LiveTV

Live

Opinion

ഷഹീൻ ബാഗ് വെല്ലുവിളിക്കുന്ന ബി.ജെ.പിയുടെ പോപ്പുലിസ്റ്റ് രാഷ്ടീയവും ജനാധിപത്യത്തിന്റെ പുതിയ പ്രതീക്ഷകളും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിലും ഷഹീന്‍ ബാഗിനുള്ള ഇടത്തെ അടയാളപ്പെടുത്തുകയാണ് പ്രൊഫ. ഇര്‍ഫാന്‍ അഹമ്മദ്‌

ഷഹീൻ ബാഗ് വെല്ലുവിളിക്കുന്ന ബി.ജെ.പിയുടെ പോപ്പുലിസ്റ്റ് രാഷ്ടീയവും ജനാധിപത്യത്തിന്റെ പുതിയ പ്രതീക്ഷകളും

“സ്വാതന്ത്രസമരത്തിനു ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ദേശീയ പ്രക്ഷോഭം” എന്നാണ് സി.എ.എ-എൻ.ആർ.സിക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളെ അർജുൻ അപ്പദുരൈ വിശേഷിപ്പിക്കുന്നത്. വലുപ്പവും ഗൌരവവും കൊണ്ടു മാത്രമല്ല, സ്വയം ജനകീയനായി പ്രഖ്യാപിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടുള്ള ജനാധിപത്യത്തെക്കുറിച്ചുള്ള ‘പുതിയ’ ഒരു ദർശനം മുന്നോട്ടു വെക്കുന്നതു കൊണ്ടു കൂടിയാണ് ഈ സമരങ്ങൾ വ്യത്യസ്തമാകുന്നത്.

ജനാധിപത്യത്തിന്റെ ഈ പുതിയ രൂപം ഭാവിയിൽ മാത്രമേ പൂർണമായി വെളിവാവുകയുള്ളൂ. എങ്കിലും ഇതിന്റെ ചില പ്രത്യേകതകൾ ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കാം. ഇതിനു വേണ്ടി ഞാൻ ഉദാഹരണമായി എടുക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിൽ ദില്ലിയിലെ ജാമിയ മില്ലിയ ഇസ്‍ലാമിയക്കരികിലുള്ള ഷഹീൻ ബാഗിൽ അരങ്ങേറുന്ന കുത്തിയിരിപ്പ് സമരമാണ്. കൊളോണിയൽ വ്യവസ്ഥിതിക്കെതിരെ നടന്ന ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിനിടയിൽ സ്ഥാപിക്കപ്പെടുകയും ഈ എഴുത്തുകാരൻ തൻറെ ബിരുദം നേടിയെടുക്കുകയും ചെയ്ത സർവകലാശാലയാണ് ജാമിയ മില്ലിയ ഇസ്‍ലാമിയ. ഇന്ത്യയിലെ ജനാധിപത്യത്തെ പുനർജീവിപ്പിക്കാനുള്ള സാധ്യതകൾ ശാഹീൻ ബാഗിലുണ്ട്. ഉർദുവിൽ ഷഹീൻ എന്ന വാക്കിന്റെ അർത്ഥം ‘പരുന്ത്’ എന്നാണ്. മുഹമ്മദ് ഇഖ്ബാലിന്റെ കൊളോണിയൽ വിരുദ്ധ കാവ്യങ്ങളിലെ കേന്ദ്ര ആശയമായി വർത്തിക്കുന്ന വാക്കാണത്.

അര്‍ജുന്‍ അപ്പാദുരൈ
അര്‍ജുന്‍ അപ്പാദുരൈ

നിയമനിർമ്മാണത്തിലൂന്നിയ ജനപ്രിയത (legal populism) എന്ന പ്രതിഭാസത്തിന് രണ്ട് അടിസ്ഥാന പ്രത്യേകതകൾ ഉണ്ടെന്നാണ് ജാൻ വേർണർ മ്യുള്ളർ നിരീക്ഷിക്കുന്നത്.

ഒന്ന്, ഒരു ദേശം ‘തനിമ’യുള്ള ഒരു ജനത്തെ മാത്രം ഉൾക്കൊള്ളുന്നത് ആകണം എന്ന ആശയം.

രണ്ട്, പ്രകടമായ ബഹുസ്വരതയോടുള്ള അവരുടെ തീവ്രമായ എതിർപ്പ്. ഫാഷിസത്തിന്റെ ജർമ്മൻ പതിപ്പും ഇറ്റാലിയൻ പതിപ്പും ഭൂരിപക്ഷപ്രീണനം ലക്ഷ്യം വെച്ചുള്ള പ്രസ്ഥാനങ്ങളായിരുന്നു എന്ന് മ്യുള്ളർ വാദിക്കുന്നു. സി.എ.എ എന്ന നിയമം “തെരുവുകളിലെ ഫാഷിസത്തെയും നിയമ ഫാഷിസത്തെയും ഒരുമിച്ചു ചേർക്കുന്നു” എന്നാണ് അപ്പദുരൈയുടെ നിരീക്ഷണം. പക്ഷെ എങ്ങനെയാണ് ഇങ്ങനെയൊരു കൂടിച്ചേരൽ സാധ്യമായത്? ഇതിനി എങ്ങോട്ടേക്കാണ് പോവുന്നത്?

ഫാഷിസ്റ്റ് ചിന്താഗതിക്കാർ സ്വപ്നം കാണുന്ന ഈ ദേശത്തിന് കൃത്യമായി പ്രവർത്തിക്കുന്ന, ഗൃഹാതുരത്വം ഉണർത്തുന്ന ഒരു വീടിന്റെ ലക്ഷണങ്ങളാണ് ഉള്ളത്. ഇവിടെ അകത്തിരിക്കുന്ന ‘അശുദ്ധമായ’ അപരനെ ഹിംസയിലൂടെയും പുറത്തിരിക്കുന്ന ശത്രുവിനെ യുദ്ധത്തിലൂടെയും സ്ഥിരമായി തുടച്ചുനീക്കേണ്ടതുണ്ട്. എന്നാൽ ‘അകം’, ‘പുറം’ എന്നീ സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. കാരണം, ദേശത്തിനകത്തു തന്നെ പലവിധത്തിലുള്ള അതിർവരമ്പുകളുണ്ട്. ഇങ്ങനെയൊരു ‘ഹിന്ദു ഭവനം’ സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണ് സി.എ.എ എന്ന് ബി.ജെ.പിയുടെ 2014ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ തന്നെ വെളിപ്പെടുത്തിയതാണ്. ‘പീഢനത്തിനിരയാകുന്ന ഹിന്ദുക്കൾക്ക് അഭയം പ്രാപിക്കാവുന്ന സ്വാഭാവിക ഗൃഹമായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള’ ശ്രമങ്ങൾ പാർട്ടി നടത്തുമെന്ന് അതിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫാഷിസ്റ്റ് ചിന്താഗതിക്കാർ സ്വപ്നം കാണുന്ന ഈ ദേശത്തിന് കൃത്യമായി പ്രവർത്തിക്കുന്ന, ഗൃഹാതുരത്വം ഉണർത്തുന്ന ഒരു വീടിന്റെ ലക്ഷണങ്ങളാണ് ഉള്ളത്. ഇവിടെ അകത്തിരിക്കുന്ന ‘അശുദ്ധമായ’ അപരനെ ഹിംസയിലൂടെയും പുറത്തിരിക്കുന്ന ശത്രുവിനെ യുദ്ധത്തിലൂടെയും സ്ഥിരമായി തുടച്ചുനീക്കേണ്ടതുണ്ട്

“അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ, അതായത് ഹിന്ദു, സിഖ്, ബുദ്ധ, ജൈൻ, പാർസി, ക്രിസ്ത്യൻ മതസ്ഥരെ... നുഴഞ്ഞുകയറ്റക്കാരായി കാണുകയില്ല” എന്നാണ് സി.എ.എ പറയുന്നത്. അവർ ഇന്ത്യൻ പൌരന്മാരാകും. ഇവിടെ ഒറ്റ നീക്കത്തിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് സാധിച്ചെടുക്കപ്പെടുന്നത്. ഒന്ന്, ഇസ്‍ലാമിനെയും മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളെയും പീഢകരായും ഹിന്ദുക്കളെ പീഢിപ്പിക്കപ്പെട്ടവരായും വരുത്തിത്തീർക്കുന്നു. രണ്ട്, ‘ഞങ്ങൾ ഹിന്ദുക്കളായ വീട്ടുകാർ’, അവർ ‘മുസ്‍ലിംകളായ അന്യർ’ എന്ന ദ്വന്ദ്വം ഊട്ടിയുറപ്പിക്കുന്നു.

