LiveTV

Live

Opinion

ഡല്‍ഹിയിലെ പ്രചാരണരംഗം, രാഷ്ട്രീയ ഘടകങ്ങള്‍, ജനവിധിയുടെ രാഷ്ട്രീയ പ്രാധാന്യം

ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ രാഷ്ട്രീയ കാലാവസ്ഥയും വര്‍ത്തമാന സാഹചര്യങ്ങളും വിലയിരുത്തുന്ന പരമ്പരയുടെ അവസാന ഭാഗം

ഡല്‍ഹിയിലെ പ്രചാരണരംഗം, രാഷ്ട്രീയ ഘടകങ്ങള്‍, ജനവിധിയുടെ രാഷ്ട്രീയ പ്രാധാന്യം

ഫിബ്രവരി 22-നാണ് ഡല്‍ഹിയിലെ നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. പുതിയ നിയമസഭയെ തെരഞ്ഞെടുക്കാനുള്ള പ്രഖ്യാപനം പുറത്തുവന്ന ജനുവരി 6-നുശേഷം ഇക്കഴിഞ്ഞ ഒരു മാസമായി നടന്ന തകൃതിയായ പ്രചാരണം അവസാനിച്ചുകഴിഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ആംആദ്മി പാര്‍ട്ടിയും, ഭരണം ഏതുവിധേനയും പിടിച്ചെടുക്കാന്‍ ഏതറ്റവും പോകുമെന്ന വാശിയില്‍ ബിജെപിയും, നഷ്ടപ്പെട്ട പ്രതാപകാലത്തെ സ്വപ്നം കാണുന്ന കോണ്‍ഗ്രസും ചേര്‍ന്നുള്ള ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ കാണാനാകുന്നത്.

ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ അഞ്ചുവര്‍ഷ കാലാവധി തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നതാണ് എഎപിയുടെ പ്രധാന വാദം. ''കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെങ്കില്‍ മാത്രം ഞങ്ങള്‍ക്ക് വോട്ട് ചെയ്യുക'' - മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ജനങ്ങളോട് പറഞ്ഞതിങ്ങനെയാണ്. അത്രമാത്രം ആത്മവിശ്വാസത്തോടെയാണ് എഎപി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുഗോദയിലെ തങ്ങളുടെ കറവപ്പശുവായ അയോധ്യയെ തന്നെ അവസാനഘട്ടത്തില്‍ ബിജെപി രംഗത്തിറക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ ദിവസം കാണാനായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിക്കുന്നതിന് ഒരു ദിവസം മാത്രമുള്ളപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ' രൂപീകരിക്കാനുള്ള തീരുമാനം നാടകീയമായി പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചത് ഡല്‍ഹി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. ഏതുവിധേനയും കെജ്‌രിവാളിനെ തറപറ്റിക്കുമെന്ന വാശിയിലാണ് ബിജെപി. പൗരത്വ ഭേദഗതിക്കെതിരെ കേന്ദ്രഭരണത്തെ മുള്‍മുനയിലാക്കിക്കൊണ്ട് രാജ്യമാകെ തിളച്ചുമറിയുന്ന പ്രതിഷേധങ്ങളുടെ സമരകേന്ദ്രമാണിന്ന് ഡല്‍ഹിയിലെ കാമ്പസുകളും ശാഹീന്‍ബാഗും. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ ഭരണത്തിലേറുകയെന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു അഭിമാനപ്രശ്‌നം തന്നെയാണ്.

ഡല്‍ഹിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടത് തങ്ങളാണെന്ന രീതിയിലാണ് കോണ്‍ഗ്രസിന്‍റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ മുന്നേറിയത്. കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ദയനീയാവസ്ഥയില്‍നിന്നും ഇത്തവണ മുന്നേറുമെന്ന് അവര്‍ ആശ്വാസം കൊള്ളുന്നുണ്ട്. അധികാരത്തിന്‍റെ അടുത്തൊന്നും എത്തില്ലെങ്കിലും എഎപി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തെ ആളിക്കത്തിച്ചും കോണ്‍ഗ്രസ് ആഞ്ഞുശ്രമിക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് സാധ്യതയില്ലെങ്കിലും അടുത്ത സര്‍ക്കാര്‍ ആരുണ്ടാക്കുമെന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമായിരിക്കുമെന്ന് മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കണ്ടെറിഞ്ഞിട്ടുണ്ട്. ബിജെപിക്ക് വോട്ട്ശതമാനം കുറയുമെന്നും അതിന്‍റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.

