LiveTV

Live

Opinion

ജനറല്‍ റാവത്തിന്റെ രാഷ്ട്രീയവും സൈന്യത്തിലെ ഉള്ളുകള്ളികളും

സൈനിക അട്ടിമറിയിലേക്കല്ല കരസേനാമേധാവിയുടെ രാഷ്ട്രീയസംഭാഷണം വിരൽ ചൂണ്ടുന്നത്, മറിച്ച് കൃത്യമായി വിന്യസിക്കപ്പെട്ട ഇന്ത്യൻ സേനയിലെ രാഷ്ടീയഹിന്ദുത്വയുടെ പ്രയോഗത്തിലേക്കാണ്.

ജനറല്‍ റാവത്തിന്റെ രാഷ്ട്രീയവും സൈന്യത്തിലെ ഉള്ളുകള്ളികളും

ഇന്ത്യയുടെ കരസേനാമേധാവി ആർ.എസ്.എസ് രാഷ്ട്രീയം പറയുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ ഇതെന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഇന്ത്യൻ സൈനികചരിത്രം പഠിക്കാൻ ശ്രമിച്ചിട്ടുള്ള ആരെയും അത്ഭുതപ്പെടുത്തുമെന്നും കരുതുന്നില്ല. അത്ഭുതപ്പെടുന്നവരുടേയും ഞെട്ടുന്നവരുടേയും പ്രതികരണങ്ങൾ മാത്രം കാണുന്നതുകൊണ്ട് അൽപ്പം ചരിത്രവിശകലനം:

1) ഇന്ത്യൻ ആർമിയുടെ തലവനായിരുന്ന കരിയപ്പയുടെ ഓഫീസ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു സന്ദർശിച്ചപ്പോൾ ഒരു മേശവലിപ്പിലെന്താണ് എന്ന് നെഹ്റു ചോദിച്ചു. തമാശയെന്നോണം കരിയപ്പ പറഞ്ഞത് “അത് താങ്കളുടെ ഗവർമെന്റിനെതിരെ സൈനിക അട്ടിമറി നടത്താനുള്ള പദ്ധതിയാണ്” എന്നായിരുന്നു. നെഹ്റു അപ്പോൾ തമാശയാസ്വദിച്ച് ചിരിച്ചെങ്കിലും ഇന്ത്യൻ ഭരണഘടനയേയും അതിന്റെ പ്രയോഗരീതിശാസ്ത്രത്തെയും ബലപ്പെടുത്തിക്കൊണ്ട്, ഈ രാജ്യത്തെ ഒരു പട്ടാള അട്ടിമറിയുടെ സാദ്ധ്യത അതീവദുർബലമായ ജനാധിപത്യരാജ്യമാക്കി അദ്ദേഹം വികസിപ്പിച്ചു. നീണ്ട പതിനേഴുവർഷക്കാലം നഹ്രൂ പ്രധാനമന്ത്രിയായിരുന്നിട്ടു പോലും അദ്ദേഹം ഡമോക്രാറ്റായി തുടർന്നു, അദ്ദേഹമില്ലാതായാലും തുടരുന്ന ജനാധിപത്യത്തിന്റെ വേരുറപ്പുള്ള ഒരു സിസ്റ്റം ഇവിടെ വളർത്തിയെടുക്കുകയും ചെയ്തു.

2) എന്നാൽ ആ സൈനികമേധാവി കരിയപ്പയോ? അയാൾ ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ഒരു ലേഖനമെഴുതുകയുണ്ടായി. അത് മുസ്ലീം വിദ്വേഷത്തിന്റെ സാക്ഷ്യമായിരുന്നു. മുസ്ലീങ്ങൾക്ക് ഒന്നാമത്തെ കൂറ് എന്നും പാക്കിസ്ഥാനോടാണ് എന്നും ഇതെല്ലാവർക്കുമറിയാമെന്നുമൊക്കെയാണ് അന്ന് കരിയപ്പ എഴുതിയത്.(Organiser,august 15,1964) ഇതേ കരിയപ്പ പിന്നീട് മുംബൈ നോർത്തിൽ ശിവസേനയുടെ സ്ഥാനാർത്ഥിയായി മൽസരിച്ചു പരാജയപ്പെട്ടു. ഇന്ത്യൻ സൈനികമേധാവിയായിരുന്ന കരിയപ്പ എന്തായിരുന്നു എന്ന് മനസ്സിലായെങ്കിൽ, പിന്നീടും ഇന്ത്യൻ ആർമി എന്താക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. കരിയപ്പയിൽ നിന്ന് ഇന്നത്തെ മേധാവി റാവത്തിലേക്ക് നീളുന്ന ചരട് എന്താണെന്നും മനസ്സിലാക്കാം.

