LiveTV

Live

Opinion

മിസ്റ്റർ ബംബ്‌ൾ പോലൊരു ബിൽ

പ്രശസ്ത മിത്തോളജിസ്റ്റായ ദേവദത്ത് പട്നായിക് രചിച്ച ‘ശിഖണ്ഡിയും അവർ നിങ്ങളോട് പറയാത്ത മറ്റു കഥകളും’ (2014) എന്ന കൃതിയിൽ ഇന്ത്യൻ പുരാവൃത്തങ്ങളിലെ ലൈംഗിക വൈവിധ്യങ്ങളെ അവതരിപ്പിക്കുന്നുണ്ട്

മിസ്റ്റർ ബംബ്‌ൾ പോലൊരു ബിൽ

''ദൈവം ആദമിനേയും ഈവിനേയുമാണ് സൃഷ്ടിച്ചത്; അല്ലാതെ ആദമിനേയും സ്റ്റീവിനേയുമല്ല"- എന്നത് ലൈംഗിക വൈവിധ്യങ്ങളെ എതിർക്കുന്നവർ പാശ്ചാത്യരാജ്യങ്ങളിൽ ഉയർത്തുന്ന മുദ്രാവാക്യമാണ്. എന്നാൽ ആദമിനും ഈവിനും ഇടയിൽ അനേകം ചലനാത്മകമായ ലൈംഗിക സ്വത്വങ്ങളുണ്ട് എന്നതാണ് യാഥാർഥ്യം. പ്രശസ്ത മിത്തോളജിസ്റ്റായ ദേവദത്ത് പട്നായിക് രചിച്ച 'ശിഖണ്ഡിയും അവർ നിങ്ങളോട് പറയാത്ത മറ്റു കഥകളും' (2014) എന്ന കൃതിയിൽ ഇന്ത്യൻ പുരാവൃത്തങ്ങളിലെ ലൈംഗിക വൈവിധ്യങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പുരാതന കാലത്ത് തന്നെ ഇന്ത്യയിലെ ജനങ്ങൾ ഇതേപ്പറ്റി ബോധവാന്മാരായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സ്ത്രീ-പുരുഷ ദ്വന്ദ്വത്തിനപ്പുറമുള്ള ലൈംഗിക സ്വത്വങ്ങൾ നിയമപരമായി അംഗീകരിക്കപ്പെട്ടത് 2014ൽ സുപ്രീം കോടതിയുടെ നാഷണൽ ലീഗൽ സർവിസ് അതോറിറ്റി x യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധിന്യായത്തോടെ മാത്രമാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ മൂന്നാം ലിംഗമായി അംഗീകരിച്ച കോടതി, ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വാഗ്‌ദാനം ചെയ്യുന്ന എല്ലാ മൗലികാവകാശങ്ങളും മൂന്നാം ലിംഗ വ്യക്തികൾക്കും ലഭ്യമാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

വിധി മുന്നോട്ടുവെച്ച പ്രധാന ആശയം ഏതൊരു വ്യക്തിക്കും അയാളുടെ ലൈംഗിക സ്വത്വം സ്വയം നിർണ്ണയിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം എന്നതായിരുന്നു. ഇന്ത്യയിലെ ഭിന്നലൈംഗിക സ്വത്വമുള്ളവർ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗമായതിനാൽ ഇവർക്ക് സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അനുവദിക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ദേവദത്ത് പട്നായിക് തന്റെ കൃതിയിൽ ഇന്ത്യയെ, ‘ബ്രഹ്മചാരികൾ ഏതാണ് നല്ല ലൈംഗികതയെന്ന് നിശ്ചയിക്കുന്ന നാട്’ എന്ന് പരിഹസിക്കുന്നുണ്ട്. എന്താണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഉചിതമായത് എന്ന് സിസ്ജെൻഡർ വ്യക്തികൾ തീരുമാനിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും കടമകളും തീരുമാനിക്കുന്ന നിയമനിർമ്മാണ, നിർവ്വഹണ, വ്യാഖ്യാന മേഖലകളിലൊന്നും തന്നെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് നാമമാത്രമായ പ്രാതിനിധ്യം പോലുമില്ല.

