LiveTV

Live

Opinion

വിജയം കെജ്‌രിവാളിന്; ആശ്വാസം രാജ്യത്തിന്

ആംആദ്മി പാര്‍ട്ടിയെന്നത് കേവലമൊരു ഷോര്‍ട്ട് ബ്രേക്ക് പരിപാടിയായിരുന്നില്ല എന്നതിന്‍റെ കൃത്യമായ അടയാളപ്പെടുത്തലായിരുന്നു ഈ ഉജ്ജ്വല വിജയം

വിജയം കെജ്‌രിവാളിന്; ആശ്വാസം രാജ്യത്തിന്

''കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെങ്കില്‍ മാത്രം തങ്ങള്‍ക്ക് വോട്ട് ചെയ്യുക'' - മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ജനങ്ങളോട് പറഞ്ഞതിങ്ങനെയായായിരുന്നു. തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് മുഖത്ത് മറ്റാരും കാണിക്കാത്ത ആത്മവിശ്വാസം കെജ്‌രിവാള്‍ കാണിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ ആത്മവിശ്വാസമാണ് എതിരാളികളെ നിഷ്പ്രഭരാക്കി വെന്നിക്കൊടി പാറിക്കാന്‍ ആംആദ്മി പാര്‍ട്ടിയെ പ്രാപ്തമാക്കിയത്. അമിത് ഷായെന്ന സൃഗാലബുദ്ധിക്കാരനായ നേതാവ് തോറ്റമ്പി വീണത് ആ ഒടുങ്ങാത്ത ആത്മവിശ്വാസത്തിനു മുന്നിലാണ്.

ഈ വിജയം ഡല്‍ഹിക്കാര്‍ക്ക് അനിവാര്യമായിരുന്നു. അതിലേറെ ഈ രാജ്യത്തിനും. മടക്കമില്ലാത്ത മുന്നേറ്റ പാതയിലാണ് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെന്ന് തോന്നിക്കുംവിധത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനവിരുദ്ധത രാജ്യത്താകെ പടര്‍ന്നുകയറിയിരുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ അത് നൃശംസഭാവത്തിന്‍റെ അങ്ങേയറ്റം തൊടുകയുമായിരുന്നു. ഒരു തിരിച്ചുപിടിക്കല്‍ അസാധ്യമെന്ന് തോന്നിക്കുംവിധത്തിലുള്ള ഞെട്ടിക്കും തീരുമാനങ്ങള്‍ അടിക്കടി വന്നുപതിക്കുകയായിരുന്നു. ആ കത്തുംവെയിലിലാണ് ഡല്‍ഹിയിലെ വിജയം കുളിര്‍മഴയായി കടന്നുവന്നത്.

ആംആദ്മി പാര്‍ട്ടിയെന്നത് കേവലമൊരു ഷോര്‍ട്ട് ബ്രേക്ക് പരിപാടിയായിരുന്നില്ല എന്നതിന്‍റെ കൃത്യമായ അടയാളപ്പെടുത്തലായിരുന്നു ഈ ഉജ്ജ്വല വിജയം. 2015-ല്‍ 28 സീറ്റുമായി രംഗപ്രവേശം ചെയ്തവര്‍ അന്നു നേടിയത് 23,22,330 (29.49 ശതമാനം) വോട്ടുകളായിരുന്നു. അതാണിപ്പോള്‍ ഏറെ വലിയ കുതിപ്പിലേക്കെത്തിയിരിക്കുന്നത്. 62 സീറ്റും 49,74,522 (53.57 ശതമാനം) വോട്ടും. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയെ ബി.ജെ.പി തൂത്തെറിഞ്ഞിരുന്നു. 7-ല്‍ ഒരു സീറ്റും അവര്‍ക്ക് കൊടുക്കാതെ 7 ഉം ബി.ജെ.പി കരസ്ഥമാക്കുകയായിരുന്നു. അന്ന് ആംആദ്മിക്ക് കിട്ടിയത് കേവലം 15,71,687 (18.2 ശതമാനം) വോട്ട് മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ആം ആദ്മിക്ക് ജീവന്‍മരണ പോരാട്ടമായിരുന്നു. കെജ്‌രിവാള്‍ ചിറകിനടിയില്‍ സൂക്ഷിച്ച ഡല്‍ഹിയെ ബി.ജെ.പി കീഴടക്കുമോ എന്നത് പലരിലും ആശങ്കയുണര്‍ത്തിയിരുന്നു. അത്തരം എല്ലാ ശങ്കകളെയും കൂടിയാണ് ആംആദ്മി പാര്‍ട്ടി കശക്കിയെറിഞ്ഞിരിക്കുന്നത്. 2019 മെയ് മാസത്തിനുശേഷമുള്ള കേവലം എട്ടുമാസത്തിനകം അതേ ബി.ജെ.പിയെ അവര്‍ മലര്‍ത്തിയടിച്ചിരിക്കുന്നു. തങ്ങളുടെ വോട്ടില്‍ ഈ കുറഞ്ഞ കാലയളവിനുള്ളില്‍ അവരുണ്ടാക്കിയ വര്‍ധനവ് 34,02,835 ആണ്. അത്യത്ഭുതകരമായ തിരിച്ചുവരവ്. അഞ്ചുവര്‍ഷം മുന്‍പ് അവര്‍ നേടിയ 48,78,397 നെയും മറികടന്ന് 96,135 വോട്ടിന്റെ വര്‍ധനവ് നേടാനുമായി.