പ്രകടന പത്രികകള്‍

- എഎപി

കഴിഞ്ഞ അഞ്ചുവര്‍ഷം ഡല്‍ഹിയില്‍ നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതികള്‍ മുടക്കമില്ലാതെ തുടരുമെന്ന് ആംആദ്മി പാര്‍ട്ടി പ്രകടനപത്രിക വാഗ്ദാനം നല്‍കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് അവരുടെ പ്രകടനപത്രിക. ഡല്‍ഹി നിവാസികള്‍ക്ക് 24 മണിക്കൂര്‍ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കുമെന്നും ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്നും പത്രിക ഉറപ്പുനല്‍കുന്നു. ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മുഴുവന്‍ സ്‌കൂളുകളിലും ദേശഭക്തി ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും സ്വരാജ് ബില്‍ പാസാക്കുമെന്നും പത്രികയിലുണ്ട്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള വര്‍മ്മ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും ഓരോ വാര്‍ഡിലെയും പദ്ധതികള്‍ക്ക് രൂപംനല്‍കാനും നടപ്പാക്കാനുമായി 3,000 'മൊഹല്ല സഭകള്‍' രൂപീകരിക്കുമെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും വാഗ്ദാനമുണ്ട്. മുഴുവനാളുകള്‍ക്കും റേഷന്‍ വീടുകളിലെത്തിക്കും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ഒരുകോടി ധനസഹായം വിതരണം ചെയ്യും തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും എഎപി മുന്നോട്ടുവെക്കുന്നുണ്ട്.

- ബിജെപി

സങ്കല്‍പ് പത്ര് എന്ന പേരിലുള്ളതാണ് ബിജെപിയുടെ പ്രകടനപത്രിക. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്ന ഇതില്‍ സുരക്ഷിതവും വികസിതവുമായ ഡല്‍ഹി വാഗ്ദാനം നല്‍കുന്നു. വായു മലിനീകരണവും ജല മലിനീകരണവും ഇല്ലാതാക്കും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് യമുനാ നദി ശുദ്ധീകരിക്കും, അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കാന്‍ കോളനി വികസന ബോര്‍ഡ് രൂപീകരിക്കും, പുതുതായി 200 സ്‌കൂളുകളും 10 കോളജുകളും ആരംഭിക്കും, കോളജുകളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടറും സ്‌കൂള്‍ കുട്ടികള്‍ക്ക് സൈക്കിളും ലഭ്യമാക്കും എന്നുള്ളവയ്‌ക്കൊപ്പം പാവപ്പെട്ടവര്‍ക്ക് 2 രൂപയ്ക്ക് ആട്ട ലഭ്യമാക്കും എന്ന ജനപ്രിയ വാഗ്ദാനവും അകമ്പടിയായി അവതരിപ്പിക്കുന്നുണ്ട്.

- കോണ്‍ഗ്രസ്

'ഐസി ഹോഗി ഹമാരി ദില്ലി' എന്ന പേരിലാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറങ്ങിയത്. എഎപി സര്‍ക്കാരിന്‍റെ ജനപ്രിയ ഇനമായ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസും എത്തിയിട്ടുണ്ട്. മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ജല - വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ 100 ഇന്ദിര കാന്‍റീനുകള്‍ ആരംഭിക്കുമെന്നും പുതുതായി 15,000 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുമെന്നും മെട്രോയില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കുറഞ്ഞ നിരക്കില്‍ യാത്ര ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനങ്ങളുണ്ട്. മലിനീകരണത്തിനെതിരെയും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഓരോ വര്‍ഷവും 25 ശതമാനം ബജറ്റ് വിഹിതം, യുവ സ്വാഭിമാന്‍ യോജന പ്രകാരം ബിരുദധാരികള്‍ക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 7,500 രൂപയും വിതരണം ചെയ്യല്‍, പ്രതിമാസ തൊഴിലില്ലായ്മ വേതന വിതരണം എന്നിവയും ഉറപ്പുനല്‍കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച 5 ലക്ഷം കുടുംബങ്ങള്‍ക് പ്രതിവര്‍ഷം 72,000 രൂപ പദ്ധതി, വനിതാ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി 'ലഡ്‌ലി' പദ്ധതി, ജെജെ ക്ലസ്റ്ററുകളില്‍ താമസിക്കുന്നവര്‍ക്ക് 350 ചതുരശ്ര ഫ്‌ളാറ്റ്, ട്രാന്‍സ് യമുന ഡവലപ്‌മെന്‍റ് ബോര്‍ഡ് പുതുക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും പ്രതിമാസം 5,000 രൂപ പെന്‍ഷന്‍, സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടിയുടെ 'യാരി സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ ഫണ്ട് എന്നിവയും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നു. ജനപ്രിയ പ്രഖ്യാപനങ്ങളായ പെണ്‍കുട്ടികള്‍ക്ക് പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, വനിതകള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന എന്നിവയും പത്രികയിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നുണ്ട്.

