LiveTV

Live

Opinion

ഡല്‍ഹി; വോട്ടര്‍മാര്‍, മുന്‍‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ രാഷ്ട്രീയ കാലാവസ്ഥയും വര്‍ത്തമാന സാഹചര്യങ്ങളും വിലയിരുത്തുന്ന പരമ്പരയുടെ രണ്ടാം ഭാഗം

ഡല്‍ഹി; വോട്ടര്‍മാര്‍, മുന്‍‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

ഭാഗം - 2

1993 നവംബറിലാണ് ഡല്‍ഹി ഇന്നുകാണുന്ന സംസ്ഥാന പദവിയിലേക്കെത്തുന്നത്. ഇന്ത്യയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1951-ല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലും അസംബ്ലി തെരഞ്ഞെടുപ്പ് നടന്നു. 42 സീറ്റിലേക്കായിരുന്നു അന്ന് മത്സരം നടന്നത്. ആകെ വോട്ടര്‍മാര്‍ ഒന്‍പത് ലക്ഷത്തോളം മാത്രം. വോട്ട് ചെയ്തതാകട്ടെ അഞ്ചേകാല്‍ ലക്ഷം പേരും. കോണ്‍ഗ്രസ് 52% വോട്ട് നേടി. ഭാരതീയ ജനസംഘം 22 ശതമാനവും. കോണ്‍ഗ്രസ് 39 സീറ്റിലും വിജയിച്ചുകയറി. ജനസംഘത്തിന് കിട്ടിയത് 5 സീറ്റ്.

തുടര്‍ന്ന് 1972 ലും 1977 ലും 1983 ലും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടന്നു. ആകെ സീറ്റുകളുടെ എണ്ണം 42-ല്‍ നിന്നും 58-ലേക്കെത്തി. 1977-ലെ ജനതാ തരംഗത്തില്‍ ഡല്‍ഹിയിലും കോണ്‍ഗ്രസ് മൂക്കുകുത്തി വീണു. അന്ന് ജനതാ പാര്‍ട്ടി 46 സീറ്റില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ 10 സീറ്റുമായി കോണ്‍ഗ്രസ് കിതച്ചുനിന്നു. ജനതാ തരംഗം രാജ്യത്തെങ്ങുമെന്നപോലെ ഡല്‍ഹിയിലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി. 1983-ല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു, 58 ല്‍ 34 സീറ്റുമായി. ബിജെപിയെന്ന ലേബലില്‍ സംഘ്പരിവാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 19 സീറ്റുമായി അവരായിരുന്നു രണ്ടാം സ്ഥാനത്ത്.

സുഷമാ സ്വരാജ് ഡല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നു
സുഷമാ സ്വരാജ് ഡല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നു

1993-ലാണ് സമ്പൂര്‍ണ സംസ്ഥാന പദവിയിലേക്കെത്തിയതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ്. അപ്പോഴേക്കും ആകെ വോട്ടര്‍മാരുടെ എണ്ണം 58,50,545 ലേക്ക് എത്തിയിരുന്നു. ഡല്‍ഹിയില്‍ ഇതാദ്യമായി ബിജെപി അധികാരത്തിലെത്തി. ബിജെപിക്ക് 49 സീറ്റ്. കോണ്‍ഗ്രസിന് 14. ജനതാദള്‍ 4 സീറ്റ്. ബിജെപി 42.82 ശതമാനവും കോണ്‍ഗ്രസ് 34.48 ശതമാനവും വോട്ട് നേടി. ബി.ജെ.പി നേതാവ് മദന്‍ലാല്‍ ഖുരാന മുഖ്യമന്ത്രി സ്ഥാനത്ത്. 1998 ല്‍ ബി.ജെ.പി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്ക് മറ്റു രണ്ടുപേര്‍ കൂടി മുഖ്യമന്ത്രിക്കസേരയിലെത്തി. സാഹിബ്‌സിങ് വര്‍മയും സുഷമാ സ്വരാജും.

1998-ല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 52 സീറ്റും 47.76% വോട്ടും. 15 സീറ്റും 34.02% വോട്ടുമായി ബി.ജെപി രണ്ടാം സ്ഥാനത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷീലാ ദീക്ഷിത് എന്ന കരുത്തയായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്. 2003 വരെ കാലാവധി പൂര്‍ത്തിയാക്കിയ ദീക്ഷിത് സര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ 2003 ലും ജനവിധി തേടി. ഒട്ടേറെ ജനപ്രിയ പരിപാടികളുമായി ജനമനസ്സില്‍ ഇടംനേടിയ ഷീലാ ദീക്ഷിത് എന്ന മുഖ്യമന്ത്രിയെ ഡല്‍ഹി ജനത കൈവിട്ടില്ല. കോണ്‍ഗ്രസിന് 47 സീറ്റും 48.13% വോട്ടും. ബിജെപിക്ക് 20 സീറ്റും 35.22% വോട്ടും.

