LiveTV

Live

Opinion

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

ഒരു കുഗ്രാമത്തിൽ നിന്ന് പ്രശസ്തിയുടെയും സമ്പത്തിന്റെയും മനം മയക്കുന്ന വെള്ളിവെളിച്ചത്തിലേക്ക് പെട്ടെന്ന് കയറി വരുന്ന ചെറുപ്പക്കാരന് സംഭവിക്കാവുന്ന മോശമായ കാര്യങ്ങളെല്ലാം തന്നെയാണ് ആസിഫിനും സംഭവിച്ചത്

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

മഗ്രാത്ത് ,അക്രം കാലഘട്ടത്തിനും ബുമ്ര ,സ്റ്റാർക്ക് കാലഘട്ടത്തിനുമിടയിൽ മനസ്സിനെ ആകർഷിച്ച, ആരാധനയോടെ നോക്കിയിരുന്ന രണ്ടേ രണ്ടു പേസ് ബൗളർമാരെ ഉണ്ടായിരുന്നുള്ളൂ. ബ്രെറ്റ് ലീയും ഡെയിൽ സ്റ്റെയിനും ലോകോത്തര ബൗളർമാർ തന്നെയായിരിക്കെ ഇത് സ്ട്രിക്റ്റ്ലി പേഴ്‌സണൽ ചോയിസ് ആണ് . രണ്ടും പൂർത്തിയാകാതെ അവശേഷിച്ച കരിയറുകളായിരുന്നു എന്നത് യാദൃശ്ചികവും . വേഗത കൊണ്ടും സ്വിംഗ് കൊണ്ടും അമ്പരപ്പിച്ച ഷെയിൻ ബോണ്ടിന്റെ കരിയർ അയാളുടേതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് അപൂർണമായി അവസാനിച്ചതെങ്കിൽ രണ്ടാമന്റെ കരിയർ നശിപ്പിച്ചത് അയാൾ തന്നെയായിരുന്നു.

അയാളുടെ കരുത്ത് ഒരിക്കലും വേഗതയായിരുന്നില്ല.130 -135 കിലോമീറ്റർ വേഗതയിൽ വരുന്ന പന്തുകളുടെ വേഗതയേക്കാൾ പന്ത് പിച്ച് ചെയ്തതിനു ശേഷം എങ്ങോട്ടാണ് മൂവ് ചെയ്യാൻ പോകുന്നതെന്ന ചിന്തയായിരിക്കണം ക്രീസിലുള്ള ബാറ്റ്സ്മാനെ അലട്ടിയിരുന്നത്. ഫ്രണ്ട് ഫുട്ട് പന്തിന്റെ ദിശയിലേക്ക് കൊണ്ട് വന്നു ടെക്നിക്കലി കറക്റ്റ് ആയൊരു ഡിഫന്‍സീവ് ഷോട്ട് കളിച്ചതിനു ശേഷവും പുറകില്‍ സ്റ്റമ്പ് തെറിക്കുന്ന ശബ്ദം കേട്ടത് വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുന്ന ബാറ്റ്സ്മാന്‍മാരെ നമുക്ക് എബ്രഹാം ഡിവില്ലിയേഴ്‌സെന്നോ കെവിന്‍ പീറ്റേഴ്സനെന്നോ വി.വി.എസ് ലക്ഷ്മണ്‍ എന്നോ വിളിക്കാവുന്നതാണ്. മൂന്നോ നാലോ ഔട്ട് സ്വിങ്ങറുകൾ ലീവ് ചെയ്തതിനു ശേഷം പെട്ടെന്ന് അകത്തേക്ക് സ്വിങ് ചെയ്യുന്ന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഹതാശനായ ബാറ്റ്സ്മാൻ നിൽക്കുമ്പോൾ അല്പമൊന്നു കുനിഞ്ഞു രണ്ടു കൈകളും ഉയര്‍ത്തി കൊണ്ടൊരു ലൌഡ് അപ്പീല്‍,സ്ക്രീനില്‍ മുഹമ്മദ്‌ ആസിഫാണ്.