എന്തായിരിക്കാം ഈ ഉജ്ജ്വല നേട്ടങ്ങള്‍ക്ക് ആംആദ്മിയെ പ്രാപ്തരാക്കിയത്? മാധ്യമങ്ങള്‍ പലതും വിലയിരുത്തിയതുപോലെ വികസന രാഷ്ട്രീയത്തിന് വിലയിട്ടത് മാത്രമായിരിക്കുമോ. അതല്ല, പല രാഷ്ട്രീയ പാര്‍ട്ടികളും വിലയിരുത്തിയതുപോലെ രാജ്യമാകെ അലയടിക്കുന്ന ബി.ജെ.പി വിരുദ്ധ ജനമുന്നേറ്റങ്ങളുടെ പ്രതിഫലനവും ഈ വിജയത്തിനു പിന്നിലുണ്ടോ. ഇതു രണ്ടും പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍.

ജാമിയ മിലിയയിലും ജെ.എന്‍.യുവിലും മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും അവയൊന്നും കേട്ടില്ലെന്ന് നടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പൗരത്വ നിയമ സമരങ്ങളുടെ മുന്‍നിരയിലൊന്നും കെജ്‌രിവാളിനെയോ ആംആദ്മിയെയോ കണ്ടില്ലെങ്കിലും സമരം കൊണ്ടുള്ള നേട്ടം അവരുടെ പെട്ടിയില്‍ വോട്ടുകളെത്തിച്ചു എന്നതിന് തെളിവുകളുണ്ട്.

അടിസ്ഥാനപരമായി നേട്ടം കൊണ്ടുവന്നത് തിളങ്ങുന്ന ഭരണമികവ് തന്നെ. പക്ഷെ, അത് മുന്‍കണ്ട് അമിത്ഷായും കൂട്ടരും വിരിച്ചുവെച്ച വര്‍ഗീയ വലയില്‍ തങ്ങളുടെ അണികള്‍ ചെന്നുവീഴാതിരിക്കാന്‍ കെജ്‌രിവാള്‍ കാണിച്ച രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെയാകെയുള്ള സമരപ്പുകയുടെ തീപ്പൊരി വീണത് ഡല്‍ഹിയിലെ കലാശാലകളിലായിരുന്നു. അതിനെതിരെ ഡല്‍ഹി പൊലീസ് അതിക്രൂരമായി പ്രതികരിക്കുകയും ചെയ്തു. സമര മുന്നേറ്റങ്ങളുടെ വളര്‍ച്ച ശാഹിന്‍ബാഗിലേക്കെത്തുകയും ചെയ്തു. എന്നിട്ടും കെജ്‌രിവാള്‍ തിരിഞ്ഞുനോക്കുകയുണ്ടായില്ല. ഡല്‍ഹിയിലെ പ്രസിദ്ധമായ ജെ.എന്‍.യു സര്‍വകലാശാലയില്‍ എ.ബി.വി.പി ഗുണ്ടകള്‍ കയറി നിരങ്ങിയപ്പോഴും മൗനിബാബയെന്ന മട്ടായിരുന്നു കെജ്‌രിവാളിന്.