ത്രികോണ മത്സരത്തിനൊരുങ്ങി ആം ആദ്മിയുടെ ഡല്‍ഹി
Also Read

ത്രികോണ മത്സരത്തിനൊരുങ്ങി ആം ആദ്മിയുടെ ഡല്‍ഹി

രണ്ടാമതും കാലാവധി പൂര്‍ത്തിയാക്കിയശേഷം 2008 ലും ഷീലാ ദീക്ഷിതിന്‍റെ തേരോട്ടം. കോണ്‍ഗ്രസിന് 43 സീറ്റും 40.31% വോട്ടും. ബിജെപിക്ക് 23 സീറ്റും 36.34% വോട്ടും. മുഖ്യമന്ത്രിക്കസേരയില്‍ മൂന്നാമതുമെത്തിയ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ അഴിമതിയാരോപണങ്ങളില്‍ പെട്ട് ആടിയുലഞ്ഞു. ഈ കാലയളവിലാണ് 2012 ഒക്‌ടോബര്‍ 2-ന് ആംആദ്മി പാര്‍ട്ടി ജന്മമെടുക്കുന്നത്. അരവിന്ദ് കെജ്‌രിവാളെന്ന വ്യത്യസ്തനായ രാഷ്ട്രീയക്കാരന്‍ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി ഉയര്‍ന്നുവരികയായി. 'സാധാരണ ജനങ്ങള്‍ക്കുവേണ്ടി' എന്ന പേരില്‍നിന്നുതന്നെ ഗംഭീര തുടക്കം. ഷീലാ ദീക്ഷിത് സര്‍ക്കാരിലെ പല കോണ്‍ഗ്രസ് നേതാക്കളും നടത്തിയ കൊടിയ അഴിമതികള്‍ എഎപി പ്രചരണത്തില്‍ കൈയോടെ തുറന്നുകാട്ടപ്പെട്ടു.

ഷീലാ ദീക്ഷിത്
ഷീലാ ദീക്ഷിത്

2013-ല്‍ എഎപി നടത്തിയ 'ബിജ്‌ലി പാനി ആന്ദോളന്‍' ഡല്‍ഹിയെ ഇളക്കിമറിച്ചു. ഏറെ വൈകാതെ കടന്നുവന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 28 സീറ്റും 29.49% വോട്ടുമായി ആംആദ്മി പാര്‍ട്ടിയുടെ ഗംഭീരമായ വിജയം. പതിറ്റാണ്ടുകള്‍ ഡല്‍ഹി സംസ്ഥാനത്തെ അടക്കിഭരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് കേവലം 8 സീറ്റില്‍. വോട്ടിങ് ശതമാനമാകട്ടെ 24.55-ലേക്ക്. 31 സീറ്റും 33.07% വോട്ടുമായി ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപി മുന്നിലെത്തിയെങ്കിലും അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി തെരഞ്ഞടുക്കപ്പെട്ടു.

എന്നാല്‍ ആ രാഷ്ട്രീയബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. ഇന്ത്യയാകെ ഉറ്റുനോക്കിയ ബദല്‍ രാഷ്ട്രീയത്തിന്‍റെ 'ആപ് വസന്ത'ത്തിന് അര്‍ധവിരാമമായിക്കൊണ്ട് കേവലം 49 ദിവസങ്ങള്‍ക്കുശേഷം കെജ്‌രിവാള്‍ രാജിവെച്ചു. നിരവധി പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഉരസിയതിനുശേഷമായിരുന്നു അന്നത്തെ ആ രാജി.

തുടര്‍ന്ന് 2015 ല്‍ നടന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരപൂര്‍വ്വ കാഴ്ചയായിരുന്നു. രാജ്യത്തെ ചെറുതും വലുതുമായ മാധ്യമപ്പട മുഴുവന്‍ ആര്‍ത്തുവിളിച്ചത് തീപ്പാറുന്ന ത്രികോണ മത്സരത്തില്‍ ഡല്‍ഹി തിളച്ചുമറിയുന്നുവെന്നാണ്. എന്നാല്‍ എല്ലാ പ്രചാരകരുടെയും വായടക്കിക്കൊണ്ടായിരുന്നു എഎപി ആ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയത്. 70 സീറ്റില്‍ 67 ഉം അവര്‍ നേടി. പോള്‍ ചെയ്ത വോട്ടിന്‍റെ 54.34 ശതമാനവും അവര്‍ക്ക് കിട്ടി. ബിജെപിക്ക് കിട്ടിയത് ശേഷിക്കുന്ന മൂന്ന് സീറ്റ്. അവരുടെ വോട്ടിങ് ശതമാനം - 32.19. വര്‍ഷങ്ങളോളം ഡല്‍ഹിയുടെ മണ്ണില്‍ മുടിചൂടാമന്നരായി വിരാജിച്ച കോണ്‍ഗ്രസ് സീറ്റൊന്നും നേടാനാവാതെ നാണംകെട്ടു. കിട്ടിയതാകട്ടെ 9.65 ശതമാനം വോട്ടുമാത്രം. ആംആദ്മി പാര്‍ട്ടിയുടെ ജൈത്രയാത്രയില്‍ മറ്റു പാര്‍ട്ടികളൊന്നും നിലംതൊട്ടില്ല.

