LiveTV

Live

Opinion

ധാര്‍മിക ഉത്തരവാദിത്തം എന്ന ഒന്നുണ്ട്, അത് വിദ്യാഭ്യാസ മന്ത്രിക്കാണ്

ഇതിൽ രാഷ്ട്രീയം ഇല്ലത്രേ, അധ്യാപകൻ മാത്രമാണത്രേ കുറ്റക്കാരൻ, മന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെങ്കിൽ എംപിയും എംഎൽഎയും പ്രതിയാകുമത്രേ…

ധാര്‍മിക ഉത്തരവാദിത്തം എന്ന ഒന്നുണ്ട്, അത് വിദ്യാഭ്യാസ മന്ത്രിക്കാണ്

കാര്യം ലളിതമാണ്. നേട്ടങ്ങളുടെ തിളക്കവും വിജയത്തിന്റെ പുഞ്ചിരിയും ഏറ്റെടുക്കാൻ മാത്രമേ സർക്കാരും പരിവാരവും വെട്ടുകിളിക്കൂട്ടങ്ങളും ഉണ്ടാവുകയുള്ളൂ. വീഴ്ചകൾ, നഷ്ടങ്ങൾ, അപകടങ്ങൾ എല്ലാം സ്വയം ഡിസ്ക്രെഡിറ്റ് ചെയ്യാൻ ആയിരിക്കും എല്ലാവർക്കും വ്യഗ്രത. രാഷ്ട്രീയവും ഭരണകൂടവും കക്ഷിയായി വരുന്ന സംഭവങ്ങളിൽ നമ്മൾ മനുഷ്യത്വം മറന്നുപോകും. നമുക്ക് വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി മൃതദേഹത്തിന്റെ മുകളിൽ കേറിനിന്ന് പടവെട്ടും.

വയനാട്ടിൽ ഷഹല എന്ന പിഞ്ചുകുട്ടി ക്ലാസ്‌റൂമിൽ നിന്നു പാമ്പുകടിയേറ്റ് മരിച്ചുവെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭരണചക്രത്തിന്റെയും പരാജയമാണ്. ഏത് വിദ്യാഭ്യാസ സമ്പ്രദായം? ഇന്ത്യയിലെ ഒന്നാം നമ്പർ സാക്ഷരരാക്കി നമ്മൾ മലയാളികളെ മാറ്റി എന്നു നമ്മൾ അഭിമാനിക്കുന്ന, ഏറ്റവും താഴേക്കിടയിൽ ഉള്ള ദുർബലമായ കുട്ടിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് നാം വിശ്വസിക്കുന്ന സമ്പ്രദായം. ഒരു കാര്യം പ്രത്യേകം ഓർമിക്കണം, വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെല്ലാം ആഘോഷിക്കുന്നവരാണ് നമ്മൾ. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ ഫേസ്‌ബുക്ക് പേജിൽ ഒന്നു പോയിനോക്കണം. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ കാലത്ത് കൈവരിച്ച നേട്ടങ്ങൾ ഒന്നൊഴിയാതെ അവിടെ സവിസ്തരം പ്രതിപാദിച്ചത്‌ കാണാൻ കഴിയും. അവിടത്തെ വിവരങ്ങൾ മുഖവിലക്കെടുക്കുന്ന ഏതൊരാളും കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം സ്വർഗ്ഗമാണെന്നു തന്നെ വിശ്വസിക്കും.

എന്നാൽ എന്താണ് യാഥാർഥ്യം? ഷഹല ഷെറിന്റെ നഷ്ടപ്പെട്ട ജീവനാണ് യാഥാർഥ്യം. ഇഴജന്തുക്കൾക്ക് പാർക്കാൻതക്ക ദ്വാരങ്ങളുള്ള ക്ലാസ്മുറികളും ഇഴജന്തുക്കളേക്കാൾ അജ്ഞതയുടെ വിഷമുള്ള അധ്യാപകരും പരിമിതികളുടെ കൂടാരങ്ങളായ സ്‌കൂളുകളും സ്വൈര്യമായി പഠിക്കാൻ അവസരമില്ലാത്ത കുട്ടികളും ആണ് യാഥാർഥ്യം. നഗരവിദ്യാലയങ്ങളുടെ പളപളപ്പുകൾ ആഘോഷമാക്കി അഭിമാനം കൊള്ളുന്ന സർക്കാരും പരിവാരങ്ങളും പാർട്ടികളും കാണാൻ ഇഷ്ടപ്പെടാത്ത യാഥാർത്ഥ്യം.

