LiveTV

Live

Opinion

എന്തു കൊണ്ട് ഷര്‍ജീല്‍ ഇമാം..?

ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നീക്കങ്ങളിലൂടെ വിദ്യാര്‍ഥി നേതാക്കളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളെ നേരിടുകയും അതിനെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്

എന്തു കൊണ്ട് ഷര്‍ജീല്‍ ഇമാം..?

ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വികസിക്കുന്ന ജനമുന്നേറ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് വിദ്യാർത്ഥികളാണ്. അതിൽ മുസ്‍ലിം വിദ്യാർഥികളുടെ രാഷ്ട്രീയ നിര്‍വാഹകത്വം ഏറെ വിപുലമാണ്. എന്നാൽ അവര്‍ക്കു നേരെ ഭരണകൂട വേട്ടയും മാധ്യമ വേട്ടയും പല രീതിയിൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഷർജീൽ ഇമാം (ജെ.എൻ.യു) എന്ന വിദ്യാര്‍ഥി പോലീസിനു മുന്നില്‍ കീഴടങ്ങിയ സംഭവം ഇതിന്റെ ഭാഗമാണ്. യു.എ.പി.എ, രാജ്യദ്രോഹം തുടങ്ങിയവയാണ് ഇമാമിനു മേലെ ആരോപിച്ചിട്ടുട്ടുള്ളത്. പ്രസംഗങ്ങളിലെ വരികള്‍ അടര്‍ത്തിയെടുത്തും അര്‍ഥമാറ്റം വരുത്തിയുമാണ് ഈ ഇസ്‍ലാമോഫോബിക് മാധ്യമ പ്രചാരണങ്ങള്‍. അതിന്റെ ചുവടുപിടിച്ചു ഭരണകൂട/പോലീസ് വേട്ടയും ശക്തമായിക്കൊണ്ടിരിക്കുന്നു. ശര്‍ജീല്‍ ഇമാമിന്റെ മോചനം രാജ്യത്തെ പൗരത്വ പ്രക്ഷോഭത്തിന്റെ അജണ്ടയുടെ ഭാഗമായി മാറേണ്ടതുണ്ട്.

ഷർജീൽ ഉസ്മാനി (അലീഗഢ് ), അഫ്രീൻ ഫാത്തിമ (ജെ.എൻ.യു ) , വർദ ബേഗ് (അലീഗഢ്), ഷഹീൻ അബ്ദുല്ല (ജാമിഅ:), അഹ്മദ് മുജ്തബ (ഐ.ഐ.ടി ഡൽഹി), താഹിര്‍ അസ്മി, സിദ്ധാര്‍ത് ഗുലാത്തി തുടങ്ങിയ നിരവധി വിദ്യാർഥികളാണ് ഈ പോലീസ് മാധ്യമ വേട്ടയുടെ പ്രധാന ഇരകൾ. ഇത്തരം വിഷയങ്ങളില്‍ മുഖ്യധാരാ ഇടതു/വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും സെലക്ടീവായ മൗനം ആചരിക്കുമ്പോൾ ഈ വിദ്യാർഥികളെ പിന്തുണക്കാൻ സിവിൽ സമൂഹത്തിനു ബാധ്യതയുണ്ട്. പൌരത്വ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തിനു ശേഷം ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭരണകൂടം തിരിച്ചടിക്കാനും ആഖ്യാനങ്ങളുടെ മേഖലയില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളണിത്. അതിനെതിരെകൂടി ശബ്ദിക്കാതെ പൗരത്വ നിഷേധത്തിനെതിരായ ഈ പ്രക്ഷോഭത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ല.

