LiveTV

Live

Opinion

ജുഡീഷ്യറി ഇടപെടാതിരിക്കുമ്പോൾ നാസി യുഗം ഇന്ത്യയിലും ഇഴഞ്ഞുകയറുന്നു

ഉത്തർപ്രദേശിൽ എക്‌സിക്യൂട്ടീവ് അധികൃതർ നിയമം കൈയിലെടുക്കുകയാണെന്നാണ് തോന്നുന്നത്. 1933-ൽ ജർമൻ പാർലമെന്റായ റീഷ്താഗ് നടപ്പിലാക്കിയ ഒരു നിയമാണ് എനിക്ക് ഓർമവരുന്നത്.

ജുഡീഷ്യറി ഇടപെടാതിരിക്കുമ്പോൾ നാസി യുഗം ഇന്ത്യയിലും ഇഴഞ്ഞുകയറുന്നു

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 147-ാം വകുപ്പ് ഇങ്ങനെ പറയുന്നു: ''കലാപം നടത്തിയെന്ന് കുറ്റംതെളിയിക്കപ്പെട്ട വ്യക്തിക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ നൽകാം.'

കലാപം നടത്തിയെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്ത് ഉടനടി സീൽ ചെയ്യുന്നതിനോ കണ്ടുകെട്ടുന്നതിനോ നിയമത്തിൽ വ്യവസ്ഥകളൊന്നുമില്ല; അതും ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി അഭിഭാഷകന്റെ സഹായത്തോടെ പ്രതികൾക്ക് അവരുടെ വാദഗതികൾ ഉന്നയിക്കാൻ അവസരം നൽകിക്കൊണ്ടുള്ള വിചാരണ നടത്താതെ ഒട്ടും തന്നെയില്ല.

ഉത്തർപ്രദേശിലെ നഗരങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളിൽ കലാപമുണ്ടാക്കുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തവരോട് എനിക്ക് യാതൊരു സഹതാപവുമില്ല. ഉത്തർപ്രദേശിലെ അധികൃതരുടെ നടപടികൾ പൂർണമായും നിയമവിരുദ്ധമാണ് എന്നാണ് എന്റെ അഭിപ്രായം.

പൊതുസ്വത്തുക്കൾ നശിപ്പിക്കുന്ന കലാപകാരികൾ അതിന് വില (ഐ.പി.സി 147 അനുശാസിക്കുന്ന വിധത്തിലുള്ള പിഴ) നൽകേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല; പക്ഷേ അത് നിയമവിധേയമായി മാത്രമാണ് ചെയ്യേണ്ടത്. ഒന്നാമതായി, അവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുന്ന വിചാരണക്കു ശേഷം. രണ്ടാമതായി, ഒരു കോടതിവിധിയോടെ മാത്രമായിരിക്കണം അത്. അല്ലാതെ എക്‌സിക്യൂട്ടീവ് അധികൃതരുടെ ഉത്തരവോടെയല്ല.

മുസാഫർനഗർ ജില്ലയിൽ 'കലാപകാരികളുടെ' 50 കടകൾ അധികൃതർ സീൽ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിയെ വിചാരണ ചെയ്യാതെയുള്ള ഈ നടപടി പൂർണമായും നിയമവിരുദ്ധമാണ്. മാത്രമല്ല, ഒരു കോടതിയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയില്ല.

ഉത്തർപ്രദേശിൽ എക്‌സിക്യൂട്ടീവ് അധികൃതർ നിയമം കൈയിലെടുക്കുകയാണെന്നാണ് തോന്നുന്നത്. 1933-ൽ ജർമൻ പാർലമെന്റായ റീഷ്താഗ് നടപ്പിലാക്കിയ ഒരു നിയമാണ് എനിക്ക് ഓർമവരുന്നത്. റീഷ്താഗിന്റെ അനുമതിയില്ലാതെയും വെയ്മർ ഭരണഘടനക്ക് വിരുദ്ധമായും നിയമങ്ങളുണ്ടാക്കാൻ ഹിറ്റ്‌ലറിന് അനുമതി നൽകുന്നതായിരുന്നു ആ നിയമം.

ദൗർഭാഗ്യകരമെന്നോണം ഭരണഘടനയുടെയും ജനങ്ങളുടെ മൗലികാവകാശങ്ങളുടെയും കാവൽക്കാരനായി വർത്തിക്കുന്നതിനു പകരം സുപ്രീംകോടതി ദ്രൗപദിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോൾ കണ്ണുകളടച്ച ഭീഷ്മ പിതാമഹനായി മാറുകയാണ്.
മാര്‍ക്കണ്ഡേയ കട്ജു

ഇന്ത്യയിലേക്ക് നിർലജ്ജം ഇഴഞ്ഞുകയറുന്ന നിയമവിരുദ്ധമായ ഈ പ്രവണതക്ക് ഇന്ത്യൻ ജുഡീഷ്യറി തടയിട്ടില്ലെങ്കിൽ നാസി യുഗം വളരെപെട്ടെന്ന് ഇന്ത്യയിലുമെത്തും. പക്ഷേ, ദൗർഭാഗ്യകരമെന്നോണം ഭരണഘടനയുടെയും ജനങ്ങളുടെ മൗലികാവകാശങ്ങളുടെയും കാവൽക്കാരനായി വർത്തിക്കുന്നതിനു പകരം സുപ്രീംകോടതി ദ്രൗപദിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോൾ കണ്ണുകളടച്ച ഭീഷ്മ പിതാമഹനായി മാറുകയാണ്. മാനക്കേടുണ്ടാക്കുംവിധമുള്ള അയോധ്യവിധിയിലും, ജസ്റ്റിസ് ഖുറേഷിയെ കൈകാര്യം ചെയ്ത ലജ്ജാകരമായ രീതിയിലും, കശ്മീരി ജനതയുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ വിസമ്മതിച്ചതിലും, ഭീമ കൊറേഗാവ് പ്രതികൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ബ്രാൻഡൻബർഗ് പരിശോധന ഉപയോഗിക്കാൻ തയ്യാറാകാതിരുന്നതിലും ഇത് കാണാനാവുന്നതാണ്.

(സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായിരുന്ന ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു 'ദി റാഷണൽ ഡെയ്‌ലി'യിൽ എഴുതിയ ലേഖനത്തിന്റെ വിവർത്തനം)