പ്രശ്‌നത്തിന്റെ ഗൗരവം ഓർത്തുനോക്കുക. തൊടിയിൽ കളിക്കുമ്പോൾ കുറ്റിക്കാട്ടിൽ വെച്ചല്ല ആ അഞ്ചാം ക്ലാസുകാരിയെ പാമ്പുകടിച്ചത്. ക്ലാസ്മുറിക്കുള്ളിൽ വെച്ചാണ്. വിദ്യയുടെ ശ്രീകോവിൽ എന്ന് നാം വിശേഷിപ്പിക്കുന്ന ക്ലാസ് മുറിയിൽ വെച്ച്. എന്തെങ്കിലും പ്രകൃതികാരണങ്ങളാലോ ആരെങ്കിലും വഴിതടഞ്ഞതു കൊണ്ടോ ആണോ ആ കുട്ടിയുടെ ചികിത്സ വൈകിയത്? അല്ല, സ്വന്തം അധ്യാപകൻ കാണിച്ച ദുർവാശിയും അജ്ഞതയും കൊണ്ടു മാത്രം. പാമ്പുകടിയേൽക്കാവുന്ന വിദ്യാലയവും ആശുപത്രിയിൽ കൊണ്ടുപോകണമെന്ന കോമൺ സെൻസ് പോലുമില്ലാത്ത അധ്യാപകനും ആരുടെ ഉത്തരവാദിത്തമാണ്? വിദ്യാഭ്യാസ വകുപ്പിന്റെ. അത് കൈകാര്യം ചെയ്യുന്ന എഇഓ മുതൽ വിദ്യാഭ്യാസ മന്ത്രി വരെയുള്ള അധികാര ക്രമത്തിന്റെ.

സ്‌കൂളുകൾ തുറക്കുംമുമ്പ് പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ചട്ടത്തിൽ അക്കമിട്ട് പറയുന്നുണ്ട്. നമ്മൾ എന്താണ് മനസ്സിലാക്കുക? അവയൊക്കെ പാലിക്കപ്പെടുമെന്നും അതുറപ്പാക്കാൻ സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്നുമല്ലേ..അവധിക്കാലത്ത്‌ ഓരോ സ്‌കൂളും സന്ദർശിച്ചു ഉദ്യോഗസ്‌ഥർ പരിശോധിക്കുമെന്നും പോരായ്മ ചൂണ്ടിക്കാണിക്കുമെന്നും പോരായ്മകൾ പരിഹരിച്ചുവെന്ന്‌ ഉറപ്പാക്കുമെന്നും വിചാരിച്ചാണ് രക്ഷിതാക്കൾ മക്കളെ സ്‌കൂളിലേക്ക് അയക്കുന്നത്. പക്ഷെ, പൊത്തുകൾ നിറഞ്ഞ, ഒട്ടും ഫിറ്റ്നസ്‌ ഇല്ലാത്ത മരണകേന്ദ്രങ്ങൾ തുറന്നുവെച്ചാണ് ഇന്ത്യയിലെ ഒന്നാം നമ്പർ വിദ്യാഭ്യാസ വകുപ്പ് പലയിടങ്ങളിലും കുട്ടികളെ വിളിക്കുന്നത്. പേടിപ്പിക്കുന്ന സത്യം.

പക്ഷെ, സർക്കാരും ആരാധക വെട്ടുകിളിക്കൂട്ടങ്ങളും അത് അംഗീകരിക്കില്ല. കാരണം, അംഗീകരിച്ചാൽ അത് തോൽവിയാണെന്ന് അവർ കരുതുന്നു. അതുകൊണ്ട് പ്രശ്‌നത്തിന് യഥാർത്ഥ ചികിത്സ നൽകുന്നതിനു പകരം മുറിവിന്റെ പുറത്ത് എണ്ണ പുരട്ടി എല്ലാം അവസാനിപ്പിക്കും. ഇപ്പോൾ തന്നെ ഈ വിഷയത്തിൽ വന്ന മന്ത്രി രവീന്ദ്രനാഥിന്റെ പ്രസ്താവന നോക്കൂ… ആശുപത്രിയിലെത്തിക്കാൻ വൈകിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തെന്ന്... ക്ലാസ്മുറികൾ നാളെത്തന്നെ അറ്റകുറ്റപ്പണി നടത്തുമെന്ന്… അധ്യാപകനെതിരെ നടപടിയെടുക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എന്നാൽ അതാണോ ഈ പ്രശ്നത്തിൽ അനുവർത്തിക്കേണ്ട യഥാർഥ നടപടി? ഇതുവരെ ആ ക്‌ളാസ്മുറികൾ ഇങ്ങനെ പാമ്പിൻ പൊത്തുകളായി കിടന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിക്കുമോ? ഇല്ല. കാരണം, അതു വിശദീകരിക്കാൻ നിന്നാൽ സ്വന്തം നേർക്കു വിരൽ ചൂടേണ്ടിവരുമെന്നതുറപ്പ്.