പീഢിതരായ ക്രിസ്ത്യാനികൾക്കു വേണ്ടി പൊരുതുന്നു എന്ന് വാദിക്കുന്നവരുടെ എതിർപ്പ് ഭയന്ന്, ഒരു പിൻബുദ്ധി എന്ന നിലയിലാണ് ക്രിസ്ത്യാനികളെ സി.എ.എയുടെ പരിധിയിൽ ഉൾപ്പെടുത്തിയതെന്ന് ഇതിനോട് ചേർത്ത് പറയേണ്ടതുണ്ട്. ഇതിനു മുൻപ് നടന്ന ബി.ജെ.പിയുടെ ചർച്ചകളിൽ ക്രിസ്ത്യാനികളുടേതോ പാർസികളുടേതോ ‘സ്വാഭാവിക ഗൃഹം’ ആയി ഇന്ത്യയെ ഉയർത്തിക്കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സിഖ്, ബുദ്ധ, ജൈൻ മതങ്ങളെ മറ്റു മതങ്ങളായല്ല, ഹിന്ദുമത്തിന്റെ ശാഖകളായാണ് ഇവർ കാണുന്നത്. ഇങ്ങനെ മറ്റു മതങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ള കാഴ്ചപ്പാടിന് ഇന്ത്യൻ ഭരണഘടനയും സാധുത നൽകുന്നുണ്ട്. ഇവിടെ ‘ഇൻഡിക്’, ‘വിദേശി’ എന്നിങ്ങനെ രണ്ട് മതഗണങ്ങളായി തരംതിരിക്കുകയാണ് ചെയ്തത്.

ബോറിസ് ജോൺസൺ, ഡോണള്‍ഡ് ട്രംപ്
ബോറിസ് ജോൺസൺ, ഡോണള്‍ഡ് ട്രംപ്

അതിരുകൾക്കപ്പുറവുമുള്ള ഹിന്ദുക്കളുടെ കാര്യവും സംസാരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഹിന്ദുക്കളുടെ ഒരു ദേശമായാണ് സി.എ.എ ഇന്ത്യയെ മാറ്റി ചിത്രീകരിക്കുന്നത്. ഇന്ത്യയുടെ യഥാർത്ഥ പൌരന്മാരായ ഹിന്ദുക്കളുടേതാണ് ഈ രാജ്യം എന്ന് അതിനെ പിന്തുണക്കുന്നവർ വാദിക്കുന്നു. സി.എ.എയെ എതിർക്കുന്ന പലരും ഈ സാഹചര്യത്തിൽ ഉയർത്തുന്ന ഒരു ഉദാഹരണമാണ് നേപ്പാൾ. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബീഹാർ എന്ന സംസ്ഥാനത്ത് താമസിക്കുന്ന ഒരാൾ എന്ന നിലയിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും ഇവിടെ ജോലി ചെയ്യാനും ഒരു നേപ്പാളുകാരന് വിസ ആവശ്യമില്ല (തിരിച്ചും ശരിയാണ്) എന്ന കാര്യം എന്നെ സന്തോഷപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ പട്ടാളത്തിൽ നിന്ന് വിരമിച്ച ആസാമിലെ മുഹമ്മദ് അസ്മൽ ഹഖ് എന്ന് ഉദ്യോഗസ്ഥന് തന്റെ പൌരത്വം തെളിയിക്കേണ്ടി വരുമ്പോൾ മറ്റൊരു രാജ്യമായ നേപ്പാളിൽ നിന്ന് ഇന്ത്യൻ സൈന്യത്തിലേക്കു വരെ ആളുകളെ എടുക്കുന്നതു എന്തുകൊണ്ടാണ്? നേപ്പാൾ ഒരു ഹിന്ദുഭൂരിപക്ഷ രാജ്യമായതു കൊണ്ടാണോ?

പൗരത്വത്തിന്റെ ‘തനിമ’

സവർക്കറും ഗോൽവാക്കറും അടങ്ങുന്ന ആർ.എസ്.എസ്-ഹിന്ദുത്വ ശിൽപികളുടെ തത്ത്വങ്ങളിലാണ് സി.എ.എ എന്ന വർഗീയ നിയമത്തിന്റെ വേരുകളുള്ളതെന്നാണ് ചില നിരീക്ഷകർ പറയുന്നത്. ഇതിനു വിപരീതമായി ഇന്ത്യ എന്ന റിപബ്ലിക് പിറവിയെടുത്ത കാലത്ത് സ്ഥാപിക്കപ്പെട്ട പൗരത്വ നിയമം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന ഒന്നാണെന്ന് അവർ അനുമാനിക്കുന്നു. നെഹ്റുവിന്റെ ‘മതേതര ദർശന’ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ആണ് ഇങ്ങനെയൊരു ചിന്തക്ക് കാരണമായി വർത്തിക്കുന്നത്.

മുഹമ്മദ് അസ്മൽ ഹഖ്
മുഹമ്മദ് അസ്മൽ ഹഖ്

ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയുടെ പൌരത്വ നിയമത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്- ജൂസ് സോളി(Jus Soli)യും ജൂസ് സാൻഗ്വിനിസും (Jus Sanguinis). ആദ്യത്തേത് ഇന്ത്യയിൽ ജനിച്ചതു മൂലം പൗരത്വം ലഭിക്കുന്ന നയവും രണ്ടാമത്തേതിൽ മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചതു മൂലം ഇവിടെ പൗരത്വം ലഭിക്കുന്ന രീതിയുമാണ്. ഈ രണ്ടാമത്തെ ഭാഗമനുസരിച്ച് മാതാപിതാക്കളിൽ ഒരാളോ രണ്ടു പേരുമോ അവരുടെ മാതാപിതാക്കളോ ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന ഒരാൾക്ക് പൗരത്വം കൊടുക്കാൻ വ്യവസ്ഥയുണ്ട്. ഇവിടെ വ്യക്തിയുടെ വംശീയ വേരുകളെ അടിസ്ഥാനമാക്കിയാണ് പൗരത്വം നൽകുന്നത്. “ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ട കാലം മുതൽ തന്നെ വംശീയ വേരുകൾക്ക് പൗരത്വവുമായുള്ള ബന്ധത്തിന് ഊന്നൽ നൽകപ്പെട്ടിട്ടുണ്ട്” എന്ന് അനുപമ റാവു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതിനു മുൻപ് നടന്ന ബി.ജെ.പിയുടെ ചർച്ചകളിൽ ക്രിസ്ത്യാനികളുടേതോ പാർസികളുടേതോ ‘സ്വാഭാവിക ഗൃഹം’ ആയി ഇന്ത്യയെ ഉയർത്തിക്കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സിഖ്, ബുദ്ധ, ജൈൻ മതങ്ങളെ മറ്റു മതങ്ങളായല്ല, ഹിന്ദുമത്തിന്റെ ശാഖകളായാണ് ഇവർ കാണുന്നത്.