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

രാഹുല്‍ ദ്രാവിഡിനെ പോലൊരു ബാറ്റ്സ്മാനെതിരെ പന്തെറിയുന്നത് ഞാന്‍ ആസ്വദിക്കുന്നു എന്ന സ്റ്റേറ്റ്‌മെന്റ് കടുത്ത വെല്ലുവിളികളെ നേരിടാന്‍ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ വാക്കുകളായിരുന്നു. ബൗളിംഗ് ഇതിഹാസങ്ങളെ പോലും വെല്ലുന്ന അസാധാരണമായ റിസ്റ്റ് പൊസിഷൻ സ്വന്തമായുണ്ടായിരുന്ന ആസിഫിന് പന്തിനെ ഇരുവശങ്ങളിലേക്കും അനായാസം ചലിപ്പിക്കാനുള്ള കഴിവുമുണ്ടായിരുന്നു. ഓഫ് സ്റ്റംപിൽ ലാൻഡ് ചെയ്യുന്ന പന്ത് ഔട്ട് സ്വിംഗറാണോ ഇൻസ്വിംഗറാണോ എന്ന സംശയം മാറുന്നതിനു മുന്നേ ബാറ്റ്സ്മാൻ കെണിയിൽ വീണിരിക്കും . പ്രതിരോധിച്ചു കൊണ്ട് അതിജീവിക്കാൻ കഴിയില്ലെന്നുള്ളതായിരുന്നു ആസിഫിന്റെ പന്തുകളുടെ സവിശേഷത. വസിം അക്രത്തിന് ശേഷം പന്തിനെ സംസാരിപ്പിച്ച ബൌളര്‍ എന്ന വിശേഷണം അതിശയോക്തിയൊന്നുമില്ല .

കെവിൻ പീറ്റേഴ്‌സണെന്ന മോഡേൺ ബാറ്റിങ്‌ ഇതിഹാസത്തെ ആസിഫ് സെറ്റപ്പ് ചെയ്യുന്നൊരു ഏകദിന മത്സരമുണ്ട്. ആദ്യത്തെ നാല് പന്തുകളും ക്ര്യത്യമായി ഓഫ് സ്റ്റമ്പിന് പുറത്ത് പതിക്കുന്ന നിരുപദ്രവകരമായ ഔട്ട് സ്വിംഗറുകളാണ്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഷഫിൾ ചെയ്യുന്ന കെ.പി അനായാസം നാല് പന്തുകളും ലീവ് ചെയ്യുകയാണ്.അഞ്ചാം പന്ത് ക്ര്യത്യമായി ഓഫ് സ്റ്റമ്പിന് പുറത്ത് തന്നെ പ്രതീക്ഷിച്ചു ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഷഫിൾ ചെയ്യുന്ന കെ.പിക്ക് കിട്ടുന്നത് ഷോർട്ട് ഓഫ് ലെംഗ്തിൽ ബോഡി ലൈനിൽ ഒരു ബിഗ് ഇൻ സ്വിംഗറാണ് . ഇത്തവണ ബാറ്റ് ഉപയോഗിക്കേണ്ടി വരുന്നത് കൊണ്ട് അല്പം ബുദ്ധിമുട്ടി പന്ത് പ്രതിരോധിക്കുന്ന കെ.പി ആറാം പന്തിൽ ഷഫിൾ ചെയ്യണോ വേണ്ടയോ എന്ന കൺഫ്യുഷനിലാണ്. കൃത്യമായി ഓഫ് സ്റ്റമ്പിൽ പതിച്ചു പുറത്തേക്ക് മൂവ് ചെയ്യുന്ന ഒരു ഔട്ട് സ്വിംഗറാണ് ലഭിക്കുന്നത്. രണ്ടു മൈൻഡിൽ നിൽക്കുന്ന കെ.പി പന്ത് എഡ്ജ് ചെയ്തു കീപ്പറുടെ കൈയിലെത്തിച്ചു പുറത്താകുമ്പോൾ മുഹമ്മദ് ആസിഫെന്ന ബൗളറുടെ അസാധാരണമായ ബുദ്ധി കൂടെ പ്രകടമാവുകയായിരുന്നു.