എതിരെയെന്തെങ്കിലും പ്രതികരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് മുന്‍കൂട്ടി തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നുവേണം വിലയിരുത്താന്‍. ജാമിയ മിലിയയിലും ജെ.എന്‍.യു വിലും മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും അവയൊന്നും കേട്ടില്ലെന്ന് നടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പൗരത്വ നിയമ സമരങ്ങളുടെ മുന്‍നിരയിലൊന്നും കെജ്‌രിവാളിനെയോ ആംആദ്മിയെയോ കണ്ടില്ലെങ്കിലും സമരം കൊണ്ടുള്ള നേട്ടം അവരുടെ പെട്ടിയില്‍ വോട്ടുകളെത്തിച്ചു എന്നതിന് തെളിവുകളുണ്ട്. ജാമിയ, ശാഹിന്‍ബാഗ് മുതലായ സമരകേന്ദ്രങ്ങളുള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആപ് സ്ഥാനാര്‍ത്ഥി ജയിച്ചുകയറിയത് 71,827 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു. മറ്റൊരു ശക്തമായ സമരകേന്ദ്രമായ മുസ്തഫാബാദ് സീറ്റ് ബി.ജെ.പിയില്‍നിന്ന് അവര്‍ പിടിച്ചെടുത്തത് 20,704 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും. അതിനു സമാനമായ വിജയമാണ് സമരം കൊടുമ്പിരിക്കൊണ്ടിരുന്ന സീലംപൂര്‍, ചാന്ദ്‌നി ചൗക്ക്, മെഹ്‌റോളി എന്നിവിടങ്ങളിലും ആംആദ്മിക്ക് കൈവരിക്കാനായത്.

പ്രചാരണത്തിന്‍റെ അവസാന ദിനങ്ങളില്‍ ഏതു കൊമ്പനെയും മുട്ടുകുത്തിക്കാന്‍പോന്ന പൂഴിക്കടകനുമായാണ് പ്രധാനമന്ത്രി മോദിയും അമിത്ഷായും ഡല്‍ഹി സംസ്ഥാനത്താകെ കറങ്ങി നടന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളായി രാജ്യത്തെ തെരഞ്ഞെടുപ്പ് മാര്‍ക്കറ്റുകളില്‍ വലിയ വിലയ്ക്ക് വിറ്റഴിഞ്ഞുപോയ അയോധ്യയെന്ന കറവപ്പശുവിനെ വരെ അവര്‍ രംഗത്തിറക്കി. വോട്ടെടുപ്പിന് മൂന്ന് ദിനം മുന്‍പ് രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണമെന്ന അവസാന മരുന്നുമായി പ്രധാനമന്ത്രി മോദി തന്നെ രംഗപ്രവേശം ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി തനതു നിലപാടെടുത്ത കെജ്‌രിവാള്‍ പൗരത്വ വിഷയത്തില്‍ തങ്ങള്‍ക്കെതിരാണെന്ന് മനസ്സിലാക്കിയ ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ പരമാവധി പ്രകോപിപ്പിക്കാന്‍ പലതും ചെയ്തുകൊണ്ടിരുന്നു. അതിനും അദ്ദേഹം വഴങ്ങിയില്ല. രാജ്യതലസ്ഥാനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ് താനെന്ന തികഞ്ഞ ഉത്തരവാദിത്വബോധം മറന്നുള്ള ഒരു പ്രതികരണത്തിനും കെജ്‌രിവാള്‍ ഇറങ്ങിപ്പുറപ്പെട്ടതേയില്ല. യഥാര്‍ത്ഥത്തില്‍ ബി.ജെ.പി പരാജയപ്പെട്ടത് അദ്ദേഹത്തിന്‍റെ സുചിന്തിതമായ ഈ ദൃഢ നിലപാടിനോടായിരുന്നു.

ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ബി.ജെ.പിയുടെ ജനവിരുദ്ധത തുറന്നുകാട്ടുന്നതിനും ഒരു മടിയും കാണിക്കാത്തപ്പോള്‍ തന്നെ, മുതലെടുപ്പിനുള്ള യാതൊരു പഴുതും നല്‍കാത്ത കെട്ടുറപ്പുള്ള ഒരു തിരക്കഥ പോലെ ഡല്‍ഹി തെരഞ്ഞെടുപ്പുരംഗത്തെ തന്‍റെ ഉള്ളംകയ്യില്‍ കൊണ്ടുനടക്കാന്‍ കെജ്‌രിവാളിനായി. കാടിളക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള പഠനാര്‍ഹമായ ഒരു സ്‌പെസിമെന്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ആംആദ്മി പ്രകടിപ്പിച്ച അപാരമായ രാഷ്ട്രീയ കയ്യടക്കം. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കണമെന്ന നിഷ്‌കര്‍ഷ ആംആദ്മി പാര്‍ട്ടിക്കുണ്ടായിരുന്നു. ആദ്യാവസാനം ആ മുറുക്കം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായി. പൊതു രാഷ്ട്രീയ പാര്‍ട്ടികളുടെ തേഞ്ഞുപഴകിയ മൈക്ക് - കയ്യടി നിലപാടുകളില്‍നിന്നുമുള്ള പിന്മാറ്റം കൂടിയായിരുന്നു ഇത്. ആംആദ്മി പാര്‍ട്ടിക്ക് ഇപ്രകാരമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയത് 'ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി' എന്ന സംഘടനയും അതിനെ നയിച്ച പ്രശാന്ത് കിഷോറുമായിരുന്നു. പ്രശാന്ത് കിഷോറെന്ന പ്രൊഫഷണല്‍ സെഫോളജിസ്റ്റിന്‍റെ കൂടി വിജയമാണ് ഇതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയതും ഇക്കാരണത്താലാണ്.