രാജ്യത്തെ പരമ്പരാഗത ഇടതു/ദേശീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സ്വയം നിശബ്ദമാവുകയും പിതൃപ്രസ്ഥാനങ്ങൾ നിർമിച്ച തടവറകളിൽ അഭിരമിക്കുകയും ചെയ്യുമ്പോഴാണ് പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മുസ്‍ലിം വിദ്യാർഥി പ്രവർത്തകർ ഈ തിരിച്ചടികള്‍ നേരിടുന്നത്. ചന്ദ്രശേഖർ ആസാദ് അടക്കമുള്ള വിവിധ ദലിത് ബഹുജൻ പ്രസ്ഥാനങ്ങളുമായി ചേർന്ന് പൗരത്വ നിഷേധത്തിനെതിരായ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന ഈ വിദ്യാര്‍ഥി രാഷ്ട്രീയം അതിനാല്‍ തന്നെ പൗരത്വ നിഷേധതിനെതിരായ പ്രക്ഷോഭത്തിന്റെ നട്ടെല്ലാണ്. മാത്രമല്ല മാധ്യമങ്ങളുടെ ഫെവറിറ്റ് സ്പോട്ടായ ജെ എൻ യു അടക്കമുള്ള കാമ്പസുകൾ പൗരത്വ നിഷേധത്തിനെതിരായ സമരത്തിൽ നിശബ്ദമാണ്. മുസ്‍ലിം ന്യൂനപക്ഷ പ്രശ്നങ്ങളോടും അതിന്റെ കര്‍ത്തൃത്വപരമായ വികാസത്തോടും പരമ്പരാഗത ഇടതു വിദ്യാര്‍ഥി സംഘടനകൾ കാണിക്കുന്ന ബോധപൂര്‍വമായ അകൽച്ചയും ഇതിന്റെ പ്രധാന കാരണമാണ്.

എന്തു കൊണ്ട് ഷര്‍ജീല്‍ ഇമാം..?

വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയും ഭാവനകളിലൂടെയും രാജ്യത്തെ പൗരത്വ നിഷേധത്തിനെതിരായ സമരത്തിന് പുതിയ ഭാവുകത്വം നൽകിയത് മുസ്‍ലിം ന്യൂനപക്ഷ വിദ്യാർഥി നേതാകളായിരുന്നു. വിശിഷ്യ മുസ്‍ലിം വിദ്യാർഥിനികളുടെ നേതൃത്യം ഈ മുന്നേറ്റത്തിനുണ്ട്. ആയിഷ റെന്നയും ലദീദ ഫർസാനയും കാണിച്ച സമര മാതൃക രാജ്യമെങ്ങും ഏറ്റെടുക്കുകയുണ്ടായി. എന്നാൽ ഇപ്പോള്‍ ഈ വിദ്യാര്‍ഥികള്‍ക്കെതിരെ ഭരണകൂട/മാധ്യമ വേട്ട ശക്തമായതോടെ പൗരത്വ നിഷേധത്തിനെതിരെ സമരം പുതിയ ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവനത്മകമായ സമരത്തെയും രാഷ്ട്രീയ ഊർജ്ജത്തെയും അഭിമുഖീകരിക്കാൻ സംഘപരിവാര്‍ ഭരണകൂടം നിർബന്ധിതരായിരിക്കുകയാണ്. പൌരത്വ സമരത്തെ മുന്നോട്ടുകൊണ്ടുപോയ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് അഫ്രീന്‍ ഫാത്തിമക്കു നേരെ ഹിന്ദി മാധ്യമങ്ങള്‍ നടത്തുന്ന കുപ്രചാരണം ഇതിന്റെ ഭാഗമാണ്.

ചന്ദ്രശേഖർ ആസാദ് അടക്കമുള്ള വിവിധ ദലിത് ബഹുജൻ പ്രസ്ഥാനങ്ങളുമായി ചേർന്ന് പൗരത്വ നിഷേധത്തിനെതിരായ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന ഈ വിദ്യാര്‍ഥി രാഷ്ട്രീയം അതിനാല്‍ തന്നെ പൗരത്വ നിഷേധതിനെതിരായ പ്രക്ഷോഭത്തിന്റെ നട്ടെല്ലാണ്