ജൂസ് സോളി എന്ന കാഴ്ചയിൽ വിശാലമായ നയവും വിഭജന കാലത്തെ പ്രത്യേക സാഹര്യങ്ങൾ മൂലം ഉരുത്തിരിഞ്ഞു വന്നതാണ്. ഇന്ന് ദേശീയത മനസ്സിൽ കൊണ്ടു നടക്കുന്ന പലരെയും അസ്വസ്ഥമാക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഞാനിവിടെ ഒരു സത്യം പറയട്ടെ- പൗരത്വത്തിന് വംശീയമായ വേരുകൾ മാനദണ്ഡമാക്കുന്ന കാര്യത്തിൽ പാകിസ്താനേക്കാൾ എത്രയോ ശക്തമായ നയം ഇന്ത്യക്കുണ്ടായിരുന്നു. പഞ്ചാബിൽ നിന്നുള്ള മുസ്‍ലിംകളെ മാത്രം കയറ്റാൻ ഉദ്ദേശിച്ചിരുന്ന പാകിസ്താൻ ഇന്ത്യയിൽ നിന്നുള്ള മുഹാജിറുകളുടെ (കുടിയേറ്റക്കാർ) തള്ളിക്കയറ്റം കാരണം കറാച്ചി ‘നിറഞ്ഞു’ എന്ന് പറഞ്ഞ് ഒടുവിൽ കുടിയേറ്റക്കാരെ തിരിച്ചയക്കുകയായിരുന്നു. ഇതു മൂലം പാകിസ്താന്റെ സ്ഥാപനത്തിനു വേണ്ടി പ്രവർത്തിച്ച പല വ്യക്തികൾ പോലും തിരിച്ചയക്കപ്പെട്ടു എന്നതാണ് ഒരു വിരോധാഭാസം. എന്നാൽ വല്ലാഭായി പട്ടേൽ അക്കാലത്ത് നടത്തിയ പ്രസ്താവനയുമായി ഇത് താരതമ്യം ചെയ്തു നോക്കൂ. “ഇന്ത്യൻ പൗരത്വത്തിന്റെ നിർവ്വചനം എന്തു തന്നെ ആയാലും പാകിസ്താനിലെ ഹിന്ദുക്കളെയും സിഖുകളെയും അന്യരായി കാണാൻ ഇന്ത്യക്ക് സാധിക്കില്ല.” എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അന്നത്തെ കോൺഗ്രസ് പ്രസിഡൻറായിരുന്ന ആചാര്യ ക്രിപലാനി പാകിസ്താൻ ഉപേക്ഷിക്കാൻ ഹിന്ദുക്കളോട് ശക്തമായി ഉപദേശിച്ചിരുന്നു. ചരിത്രകാരിയായ വസീറാ സമീന്ദാർ അവരുടെ ഒരു പുസ്തകത്തിൽ ഈ വിഷയങ്ങൾ വളരെ സരളമായി വിശദീകരിച്ചിട്ടുണ്ട്. അതിൽ ലഖ്നൌവിൽ നിന്നുള്ള ഗുലാം അലി എന്ന ഒരാളുടെ കഥ പറയുന്നുണ്ട്. രണ്ട് രാജ്യങ്ങളും തള്ളിയ ഗുലാം അലി പല തവണ ഇന്ത്യയിലും പാകിസ്താനിലുമായി തട്ടിക്കളിക്കപ്പെട്ടു. ഒടുവിൽ 1960ൽ അദ്ദേഹം ഇന്ത്യയിലെത്തിപ്പെടുന്നത് പൗരനായിട്ടല്ല, സദാ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഒരു വിദേശിയായിട്ടാണ്.

തട്ടിക്കൊണ്ടു പോയ വ്യക്തികളുടെ തിരിച്ചെടുക്കലും പുനരുദ്ധാരണവുായി ബന്ധപ്പെട്ട് 1949ൽ പാസാക്കിയ നിയമമാണ് ഇന്ത്യയുടെ വംശീയ സമീപനങ്ങളിലേക്ക് വിരൽചൂണ്ടുന്ന മറ്റൊരു നിയമം. പൌരത്വ നിയമം പാസാക്കിയതിനു ശേഷം രണ്ടു വർഷങ്ങൾ കൂടി നിലനിന്ന ഈ നിയമം 1957ലാണ് എടുത്തു മാറ്റപ്പെട്ടത്. പാകിസ്താനിൽ നിന്ന് തിരിച്ചെടുത്ത സിഖ്, ഹിന്ദു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു അവിടെ നിന്ന് തിരിച്ചെടുത്ത മുസ്‍ലിം സ്ത്രീകളോടുള്ള സമീപനം. പാകിസ്താൻ അവരെ ഏറ്റെടുക്കുന്നതു വരെ തടങ്കൽ പാളയങ്ങളിൽ കഴിയാനായിരുന്നു അവരുടെ വിധി. പൌരത്വം ലഭിക്കാനുള്ള യോഗ്യത അവർക്കുള്ളതായി പരിഗണിക്കപ്പെട്ടിരുന്നില്ല.

ചരിത്രകാരിയായ വസീറാ സമീന്ദാർ അവരുടെ ഒരു പുസ്തകത്തിൽ ഈ വിഷയങ്ങൾ വളരെ സരളമായി വിശദീകരിച്ചിട്ടുണ്ട്. അതിൽ ലഖ്നൌവിൽ നിന്നുള്ള ഗുലാം അലി എന്ന ഒരാളുടെ കഥ പറയുന്നുണ്ട്. രണ്ട് രാജ്യങ്ങളും തള്ളിയ ഗുലാം അലി പല തവണ ഇന്ത്യയിലും പാകിസ്താനിലുമായി തട്ടിക്കളിക്കപ്പെട്ടു.

ഇന്ത്യൻ സംവിധാനങ്ങൾ, നയങ്ങൾ, പ്രായോഗികതലത്തിൽ നിയമങ്ങളുടെ പ്രയോഗം, അദ്ദേഹത്തിന്റെ പാർട്ടിക്കകത്തു തന്നെയുള്ള ദൈംദിന രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ വ്യക്തിപരമായി നെഹ്റു പുലർത്തിയിരുന്ന മതേതര മൂല്യങ്ങൾക്ക് യാതൊരു സ്വാധീനവും ഉണ്ടായിരുന്നതായി കാണാത്ത സ്ഥിതിക്ക് ഇവയെ സ്വീകരണമുറിയിലെ ഒരു കാഴ്ചവസ്തുവായി മാത്രമേ പരിഗണിക്കാൻ കഴിയൂ. നെഹ്റുവിന്റെ പാശ്ചാത്യ വിദ്യാഭ്യാസം, എഴുത്തുകൾ, പൊതുപ്രസ്താവനകൾ, കത്തുകൾ തുടങ്ങിയവ പഠിച്ചതിലൂടെ ‘പൗരത്വത്തെക്കുറിച്ചുള്ള നെഹ്റുവിന്റെ കാഴ്ചപ്പാടുകൾ... അദ്ദേഹത്തിന്റെ നയങ്ങളെയും തെരഞ്ഞെടുപ്പുകളെയും മനസ്സിലാക്കുന്നതിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്’ എന്ന് ജിവാന്റ ശോറ്റ്ലിം എന്ന നിയമവിദഗ്ധ വാദിക്കുന്നുണ്ട്. എന്നാൽ അവരുടെ ഈ നിരീക്ഷണത്തോട് യോജിക്കാൻ എനിക്ക് സാധിക്കില്ല. 1980കൾ മുതൽ 2000ങ്ങൾ വരെയും പിന്നീട് ഇന്നത്തെ ദിനം വരെയുമുള്ള കാലയളവിൽ പൗരത്വ നിയമങ്ങൾക്ക് നൽകപ്പെട്ട വംശീയ നിറങ്ങളുടെ വകഭേദങ്ങൾ പഠിക്കണമെങ്കിൽ വ്യത്യാസങ്ങൾക്കപ്പുറം ഇത്തരം നിയമങ്ങൾക്കകത്തുള്ള പൊതുവായ വശങ്ങൾ മനസ്സിലാക്കി മുന്നേറേണ്ടതുണ്ട്. ‘പുരോഗമനചിന്താഗതിക്കാരാ’യ ബുദ്ധിജീവികൾ ഇത്രയും കാലം ഈ വ്യത്യാസങ്ങൾക്ക് മാത്രമാണ് കാര്യമായ ഊന്നൽ നൽകിയത്.