വിജയം കൈപ്പിടിയില്‍ വന്നശേഷം നടത്തിയ പ്രസംഗത്തില്‍പോലും ഈ തന്ത്രജ്ഞത വിളയാടിനിന്നു. ബി.ജെ.പിയെ മലര്‍ത്തിയടിച്ചശേഷം ആദ്യമായി നടന്ന ആ പൊതുപ്രസംഗത്തില്‍ നരേന്ദ്രമോദിയെയോ അമിത്ഷായെയോ എന്തിന് ബി.ജെ.പിയെ പോലുമോ പ്രതിപാദിക്കാതെ വിദഗ്ധമായി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ബി.ജെ.പിയുടെ അപകടകരമായ ഹിന്ദുത്വ കാര്‍ഡിന് പകരം വെക്കാന്‍ ശക്തമായ മൃദു ഹിന്ദുത്വ കാര്‍ഡെടുത്ത് വീശുകയായിരുന്നു അദ്ദേഹം. ഹനുമാന്‍റെ അനുഗ്രഹത്താലാണ് ഈ വിജയം കൈവന്നതെന്ന് പ്രഖ്യാപിക്കാനും മറന്നില്ല. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ എങ്ങനെ വേണം പോരാടാനെന്ന് പറയാതെ പറഞ്ഞുവെക്കുകയായിരുന്നു ആ രാഷ്ട്രീയ തന്ത്രജ്ഞന്‍.

വലിയ അവകാശവാദങ്ങളുമായി കളംനിറഞ്ഞ് പോരാടുകയായിരുന്നു ബി.ജെ.പി. ഡല്‍ഹിയെ മുഴുവന്‍ ഇളക്കിമറിച്ച വര്‍ഗീയതിലൂന്നിയ പ്രചരണങ്ങളിലൂടെ 80 ശതമാനത്തിലധികം വരുന്ന ഹിന്ദുമത സമുദായക്കാര്‍ അഹമഹമികയാ മുന്നോട്ടുവന്ന് തങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്ന് ബി.ജെ.പി മനപ്പായസമുണ്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതല്‍ അന്‍പതിലേറെ കേന്ദ്രമന്ത്രിമാരും കളത്തിലിറങ്ങിക്കളിച്ചു. എന്നാല്‍ വോട്ടെണ്ണിക്കഴിയുമ്പോഴേക്കും തിരിച്ചടികളായിരുന്നു അവരെ കാത്തിരുന്നത്. കഴിഞ്ഞവര്‍ഷം നേടിയ 49,08,541 ല്‍നിന്നും വോട്ട് വിഹിതം 35,75,430 ആയി കുറഞ്ഞു. അതായത് എട്ടുമാസത്തിനകം ഒറ്റയടിക്ക് 13,33,111 വോട്ടിന്‍റെ കുറവ്. വോട്ടിങ്ങ് ശതമാനമാകട്ടെ 56.86 ല്‍നിന്ന് 38.51 ലേക്ക് - 18.35 ശതമാനത്തിന്‍റെ കുറവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത് 28,90,485 വോട്ടും 32.19% വോട്ട് വിഹിതവുമായിരുന്നു. എങ്കിലും അഞ്ചുവര്‍ഷത്തിനകം 6,84,945 വോട്ടും 6.32% വോട്ടിങ്ങ് ശതമാനവും കൂടുതല്‍ നേടാനായത് അവര്‍ക്ക് നേട്ടമായി.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്നതായിരുന്നു 2019-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമുദ്രാവാക്യം. അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി ഇത്തവണയും അതുറപ്പുവരുത്തി. 2015-ല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന് ഇത്തവണയും അതേ ഗതി. കോണ്‍ഗ്രസ് മുക്ത ഡല്‍ഹി. പക്ഷെ അത് പ്രഖ്യാപിച്ച ബി.ജെ.പിയും കൂടെ വീണു എന്ന ഐറണി ബാക്കി. മോദിയുടെ 'മന്‍ കി ബാത്ത്' അല്ല, കെജ്‌രിവാളിന്‍റെ 'ജന്‍ കി ബാത്ത്' ആണ് ഏശിയതെന്ന ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ പ്രയോഗമാണ് ഫലത്തില്‍ വന്നതെന്നു സാരം.

കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി സമാനതകളില്ലാത്തതായിരുന്നു. 66 സീറ്റിലാണവര്‍ മത്സരിച്ചത്. 63 ലും അവര്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കാന്‍ തങ്ങളല്ലാതെ മറ്റാരുമില്ലെന്ന കോണ്‍ഗ്രസ് അഹന്തയ്ക്ക് ഇതിനു മുന്‍പും പല സംസ്ഥാനങ്ങളും ചുട്ട മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹി ഇന്നലെ നല്‍കിയത് അത്തരം വരട്ടുവാദത്തിന്‍റെ കരണത്തിട്ടടി തന്നെയായിരുന്നു. അപ്രസക്തമായ രാഷ്ട്രീയരീതിയാണ് തങ്ങളുടെ കൈമുതലെന്ന് കോണ്‍ഗ്രസിനെ വീണ്ടും ഓര്‍മിപ്പിക്കാന്‍ കെജ്‌രിവാളിലൂടെ ഡല്‍ഹി ജനത മുന്നോട്ടുവരികയായിരുന്നു. നെഹ്രു കുടുംബമെന്ന കുറ്റിയില്‍കിടന്ന് ചുറ്റിത്തിരിയുന്ന കോണ്‍ഗ്രസിന് ഇതിലും വലിയ പരാജയം സ്വപ്നങ്ങളില്‍മാത്രം.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കണമെന്ന നിഷ്‌കര്‍ഷ ആംആദ്മി പാര്‍ട്ടിക്കുണ്ടായിരുന്നു. ആദ്യാവസാനം ആ മുറുക്കം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായി.

രാഹുലും പ്രിയങ്കയും ഒരുമിച്ച് പ്രചാരണത്തിനിറങ്ങിയ സംഗംവിഹാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേടാനായത് കേവലം 2,600 വോട്ട് മാത്രം. എട്ടുമാസം മുന്‍പ് ബി.ജെ.പിയുടെ തേരോട്ടം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും അഞ്ച് നിയമസഭാ സീറ്റുകളില്‍ ഒന്നാമതെത്താനും അഞ്ച് ലോക്‌സഭാ സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താനും സാധിച്ച ഒരു പാര്‍ട്ടിയെയാണ് ഇത്തവണ ഡല്‍ഹിക്കാര്‍ തേച്ചൊട്ടിച്ചത്. കോണ്‍ഗ്രസിന് ഇത്തവണ നേടാനായത് 3,95,924 വോട്ട് (4.26 ശമതാനം) മാത്രം. എട്ടു മാസം മുന്‍പ് അവര്‍ക്ക് കിട്ടിയത് 19,53,900 വോട്ടും 22.63 ശതമാനവുമായിരുന്നു. 15,57,976 വോട്ടിന്‍റെ കുറവ്. എത്രമാത്രം അഗാധമായ ഗര്‍ത്തത്തിലാണ് കോണ്‍ഗ്രസ് വീണുകിടക്കുന്നതെന്ന് ഈ വോട്ട്കണക്കുകള്‍ തെളിവ് നല്‍കുന്നുണ്ട്. 2015-ലെ തെരഞ്ഞെടുപ്പിലും സീറ്റൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അവര്‍ക്ക് 8,66,814 വോട്ട് (9.65 ശതമാനം) നേടാന്‍ സാധിച്ചിരുന്നു.

