LiveTV

Live

Opinion

ട്രോളന്മാരുടെ പ്രിയതോഴൻ; കെ. സുരേന്ദ്രനിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്

സോഷ്യൽ മീഡിയയുടെയും ട്രോളന്മാരുടെയും പരിഹാസങ്ങൾക്ക് വിധേയരായ പല ബി.ജെ.പി നേതാക്കളും ദേശീയതലത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്

ട്രോളന്മാരുടെ പ്രിയതോഴൻ; കെ. സുരേന്ദ്രനിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്

ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവിയിലേക്കുള്ള കെ. സുരേന്ദ്രന്റെ നിയോഗം രാഷ്ട്രീയ കേന്ദ്രങ്ങളേക്കാളുപരി ചർച്ചയാവുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സാപ്പ് തുടങ്ങിയ പുതുതലമുറ മാധ്യമങ്ങളുടെ സാധ്യതകൾ തിരിച്ചറിയുകയും അവ ഉപയോഗപ്പെടുത്തി രാജ്യഭരണത്തിലേറുകയും ചെയ്ത ബി.ജെ.പി സുരേന്ദ്രനെപ്പോലെ 'സമൂഹമാധ്യമ ജനകീയൻ' ആയ ഒരാളെ കേരളത്തിലെ അധ്യക്ഷപദവി ഏൽപ്പിക്കുന്നതിനു പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നു വേണം അനുമാനിക്കാൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ യുവതലമുറയിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും മികച്ച വഴിതന്നെയാണ് ബി.ജെ.പിക്ക് സുരേന്ദ്രൻ. നെഗറ്റീവായാലും പോസിറ്റീവായാലും പബ്ലിസിറ്റി പബ്ലിസിറ്റി തന്നെയെന്ന പുതിയ കാലത്തെ സമവാക്യത്തെ എത്രമാത്രം ഉപയോഗപ്പെടുത്താൻ ബി.ജെ.പിക്കും സുരേന്ദ്രനും കഴിയും എന്നതാണ് കണ്ടറിയേണ്ടത്.

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി സ്വദേശീയ കെ. സുരേന്ദ്രൻ സോഷ്യൽ മീഡിയ ട്രോളന്മാരുടെ പ്രിയതാരമാകുന്നത് ഉള്ളി കഥാപാത്രമായൊരു സംഭവത്തോടെയാണ്. ദേശീയതലത്തിൽ ഗോമാതാമഹത്വവും ബീഫ് വിരുദ്ധതയും ബി.ജെ.പി പ്രചരിപ്പിക്കുന്നതിനിടയിലാണ് സുരേന്ദ്രൻ പാർട്ടി പ്രവർത്തകർക്കൊപ്പം പൊറോട്ട കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ വൈറലാകുന്നത്. പൊറോട്ടക്കൊപ്പമുണ്ടായിരുന്ന, ട്രോളന്മാർ ബീഫ് വരട്ടിയതെന്നും സുരേന്ദ്രൻ ഉള്ളിക്കറിയെന്നും വിശേഷിപ്പിച്ച കൂട്ടാനായിരുന്നു ട്രോൾഹേതു.

ട്രോളന്മാരുടെ പ്രിയതോഴൻ; കെ. സുരേന്ദ്രനിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്

പൊറോട്ടക്കൊപ്പം കഴിച്ചത് ബീഫല്ല, ഉള്ളക്കറിയാണെന്ന സുരേന്ദ്രന്റെ വിശദീകരണം നിരവധി ട്രോളുകൾക്കു വിഷയമായി. തനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ ട്രോളുകൾ ഉള്ളിചേർത്തുള്ളവയാണെന്ന് സുരേന്ദ്രൻ തന്നെ പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞു. പരിഹാസം ഇഷ്ടമല്ലെങ്കിലും ട്രോളന്മാരെ ബ്ലോക്ക് ചെയ്യാറില്ലെന്നും അവർ കാരണം തനിക്ക് കൂടുതൽ റീച്ച് കിട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.

നോട്ടുനിരോധനം സംബന്ധിച്ചുള്ള ചാനൽ ചർച്ചയിൽ, നിരോധിക്കപ്പെട്ട 14 ലക്ഷം കോടി രൂപയിൽ കുറഞ്ഞത് മൂന്നു ലക്ഷം കോടിയെങ്കിലും ബാങ്കുകളിൽ തിരിച്ചെത്തില്ല എന്നും തന്റെ വാദത്തിനു വിരുദ്ധമായി സംഭവിച്ചാൽ ചാനൽ അവതാരകൻ പറയുന്ന പണിചെയ്യാൻ താൻ തയ്യാറാണെന്നും സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നു. പിന്നീട്, നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ ട്രോളന്മാർ സുരേന്ദ്രന്റെ പിന്നാലെ കൂടി.

ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരമുഖത്തെ സജീവ പങ്കാളിത്തമാണ് സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത്. അതിനിടയിൽ ട്രോളന്മാർക്കും ആഘോഷിക്കാനുള്ള വകകൾ വീണുകിട്ടി. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ വെച്ച് സുരേന്ദ്രൻ ഇരുമുടിക്കെട്ട് രണ്ടുതവണ താഴെയിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത് വൻ പ്രാധാന്യത്തോടെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. പൊലീസ് തന്നെ മർദിച്ചെന്നു കാണിക്കാൻ അദ്ദേഹം സ്വന്തം കുപ്പായം വലിച്ചുകീറിയെന്നും ആരോപണമുയർന്നു. ഇരുമുടിക്കെട്ട് നിലത്തിട്ട സംഭവത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തുവന്നു.

ട്രോളന്മാരുടെ പ്രിയതോഴൻ; കെ. സുരേന്ദ്രനിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്

ശബരിമല യാത്രക്കിടെ സുരേന്ദ്രൻ വ്രതനിഷ്ഠകൾ ലംഘിച്ച് മീൻവിഭവങ്ങൾ കഴിച്ചുവെന്നും ആരോപണമുയർന്നു. മത്സ്യവിഭവങ്ങൾക്കു പേരുകേട്ട മലപ്പുറം ജില്ലയിലെ വളയംകുളത്തെ ഒരു ഹോട്ടലിൽ സുരേന്ദ്രൻ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണിത്. ശബരിമലയ്ക്കു പോകുന്ന വഴിയിൽ 'ആഡ് ഫിഷ് ടു യുവർ ഡിഷ്' എന്ന ടാഗ് ലൈനുള്ള ഹോട്ടലിൽ സുരേന്ദ്രൻ എന്തിനു കയറി എന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം.

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരിക്കെയാണ് സുരേന്ദ്രനെതിരെ മറ്റൊരു വലിയ വിവാദമുണ്ടാകുന്നത്. ശബരിമല യാത്രക്കിടെ ലഹരി വസ്തുവായ ഹാൻസ് ഉപയോഗിച്ചുവെന്ന ആരോപണമായിരുന്നു അത്. സുരേന്ദ്രനുമായി 99.99 ശതമാനവും രൂപശാദൃശ്യവും സുരേന്ദ്രന്റെ അതേ ശരീരഭാഷയുമുള്ള ആൾ ഹാൻസ് തിരുമ്മി ചുണ്ടിനടിയിൽ വെക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. വീഡിയോ ക്ലിപ്പിന്റെ ആധികാരികത തെളിയിക്കപ്പെട്ടില്ലെങ്കിലും ട്രോളന്മാരുടെ സുരേന്ദ്രൻവിശേഷണങ്ങളിൽ ഹാൻസും ഇടംപിടിച്ചു.

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ എ.ബി.വി.പിക്കാർ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങൾ സുരേന്ദ്രൻ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത് 'മാരകായുധങ്ങളുമായി ജെ.എൻ.യുവിൽ എ.ബി.വി.പി പ്രവർത്തകരെ ആക്രമിക്കുന്ന ഇടതു ജിഹാദി തെമ്മാടികൾ' എന്ന തലക്കെട്ടോടെയായിരുന്നു. എ.ബി.വി.പി അക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങൾ സുരേന്ദ്രനെയും വിചാരണ ചെയ്തു.

സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചാവിഷയമാവുക വഴി കൂടുതൽ ദൃശ്യത നേടുകയെന്ന തന്ത്രം കഴിഞ്ഞ പതിറ്റാണ്ടിൽ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ബി.ജെ.പി ആയിരുന്നു. സോഷ്യൽ മീഡിയയുടെയും ട്രോളന്മാരുടെയും പരിഹാസങ്ങൾക്ക് വിധേയരായ പല ബി.ജെ.പി നേതാക്കളും ദേശീയതലത്തിൽ നേട്ടമുണ്ടാക്കി. എന്നാൽ, നെഗറ്റീവ് പബ്ലിസിറ്റി കേരളത്തിലെ പ്രായോഗിക രാഷ്ട്രീയത്തിൽ ഇതുവരെ കാര്യമായി ചെലവാകാത്ത നമ്പരാണ്. ട്രോളന്മാരുടെ താരങ്ങളായിരുന്ന മുൻ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനും മുൻ കേന്ദ്രമന്ത്രി അൽഫോൻ കണ്ണന്താനത്തിനും രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. വിവാദങ്ങൾക്കും ട്രോളുകൾക്കുമൊപ്പം ജീവിക്കുന്ന കെ. സുരേന്ദ്രന് അത് തിരുത്തിക്കുറിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.