LiveTV

Live

Opinion

ഭഗത് സിങ്ങിന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദ്; വർത്തമാന ഇന്ത്യയിലെ റിയൽലൈഫ് ഹീറോയുടെ കഥ

2017 ൽ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദലിതരും ഠാക്കൂർമാരും തമ്മിൽ നടന്ന സംഘർഷമാണ് ആസാദിനെയും ഭീം ആർമിയെയും ഉത്തർപ്രദേശിനപ്പുറമുള്ള ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

ഭഗത് സിങ്ങിന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദ്; വർത്തമാന ഇന്ത്യയിലെ റിയൽലൈഫ് ഹീറോയുടെ കഥ

ഭീം ആർമി ലീഡറായ ചന്ദ്രശേഖർ ആസാദിന്റെ പേരിൽ തന്നെ ഒരു സമരചരിത്രമുണ്ട്. ഭഗത് സിംഗ് എന്നാണ് ആസാദിന്റെ ഒരു സഹോദരന്റെ പേര്. രണ്ട് പേരുമിട്ടത് അഛനായ ഗോവർധൻ ദാസാണ്.ഒരു സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു അദ്ദേഹം. സവർണ്ണരെ സംബന്ധിച്ചിടത്തോളം അയിത്തജാതിക്കാരനായിരുന്നു ഗോവർധൻ ദാസ്.അദ്ദേഹം ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിലെ ചുട്മൽപ്പൂരിലെ സർക്കാർ സ്കൂളിൽ മേൽജാതിയിൽപ്പെട്ട ഠാക്കൂർമാരായ സഹപ്രവർത്തകരും വിദ്യാർഥികളുമുണ്ടായിരുന്നു. അയിത്ത ജാതിക്കാരനായ മാസ്റ്റർ തങ്ങളുടെ വെള്ളവും ഭക്ഷണപാത്രവും സ്പർശിക്കുന്നത് പോലും അവർ വിലക്കിയിരുന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ആ സ്കൂളിൽ ഗോവർധൻ ദാസിന് മാത്രമായി ഉപയോഗിക്കാൻ പ്രത്വേകം പാത്രവും ഗ്ലാസുമുണ്ടായിരുന്നു.

ജനാധിപത്യ രാജ്യത്ത് നിലനിൽക്കുന്ന അയിത്തത്തിനും അസ്വാതന്ത്രത്തിനും എതിരെ പോരാടുന്നവരാവണം തന്റെ മക്കളെന്ന് ആ പിതാവ് അന്നേ മനസ്സിലുറപ്പിച്ചിരുന്നു. ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് എന്നിങ്ങനെ പോരാട്ട വീര്യമുണർത്തുന്ന പേരുകൾ ആ പിതാവ് തന്റെ മക്കൾക്കിട്ടതങ്ങനെയാണ്. പേരിൽ മാത്രമൊതുങ്ങാതെ ഭരണഘടനാ ശിൽപ്പി അംബേദ്ക്കറുടെ ത്യാഗപൂർണ്ണമായ പോരാട്ട ചരിത്രമൊക്കെ പറഞ്ഞു കൊടുത്താണ് ആ അഛൻ മക്കളെ വളർത്തിയത്.അംബേദ്ക്കർ രൂപപ്പെടുത്തിയ ഭരണഘടനയും രാഷ്ട്രനിയമങ്ങളും കൂടുതൽ പരിചയപ്പെടാനും പഠിക്കാനും കൂടിയാണ് സ്കൂൾ പഠനത്തിന് ശേഷം ചന്ദ്രശേഖർ ആസാദ് നിയമപഠനം തെരഞ്ഞെടുത്തത്.ലക്നൗ യൂനിവേഴ്സിറ്റിയിൽ നിന്ന് LLB യിൽ ബിരുദ പഠനം പൂർത്തിയാക്കിയ ആസാദ് നാട്ടിലെ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടാണ് സോഷ്യൽ ആക്ടിവിസ്റ്റായി മാറുന്നത്. അംബേദ്ക്കറുടെ ചിന്തകൾക്കൊപ്പം ബി എസ്പി യുടെ ശിൽപ്പിയായ കാൻഷിറാമിന്റെ രാഷ്ട്രീയ സംഘാടനവും ആസാദിനെ ആകർഷിച്ചു.

ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ആസാദിന്റെ ജന്മനാട്ടിൽ പ്രവർത്തിക്കുന്ന എ എച്ച് പി കോളേജിലെ മേൽജാതിക്കാരായ ഠാക്കൂർ വിദ്യാർഥികൾ തങ്ങളുടെ വെള്ളവും ഇരിപ്പിടവുമൊക്കെ ദലിത് വിദ്യാർഥികൾ അയിത്തമാക്കി എന്നാരോപിച്ച് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തു.ഇത് ചെറുപ്പക്കാരനായ ആസാദിന്റെ മനസ്സിനെ ഏറെ മുറിപ്പെടുത്തി. ദലിതുകളുടെ ആത്മാഭിമാനസംരക്ഷണവും വിദ്യാഭ്യാസ മുന്നേറ്റവും ലക്ഷ്യമിട്ട് 2014 ൽ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആസാദ് സുഹൃത്തുക്കളായ സതീഷ് കുമാർ ,വിനയ് റാതൻസിംഗ് എന്നിവർക്കൊപ്പം ചേർന്ന് ഭീം ആർമി എന്ന സംഘടന രൂപീകരിക്കുന്നത് അങ്ങനെയാണ്. ദലിതരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനാണ് ഭീം ആർമി ആദ്യഘട്ടത്തിൽ മുഖ്യ ശ്രദ്ധ പതിപ്പിച്ചത്.സംഘടനക്ക് കീഴിൽ ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും സൗജന്യ വിദ്യാഭ്യാസം നൽകുന്ന മുന്നോറോളം സ്കൂളുകൾ ആരംഭിച്ചായിരുന്നു ഭീം ആർമിയുടെ വിദ്യാഭ്യാസ പ്രവർത്തനം.

2017 ൽ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദലിതരും ഠാക്കൂർമാരും തമ്മിൽ നടന്ന സംഘർഷമാണ് ആസാദിനെയും ഭീം ആർമിയെയും ഉത്തർപ്രദേശിനപ്പുറമുള്ള ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

2017 ൽ സഹാറർപൂരിൽ ദലിതർ വീടുകളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതിനെതിരെ ഠാക്കൂർമാർ കലഹമുണ്ടാക്കുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഠാക്കൂർമാർ 24 ദലിത് വീടുകൾ അഗ്നിക്കിരയാക്കി.ഇതിനെതിരെ പതിനായിരക്കണക്കിന് ദലിത് യുവാക്കളെ സംഘടിപ്പിച്ച് ഭീം ആർമിയുടെ നേതൃത്വത്തിൽ ആസാദ് രംഗത്തുവന്നു.ഇത് ദലിതർക്കിടയിൽ അദ്ദേഹത്തിനും ഭീം ആർമിക്കും കൂടുതൽ സ്വാധീനമുണ്ടാക്കി.ദലിതരെ അക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന പ്രതീതിയുണ്ടായി. ഈ പ്രക്ഷോഭത്തിന്റെ തുടർച്ചയായി 2017 മെയ് 21 ന് ആയിരങ്ങളെ അണിനിരത്തി ഭീം ആർമി ഡൽഹിയിലെ ജന്തർ മന്തിറിലേക്ക് നീല കൊടിയേന്തി, അംബേദ്ക്കറുടെ ഫോട്ടോകൾ ഉയർത്തി ജയ് ഭീം മുഴക്കി പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പെർമിഷൻ ഇല്ലാതെയായിരുന്നു മാർച്ച്.ആസാദിനെതിരെ ദേശീയ സുരക്ഷ പ്രകാരം പോലീസ് കേസെടുത്തു. 2017 ജൂണിൽ അദ്ദേഹ അറസ്റ്റ് ചെയ്തു. ഈ കേസിൽ 16 മാസം ആസാദ് ജയിലിൽ കിടന്നു.

തടവറയിലുള്ള ആസാദ് പുറത്തുള്ള ആസാദിനേക്കാൾ കരുത്തനും പ്രശസ്തനുമാവുകയായിരുന്നു. ജയിൽ മോചിതനായ ശേഷം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ജനങ്ങളും അനുയായികളും വർധിക്കുകയാണ് ചെയ്തത്.