ഏറ്റവും വിചിത്രമായ കാര്യം ഈ വിഷയത്തിൽ വിദ്യാഭ്യാസവകുപ്പിനെ രക്ഷിച്ചെടുക്കാൻ അണികൾ നടത്തുന്ന സർക്കസാണ്. ഇതിൽ രാഷ്ട്രീയം ഇല്ലത്രേ, ആ അധ്യാപകൻ മാത്രമാണത്രേ കുറ്റക്കാരൻ, മന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്തം ഉണ്ടെങ്കിൽ എംപിയും എംഎൽഎയും പ്രതിയാകുമത്രേ… അത് അങ്ങനെ തന്നെ ആണോ എന്നറിയാൻ ഈ ദൗർഭാഗ്യകരമായ സംഭവത്തിന്റെ സമയം ഒന്നു മാറ്റി ആലോചിച്ചാൽ മതി. ഭരിക്കുന്നത് ഐക്യമുന്നണിയും മന്ത്രി അബ്ദുൽറബ്ബും ആണെന്നു സങ്കൽപ്പിക്കുക. ഡിടിപി ആർട്ടിസ്റ്റിന്റെ ഭാവനയിൽ ചോദ്യപേപ്പറിൽ കയറിക്കൂടിയ ഒരു ചന്ദ്രക്കല ചിഹ്നത്തിന് അദ്ദേഹം മറുപടി പറയേണ്ടിവന്നത് ഓർക്കുക. പത്താംക്‌ളാസ് പരീക്ഷയിൽ വിജയശതമാനം കൂടിയപ്പോൾ, ഏതോ സ്‌കൂളിൽ ഗ്രീൻബോർഡ് സ്ഥാപിച്ചപ്പോൾ എല്ലാം റബ്ബിനെതിരെ നടന്ന പരിഹാസവും പ്രക്ഷോഭവും ഓർക്കുക. ഷഹല ഷെറിന്റെ മരണം റബ്ബിന്റെ കാലത്തായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലുടനീളം വിദ്യാർത്ഥി-യുവജന പ്രക്ഷോഭം അരങ്ങേറിയേനെ. ഇങ്ങനെയൊരു കാരണത്തിന് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയരുന്നെങ്കിൽ അതൊട്ടും അപ്രസക്തമല്ല താനും. ഈ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ആ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ കൂടി ചുമലിലാണ്. തീവണ്ടി മറിഞ്ഞ് ആളുകൾ മരിച്ചപ്പോൾ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയോ രാജിവെക്കാൻ തുനിയുകയോ ചെയ്ത മന്ത്രിമാരെ നമുക്ക് അറിയാം. ഇവിടെയോ? തന്റെ ഉത്തരവാദിത്വത്തെ പറ്റി ഒന്നും മിണ്ടാതെ മന്ത്രി എല്ലാം മേക്ക്അപ്പ് ചെയ്യുകയാണ്.

ഇത്രയേ ഉള്ളൂ, നമ്മൾ കെട്ടിപ്പൊക്കിയ ഗോപുരങ്ങൾക്കൊന്നും ഉറപ്പത്ര പോരാ… അരിഷ്ടിച്ചു ജീവിക്കുന്ന ജനങ്ങളുടെ ഇന്ത്യയിൽ അതിന് ഒന്നാം സ്ഥാനമൊക്കെ ഉണ്ടാവാം. എന്നാൽ, അതിന്റെ പോരായ്മകൾ നമ്മൾ തന്നെ തിരിച്ചറിയുകയും സ്വയം നവീകരിക്കുകയും വേണം. ഇത്രയും കാലം നമ്മളുണ്ടാക്കിയ നേട്ടങ്ങളെല്ലാം ആ തിരിച്ചറിവിന്റെയും നവീകരണത്തിന്റെയും ഫലങ്ങളായിരുന്നു. ദൗർഭാഗ്യവശാൽ ഇപ്പോൾ കാര്യങ്ങൾ വേറെ വഴിക്കാണ് പോകുന്നത്. വീഴ്ചകളെ മറക്കുകയും ആരാധകരെ ഉപയോഗിച്ച് മറയ്ക്കുകയുമാണ്. പെയിന്റടിച്ചും വായ്ക്കുരവയിട്ടും ഇതിങ്ങനെ അധികം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് നമ്മൾ തിരിച്ചറിയണം. നമ്മെ ഭരിക്കുന്നവരെ ബോധിപ്പിക്കണം.