ആംആദ്മി പാര്‍ട്ടിയെയും ബിജെപിയെയും അപേക്ഷിച്ച് വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് വാരിവിതറിയിരിക്കുന്നത്. നിലനില്‍പ്പിന്‍റെ പോരാട്ടത്തിലാണ് ഇപ്രാവശ്യം ഡല്‍ഹിയിലെ കോണ്‍ഗ്രസെങ്കിലും നിലംതൊടാത്ത സുന്ദര വാഗ്ദാനങ്ങള്‍ക്ക് കുറവൊന്നുമില്ല.

രാഷ്ട്രീയസ്ഥിതി

കേവലം പ്രാദേശിക കക്ഷികളിലൊന്നായ ആംആദ്മിപാര്‍ട്ടിക്കു മുന്നില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി മുട്ടുകുത്തേണ്ടിവരുന്ന അവസ്ഥയില്‍ കേന്ദ്രനേതൃത്വം വിഷണ്ണതയിലാണ്. മേരീ ദില്ലി, മേരാ സുഝാവ് എന്ന പേരിലുള്ള ഇളക്കിമറിച്ച ക്യാമ്പയിനിലൂടെ ഇത്തവണയെങ്കിലും വിജയിച്ചുകയറണമെന്നാണ് അവരുടെ ദൃഢനിശ്ചയം. 2014 ലും 2019 ലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ ജയിച്ചത് ബിജെപിയായിരുന്നു. കെജ്‌രിവാളിനെപ്പോലെ അതിശക്തനായ ഒരു മുഖ്യമന്ത്രിക്കു കീഴിലുള്ള ഭരണത്തിലാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിക്കാതെ എഎപി തോറ്റമ്പിയത്. ഏഴില്‍ ഏഴു സീറ്റും ബിജെപി തൂത്തുവാരുകയായിരുന്നു. ഇത് ചെറുതല്ലാത്ത ആത്മവിശ്വാസം ബിജെപിക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പൊഴികെയുള്ള മറ്റെല്ലാ ജനവിധികളിലും തിളങ്ങാനായത്, നരേന്ദ്രമോദിയെന്ന നേതാവിന് ഡല്‍ഹി നിവാസികളുടെ മനസ്സിനുള്ളില്‍ ഇപ്പോഴും സ്ഥാനമുണ്ട് എന്നുള്ളതിനുള്ള തെളിവായി ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. 2015 ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കിരണ്‍ ബേദിയെയും ഹര്‍ഷ വര്‍ധനെയും ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് കാര്യമായ ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് അവര്‍ പഠിച്ച നല്ലൊരു പാഠമാണ്. അതിനാലായിരിക്കാം ഇപ്രാവശ്യം ഒരു വ്യക്തിയെപ്പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തയ്യാറായില്ല. നരേന്ദ്രമോദിയെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുപ്പിക്കുമ്പോഴും 'എവിടെ നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി'യെന്ന കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹിറ്റ് ചോദ്യം കേട്ടില്ലെന്ന് നടിക്കുകയായിരുന്നു ബിജെപി നേതൃത്വം.