1998-ൽ ശബനം മൗസി ബാനു മധ്യപ്രദേശ് നിയമസഭയിൽ അംഗമായത് ഒഴിച്ചാൽ മറ്റൊരു ട്രാൻസ്‌ജെൻഡർ വ്യക്തിയും ഇന്ത്യൻ നിയമനിർമ്മാണ സഭകളുടെ പടികടന്നിട്ടില്ല. ഈ സിസ്ജെൻഡർ വ്യക്തികൾ അടക്കിഭരിക്കുന്ന നിയമനിർമാണ സഭകളും മറ്റ് അധികാര സ്ഥാനങ്ങളും ഈ പതിതജനതയെ അവഗണിക്കുകയോ അവഹേളികയുകയോ ചെയ്യുന്നതിൽ അത്ഭുതമില്ല.

നാഷണൽ ലീഗൽ സർവീസ് അതോറിറ്റി കേസിൽ സുപ്രീം കോടതി ഇങ്ങനെ നിരീക്ഷിച്ചു: ''ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹം ദുർബലവും പാർശ്വവൽകൃതവുമായ ഒരു ജനവിഭാഗമാണ്. അതിനാൽ ദുർബലവും പാർശ്വവൽകൃതവുമായ ജനവിഭാഗങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സംരക്ഷണങ്ങൾ അവർക്കും ലഭിക്കേണ്ടതുണ്ട്. ഇത് അവർ ഇതുവരെ അനുഭവിച്ച അപമാനത്തിനും പീഡനത്തിനും സാന്ത്വനം നൽകാനുള്ള ഏറ്റവും വീനീതമായ മാർഗ്ഗവും അവരുടെ മനുഷ്യാവകാശങ്ങളെ സാക്ഷാത്‌കരിക്കാനും ചലനാത്മകമാക്കാനുള്ള ഒരു വഴിയും കൂടിയാണിത്''

എന്നാൽ സുപ്രിം കോടതി നിർദേശിച്ച രീതിയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് അവർ അർഹിക്കുന്ന ന്യായമായ അവകാശങ്ങൾ അനുവദിച്ചു കൊടുക്കുന്നതിൽ ഭരണകൂടം അനുചിതമായ അവധാനതയാണ് കാണിച്ചത്. 2014ൽ ഡി.എം.കെ അംഗമായ തിരുച്ചി ശിവ, സുപ്രിം കോടതി വിധിയുടെ വെളിച്ചത്തിൽ ട്രാൻജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബിൽ 2014 എന്ന പേരിൽ രാജ്യസഭയിൽ ഒരു സ്വകാര്യബിൽ അവതരിപ്പിക്കുകയുണ്ടായി. ആ ബിൽ രാജ്യസഭ പാസ്സാക്കിയെങ്കിലും ലോക്‌സഭയിൽ പരാജയപെട്ടു.

ഈ ബിൽ അംഗീകരിക്കുന്നതിന് പകരം, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ ആവശ്യങ്ങളും അവകാശങ്ങളും അവഗണിക്കുന്ന മറ്റൊരു ബിൽ 2016ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. പിന്നീട് ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ ലാപ്‌സ് ആയിപോയി. അങ്ങനെ ഏതാണ്ട് അഞ്ച് വർഷം കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തി.