2019 ലോക്സഭ ഇലക്ഷനിൽ വാരാണസിയിൽ മോഡിക്കെതിരെ മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചത് മായാവതിയിൽ വരെ അസ്വസ്ഥതയുണ്ടാക്കി.ആസാദുയർത്തുന്ന നവദലിത് രാഷ്ട്രീയം തനിക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ധാരണയിലാവാം മായാവതി ആസാദിനെതിരെ ചില ആരോപണങ്ങളും ഉയർത്തി. ദലിത് വോട്ടു ബാങ്കിനെ ഭിന്നിപ്പിക്കുക വഴി ആസാദ് ബി.ജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു മുഖ്യ ആരോപണം.എന്നാൽ ആസാദ് ബി.എസ് പി യോ ടോ മായാവതിയോടെ രാഷ്ട്രീയ ഏറ്റുമുട്ടലിന് പോകാതെ മാന്യമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. മോഡിക്കെതിരെ പൊതു സ്ഥാനാർഥി എന്ന ചർച്ചയിലേക്ക് രാഷ്ട്രീയം വികസിച്ചപ്പോൾ അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

2019 ആഗസ്റ്റ് 21 ന് 26 ഓളം ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ദലിതരുടെ ക്ഷേത്രമായ ഗുരു രവി ദാസ് മന്ദിർ പൊളിച്ചതിനെതിരെ ലക്ഷക്കണക്കിന് വരുന്ന ദലിതുകളെ അണിനിരത്തി ദില്ലിയിൽ നടന്ന പ്രതിഷേധ മാർച്ചിലാണ് ആസാദും ഭീം ആർമിയും പിന്നീട് ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. അന്ന് ആസാദിനെയടക്കം 90 ദലിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കെജ്‌രിവാളിന്റെ ദൽഹി സർക്കാരും മോഡിയുടെ കേന്ദ്ര സർക്കാരും ആ സമരത്തിൽ അക്ഷരാർഥത്തിൽ വിറച്ചു. സുപ്രിം കോടതി ഉത്തരവിന്റെ പിൻബലത്തിൽ പൊളിച്ച ദലിതുടെ ക്ഷേത്രം പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറായി.പൊളിക്കാൻ ഉത്തവിറക്കിയ സുപ്രിം കോടതി തന്നെ ക്ഷേത്രം നിലനിന്ന സ്ഥാനത്ത് പുന:സ്ഥാപിക്കാനും ഓർഡറിട്ടു. ഒരിക്കൽ കൂടി ആസാദ് ദലിത് ചെറുപ്പക്കാരുടെ ഹീറോയായി മാറി.

ഇപ്പോൾ രാജ്യമെങ്ങും ദിനംപ്രതി ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന പൗരത്വ വിരുദ്ധ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലാണ് ഡൽഹിയുടെ തെരുവിൽ പിന്നീട് ആസാദ് പ്രത്യക്ഷപ്പെടുന്നത്. ജാമിഅ മില്ലിയ്യ വിദ്യാർഥികൾ തുടങ്ങി വെച്ച ഈ പ്രക്ഷോഭത്തെ പോലീസ് വേട്ടയാടിയ ദിനത്തിലാണ് വിദ്യാർഥികൾക്ക് സംരക്ഷണവുമായി ആസാദ് തെരുവിലിറങ്ങിയത്.പിന്നീട് ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് പോലും നിരോധനാജ്ഞ പ്രഖ്യാപിച്ച് വിലക്കി പൗരത്വവിരുദ്ധ നിയമത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തെ ഇല്ലാതാക്കാൻ ഡൽഹി പോലീസിനെ മുൻനിർത്തി കേന്ദ്രം ശ്രമങ്ങളാരംഭിച്ചപ്പോൾ ദൽഹി ജമാ മസ്ജിദിൽ നിന്നും ഭരണഘടന വായിച്ച് അദ്ദേഹം പതിനായിരങ്ങൾക്കൊപ്പം തെരുവിലേക്കിറങ്ങി. നിരോധനാജ്ഞ ലംഘിച്ചതിന് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും എല്ലാ ഭരണകൂട വിലക്കുകളെയും മറികടന്ന് തെരുവിലേക്കിറങ്ങാൻ അത് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രചോദനവും ധൈര്യവുമേകി. ജയിൽ മോചിതനായ ശേഷം വീണ്ടും ദൽഹിയിലെത്തിയ ആസാദ് ഷാഹീൻബാഗും ജാമിഅ മില്ലയ്യക്കുമൊപ്പം കേരളത്തിലെയടക്കം സമരവേദികളിൽ പങ്കാളിയായി സംഘ് പരിവാർ വിരുദ്ധ പ്രക്ഷോഭത്തിന് കരുത്തു പകരുകയാണ്.

രാജ്യത്തെ ഗ്രസിച്ച ഭയത്തെ ഇല്ലാതാക്കുന്നതിൽ ജാമിഅയിലെയും അലീഗഡിലെയും വിദ്യാർഥികൾക്കൊപ്പം ആസാദും നിർണ്ണായക പങ്ക് വഹിച്ചു. അവർ നേതൃപരമായി തുടങ്ങിവെച്ച സമരമാണിന്ന് രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നത്.