ഇന്ത്യ 1992ൽ സാധുവാക്കിയ യുനൈറ്റഡ് നാഷൻസ് കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ചിൽഡ്രൻ എന്ന് ചട്ടത്തിലെ വകുപ്പുകളും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്.

“എല്ലാ വിധത്തിലുമുള്ള വിവേചനങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നുമുള്ള സംരക്ഷണം” എല്ലാ കുട്ടികളുടെയും മൌലികാവകാശമാണെന്നും ഒരു കുട്ടിയെ “മർദ്ദനത്തിനോ, മറ്റു ക്രൂരവും അപമാനകരവും മനുഷ്യത്തപരമല്ലാത്തതുമായ പരിചരണങ്ങൾക്കോ വിധേയമാക്കുക”യും അവരുടെ സ്വാതന്ത്ര്യം എടുത്തുകളയുകയും ചെയ്യുന്നത് എല്ലാ തരത്തിലുമുള്ള നിയമവിരുദ്ധമാണെന്നും ഈ ചട്ടത്തിൽ പ്രതിപാദിക്കുന്നുണ്ട്.

പ്രായപൂർത്തിയാവാത്ത കുട്ടികളെ 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ വെച്ചിട്ടുണ്ടെന്നും ഒരാളെയും ബോർഡിനു മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വെളിപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് ഉത്തർ പ്രദേശിൽ പ്രായപൂർത്തിയാവാത്ത 26 കുട്ടികളെ പോലീസ് ലോക്കപ്പിൽ വെച്ചുവെന്ന് മാത്രമല്ല, അവരെ പീഢനത്തിനിരയാക്കുകയും മറ്റുള്ളവരെ പോലീസ് മർദ്ദിക്കുന്നതിന് നിർബന്ധിച്ച് സാക്ഷികളാക്കുകയും ചെയ്തു.

ഒരു കുട്ടിയെ കസ്റ്റഡിയിൽ വെക്കുന്ന സർക്കാർ സംവിധാനം ആ കുട്ടിക്ക് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ടെന്നും നിലവിലുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ട് കുട്ടിയുടെ ക്ഷേമവും നിലനിൽപ്പും വികാസവും പരിരക്ഷിക്കപ്പെടുന്നുണ്ടെന്നും കുട്ടിയുടെ ജീവിക്കാനുള്ള അവകാശം ഒരു തരത്തിലും ഭീഷണിയിലല്ലെന്നും ഉറപ്പുവരുത്തുക സംസ്ഥാന സർക്കാരിന്റെ കടമയാണ്. സംഘടിക്കാനും സമാധാനപൂർവം ഒത്തുചേരാനുമുള്ള അവകാശവും ഓരോ കുട്ടിയ്ക്കും നൽകപ്പെട്ടിട്ടുണ്ട്.

അക്രമത്തിനോടുള്ള പ്രതികരണം

സി.എ.എയ്ക്കെതിരെയുള്ള സമരങ്ങൾക്കിടെ കല്ലെറിയാനും മറ്റ് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കും കുട്ടികളെ ഉപയോഗപ്പെടുത്തുന്നു എന്ന് ആരോപിച്ചു കൊണ്ട് ദേശീയ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും ഡയറക്ടർ ജനറർ ഓഫ് പോലീസുകൾക്ക് നോട്ടീസയച്ചിരുന്നു. കുട്ടികളെ “ആൾകവചമാ”യി ഉപയോഗിക്കുന്ന രീതി ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഴുവൻ കൌമാരക്കാരായ ആൺകുട്ടികളെയും ‘സുരക്ഷാ ഭീഷണി’യായി കാണുന്ന രീതി സ്വീകരിക്കരുതെന്ന് കമ്മീഷൻറെ തന്നെ മാർഗരേഖകളിൽ പോലീസിനും പട്ടാളത്തിനും ഉപദേശം നൽകുന്നുണ്ട്. ഇതേ സ്വഭാവത്തിലുള്ള ഒരു ഉപദേശം ജനുവരിയുടെ തുടക്കത്തിൽ കമ്മീഷൻ ഉത്തർ പ്രദേശിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസിനും അയച്ചിരുന്നു. എന്നാൽ രണ്ട് നോട്ടീസുകളിലും പോലീസിന്റെ അമിത ബലപ്രയോഗത്തെക്കുറിച്ച് യാതൊരു സൂചനയും കാണാനില്ല.

കുട്ടികളെ മർദ്ദിക്കുകയോ അവരുടെ മേൽ ഹിംസ പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന യു.പി പോലീസ് ചില കേസുകളിൽ അവരെ അറസ്റ്റ് ചെയ്തുവെന്ന് പോലും നിഷേധിക്കുകയാണ്.

രാജ്യത്തുടനീളമുള്ള 58 ബാലാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും ജനുവരിയിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ചെയർപേർസണായ പ്രിയങ്ക് കനൂങ്കോക്ക് കത്തെഴുതുകയും അതിൽ കമ്മീഷൻ ഡയറക്ടർ ജനറലുമാർക്കയച്ച നോട്ടീസിനെ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. കത്തിന്റെ വളരെ ചെറിയ ഒരു ഭാഗത്ത് പ്രായപൂർത്തിയാവാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്ത് പീഢിപ്പിക്കുന്നതിനെക്കുറിച്ച് ആശങ്കയറിക്കുകയും ചെയ്തു.

*സ്വകാര്യത ഉറപ്പുവരുത്താൻ മദ്രസാ പ്രിൻസിപ്പാൾ ഒഴികെയുള്ള ബാക്കിയെല്ലാവരുടെയും പേരുകൾ മാറ്റിയിട്ടുണ്ട്

പരിഭാഷ: സയാന്‍ ആസിഫ്