2019 ഓഗസ്റ്റ് അഞ്ചിന്, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികപരവും വിദ്യാഭ്യാസപരവുമായ ഉന്നതി ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാർ, ട്രാൻജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബിൽ 2019, ലോക്സഭയിൽ അവതരിപ്പിച്ചു. ജമ്മു കശ്മീരിനുള്ള പ്രത്യേക വകുപ്പുകൾ റദ്ദ് ചെയ്യുന്ന ബില്ലുകൾ കൂടി അന്ന് അവതരിപ്പിച്ചാൽ ലോക്സഭയിൽ ചർച്ചയില്ലാതെ പ്രസ്തുത ബിൽ പാസ്സായി. 2019 നവംബർ 26ന് രാജ്യസഭയും ബിൽ പാസ്സാക്കി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ട് വിശദമായ ചർച്ച വേണം എന്ന തിരുച്ചി ശിവ അവതരിപ്പിച്ച പ്രമേയം തള്ളി കൊണ്ടാണ് രാജ്യസഭ ബിൽ ഭേദഗതികളൊന്നും കൂടാതെ പാസ്സാക്കിയത്.

ബില്ലിന്‍റെ ഏറ്റവും പ്രധാനപെട്ട പോരായ്‌മ, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ലൈംഗിക സ്വത്വം സ്വയം നിർണ്ണയിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുന്നില്ല എന്നതാണ്. ഒരു വ്യക്തി, ട്രാൻസ്‌ജെൻഡർ ആണ് എന്ന് സാക്ഷ്യപെടുത്താനുള്ള അധികാരം ജില്ലാ കലക്ടർക്കാണ് ബിൽ നൽകുന്നത്. കലക്ടർ സാക്ഷ്യപെടുത്താൻ വിസ്സമ്മതിച്ചാൽ അപ്പീലിനുള്ള സാധ്യതയെ പറ്റി ബിൽ മൗനം പാലിക്കുന്നു.

2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ 4.8 ലക്ഷം ട്രാൻസ്‌ജെൻഡർ വ്യക്തികളുണ്ട്. ''ട്രാൻജെൻഡർ വ്യക്തികളുടെ ക്ഷേമം ലക്ഷ്യം വെക്കുന്ന ഒരു നിയമം വരുന്നത് സന്തോഷകരമാണ്. എന്നാൽ ഇത്തരം ഒരു നിയമം 'ക്ഷേമം' എന്ന സങ്കല്പത്തെക്കാൾ അവകാശങ്ങൾക്കാണ് ഊന്നൽ നൽകേണ്ടിയിരുന്നത്."- ട്രാൻജെൻഡർ സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അഞ്ജലി ഗോപലൻ പറയുന്നു.

ഇപ്പോൾ പാസാക്കിയ ഈ ബില്ലിന്‍റെ ഏറ്റവും ആക്ഷേപകരമായ കാര്യം സുപ്രീം കോടതി നിർദേശിച്ചത് പോലെ വിദ്യാഭ്യാസരംഗത്തും സർക്കാർ സർവീസിലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സംവരണം വിഭാവനം ചെയ്യുന്നില്ല എന്നതാണ്. ഈ ജനത ഇന്ത്യൻ സമൂഹത്തിലെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗമാണ്. ആയതിനാൽ തന്നെ ഭരണഘടനയുടെ അനുഛേദം 16 പ്രകാരം സർക്കാർ സർവീസിൽ സംവരണത്തിന് ഇവർക്ക് അവകാശമുണ്ട്.