1955ലെ നിയമത്തിന് 1986ൽ ഭേദഗതി വരുത്തി. ഇതിലൂടെ ജുസ് സോളി നയത്തെ കൂടുതൽ ദുർബ്ബലമാക്കുകയും വംശീയ ബന്ധങ്ങൾക്ക് കൂടുതൽ ശക്തി പകരുകയുമാണ് ഇന്ത്യൻ സർക്കാർ ചെയ്തത്. 1971ലെ സ്വാതന്ത്യത്തിനു ശേഷം ബംഗ്ലാദേശിൽ നിന്ന് വന്ന കുടിയേറ്റക്കാരെ തീവ്രമായി എതിർത്ത ആസാമിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാജീവ് ഗാന്ധിയും തമ്മിൽ ഒപ്പു വെച്ച ആസാം ഉടമ്പടി (Assam Accord) നിലവിൽ വന്നതിനു തൊട്ടു പിന്നാലെയാണ് 1986ലെ ഭേദഗതി പാസാവുന്നത്. ആസാമിലെ ദേശീയവാദികളുടെ സ്വാധീനം മൂലം 1900 മുതൽ ആസാമിൽ ജീവിക്കുകയായിരുന്ന 2000ഓളം മുസ്‍ലിംകളുടെ പിൻഗാമികൾ നെല്ലിയിൽ വംശഹത്യ ചെയ്യപ്പെട്ട ചരിത്രവും ഇവിടെ ഓർമ്മയിൽ സൂക്ഷിക്കേണ്ടതുണ്ട്. അക്കാലത്ത് ബംഗ്ലാദേശി കുടിയേറ്റക്കാർ എന്നു പറഞ്ഞാൽ മുസ്‍ലിംകൾ എന്ന ആശയമായിരുന്നു പ്രചരിച്ചിരുന്നത്. ആസാമിന്റെ കൈയ്യൂക്കിനു മുന്നിൽ മുട്ടുമടക്കിക്കൊണ്ട് 1986നു പകരം 1971 പൗരത്വം നൽകാൻ യോഗ്യമാക്കുന്ന വർഷമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 2003ൽ വന്ന മറ്റൊരു ഭേദഗതി അനുസരിച്ച് ഒരു വ്യക്തി ഇന്ത്യൻ മണ്ണിൽ ജനിച്ചാലും അവരുടെ ജനന സമയത്ത് അച്ഛനോ അമ്മയോ നിയമവിരുദ്ധമായി ഇന്ത്യയിൽ നിൽക്കുകയാണെങ്കിൽ അവർക്ക് പൗരത്വം ലഭിക്കുകയില്ല.

ആസാമിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാജീവ് ഗാന്ധിയും തമ്മിൽ  ആസാം ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു
ആസാമിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാജീവ് ഗാന്ധിയും തമ്മിൽ ആസാം ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു

2003ലെ ഭേദഗതി പൗരന്മാരുടെ ഇടയിൽ പുതിയൊരു ഗണത്തെ കൂടി സൃഷ്ടിച്ചു- വിദേശ ഇന്ത്യൻ പൗരൻ (Overseas Citizen of India). നോർത്ത് അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ, ന്യൂസീലാൻറ്, സിങ്കപ്പൂർ, തൈലാൻറ് തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രം ഈ പൗരത്വം നൽകാമെന്നായിരുന്നു ആദ്യത്തെ വാദമെങ്കിലും പിന്നീട് 2005ൽ വന്ന ഒരു ഓർഡിനൻസിലൂടെ 1950നു ശേഷം ഇന്ത്യ വിട്ട് പാകിസ്താനും ബംഗ്ലാദേശുമൊഴികെ ഏതു രാജ്യത്തും വസിക്കാൻ തുടങ്ങിയ ഇന്ത്യൻ വേരുകളുള്ള ആളുകൾക്ക് ഈ പൗരത്വത്തിന് അപേക്ഷിക്കാം. ഇവിടെ പാകിസ്താനെയും ബംഗ്ലാദേശിനെയും ഒഴിവാക്കിയതിലൂടെ തന്നെ പൗരത്വത്തിന് വംശീയ വേരുകൾ ആധാരമാക്കാനുള്ള നീക്കത്തിന് ആക്കം കൂടുകയാണ് ചെയ്തത്.

ഈ ഒരു ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സി.എ.എയുടെ ഇരട്ടസഹോദരൻ എന്ന് വിളിക്കപ്പെടുന്ന നാഷനൽ റെജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ.ആർ.സി) ആസാമിൽ നടപ്പിലാക്കിയ രീതി മനസ്സിലാക്കേണ്ടത്. 1951ലെ സെൻസസിന്റെ കാലത്ത് ആസാമിനു വേണ്ടി മാത്രം നിലവിൽ കൊണ്ടു വന്ന പ്രക്രിയയായിരുന്നു എൻ.ആർ.സി എങ്കിലും 2014ലെ ഒരു സുപ്രീം കോടതി ഉത്തരവാണ് എൻ.ആർ.സിയെ പുനരുജ്ജീവിപ്പിച്ചത്. വിദേശ ട്രൈബ്യൂണുകൾ സ്ഥാപിച്ചതിനു ശേഷം പൗരന്മാരെ തിരിച്ചറിയാനുള്ള നടപടികൾ 2015ൽ ആരംഭിച്ചു. പൗരന്മാരല്ലാത്തവരെ, അതായത് നിയമവിരുദ്ധമായി കുടിയേവറെ, നാടുകടത്താൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ഡി വോട്ടറുമാർ’ അല്ലെങ്കിൽ ‘ഡൌട്ട്ഫുൾ’ വോട്ടർമാർ എന്ന പേരിൽ ഈ നിയമവിരുദ്ധർ രാജ്യമില്ലാത്തവരായി മാറാൻ കാത്തിരുന്നു.

2019 ആഗസ്റ്റ് 31ന് എൻ.ആർ.സിയുടെ അവസാന പട്ടിക ഇറക്കിയപ്പോൾ ആസാമിലെ 19 ലക്ഷം ആളുകൾ അതിൽ നിന്ന് പുറത്തായിരുന്നു. 1971 മാർച്ച് 25ന് മുൻപ് ആസാമിന്റെ അതിരുകൾക്കകത്ത് ഒരു വ്യക്തിയുടെ കുടുംബം ജീവിച്ചിരുന്നു എന്നതിന്റെ രേഖാമൂലമുള്ള തെളിവ് കാണിക്കുക എന്ന അന്യായമായ ആവശ്യമായിരുന്നു എൻ.ആർ.സിയുടെ കാതൽ. ഉദ്യോഗസ്ഥ തലത്തിൽ വന്നിട്ടുണ്ടാകാവുന്ന പിഴവുകൾ, എൻ.ആർ.സി നടപ്പിലാക്കുന്നതിൽ സംഭവിച്ച അനാസ്ഥകൾ, വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ പിന്നാക്കാവസ്ഥ കാരണം ഈ രേഖകൾ കാണിക്കുന്നതിന് ആളുകൾ നേരിട്ട വിഷമതകൾ- ഇവയൊക്കെ തൽക്കാലം മാറ്റിവെക്കാം. എന്നാൽ ഈ യത്നത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർ എൻ.ആർ.സിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയ ബി.ജെ.പി അനുയായികളുടെയും ആസാമിലെ തീവ്രദേശീയവാദികളുടെയും അത്ര തന്നെ രാഷ്ട്രീയവത്കരിക്കപ്പെട്ടവരും പക്ഷപാത നിലപാടെടുത്തവരും ആയിരുന്നു എന്ന സത്യം നമുക്ക് കാണാതിരിക്കാനാവില്ല.

