LiveTV

Live

Opinion

ആരാണീ ടിപ്പു സുല്‍ത്താന്‍?

ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭൂബന്ധങ്ങളുള്ള മധ്യകാല കേരളത്തിൽ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാർ അധിനിവേശകാലത്താണ്.

ആരാണീ ടിപ്പു സുല്‍ത്താന്‍?

രാവിലെ കണ്ണുതുറന്ന് ഫേസ്ബുക്ക് നോക്കുമ്പോൾ ടൈംലൈൻ നിറയെ ടിപ്പു വിരുദ്ധ സാഹിത്യ ങ്ങൾ. ഏതോ അച്ഛന്റെ പ്രസംഗമാണ് ഉടൻ പ്രകോപനമെന്ന് മനസിലായി.

സംഘ് പരിവാറിന്റെ ദീർഘ നാളായുള്ള പ്രൊജക്ടാണ് ടിപ്പുവിനെ വില്ലനാക്കൽ. അതിന് അതിന്റേതായ രാഷ്ട്രീയ നേട്ടം അവർക്കുണ്ട്. ചരിത്രം ആ രീതിയിൽ അവതരിപ്പിക്കാൻ അവരെ ആരും പഠിപ്പിക്കുകയും വേണ്ട. സംഘ്പരിവാർ വിരുദ്ധർ ഇതിനു പകരം ടിപ്പുവിനെ സ്വാതന്ത്ര്യ പോരാളിയും ദേശീയ വാദിയുമായി അവതരിപ്പിക്കുന്നു.

ചരിത്രം ഇതിനു രണ്ടിനുമിടയിലാണ്.

ആരാണീ ടിപ്പു സുല്‍ത്താന്‍?

1. ടിപ്പു സ്വാതന്ത്ര സമര സേനാനിയല്ല. സ്വന്തം രാജ്യം ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പോരാടിയ ഒരു ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. പല രാജാക്കന്മാരും ബ്രിട്ടീഷ് സാമന്തന്മാരായി മാറിയപ്പോൾ ടിപ്പു അത്ഭുതകരമായി ചെറുത്തുനിന്നു. ഇതൊക്കെ ശരി. എല്ലാറ്റിനുമുപരി ടിപ്പു ഒരു രാജാവായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു രാജാവ്

2. ടിപ്പു സുൽത്താൻ യുദ്ധം ചെയ്തിട്ടുണ്ട്. മനുഷ്യരെ കൊന്നിട്ടുണ്ട്. രാജാവ് എന്ന നിലയിൽ രാജ്യം സംരക്ഷിക്കാനും രാജ്യാതിർത്തി വികസിപിക്കാനുമായിരുന്നു അത്. പതിനെട്ടാം നൂറ്റാണ്ടിൽ അത് ഒരു തെറ്റായി കണക്കാക്കപ്പെട്ടിരുന്നുമില്ല.

3. ടിപ്പു താരതമ്യേന പുരോഗമന വീക്ഷണമുള്ള ഒരു രാജാവായിരുന്നു. ഇർഫാൻ ഹബീബ് എഡിറ്റ് ചെയ്ത Confronting Colonialism: Resistance and Modernisation under Haidar Ali and Tipu Sultan എന്ന പുസ്തകം മികച്ച റഫറൻസാണ്.

4. ടിപ്പു മതഭ്രാന്തനായിരുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനകങ്ങളുപയോഗിച്ച് ഒരു ഫ്യൂഡൽ രാജാവിന്റെ ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവ അളക്കുന്നതിൽ ഒരു അർത്ഥവുമില്ല. ഈ മുന്നു വാക്കുകളും അന്നു പയോഗത്തിലില്ല. ടിപ്പു കൂർഗും മംഗലാപുരവും ആക്രമിച്ചത് ആ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർക്ക് പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ്. മംഗലാപുരത്ത് നിന്ന് അറുപതിനായിരം പേരെ തടവിലാക്കിയിട്ടുണ്ട്. വിമത നീക്കം നടത്തിയവരെ പിടികൂടി കൊന്നു കളഞ്ഞിരുന്ന കാലത്ത് ചിലരെ ഇസ്ലാം സ്വീകരിക്കാമെന്ന ഓഫറിൽ വിട്ടയച്ചിട്ടുണ്ട്. ടിപ്പു മത വിശ്വാസിയായിരുന്നു. മതമായിരുന്നില്ല, അധികാരം നില നിർത്തുകയായിരുന്നു ടിപ്പുവിന്റെ ലക്ഷ്യം. മതനിരാസവും യുക്തിവാദവും അന്ന് പ്രചാരത്തിലായിട്ടില്ല.

5. ടിപ്പുവിന്റെ സമകാലീനരായ മറ്റ് രാജാക്കന്മാരുമായി താരതമ്യം ചെയ്താണ് ഇത്രയും പറഞ്ഞത്. മരണം വരെ കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിരുന്നു. അതാണ് ചിലരെ ടിപ്പു വിറളി പിടിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം.