കഴിഞ്ഞവര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി കിട്ടുകയുണ്ടായി. പൗരത്വബില്ലിന്‍റെ പശ്ചാത്തലം കൂടി വന്നതോടെ ബിജെപിക്ക് മുന്നേറാനുള്ള സാഹചര്യം ഏതാണ്ട് അടഞ്ഞ മട്ടാണ്. എന്നിരുന്നാലും 2015-ലെ മൂന്ന് സീറ്റില്‍നിന്നും കാര്യമായ മെച്ചമുണ്ടാക്കാന്‍ കഴിയുമെന്നുതന്നെയാണവരുടെ കണക്കുകൂട്ടല്‍.

ഡല്‍ഹിയിലെ ജനസംഖ്യയില്‍ 82 ശതമാനവും ഹിന്ദുമതക്കാരാണെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. മുസ്ലിം പള്ളികള്‍ നിര്‍മിക്കാന്‍ ആംആദ്മി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നു എന്നും പൗരത്വ പ്രക്ഷോഭത്തെ പാകിസ്താന്‍ അജണ്ടയായി ചിത്രീകരിക്കുന്നതുമടക്കമുള്ള വര്‍ഗീയ അജണ്ടകള്‍ മുന്നോട്ടുവെച്ച് ബിജെപി പ്രചാരണം നടത്തുന്നത് മഹാഭൂരിഭാഗം വരുന്ന ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുതന്നെയാണ്.

സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഏറ്റവും പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നത് കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ മതാധിഷ്ഠിത തീരുമാനങ്ങളുമാണ്. ഇതു രണ്ടും വലിയ തോതില്‍ തന്നെ വോട്ടിങ്ങിനെ ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഒരു ത്രികോണ പോരാട്ടമാണെന്ന് വിവക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാന പോരാട്ടം ആംആദ്മയും ബിജെപിയും തമ്മില്‍ തന്നെയാണ്.

പൗരത്വ നിയമ ഭേദഗതിയും അതിനെതിരെ കൊടുമ്പിരിക്കൊള്ളുന്ന സമരങ്ങളും വോട്ടര്‍മാരെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അതിനാല്‍ത്തന്നെ ശ്രദ്ധാപൂര്‍വമാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ശാഹിന്‍ബാഗ് സമരത്തെ തള്ളിപ്പറയുന്നതിനെക്കൂടാതെ സമരക്കാരെയും അവരെ പിന്തുണക്കുന്നവരെയും താറടിച്ചുകാണിക്കാനും അവര്‍ തയ്യാറായി. പ്രക്ഷോഭകര്‍ക്കെതിരെ നടന്ന വെടിവെപ്പിനു പിന്നില്‍ ആംആദ്മി പ്രവര്‍ത്തകരുടെ പങ്കുണ്ടെന്ന് വരെ അവര്‍ പ്രചരിപ്പിച്ചുകഴിഞ്ഞു. പൗരത്വ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഡല്‍ഹിയിലെ സ്ഥലങ്ങളെ മിനി പാകിസ്താന്‍ എന്ന് ആക്ഷേപിച്ചതിന് ബിജെപി നേതാവ് കപില്‍ മിശ്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

ജാമിയ മിലിയയില്‍ ഒരു വിദ്യാര്‍ത്ഥി സമരക്കാര്‍ക്കുനേരെ വെടിവെച്ചതിനെ പരാമര്‍ശിക്കവേ കെജ്‌രിവാള്‍ പ്രസ്താവിച്ചത് 'ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേനയും കംപ്യൂട്ടറും നല്‍കുമ്പോള്‍ അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് തോക്കും വെറുപ്പുമാണ്' എന്നാണ്. പ്രക്ഷോഭ സമരങ്ങളുടെ ക്രഡിറ്റ് കോണ്‍ഗ്രസിലേക്ക് വിഭജിക്കപ്പെട്ടുപോകാതെ മുഴുവനായി തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് എഎപി കണക്കുകൂട്ടല്‍. ശാഹിന്‍ബാഗ് സമരം എഎപിയുടെ സാധ്യതയെ ഏറെ മുന്നോട്ടുകൊണ്ടുപോയെന്നുതന്നെയാണ് അവസാന വിലയിരുത്തല്‍.

എഎപിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രചാരണങ്ങള്‍ക്കെതിരെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളാണ് അമിത്ഷായുടെ നേതൃത്വത്തില്‍ ശ്രദ്ധാപൂര്‍വം നടന്നത്. അവസാന ലാപ്പില്‍ പര്‍വേസ് വര്‍മ, അനുരാഗ് താക്കൂര്‍ തുടങ്ങിയ നേതാക്കള്‍ വര്‍ഗീയ പ്രസ്താവനകളുമായി രംഗത്തെത്തിയത് ഒരു നാക്കുപിഴവ് മാത്രമായിരുന്നില്ലെന്നാണ് പിന്നീടുള്ള പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ഏതായാലും ഡല്‍ഹിയെ ആകെ ഇളക്കിമറിച്ച എഎപി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച പ്രചാരണങ്ങളില്‍നിന്ന് അവസാന മണിക്കൂറുകളില്‍ ചര്‍ച്ചകളെയാകെ വഴിമാറ്റാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

എഎപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് കൊമ്പുകോര്‍ത്ത പല വേളകളിലും കോണ്‍ഗ്രസ് അപ്രസക്തമാകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യഘട്ടങ്ങളില്‍ കിതച്ചുനീങ്ങിയ കോണ്‍ഗ്രസിന് പേരിനെങ്കിലും ജീവന്‍ വെച്ചത് രാഹുല്‍ഗാന്ധി പ്രചരണത്തിനിറങ്ങിയ അവസാനഘട്ടത്തിലാണ്.

ജനവിധിയുടെ രാഷ്ട്രീയ പ്രാധാന്യം

2020 ല്‍ നടക്കാനിരിക്കുന്ന ബിഹാര്‍, അസം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് വിധിക്ക് ഏറെ പ്രാധാന്യമുണ്ട്. എഎപിക്ക് കഴിഞ്ഞ തവണത്തേതുപോലെ വലിയ വിജയമുണ്ടായാല്‍ ബിജെപിക്ക് അത് വലിയ ക്ഷീണമായിരിക്കും. അതില്‍നിന്ന് തിരിച്ചുകയറാന്‍ എളുപ്പവുമാവില്ല. അഭിപ്രായ വ്യത്യാസങ്ങളെ മുഴുവന്‍ അവഗണിച്ചു മുന്നേറുന്ന സംഘപരിവാറിന് ഡല്‍ഹിയില്‍നിന്ന് ഒരു തിരിച്ചടി കിട്ടിയാല്‍ അതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടാകുക തന്നെ ചെയ്യും. ഹിന്ദുരാഷ്ട്രനിര്‍മാണ വഴിയില്‍ തേരുതെളിക്കുന്ന ഹിന്ദുപരിവാര്‍ സംഘടനകള്‍ക്ക് അത് വലിയ പ്രഹരമായിരിക്കും ഏല്‍പ്പിക്കുക.

ആംഅദ്മി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു തന്നെയാണ് ഏതാണ്ടെല്ലാ സര്‍വേ ഫലങ്ങളും പ്രവചിക്കുന്നത്. 2015 ലെ കണ്ണഞ്ചിപ്പിക്കുന്ന വിജയം എഎപി പോലും പ്രതീക്ഷിക്കുന്നില്ലെങ്കിലും ബിജെപി വിജയിച്ചുകയറാന്‍ സാധ്യതയില്ലെന്നു തന്നെയാണ് പൊതു വിലയിരുത്തല്‍. കാത്തിരുന്നുകാണാം, രാജ്യത്തിന്‍റെ ജനാധിപത്യഭാവി തന്നെ തുലാസിലാടുന്ന ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഡല്‍ഹിജനത നല്‍കുന്ന ഭാവിസൂചന എന്തായിരിക്കുമെന്ന്.

(അവസാനിച്ചു)

ത്രികോണ മത്സരത്തിനൊരുങ്ങി ആം ആദ്മിയുടെ ഡല്‍ഹി
Also Read

ത്രികോണ മത്സരത്തിനൊരുങ്ങി ആം ആദ്മിയുടെ ഡല്‍ഹി

ഡല്‍ഹി; വോട്ടര്‍മാര്‍, മുന്‍‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
Also Read

ഡല്‍ഹി; വോട്ടര്‍മാര്‍, മുന്‍‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

കെജ്‌രിവാള്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍, വിലയിരുത്തലുകള്‍
Also Read

കെജ്‌രിവാള്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍, വിലയിരുത്തലുകള്‍