അസമില്‍ എന്‍.ആര്‍.സിക്കായി ക്യൂവില്‍ നില്‍ക്കുന്നവര്‍
അസമില്‍ എന്‍.ആര്‍.സിക്കായി ക്യൂവില്‍ നില്‍ക്കുന്നവര്‍

പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം ആളുകളെ എന്തു ചെയ്യുമെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തടങ്കൾ പാളയങ്ങളുടെ പണി തകൃതിയായി മുന്നേറുകയാണ്. ആസാമിലെ ഗോൽപാറ ജില്ലയിൽ പണി കഴിപ്പിക്കുന്ന 20 ഇടി ഉയരമുള്ള മതിലും നിരീക്ഷണഗോപുരങ്ങളുമുള്ള തടങ്കൽ പാളയത്തെ കുറിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ഇതു പോലെയുള്ള അനവധി തടങ്കൽ പാളയങ്ങളുടെ പണി പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളും ഈ തടവറകൾ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.

പുറത്തായ 19 ലക്ഷം പേരിൽ എല്ലാവരും മുസ്‍ലിംകളല്ല. ഇതിൽ ഹിന്ദുക്കളുമുണ്ട്; എന്നാൽ ഓരോ വിഭാഗത്തിലെയും എത്ര പേരുണ്ടെന്ന് വ്യക്തമായി അറിയില്ല. ഇവരുടെ വിധി എന്താവും? അവരെ നാടു കടത്തുമോ? അങ്ങനെയെങ്കിൽ ഏത് രാജ്യത്തേക്ക്? ആ രാജ്യം അവരെ സ്വീകരിക്കാൻ തയ്യാറാണോ?

ആസാമിലെ എൻ.ആർ.സി രാജ്യമാകെ വ്യാപിപ്പിച്ചാൽ അതിന്റെ അനന്തരഫലമായി ഇനിയും ഒരുപാട് ലക്ഷം ജനങ്ങൾ നിയമവിരുദ്ധരായോ ഡി വോട്ടർമാരായോ പ്രഖ്യാപിക്കപ്പെടും. മതഭേദമില്ലാതെ ദരിദ്രരും കീഴാളരുമാണ് ഇതിൽ മുഖ്യമായും ഉൾപ്പെടുക. എന്നാൽ ബി.ജെ.പി-ആർ.എസ്.എസ് ശക്തികളുടെ വംശീയ പ്രത്യയശാസ്ത്രങ്ങൾ നിയമവിരുദ്ധരായി പ്രഖ്യാപിക്കപ്പെട്ട എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ അനുവദിക്കില്ല എന്ന വ്യക്തമാണ്. ‘നുഴഞ്ഞുകയറ്റകാർ’, ‘അഭയാർത്ഥികൾ’ എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടുന്ന രീതിയിൽ നിന്നു തന്നെ ഇത് മനസ്സിലാക്കാം. ‘നുഴഞ്ഞുകയറ്റക്കാർ’ മുസ്‍ലിംകൾക്കും ‘അഭയാർത്ഥികൾ’ ഹിന്ദുക്കൾക്കും വേണ്ടി മാറ്റിവെക്കപ്പെട്ട പദങ്ങളാണ്. 2019ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അന്ന് ബി.ജെ.പി പ്രസിഡൻറും ഇപ്പോൾ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നുഴഞ്ഞുകയറ്റക്കാരെ ‘ചിതലുകൾ’ എന്ന് വിളിക്കുകയും “ഒന്നൊന്നായി എടുത്ത് അവരെ ബംഗാൾ ഉൾക്കടലിലേക്ക് എറിയും” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്.

2020 ജനുവരി 5ന് ബി.ജെ.പിയുടെ ബംഗാൾ യൂനിറ്റ് പ്രസിദ്ധീകരിച്ച് കേന്ദ്രമന്ത്രി ബാബൽ സുപ്രിയോ പ്രകാശനം ചെയ്ത പുസ്തകത്തിൽ വ്യക്തമായി പ്രദിപാദിച്ചിട്ടുണ്ട്: “സി.എ.ബി പാസായി കഴിഞ്ഞാൽ ഒരു ഹിന്ദുവും സിഖും ജൈനും ബുദ്ധമതക്കാരനും ക്രിസ്ത്യാനിയും പാർസിയും പേടിക്കേണ്ടതില്ല. സിഖുകളുടെയും ഹിന്ദുക്കളുടെയും ജന്മഭൂമി സുരക്ഷിതമാണ്.”

സി.എ.എയുടെ “ക്രൂരനായ ഇരട്ടസഹോദരൻ” എന്നാണ് എൻ.ആർ.സിയെ മുകുൾ കേശവൻ വിശേഷിപ്പിച്ചത്. എൻ.ആർ.സി പരീക്ഷ കടക്കാൻ സാധിക്കാത്ത എല്ലാവരും വിഷമിക്കുമ്പോൾ സി.എ.എയുടെ ഹിന്ദു അനുകൂല സ്വഭാവം ഹിന്ദുക്കളെ നാടുകടത്തലിൽ നിന്നും തടങ്കൽ പാളയങ്ങളിൽ നിന്നും രക്ഷിക്കുന്നു. എന്നാൽ സി.എ.എയുടെ പരിധിയിൽ വരാത്ത മുസ്ലിംകൾക്ക് ഇങ്ങനെയൊരു രക്ഷാമാർഗം ലഭ്യമല്ല.

‘നല്ല പ്രതിഷേധക്കാരെയും’ ‘മോശം പ്രതിഷേധക്കാരെയും’ വംശീയതയുടെ അടിസ്ഥാനത്തിൽ പോലീസ് വേർതിരിച്ച് കണ്ടതും അവരെ അടിച്ചമർത്തിയതും എങ്ങനെയാണെന്ന് തൻവീർ ഫസൽ ഒരു ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്