ടിപ്പുവും കേരളവും

ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭൂബന്ധങ്ങളുള്ള മധ്യകാല കേരളത്തിൽ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാർ അധിനിവേശകാലത്താണ്. ഫ്യൂഡൽ വ്യവസ്ഥ നിലനിർത്തിക്കൊണ്ടു തന്നെ, ടിപ്പുവിന്റെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന മീർ ഇബ്രാഹീം1784-ൽ നടത്തിയ നികുതി- കാർഷിക പരിഷ്കാരങ്ങൾ ജന്മിമാരിൽ കാര്യമായ പ്രതിഷേധമുയർത്തി. മലബാർ കുരിക്കളെപ്പോലുള്ള ജന്മിമാർ ടിപ്പുവിനെതിരെ കലാപമുയർത്താൻ കാരണം ഇത്തരത്തിലുള്ള നികുതി പരിഷ്കാരങ്ങളായിരുന്നുവെന്ന് ചരിത്രകാരനായ കെ.എം പണിക്കർ നിരീക്ഷിക്കുന്നു.

ആരാണീ ടിപ്പു സുല്‍ത്താന്‍?
Wiki Commons

സാമൂതിരി കുടുംബത്തിൽപ്പെട്ട രവിവർമയുടെ നേതൃത്വത്തിൽ ഏറനാട്ടെ മുസ്ലീം പടയാളികളും കോഴിക്കോട്ടെ നായർ പടയാളികളും സംയുക്തമായി നടത്തിയ സൈനീകനീക്കങ്ങൾ ടിപ്പുവിന് മലബാറിൽ കനത്ത വെല്ലുവിളിയുയർത്തി, മലബാർ ഉപേക്ഷിച്ച് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ട ബ്രാഹ്മണജന്മിമാരുടെ ഭൂമി കുടിയാൻമാർക്ക് സ്ഥിരാവകാശമായി നൽകിക്കൊണ്ട് ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഭൂബന്ധങ്ങൾക്ക് ആദ്യമായി തിരുത്തൽ കുറിച്ച ഭരണാധികാരിയായിരുന്നു ടിപ്പു. ടിപ്പുവിന്റെ പിതാവ് ഹൈദറിന്റെ കാലത്ത് ക്ഷേത്രങ്ങളുടെയും ബ്രാഹ്മണരുടെയും ഭൂമിക്ക് നികുതി ഈടാക്കിയിരുന്നില്ല.

ഈ സമ്പ്രദായത്തിന് ടിപ്പു അറുതിവരുത്തിയതോടെ ബ്രാഹ്മണമേധാവിത്തത്തിന് സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളിൽ കാര്യമായ ഉലച്ചിൽ തട്ടി. നായർ വിഭാഗത്തിന് ഭരണരംഗത്തുണ്ടായിരുന്ന മേധാവിത്വം അവസാനിച്ചതോടെ, ഈ വിഭാഗം ടിപ്പുവിന്റെ കടുത്ത എതിരാളികളായി മാറുകയും ജന്മിമാരോടൊപ്പം ചേർന്ന് ടിപ്പുവിനെതിരെ കലാപമുയർത്തുകയും ചെയ്തു. നമ്പൂതിരി-നായർ വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന സാമൂഹിക മേധാവിത്തം ടിപ്പു തകർത്തതോടെ, ജാതി മേധാവിത്തമെന്ന മിഥ്യാബോധത്തിന് സമൂഹത്തിൽ ഉലച്ചിൽ തട്ടി ഇത്, കീഴ്ജാതിക്കാരിൽ സ്വന്തം അന്തസ്സിനെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള അഭിമാനം ജനിപ്പിച്ചു. മലബാറിൽ നില നിന്ന ബഹുഭർതൃത്വം അവസാനിപ്പിക്കാനും ബഹുഭര്‍തൃത്വം അവസാനിപ്പിച്ചു കൊണ്ടും മാറു മറക്കാൻ ആഹ്വാനം ചെയ്തുമുള്ള ഉത്തരവ് 1788-ൽ പുറത്തിറക്കി നടപ്പിലാക്കി.

ആരാണീ ടിപ്പു സുല്‍ത്താന്‍?

ഈ ഉത്തരവുകൾ സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും ഇതെല്ലാം സമൂഹമനസ്സാക്ഷിയിൽ ജാതി മേധാവിത്തത്തിനെതിരായ അവബോധം വളർത്തിയെടുത്തുവെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ, കേരളത്തിൽ ജാതി വ്യവസ്ഥക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ഫ്യൂഡൽ ഭൂബന്ധത്തിനും സമീപഭാവിയിൽ ഉലച്ചിൽ തട്ടുമെന്ന പ്രതീക്ഷ കീഴ്ജാതിക്കാരിൽ സ്യഷ്ടിക്കാൻ ടിപ്പുവിന് കഴിഞ്ഞു എന്നു പറയാം. ജാതിക്കെതിരായി നവോത്ഥാന നായകരുയർത്തിയ ചിന്താപരമായ കലാപത്തിന് അടിസ്ഥാനവർഗത്തിൽ വിശ്വാസം ജനിപ്പിക്കാനും അതിനെ പിന്തുണക്കാനും വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ അടിസ്ഥാനവർഗത്തിന്റെ അവകാശപ്പോരാട്ടം ആരംഭിക്കാനും കഴിഞ്ഞത് ഈ ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.

കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ച് സ്വാമി വിവേകാനന്ദൻ തന്റെ 39- മത്തെ വയസ്സിൽ ഇഹലോകവാസം വെടിയുമ്പോൾ കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, എസ്.എൻ.ഡി.പി പ്രവർത്തിച്ചു തുടങ്ങിയെന്നു പറയുമ്പോൾ അത്തരം സാമൂഹ്യമാറ്റത്തിന് വേണ്ടിവന്ന കാലയളവ് എത ചുരുങ്ങിയതായിരുന്നുവെന്ന് കാണാൻ കഴിയും.