വിവാഹം, വിവാഹമോചനം, ദത്ത് തുടങ്ങി സിവിൽ, ക്രിമിനൽ നിയമങ്ങളിൽ മൂന്നാം ലിംഗക്കാരുടെ ട്രാൻസ്‌ജെൻഡർ വ്യക്തിത്വം അംഗീകരിക്കപ്പെടാത്തത് അവരോടുള്ള വിവേചനമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ മദ്രാസ് ഹൈ കോടതിയുടെ മധുര ബെഞ്ച്, അരുൺ കുമാർ ആൻഡ് ശ്രീജ x ഇൻസ്‌പെക്ടർ ജനറൽ ഓഫ് റെജിസ്ട്രേഷൻ എന്ന കേസിൽ ഹിന്ദു സമുദായത്തിൽ പെട്ട പുരുഷനും ട്രാൻസ്ജെൻഡറും തമ്മിലുള്ള വിവാഹം, ഹിന്ദു വിവാഹ നിയമ പ്രകാരം സാധുവാണെന്ന് വിധിച്ചിരുന്നു.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗാസ്‌തിത്വം സ്വയം നിർണ്ണയിക്കാനുള്ള അവകാശം, സുപ്രീം കോടതിയുടെ നാഷണൽ ലീഗൽ സർവീസ് അതോറിറ്റി കേസ്, പുട്ടസ്വാമി x യൂണിയൻ ഓഫ് ഇന്ത്യ കേസ്, നവതേജ് സിംഗ് ജോഹർ x യൂണിയൻ ഓഫ് ഇന്ത്യ കേസ് എന്നിവയിലെ വിധിന്യായത്തിലൂടെ സ്ഥിരപ്പെട്ടതാണെന്ന് മദ്രാസ് ഹൈ കോടതി നിരീക്ഷിച്ചു. ലൈംഗിക അഭിവിന്യാസത്തിന്‍റെയോ ലൈംഗിക സ്വത്വത്തിന്‍റെയോ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേചനവും, ഭരണഘടനയുടെ അനുച്ഛേദം പതിനാലും പതിനഞ്ചും ഉറപ്പു നൽകുന്ന നിയമത്തിനു മുമ്പിലുള്ള സമത്വത്തിനും തുല്യമായ നിയമസംരക്ഷണത്തിനും വിവേചനത്തിൽ നിന്നുള്ള മോചനത്തിനുമുള്ള അവകാശങ്ങളെ ഹനിക്കുന്നതാണ്.

ഇപ്പോൾ പാർലമെന്‍റ് പാസാക്കിയ നിയമത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ വിവാഹം, ദത്തവകാശം എന്നിവയെ പറ്റി പരാമർശിക്കുന്നില്ല. ഈയിടെ പാസാക്കിയ സറോഗസി ബില്ലിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സറോഗസിയിലൂടെ പ്രത്യുല്പാദനം നടത്തുള്ള അവകാശം നിഷേധിക്കുന്നു.

ബില്ലിൽ വിഭാവനം ചെയ്യുന്ന നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്‌ജെൻഡർ പേഴ്സൺസ്, ഈ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അപര്യാപ്തമാണ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ പ്രാതിനിധ്യ സ്വഭാവം ഇതിനില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ദേശീയ കമ്മീഷനുകളുടെ മാതൃകയിൽ ഒരു സിവിൽ കോടതിയുടെ അധികാരങ്ങളുള്ള പ്രാതിനിധ്യ സ്വഭാവമുള്ള ഒരു കമ്മിഷനാണ് വേണ്ടിയിരുന്നത്.

ചാൾസ് ഡിക്കൻസിന്‍റെ വിശ്വവ്യാഖ്യാതമായ 'ഒലിവർ ട്വിസ്റ്റ്' എന്ന നോവലിലെ ക്രൂരനും പിശുക്കാനുമായ മിസ്റ്റർ ബംബ്ൾ എന്ന അനാഥശാല സൂക്ഷിപ്പുകാരനെ പോലെയാണ് ഈ ബിൽ നിസ്സഹായരായ ട്രാൻജെൻഡർ സമൂഹത്തോട് പെരുമാറുന്നത്. ഒരു തവി കഞ്ഞി അധികം ചോദിക്കുന്ന ഒളിവെറിനെ ബംബ്ൾ ക്രൂരമായി അപമാനിക്കുന്നത് പോലെ ഈ ബിൽ പതിത ജനതയെ അപമാനിക്കുന്നു.

''നിങ്ങളുടെ മകൻ നിങ്ങളോട് അപ്പം ചോദിച്ചാൽ നിങ്ങൾ അവനു കല്ല് നൽകുമോ?'' എന്ന് ബൈബിൾ ചോദിക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ ബിൽ, അപ്പം ചോദിച്ചവർക്ക് കല്ലാണ് പകരം നൽകിയിരിക്കുന്നത്.