ഏറെ വ്യത്യസ്തമായ ഭരണശൈലിയും ജനങ്ങളെ ഇളക്കിമറിച്ച ജനപ്രിയ പദ്ധതികളെല്ലാം അകമ്പടിയുണ്ടായെങ്കിലും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടത്തിനു മുന്നില്‍ ആംആദ്മി പാര്‍ട്ടിക്ക് അടിയറവ് പറയേണ്ടിവന്നു. ആകെയുള്ള 7 ലോക്‌സഭാ സീറ്റുകളും ബിജെപിയുടെ കയ്യില്‍. 56.86% വോട്ടും അവര്‍ നേടി. എഎപിക്കാകട്ടെ കിട്ടിയത് 18.2% വോട്ട് മാത്രം.

2015-ല്‍ 48,78,397 വോട്ട് കരസ്ഥമാക്കിയ എഎപി, നാലു വര്‍ഷങ്ങള്‍ക്കിപ്പുറം 2019 ല്‍ 15,71,687 ലേക്ക് കൂപ്പുകുത്തി. ബിജെപിയാകട്ടെ. 2015-ല്‍ നേടിയ വോട്ട് 28,90,485 ആയിരുന്നെങ്കില്‍ 2019 ല്‍ അവര്‍ 49,08,541 വോട്ട് വാരിക്കൂട്ടി. നാലു വര്‍ഷം കൊണ്ട് 20,18,056 വോട്ടിന്‍റെ വര്‍ധനവ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നത് പ്രത്യേകം പാറ്റേണുകളിലാണ്. ഇത് വാസ്തവമെങ്കിലും കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനപ്രിയതയില്‍ ആറാടിനില്‍ക്കുമ്പോഴും ബിജെപിക്ക് വോട്ട് മാറ്റിച്ചെയ്യാന്‍ മടിക്കാത്ത ജനലക്ഷങ്ങളാണ് ഇന്നും ആംആദ്മിക്കു പിന്നില്‍ അണിനിരന്നിരന്നതില്‍ ഗണ്യവിഭാഗമെന്നത് പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്.

ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് ഇപ്പോള്‍ 62 ഉം ബിജെപിക്ക് 4 ഉം സീറ്റാണുള്ളത്. രജോരി ഗാര്‍ഡന്‍ എംഎല്‍എ ആയിരുന്ന എഎപിയുടെ ജെര്‍ണയില്‍ സിങ് പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചത്. തുടര്‍ന്നാണ് ബിജെപിയുടെ അംഗബലം 4 ലേക്ക് ഉയര്‍ന്നത്.

2017 ഏപ്രിലില്‍ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും 2019 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ തങ്ങള്‍ ചരിത്രം മാറ്റിക്കുറിക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഈ വിജയങ്ങളുടെയൊക്കെ പിന്‍ബലത്താലാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റിക്കുറിക്കാന്‍ കെജ്‌രിവാളിന്‍റെ രണ്ടാം ഭരണകാലത്ത് സാധിച്ചിട്ടുണ്ടെന്നും മൂന്നാമതും തങ്ങള്‍ അധികാരത്തില്‍ വരുമെന്നുമാണ് എഎപിയുടെ ആത്മവിശ്വാസം. കേന്ദ്രത്തില്‍ രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ ശക്തമായ തിരിച്ചടിയുടെ രാഷ്ട്രീയ പശ്ചാത്തലം ഡല്‍ഹിയിലും തങ്ങളെ തുണക്കുമെന്നു തന്നെയാണ് എഎപി ഉറച്ചുവിശ്വസിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമാകെ അലയിടിക്കുന്ന ജനരോഷത്തിന്‍റെയും ഗുണഭോക്താക്കള്‍ ഡല്‍ഹിയില്‍ തങ്ങളാകുമെന്ന് അവര്‍ ആശ്വസിക്കുന്നുമുണ്ട്. കോണ്‍ഗ്രസാകട്ടെ, ഇത്തവണ പ്രതിപക്ഷത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ തവണ സീറ്റൊന്നുമില്ലാതെ കളംവിടേണ്ടിവന്ന ദുരവസ്ഥയില്‍നിന്ന് ഇത്തവണ കരകയറുമെന്ന് അവരും ആശ്വസിക്കുന്നുണ്ട്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 1,33,13,295 ആയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അത് 1,47,86,382 ആണ്. അതായത്, അഞ്ചുവര്‍ഷത്തിനകം 14,73,087 വോട്ടര്‍മാരുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

2019 ലോക്സഭയിലെ വോട്ടര്‍മാര്‍ 1,43,27,649 ആയിരുന്നു. അതിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരിലുണ്ടായ വര്‍ധനവ് 4,58,733 ആണ്. ഇതില്‍ത്തന്നെ ഏതാണ്ട് 2.32 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്.