വ്യക്തിപരമായി അരവിന്ദ് കെജ്‌രിവാള്‍ എന്ന നേതാവിനും ആംആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിക്കും പൂര്‍ണമായി അവകാശപ്പെടാവുന്നതാണ് ഡല്‍ഹിയിലെ ഈ ഉജ്ജ്വല വിജയം. എന്നാല്‍ രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ കൂറേക്കൂടി മാനങ്ങളുള്ള ജനവിധിയായി ഇതിനെ ഗണിക്കേണ്ടതുണ്ട്. 2019-ല്‍ നേടിയ ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ സര്‍വ മര്യാദകളും വെടിഞ്ഞ് ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ബി.ജെ.പിക്കും സംഘപരിവാറിനും ഇതിനേക്കാള്‍ നല്ലൊരു ഷോക്ക് ട്രീറ്റ്‌മെന്റ് ഇനി വരാനില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വിധിയെഴുത്തുകള്‍ ബി.ജെ.പിക്കെതിരായിരുന്നു. ബിഹാര്‍, കര്‍ണാടക, മേഘാലയ, ഗോവ എന്നിവിടങ്ങളില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കിയും എംഎല്‍എമാരെ ചാക്കില്‍ കയറ്റിയും ഒരുവിധേന ഭരണം കൈക്കലാക്കുകയുമായിരുന്നു.

ഈ തിരിച്ചടികളില്‍നിന്നെല്ലാം ഒരു പാഠവും പഠിക്കാതെ 'എന്തും ചെയ്യും, ആരുണ്ടിവിടെ തടയാന്‍' എന്ന ഭാവത്തില്‍ മുന്നേറുകയായിരുന്നു മോദി ഭരണകൂടം. കശ്മീരിലെ സംവരണ പ്രശ്‌നത്തില്‍ സുപ്രധാനമായ തീരുമാനമെടുക്കാന്‍ ഒരു ബില്ലവതരിപ്പിക്കുന്നു എന്ന വ്യാജം പുറത്തുവിട്ടതിനുശേഷമാണ് അമിത്ഷാ എന്ന ആഭ്യന്തരമന്ത്രി തലേന്നുരാത്രിതന്നെ കശ്മീരിനുള്ള പ്രത്യേക അവകാശം നിഷ്‌കര്‍ഷിക്കുന്ന 370-ാം വകുപ്പെടുത്ത് തോട്ടില്‍ കളഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി, ആരെയും വിലവെക്കാത്ത ആ ആഭ്യന്തര മന്ത്രി അക്കാര്യം പിറ്റേന്ന് കാലത്ത് ഒരു കൂസലുമില്ലാതെ പാര്‍ലമെന്‍റിനെ അറിയിക്കുകയായിരുന്നു.

ഇതിനേക്കാള്‍ ഭീകരമായ വരവായിരുന്നു പൗരത്വനിയമ ഭേദഗതിയിലും രാജ്യം കണ്ടത്. 'ഞങ്ങള്‍ക്ക് തോന്നിയപോലെ ഭരിക്കും, നിങ്ങളാരാ ചോദിക്കാന്‍' എന്ന സന്ദീപ് വാര്യര്‍ ശൈലി ഇന്ത്യയിലെ ഏതാണ്ടെല്ലാ സംഘപരിവാറുകാരും കൊണ്ടുനടക്കുന്നത് ന്യൂനപക്ഷങ്ങളും ദളിതരുമുള്‍പ്പെടുന്ന വലിയ ജനവിഭാഗം ഭയാശങ്കളോടെയാണ് അനുഭവിച്ചറിയുന്നത്. ഈ സാഹചര്യത്തിലാണ് മോദിക്കും കൂട്ടര്‍ക്കും കനത്ത പ്രഹരം നല്‍കിക്കൊണ്ട് ഡല്‍ഹി ചരിത്രം കുറിച്ചിരിക്കുന്നത്.

വര്‍ഗീയ ധ്രുവീകരണമെന്ന ഒറ്റ അജണ്ടയിലൂടെയാണ് ബി.ജെ.പി ഇന്ത്യയില്‍ അധികാരക്കസേരയിലെത്തിയതും അത് നിലനിര്‍ത്തിപ്പോരുന്നതും. മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഭരണഘടനയെ നോക്കുകുത്തിയാക്കി നടത്തുന്ന പൗരത്വ അട്ടിമറികള്‍ക്കുമെതിരെയുള്ള ജനങ്ങളുടെ രാഷ്ട്രീയ മറുപടി കൂടിയാണ് ഡല്‍ഹി നല്‍കിയിരിക്കുന്നത്. ലോകത്തിനാകെ മാതൃകയായ നമ്മുടെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ ജനത നടത്തുന്ന സമര പോരാട്ടങ്ങള്‍ക്ക് ഈ ജനവിധി കരുത്തുനല്‍കുക തന്നെ ചെയ്യും.

......................