സി.എ.എക്കും എൻ.ആർ.സിക്കും എതിരെ മുൻപും പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ശാഹീൻ ബാഗിലെ പ്രതിഷേധം അലിഗഢ് മുസ്ലിം സർവകലാശാലയിലെയും ജാമിയാ മില്ലിയാ ഇസ്ലാമിയയിലെയും പ്രതിഷേധിക്കുന്ന കുട്ടികൾക്ക് നേരെ പോലീസ് കാണിച്ച ക്രൂരതയ്ക്ക് മറുപടിയായി ആരംഭിച്ചതാണ്. അലിഗഢിൽ 20,000ഓളം കുട്ടികൾ നിരാഹാരമിരിക്കുകയും സി.എ.എയെ എതിർക്കാൻ ടോർച്ച് ലൈറ്റ് റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ഇവരിൽ നൂറു കണക്കിന് ആളുകൾക്കെതിരെ പോലീസ് കേസുകൾ ചുമത്തി. ജാമിയയിലെ കുട്ടികളുടെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെ. പ്രതിഷേധങ്ങളുടെ മൂന്നാം ദിനം, ഡിസംബർ 15ന്, പോലീസ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു. ലൈബ്രറിയിലേക്ക് കടന്നവരെ പോലും വെറുതെ വിട്ടില്ല. ലൈബ്രറിയിലെ വസ്തുക്കളും സി.സി.ടി.വിയും വരെ പോലീസ് നശിപ്പിക്കുകയും പ്രതിഷേധക്കാരെ ‘ജിഹാദി’ എന്നും ‘കൂട്ടിക്കൊടുപ്പുകാരൻ’ എന്നുമടക്കമുള്ള മോശം പേരുകൾ വിളിക്കുകയും ചെയ്തു. പിന്നീടുള്ള ആഴ്ചകളിൽ ഏകദേശം 20ഓളം പ്രതിഷേധക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; ഇതിൽ വലിയൊരു ഭാഗവും കൊല്ലപ്പെട്ടത് ഉത്തർ പ്രദേശിലാണ്. ‘നല്ല പ്രതിഷേധക്കാരെയും’ ‘മോശം പ്രതിഷേധക്കാരെയും’ വംശീയതയുടെ അടിസ്ഥാനത്തിൽ പോലീസ് വേർതിരിച്ച് കണ്ടതും അവരെ അടിച്ചമർത്തിയതും എങ്ങനെയാണെന്ന് തൻവീർ ഫസൽ ഒരു ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

ലദീദ ഫര്‍സാന, ഐശ റെന്ന
ലദീദ ഫര്‍സാന, ഐശ റെന്ന

എന്നാൽ ക്രൂരമായ തങ്ങളുടെ നടപടികൾക്കെതിരെ ജനങ്ങളിൽ നിന്നുള്ള പ്രതിരോധവും പോലീസിന് നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു പ്രതിരോധത്തിന്റെ നിമിഷം ഇന്ന് ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുരുഷനെ ഒരു കരുണയുമില്ലാതെ തല്ലിച്ചതക്കുകയായിരുന്ന പോലീസുകാരനു നേരെ ഭയമില്ലാതെ കൈചൂണ്ടുന്ന രണ്ട് ശിരോവസ്ത്രമണിഞ്ഞ പെൺകുട്ടികളുടെ ചിത്രമായിരുന്നു അത്. ഹിസ്റ്ററി വിദ്യാർത്ഥിനിയായ ആയിശ റെന്നയും അറബി സാഹിത്യ വിദ്യാർത്ഥിനിയായ ലദീദ ഫർസാനയും ഇതിലൂടെ പ്രശസ്തമായി. പലരും അവരുടെ ധൈര്യത്തിന് കൈയ്യടി കൊടുത്തെങ്കിലും ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യം ഉയർത്തിയതു മൂലം ഇന്ത്യ ടുഡേ അവരെ ‘തീവ്രപരിഷ്കരണ വാദികൾ’ എന്നാണ് മുദ്ര കുത്തിയത്. അവർ തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്നും ചിലർ പ്രചരിപ്പിച്ചു. ഇപ്പോഴുള്ള സർക്കാരിനെ ‘ഫാഷിസ്റ്റ്’ എന്ന് വിളിച്ചതാണ് അവരെ തീവ്രപരിഷ്കരണ വാദികളായി വിശേഷിപ്പിക്കാനുണ്ടായ മറ്റൊരു കാരണം. ‘ദാറുൽ ഇസ്ലാം അഥവാ ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടിയാണ്’ ശാഹീൻ ബാഗിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതെന്നു പോലും യാതൊരു തെളിവുകളുമില്ലാതെ, പ്രതിഷേധങ്ങളെ വിലകുറച്ചു കാണിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ മാത്രം, ജനുവരി 14ന് ഫസ്റ്റ്പോസ്റ്റിലെ ഒരു ലേഖനം ആരോപിക്കുകയുമുണ്ടായി.

റെന്നയിലേക്കും ഫർസാനയിലേക്കും തിരിച്ചു വരാം. സംഭവം നടന്നതിന് രണ്ടാഴ്ചകൾക്കു ശേഷം രണ്ടു പേരെയും ഞാൻ കോഴിക്കോടുള്ള ഒരു പരിപാടിയിൽ വെച്ച് കണ്ടിരുന്നു. അവരുടെ വീഡിയോ കണ്ട ഞാൻ ഇതിനു മുൻപ് അവർ ഏതെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. സംഭവം നടക്കുന്ന സമയത്ത് തനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്ന് അവർ പറഞ്ഞു.

ജാമിയയിൽ നിന്ന് ഒരു കിലോമീറ്റർ പോലും അകലെയല്ലാത്ത ശാഹീൻ ബാഗിൽ പ്രതിഷേധം ആരംഭിക്കുന്നത് ഡിസംബർ 16നാണ്- വിദ്യാർത്ഥികൾക്കു നേരെ അതിക്രമം നടന്നതിനു തൊട്ടടുത്ത ദിവസം. പ്രദേശത്തു തന്നെയുള്ള പത്തോളം മാത്രം വരുന്ന സ്ത്രീകൾ ആരംഭിച്ച സമരം പിന്നീട് കൂടുതൽ പ്രചാരം നേടി. പല ദിവസങ്ങളിലും, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ, ലക്ഷത്തോളം ആളുകൾ അവിടെ കൂടുന്നു. ഡൽഹിയുടെ വിദൂരഭാഗങ്ങളിൽ നിന്നും നഗരത്തിനു പുറത്തു നിന്നും ആളുകൾ അവിടെ എത്തിച്ചേർന്നു. മുസ്‍ലിംകൾ മാത്രമല്ല ഹിന്ദുക്കളും സിഖുകളും ക്രിസ്ത്യാനികളും മറ്റു മതസ്ഥരും അവിടെ ഒത്തുകൂടുന്നു. തങ്ങൾ ഏതെങ്കിലും മതത്തിൻറെ ഭാഗമാണ് എന്ന് വിശ്വസിക്കാത്ത കലാകാരന്മാരും ബുദ്ധിജീവികളും ഈ സമരത്തിന്റെ പ്രതിനിധികളാണ്.

ഇഖ്ബാലിന്റെ കൃതികൾ പരിചയമുള്ളവർക്ക് ശാഹീൻ എന്ന വാക്കിന് അദ്ദേഹത്തിന്റെ കവിതകളിലുള്ള പ്രാധാന്യത്തെക്കുറിച്ചറിയാം. പരുന്ത് എന്നർത്ഥം വരുന്ന ഈ വാക്ക് കഴുകന്മാരിൽ നിന്ന് പരുന്തിനെ വേർതിരിക്കുന്നുണ്ട്. മറ്റുള്ളവർ ഉണ്ടാക്കിയെടുത്ത ജീവനത്തെ ആശ്രയിക്കാതെ സ്വയം ഉപജീവനമാർഗം കണ്ടെത്തും എന്നതാണ് ശാഹീന്റെ പ്രത്യേകത.

ശാഹീൻബാഗിനെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഹൈവേ തടഞ്ഞുകൊണ്ട് നിൽക്കുന്ന ഈ സമരപ്പന്തൽ വിശാലമായ ഒരു സാംസ്കാരിക വേദി കൂടിയാണ്. ഇവിടെ ഹിന്ദുക്കൾ യാഗങ്ങൾ നടത്തുകയും ക്രിസ്ത്യാനികളും ഹിന്ദുക്കളും മു കളും അവരുടെ വേദഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്യുന്നു. അംബേദ്കറിൻറെയും ഗാന്ധിയുടെയും അബുൽ കലാം ആസാദിൻറെയും സാക്കിർ ഹുസൈൻറയെും ചിത്രങ്ങൾ ഇവിടെ ഉയർന്നു കാണാം. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മരിച്ചവരുടെയും കൊല്ലപ്പെട്ടവരുടെയും പേരുകൾ എഴുതിവെച്ച് രണ്ട് തൂണുകളുള്ള ഒരു ഇന്ത്യാ ഗേറ്റ് മാതൃകയും നിയമവിരുദ്ധരായി പരിഗണക്കപ്പെടുന്നവർക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരിട്ട് വിശദീകരിക്കാൻ തടങ്കൽ പാളയത്തിന്റെ ഒരു മാതൃകയും അവിടെ പടുത്തുയർത്തിയിട്ടുണ്ട്. സി.എ.എയെയും അത് നിലനിൽക്കുന്ന വിശാലമായ രാഷ്ട്രീയ സാഹചര്യങ്ങളെയും എതിർത്തു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ഉർദുവിലും എഴുതി വെച്ചിട്ടുണ്ട്.

ബാരികേഡുകൾ കൊണ്ട് വളഞ്ഞ ഈ പ്രതിഷേധ വേദി കഥകളും കവിതകളും മുദ്രാവാക്യങ്ങളും കലാരൂപങ്ങളും ഹാസ്യവും കൊണ്ട് മുഴങ്ങുന്നു. മുതിർന്നവർ കുട്ടികളെ പഠിപ്പിക്കുന്നു; തിരിച്ച് അവരിൽ നിന്നും മുതിര്‍ന്നവര്‍ പലതും പഠിക്കുന്നു.

ശാഹീൻബാഗിനെ വ്യത്യസ്തമാക്കുന്ന മൂന്നു സാംസ്കാരിക ചിഹ്നങ്ങളുണ്ട്. ഒന്ന്, ഇന്ത്യ അഗൈൻസ്റ്റ് കൊറപ്ഷനിനുണ്ടായതു പോലെ അറിയപ്പെടുന്ന, രാഷ്ട്രീയ അനുഭവമുള്ള നേതാക്കന്മാർ ഈ സമരത്തിനില്ല. സ്ത്രീകളും യുവജനങ്ങളും മുൻനിരയിൽ നിൽക്കുന്നതു കൊണ്ടു തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ശാഹീൻബാഗിന്റെ കാര്യത്തിൽ വലിയ ആവേശം കാണിക്കുന്നുമില്ല. നേതാവില്ലാത്ത സമരം എന്ന് ചില നിരീക്ഷകർ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും മാസങ്ങളോളം മുടക്കങ്ങളില്ലാതെ ഒരു സമരം മുന്നോട്ടു കൊണ്ടുപോകാൻ നേതാക്കളില്ലാതെ സാധിക്കില്ല. അവിടെ നേതാക്കളുണ്ട്. എന്നാൽ നേതാവ് എന്നയാളെക്കുറിച്ചുള്ള നമ്മുടെ മുഖ്യധാരാ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന ഒരാളെ അവിടെ കാണാൻ സാധിക്കില്ല. പ്രാദേശികവും ദേശീയവും അതിനപ്പുറവുമുള്ള സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളുടെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി മൂല്യങ്ങൾ താത്പര്യങ്ങൾക്കു മേൽ വിജയം സ്ഥാപിക്കുന്ന കാഴ്ചയാണ് ശാഹീൻ ബാഗിൽ കാണാൻ സാധിക്കുന്നത്. ലോകമാകെയുള്ള രാഷ്ട്രീയങ്ങളിലൊക്കെ മൂല്യങ്ങൾ നീണ്ട അവധിക്കു പോയിരിക്കുന്ന ഈ സാഹചര്യത്തിൽ ശാഹീൻബാഗിൽ ഏതു തരത്തിലുള്ള മൂല്യാധിഷ്ടിധ രാഷ്ട്രീയമാണ് നിലനിൽക്കുന്നതെന്ന് മനസ്സിലാക്കാൻ നമ്മൾ നമ്മുടെ ചിന്താരീതികൾ മാറ്റേണ്ടി വരും. അവിടെയുള്ള ശബ്ദങ്ങളെ അടിച്ചമർത്താൻ രാഷ്ട്രീയ ശക്തികൾ നടത്തുന്ന ശ്രമങ്ങളെയും ഇതിനോട് ചേർത്ത് വായിക്കണം.

അല്ലാമ ഇഖ്ബാല്‍
അല്ലാമ ഇഖ്ബാല്‍

“ജനാധിപത്യ വികാരങ്ങളെ ധർമ്മചിന്തകളായി” മാറ്റുന്ന പ്രതിഭാസത്തെക്കുറിച്ച് തലാൽ അസദ് സംസാരിക്കുന്നുണ്ട്. എൻ.ഡി.ടി.വിയുടെ രവീഷ് കുമാറിനോട് സംസാരിക്കുന്ന സ്ത്രീകൾ- മുഖം മറച്ചവർ, ശിരോവസ്ത്രമണിഞ്ഞവർ, അണിയാത്തവർ- ദുഃഖ (ദുഖ്) ത്തെക്കുറിച്ചും പ്രയാസ (തഖ്ലീഫ്)ത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ആയിശ റെന്നയും ലദീദ ഫർസാനയും നടത്തിയ ധീരമായ ഇടപെടലുകളും മറ്റൊരു മനുഷ്യന്റെ വേദന കണ്ടുനിൽക്കാൻ സാധിക്കാത്തതു സംഭവിച്ചതാണ്. ജനാധിപത്യം ഒരു ധർമ്മചിന്തയാകുമ്പോൾ മേധാവിത്വപരമായ വിവേകത്തിൽ അധിഷ്ടിതമായ ജനാധിപത്യം എന്ന ഭരണകൂട സംവിധാനത്തിനു നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്ന എൻ.ആർ.സി മേധാവിത്വപരമായ വിവേകത്തിൻറെ ഉത്തമ ഉദാഹരണമായിരുന്നു. ജനാധിപത്യ വിവേകം ആരംഭിക്കുന്നതും അവസാനിക്കുന്നതും തെരഞ്ഞെടുപ്പിൻറെ കണക്കുകളിലാണെന്നും അതിലൂടെ ഒന്നുമല്ലാത്ത ഒരു വസ്തുവിന് മൂല്യവും മനുഷ്യമൂല്യവും കൊടുക്കുകയാണെന്നും കവിയായ മുഹമ്മദ് ഇഖ്ബാൽ കുറേ കാലം മുൻപ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മനുഷ്യരുടെ മൂല്യത്തെ വെറും ഒരു കണക്കിലെ സംഖ്യ മാത്രമായി ചുരുക്കുന്ന ഒരു സംവിധാനം ആത്മാഭിമാനത്തിന് ഹാനി വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. കോർപറേറ്റ് കമ്പനികളുടെ പ്രേരണയാൽ പ്രവർത്തിക്കുന്ന, മാധ്യമങ്ങളിലൂടെ നിലനിന്നു പോകുന്ന, സമ്പന്നരുടെ സേവനത്തിനായി മാത്രമായി നിലനിൽക്കുന്ന ഒരു സംവിധാനത്തിന് വിപരീതമായി ആത്മാഭിമാനത്തിലും പരസ്പരമുള്ള പരിചരണത്തിലും പ്രയാസങ്ങളിലും കണ്ണീരിലും ഊന്നിയ ഒരു മുന്നേറ്റമാണ് ജനാധിപത്യത്തെ ഒരു ധർമ്മചിന്തയായി മാറ്റുന്നത്.