3) സേനാകേന്ദ്രങ്ങളിൽ ആർ.എസ്.എസ് നേതാക്കൾ സന്ദർശനം നടത്തുകയും അവരുടെ പ്രത്യേകതരം ‘രാജ്യസ്നേഹ’ത്തെക്കുറിച്ച് ക്ലാസുകൾ നടത്തുകയും ചെയ്യുന്ന പരിപാടി ഇന്നുമിന്നലെയും തുടങ്ങിയതല്ല. ചീഫ് ജനറൽ വി പി മാലിക് ശിവസേന-ആർ എസ് എസ് നേതാക്കളെ പരസ്യമായി ക്ഷണിച്ചത് ‘സൈന്യത്തെ നമ്മുടെ രാഷ്ട്രം എന്ത്’ എന്നു പഠിപ്പിക്കാനായിരുന്നു. നമ്മുടെ കരസേനാകേന്ദ്രങ്ങളിൽ ആർ.എസ്.എസ് നേതാവ് തരുൺവിജയും ശിവസേന നേതാവ് ബാൽതാക്കറേയും സന്ദർശിക്കുകയും വർഗീയവൈരം ജനിപ്പിക്കുന്ന പ്രഭാഷണങ്ങൾ തുടർച്ചയായി നടത്തുകയും ചെയ്തു. മുസ്ലീം വിരുദ്ധ ലഘുലേഖകൾ സൈന്യത്തിന് വിതരണം ചെയ്തു. എല്ലാവർക്കും രാഖി നൽകി. അങ്ങനെ രാജ്യമെന്താണെന്ന് പഠിപ്പിച്ചു. (Hindustan Times,1999 aug.20)4) ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ബി സി ജോഷി സൈനികരോട് പറഞ്ഞത് നിങ്ങൾ 'ഹിന്ദുത്വധർമ്മപാത' പിന്തുടരണം എന്നായിരുന്നു. സൈന്യത്തിന്റെ തത്വശാസ്ത്രം ഋഗ്വേദവും അഥർവ്വവേദവുമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ( ഇന്ത്യ ന്യൂസ്,1993 ജൂലൈ 15)5) നാവികസേനാംഗങ്ങൾക്ക് അഡ്മിറൽ വിജയശങ്കർ രാമായണത്തിന്റെ കോപ്പികൾ വിതരണം ചെയ്യുകയും ക്ലാസ്റൂം എക്സർസൈസിന് അതുപയോഗിക്കാൻ നിദേശിക്കുകയും ചെയ്തത് അതിനും ശേഷമാണ്. ( ഇന്ത്യൻ എക്സ്പ്രസ്. 2001 ഏപ്രിൽ 15)

ഇനിയും പല സന്ദർഭങ്ങളുമുണ്ടെങ്കിലും തൽക്കാലം ഇത്രയും ധാരാളമാണ്, ഇന്ത്യൻസേനയിൽ അനേകകാലമായി നടന്നുകൊണ്ടിരിക്കുന്നത് എന്താണ് എന്നു മനസ്സിലാക്കാൻ. അനേകം മതേതരജനാധിപത്യസർക്കാറുകൾ ഭരിക്കുമ്പോഴും ആർ എസ് എസിന് ഇങ്ങനെ വമ്പിച്ച സൈനികസ്വാധീനം ലഭിച്ചത് എങ്ങനെയാണ് എന്നുകൂടി അറിയേണ്ടതുണ്ട്.