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‍ലിം വിദ്യാർത്ഥികളുടെ ഇത്രയും വലിയൊരു മുന്നേറ്റം രാജ്യത്തെ ബഹുജന പ്രക്ഷോഭങ്ങളുടെ നേതൃത്വത്തിൽ വരുന്നത്. പരമ്പരാഗത പ്രസ്ഥാനങ്ങള്‍ നിശബ്ദമായിടത്താണ് മുസ്‍ലിം വിദ്യാർത്ഥികളുടെ നേതൃത്വം രാജ്യത്തിനും സമുദായത്തിനും കീഴാള രാഷ്ട്രീയത്തിനും പുതിയ വഴികൾ വികസിപ്പിച്ചത്. തീർച്ചയായും പരമ്പരാഗത രാഷ്ട്രീയ സംഘടന സംഘാടനത്തിന് മാതൃകയിലല്ല ഈ പുതിയ വിദ്യാർത്ഥി രാഷ്ട്രീയ മുന്നേറ്റം. തിരശ്ചീനമായ സംഘാടനത്തെയും വികേന്ദ്രീകൃത നേതൃത്വത്തെയും ഉൾകൊള്ളുന്ന ഒരു ചരിത്ര ഘട്ടത്തെയാണ് ഈ പുതിയ കീഴാള വിദ്യാർത്ഥി പ്രസ്ഥാനം പ്രതിനിധീകരിക്കുന്നത്. മാത്രമല്ല മുസ്‍ലിം ന്യൂനപക്ഷ സമുദായത്തിന്റെ വ്യതിരിക്തമായ രാഷ്ട്രീയ ഭാഷക്കും സാമൂഹിക ഭാവനകൾക്കും പ്രാധാന്യം നൽകുന്ന ഈ വിദ്യാർത്ഥി മുന്നേറ്റം ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ നേതൃത്വത്തോട് നിരന്തരം കലഹിച്ച കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പൊതുമണ്ഡലത്തിൽ ഇതുവരെ ദൃശ്യത ലഭിക്കാതിരുന്ന മുസ്‍ലിം ന്യൂനപക്ഷ ചോദ്യങ്ങളെയും അനുഭവങ്ങളെയും വെളിച്ചത്തുകൊണ്ടുവരാൻ ഈ വിദ്യാർഥി മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനെ തകര്‍ക്കാന്‍ അഫ്രീൻ ഫാത്തിമ, ശര്‍ജീല്‍ ഇമാം, ശര്‍ജീല്‍ ഉസ്മാനി തുടങ്ങിയ വിദ്യാർഥി നേതാക്കളെ പോലീസും അവർക്ക് ഒത്താശ ചെയ്യുന്ന മാധ്യമങ്ങളും തിരഞ്ഞുപിടിച്ചു വേട്ടയാടുന്ന സന്ദര്‍ഭമാണിത്. അതിനാല്‍ വിദ്യാർത്ഥികൾക്ക് വേണ്ടത്ര പിന്തുണ നല്‍കാനും കഴിയുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം വികസിച്ചു വരേണ്ടതുണ്ട്.

ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ശര്‍ജീല്‍ ഇമാം എന്ന വിദ്യാർത്ഥി ജെ.എൻ.യുവിൽ ഗവേഷണം ചെയ്യുകയായിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനായ ഐസയില്‍ (ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍) നിന്ന് ജെ.എന്‍.യുവിലെ സവിശേഷ ഇടതുപക്ഷ ഇസ്‍ലാമോഫോബിയയെ തുറന്നു കാണിച്ചാണ് ശര്ജീല്‍ ഇമാം പുറത്തുപോരുന്നത്. പിന്നീട് മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ശര്‍ജീല്‍ ഇമാം അതിനാല്‍ തന്നെ ഒരേ സമയം ഇടതു/വലതു കക്ഷികള്‍ക്ക് അനഭിമതനായിരുന്നു. ഒരുപക്ഷേ ഇന്ത്യൻ ക്യാമ്പസുകൾ വികസിക്കുന്ന പുതിയ മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ശര്‍ജീല്‍ ഇമാമിന്റെ വിദ്യാർത്ഥി ജീവിതത്തെ നാം വായിച്ചെടുക്കേണ്ടിയിരിക്കുന്നു. മുസ്‍ലിം സ്റ്റുഡൻസ് ഓഫ് ജെഎൻയു എന്ന് കൂട്ടായ്മയുടെ ഭാഗമായി ഷഹീൻ ബാഗിൽ നടന്ന ആ പ്രക്ഷോഭത്തിന് മുൻനിരയിൽ തന്നെ ശര്‍ജീല്‍ ഇമാം ഉണ്ടായിരുന്നു. പ്രസ്തുത പ്രക്ഷോഭം രണ്ടാഴ്ച മാധ്യമങ്ങളുടെ പിന്തുണ ഒന്നുമില്ലാതെ വികസിച്ചപ്പോൾ അതിന്റെ നിശബ്ദ നേതൃത്വത്തിന്റെ ഭാഗമായി ശര്‍ജീല്‍ ഇമാം ഉണ്ടായിരുന്നു.