“ജനാധിപത്യ വികാരങ്ങളെ ധർമ്മചിന്തകളായി” മാറ്റുന്ന പ്രതിഭാസത്തെക്കുറിച്ച് തലാൽ അസദ് സംസാരിക്കുന്നുണ്ട്. എൻ.ഡി.ടി.വിയുടെ രവീഷ് കുമാറിനോട് സംസാരിക്കുന്ന സ്ത്രീകൾ- മുഖം മറച്ചവർ, ശിരോവസ്ത്രമണിഞ്ഞവർ, അണിയാത്തവർ- ദുഃഖ (ദുഖ്) ത്തെക്കുറിച്ചും പ്രയാസ (തഖ്ലീഫ്)ത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ആയിശ റെന്നയും ലദീദ ഫർസാനയും നടത്തിയ ധീരമായ ഇടപെടലുകളും മറ്റൊരു മനുഷ്യന്റെ വേദന കണ്ടുനിൽക്കാൻ സാധിക്കാത്തതു സംഭവിച്ചതാണ്.

കവിത എന്ന മാധ്യമം ശാഹീൻ ബാഗിന്റെ സാംസ്കാരികാന്തരീക്ഷത്തിൻറെ കേന്ദ്രബിന്ദുവാണെന്നതാണ് മൂന്നാമത്തെ ചിഹ്നം. ഇംറാൻ പ്രതാപ്ഗരി ശാഹീൻ ബാഗിൽ പോയി തൻറെ കവിതകൾ വായിച്ചതിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. അല്ലെങ്കിലും അദ്ദേഹം കവിയേക്കാളേറെ വർത്തമാനകാല സംഭങ്ങളെക്കുറിച്ചു പാടുന്ന ഒരു പാട്ടുകാരനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ശാഹീൻ ബാഗിലെ സംസാരങ്ങളിലും പോസ്റ്ററുകളിലും പ്രസംഗങ്ങളിലും ആവർത്തിച്ചു വരുന്ന കവിതകളെ ക്രിയാത്മകതയ്ക്കും സർഗാത്മകതയ്ക്കും വേണ്ടിയുള്ള ഒരു വെമ്പലായാണ് ഞാൻ കാണുന്നത്. വേദനയിലെന്ന പോലെ വികാരങ്ങൾ കത്തിത്തുടങ്ങുമ്പോഴാണ് ക്രിയാത്മകതയും ആരംഭിക്കുന്നത്. ഫാർസിയിലുള്ള ഇഖ്ബാലിന്റെ ഒരു കവിതയിൽ പറയുന്നുണ്ട്: സിന്ദഗാനി സോക്താൻ ബ സക്താൻ “അഗ്നിയിലൂടെയാണ് ജീവൻ ജീവിതമാകുന്നത്, സൃഷ്ടിക്കാനുള്ള തീവ്രാഭിലാഷത്തിലൂടെ”.

ഇഖ്ബാലിന്റെ കൃതികൾ പരിചയമുള്ളവർക്ക് ശാഹീൻ എന്ന വാക്കിന് അദ്ദേഹത്തിന്റെ കവിതകളിലുള്ള പ്രാധാന്യത്തെക്കുറിച്ചറിയാം. പരുന്ത് എന്നർത്ഥം വരുന്ന ഈ വാക്ക് കഴുകന്മാരിൽ നിന്ന് പരുന്തിനെ വേർതിരിക്കുന്നുണ്ട്. മറ്റുള്ളവർ ഉണ്ടാക്കിയെടുത്ത ജീവനത്തെ ആശ്രയിക്കാതെ സ്വയം ഉപജീവനമാർഗം കണ്ടെത്തും എന്നതാണ് ശാഹീന്റെ പ്രത്യേകത. ഇഖ്ബാലിനെ സംബന്ധിച്ചെടുത്തോളം സ്വാതന്ത്ര്യത്തിന്റെയും സ്വയം പര്യാപ്തതയുടെയും പര്യായപദമായിരുന്നു ശാഹീൻ. ലഭ്യമായ വിവരങ്ങൾ വെച്ച് ശാഹീൻ ബാഗിലെ സമരം ഏതെങ്കിലും വമ്പൻ കോർപറേറ്റ് കമ്പനിയോ വ്യവസായങ്ങളോ വൻകിട വ്യാപാരികളോ പിന്തുണക്കുന്നതായി പറയാൻ സാധിക്കില്ല. സ്വയം പര്യാപ്തത കൈവരിക്കാൻ മൂല്യങ്ങളിലധിഷ്ടിതമായ ഒരു സത്വം അത്യാവശ്യമാണ്. സമരപ്പന്തലിൽ എഴുതിവെച്ചിരിക്കുന്ന ഇഖ്ബാലിന്റെ ഒരു ഈരടി വായിച്ചു നോക്കൂ: “കൂടിനു മുകളിൽ കൂട് നിർമ്മിച്ചുകൊണ്ടേയിരിക്കൂ, മിന്നൽപ്പിണറിനും പരിക്കേൽപ്പിക്കാൻ സാധിക്കാതെയാവാൻ”.

എസ്.ഐ.ഒ  സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സിന്റെ ഉദ്ഘാടന വേദിയില്‍ ലേഖകന്‍
എസ്.ഐ.ഒ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സിന്റെ ഉദ്ഘാടന വേദിയില്‍ ലേഖകന്‍

സ്ഥിരമായ, നിശ്ചലമായ ഒരു പാർപ്പിടം ഒരുക്കുന്നതിൽ ശാഹീനു താത്പര്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അവ വീടുകളിൽ നിന്ന് മുഖം തിരിക്കുന്നുവെന്നല്ല; എന്നാൽ സ്ഥിരമായ ഒരു പാർപ്പിടം ഉയരങ്ങൾ കീഴടക്കുന്നതിന് തടസ്സമായാണ് ശാഹീൻ കാണുന്നത്. സി.എ.എ ഇന്ത്യയെ ഒരു ഹിന്ദു ഭവനമായി പ്രഖ്യാപിച്ച സ്ഥിതിക്ക് അഹിന്ദുക്കളുടെ ഭാവിയുടെ സൂചന തടങ്കൽ പാളയങ്ങളിലേക്കാണ് തിരിഞ്ഞു നിൽക്കുന്നത്. അതിൻറെ ഒരു മാതൃക സമരപ്പന്തലിൽ പടുത്തുയർത്തിയിട്ടുമുണ്ട്.

വീടുകളിൽ നിന്ന് പുറത്തിറങ്ങിയ സമരക്കാരുടെ മുന്നിൽ രണ്ട് ക്യാമ്പുകളാണ് ഉള്ളത്. ഒന്ന്, സമരപ്പന്തലു തന്നെ ഒരു തരത്തിലുള്ള ക്യാമ്പായി മാറിയിരിക്കുന്നു. രണ്ട്, ഗോൽപാറയിലും മറ്റിടങ്ങളിലും നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടി പണിതു കൊണ്ടിരിക്കുന്ന ക്യാമ്പുകൾ. അടിമയുള്ളെടുത്തോളം കാലം യജമാനനൻ പൂർണനായി സ്വതന്ത്രനല്ല എന്ന് പറയുന്നതു പോലെ ആളുകളെ തടങ്കൽ പാളയത്തിലേക്ക് എറിയാൻ കാത്തു നിൽക്കുന്നിടത്തോളം കാലം ഒരു വീടിനെ വീടായി കണക്കാക്കാൻ സാധിക്കില്ല.

പാപ്പരത്തമടക്കം ഭൂരിപക്ഷ പ്രീണനയുടെ ഭയാനകമായ പ്രഖ്യാഘാതങ്ങൾ നമ്മുടെ മുഖത്തേക്ക് തുറിച്ചുനോക്കുന്ന ഈ കാലത്ത് ജനാധിപത്യമെന്ന പരുന്തിനെ തിരിച്ചറിയാനുള്ള ഒരു വിളി കൂടിയാണ് ശാഹീൻ ബാഗ്.

പരിഭാഷ: സയാന്‍ ആസിഫ്