ഹെഗ്ഡേവാർ,സവർക്കർ,ഗോൾവാൾക്കർ എന്നിങ്ങനെയുള്ള ഹിന്ദുമഹാസഭയുടെ നേതാക്കളുടെയും ആചാര്യന്മാരുടെയും അടുത്ത സുഹൃത്തും ഹിന്ദുത്വയുടെ പ്രധാനഗുരുക്കളിൽ ഒരാളുമായിരുന്നു ബി.എസ് മൂഞ്ചേ. മൂഞ്ചേ ആണ് ‘സൈന്യത്തെ ഭാരതവൽക്കരിക്കുക’ എന്ന മുദ്രാവാക്യം ആദ്യമായി മുന്നോട്ടുവെക്കുന്നത്. തന്റെ ലക്ഷ്യത്തിന്റെ പ്രായോഗികമാതൃക കണ്ടെത്താനായി മൂഞ്ചേ ഇറ്റലിയിൽ പോവുകയും അന്നു ലഭിക്കുന്ന അദ്ദേഹത്തിനാവശ്യമുള്ള ഏറ്റവും കൃത്യം മാതൃക കണ്ടെത്തുകയും ചെയ്തു. അത് മുസോളിനിയുടെ ഇറ്റാലിയൻ ഫാഷിസ്റ്റ് സേനയായിരുന്നു. മുസോളിനിയുടെ മിലിറ്ററി കോളേജ്, മിലിറ്ററി സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ എന്നിവയൊക്കെ കണ്ട് ഇന്ത്യയിൽ തിരിച്ചെത്തിയ മൂഞ്ചേ 1933ൽ സെൻട്രൽ ഹിന്ദു മിലിറ്ററി എജൂക്കേഷണൽ സൊസൈറ്റി സ്ഥാപിച്ചു. പിന്നീട് നാലുവർഷത്തിലെ ആസൂത്രണങ്ങൾക്ക് ശേഷം 1937 ൽ ഭോൺസാലെ മിലിറ്ററി സ്കൂൾ ആരംഭിച്ചു. ഇന്ത്യൻ സായുധസേനയിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വബോധമുള്ള യുവാക്കളെ നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് നാസിക്കിലെ രാമഭൂമി എന്നു വിളിക്കുന്ന,160 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വലിയ സംവിധാനമാണ് ഭോൺസാലെ മിലിറ്ററി സ്കൂൾ. കെ ജി തലം മുതൽ പിജി തലം വരെ ഇവിടെയുണ്ട്. എല്ലാം ഇന്ത്യൻ സേനയിലെ ഹിന്ദുത്വയുടെ വളർച്ചക്ക് വേണ്ടിയാണ്. നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൽ മിലിറ്ററി അക്കാദമി, ഒഫീഷ്യൽ ട്രെയ്നിങ്ങ് അക്കാദമി, IAS, IFS, IPS എന്നിങ്ങനെ സകല മിലിറ്ററി വിഭാഗങ്ങളിലേക്കുമുള്ള പരിശീലനം അവിടെ നൽകപ്പെടുന്നു. കൂടെ ഹിന്ദുത്വവും കുത്തിവെക്കുന്നു. ഇവിടെ നിന്ന് പരിശീലനം കിട്ടിയ അനേകം പേർ രാജ്യത്തിലുടനീളം ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്നതും താഴ്ന്നതുമായ അനേകം പോസ്റ്റുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

കാര്യങ്ങളേതാണ്ട് വ്യക്തമാകുന്നുണ്ടോ? റാവത്തിന്റെ അതിരുകടന്ന പ്രസ്താവനയെക്കുറിച്ചുള്ള വാർത്ത കണ്ടയുടനേ പലർക്കും തോന്നിയ സൈനിക അട്ടിമറിയിലേക്കല്ല കരസേനാമേധാവിയുടെ രാഷ്ട്രീയസംഭാഷണം വിരൽ ചൂണ്ടുന്നത്, മറിച്ച് കൃത്യമായി വിന്യസിക്കപ്പെട്ട ഇന്ത്യൻ സേനയിലെ രാഷ്ടീയഹിന്ദുത്വയുടെ പ്രയോഗത്തിലേക്കാണ്. ഇന്ത്യയെ മതാധിഷ്ഠിതപൗരത്വത്തിന്റെ പേരിൽ വെട്ടിമുറിക്കുന്ന ഈ സന്ദർഭത്തിൽ ഉപയുക്തമാകും വിധം ഇന്ത്യൻ സേനയുടെ അകത്ത് നടന്നിരിക്കുന്ന ഹിന്ദുത്വയുടെ ബലമാണ് കരസേനാമേധാവിയെക്കൊണ്ട് ഇങ്ങനെ പച്ചക്ക് രാഷ്ട്രീയം പറയാനുള്ള ധൈര്യം കൊടുക്കുന്നത്.

മൗലാനാ അബുൽകലാം ആസാദ് ഇന്ത്യൻ സ്വാതന്ത്രശേഷം പറഞ്ഞു:

“ വിഭജനത്തിനു മുൻപ് വർഗീയമുക്തമായിരുന്ന ഇന്ത്യൻ സേന വിഭജനത്തോടെ വർഗീയവൈറസുകൾ പ്രവേശിച്ച നിലയിലാണ്. ഇന്നിത് പ്രകടമാവില്ല. പക്ഷേ ഭാവിയിൽ ഇന്ത്യൻ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയായിരിക്കും ഇന്ത്യൻ സേനയുടെ വർഗീയവിഷബാധ.”

അന്ന് ആസാദ് പറഞ്ഞ വിഷബാധയുടെ മഞ്ഞുമലത്തലപ്പ് ആണ് ഇന്നീ പട്ടാളയൂണീഫോമിൽ സംഘ് രാഷ്ടീയം പറയുന്ന റാവത്ത്. അകത്തേക്ക് വലിയൊരു മഞ്ഞുമലയുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കപ്പലിനെ മറച്ചിടാനായി എന്നുവേണമെങ്കിലും സജ്ജമാവുന്ന ഒരു മഞ്ഞുമല.