ശര്‍ജീല്‍ ഉസ്മാനി
ശര്‍ജീല്‍ ഉസ്മാനി

രാജ്യത്തെ വിവിധ പ്രക്ഷോഭ സ്ഥലങ്ങളിൽ പോകുന്ന ശര്‍ജീല്‍ ഇമാമിന്റെ പ്രസംഗങ്ങൾ വളച്ചൊടിക്കുകയും ആ പ്രസംഗങ്ങളുടെ പേരിൽ ആസാം പോലീസിനെ കൊണ്ട് യു.എ.പിഎ ചാർജ് ചെയ്യുകയും ചെയ്തിരിക്കുന്നു മാത്രമല്ല ശര്‍ജീല്‍ ഇമാമിനെതിരെ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു വരെ കേസ് നൽകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കാമ്പസുകളില്‍ വികസിക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആ സ്വാതന്ത്ര്യ ബോധത്തെയും പുതിയ ഭാവുകത്വത്തെയും തകര്‍ക്കാനുള്ള മുഖ്യധാരാ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ് ശര്‍ജീല്‍ ഇമാമിനെതിരായ വേട്ട. അതിനെതിരായ ചെറുത്തുനില്‍പ്പ് കൂടി ഉള്‍പ്പെട്ടതാണ് പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭം.

പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഈ വിദ്യാർത്ഥി നേതാക്കൾക്കെതിരെ അക്രമത്തെ ചെറുക്കാനുള്ള ജാഗ്രത ഇന്ത്യയിലെ പൗരസമൂഹ പ്രസ്ഥാനങ്ങളും ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുലർത്തണമെന്നാണ് പറയാനുള്ളത്.

അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി മുന്‍ വിദ്യാർത്ഥിയും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ ശര്‍ജീല്‍ ഉസ്മാനിയുടെ വീട് ഇരുപത്തിയഞ്ചോളം പോലീസുകാർ രാത്രി റെയ്ഡ് ചെയ്യുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അലിഗഡിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയെന്ന പേരിൽ ഉസ്മാനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുകയാണ് അജയ് ബിശ്റ്റ് എന്ന യോഗിയുടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതുപോലെതന്നെ ജെ.എൻ.യുവിലെ വിദ്യാര്‍ഥി നേതാവും മുസ്‍ലിം വിദ്യാർഥി കൗൺസിലറുമായ അഫ്രീൻ ഫാത്തിമയെ ഉത്തരേന്ത്യൻ മാധ്യമങ്ങൾ അവരുടെ പ്രസംഗങ്ങളുടെ പേരിലും ട്വിറ്റർ പോസ്റ്റുകളുടെ പേരിലും വേട്ടയാടിക്കൊണ്ടിരിക്കുന്നു. സന്ദർഭത്തിൽനിന്ന് അവരുടെ വാചകങ്ങൾ അടർത്തിയെടുത്ത് കൊണ്ട് അതിനെ തെറ്റായി ചിത്രീകരിക്കുകയും ഇതൊക്കെ രാജ്യദ്രോഹം ആണെന്ന് പറഞ്ഞു വരുത്തുകയും ചെയ്യുകയാണ് സംഘപരിവാര്‍ മാധ്യമങ്ങൾ.

അഫ്രീന്‍ ഫാത്തിമ
അഫ്രീന്‍ ഫാത്തിമ

പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഈ വിദ്യാർത്ഥി നേതാക്കൾക്കെതിരെ അക്രമത്തെ ചെറുക്കാനുള്ള ജാഗ്രത ഇന്ത്യയിലെ പൗരസമൂഹ പ്രസ്ഥാനങ്ങളും ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുലർത്തണമെന്നാണ് പറയാനുള്ളത്. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നീക്കങ്ങളിലൂടെ വിദ്യാര്‍ഥി നേതാക്കളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളെ നേരിടുകയും അതിനെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വിദ്യാര്‍ഥി നേതാക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് പൗരത്വ പ്രക്ഷോഭത്തിന് ഏല്‍കുന്ന ഏറ്റവും വലിയ പ്രഹരമാണ്.