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

ബാറ്റ്സ്മാനെ കട്ടറുകൾ കൊണ്ട് ക്രീസിൽ പിൻ ചെയ്തു നിർത്തിയ ശേഷം ഒരു ഫുൾ പന്തിലെ സീം മൂവ് മെന്റുപയോഗിച്ചു എഡ്ജിലൂടെ പുറത്താക്കുന്ന ഓൾഡ് സ്‌കൂൾ ബ്രില്യൻസിനു പുറമെയാണിത് എന്നോർക്കണം. ഒരിക്കൽ ഏബ്രഹാം ഡിവില്ലിയേഴ്സ് താനൊരുക്കിയ ട്രാപ്പ് പൂർത്തിയാകുന്നതിനു മുന്നേ തന്നെ ഔട്ട് ആയതിൽ പരസ്യമായി പരിഭവിച്ച ബൗളർക്ക് എന്ത് വിശേഷണമാണ് നൽകുക? കറാച്ചിയിൽ വീരേന്ദ്ര സെവാഗ്,രാഹുൽ ദ്രാവിഡ്,വി.വി.എസ്.ലക്ഷ്മൺ,സച്ചിൻ ടെണ്ടുൽക്കർ എന്നിവരടങ്ങിയ ഒരു ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെ താൻ വായിക്കുന്ന ട്യൂണുകൾക്കനുസരിച്ചു നൃത്തം ചെയ്യിക്കുന്ന മുഹമ്മദ് ആസിഫ് പലതിനുമുള്ള മറുപടിയായിരുന്നു. സൗത്ത് ആഫ്രിക്കയോ പാക്കിസ്ഥാനോ ശ്രീലങ്കയോ ന്യുസിലാന്റോ എവിടെയുമാകട്ടെ മൂടിക്കെട്ടിയ ആകാശത്തിന്റെയോ സാഹചര്യങ്ങളുടെയോ പിന്തുണ ഇല്ലെങ്കിൽ പോലും ആസിഫ് ബാറ്റിങ് നിരകളെ വീഴ്ത്തിക്കൊണ്ടിരുന്നു.

ഒരിക്കൽ ഏബ്രഹാം ഡിവില്ലിയേഴ്സ് താനൊരുക്കിയ ട്രാപ്പ് പൂർത്തിയാകുന്നതിനു മുന്നേ തന്നെ ഔട്ട് ആയതിൽ പരസ്യമായി പരിഭവിച്ച ബൗളർക്ക് എന്ത് വിശേഷണമാണ് നൽകുക?

ഒരു ചെറിയ കുഗ്രാമത്തിൽ നിന്നും പ്രശസ്തിയുടെയും സമ്പത്തിന്റെയും മനം മയക്കുന്ന വെള്ളിവെളിച്ചത്തിലേക്ക് പെട്ടെന്ന് കയറി വരുന്ന ഒരു ചെറുപ്പക്കാരന് സംഭവിക്കാവുന്ന മോശമായ കാര്യങ്ങളെല്ലാം തന്നെ ആസിഫിനും സംഭവിച്ചിരുന്നു. രണ്ടു തവണ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് പിടിക്കപ്പെട്ട ആസിഫ് 2007 ൽ ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ടീമിൽ നിന്നും പുറത്താക്കപ്പെടുന്നു.

2008ൽ ദുബായ് വിമാനത്താവളത്തിൽ ഡ്രഗ് കൈവശം വച്ച കുറ്റത്തിനും പിടിക്കപ്പെട്ടിരുന്ന ആസിഫ് 2007 ഒക്ടോബറിന് ശേഷം പിന്നെയൊരു ടെസ്റ്റ് പരമ്പര കളിക്കുന്നത് രണ്ടു വർഷത്തിന് ശേഷം 2009 ലെ ന്യുസിലാന്റ് പരമ്പരയിലാണ്.19 വിക്കറ്റുകളുമായി ആസിഫ് പരമ്പരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയപ്പോൾ മുടിയനായ പുത്രനെ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു ക്രിക്കറ്റ് ലോകം.അധികം താമസിക്കാതെ തന്നെ അതവസാനിക്കുകയും ചെയ്തു.2010 ലെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയ്ക്കു ന്യുസ് ഓഫ് ദ വേൾഡ് നടത്തിയ ഒരു സ്റ്റിങ് ഓപ്പറേഷനിലാണ് മുഹമ്മദ് ആമിറും ആസിഫും സൽമാൻ ബട്ടും ഉൾപ്പെട്ട സ്പോട്ട് ഫിക്‌സിംഗ് പുറത്തു വരുന്നത് .ആദ്യം ആരോപണം നിഷേധിച്ചെങ്കിലും തെളിവുകൾ പുറത്തു വന്നതോടെ മൂന്നുപേരും കുടുങ്ങുകയും ആസിഫിന് 7 വർഷം വിലക്കും ഒരു കൊല്ലം ജയിൽ ശിക്ഷയും ലഭിച്ചു.

കുറച്ചു നാൾ മുൻപ് വരെ ഒരേ കുറ്റം ചെയ്തവരിൽ ആമിറിന്റെ തെറ്റ് മാത്രം എന്തുകൊണ്ട് ക്ഷമിക്കപ്പെടുന്നു എന്ന ചോദ്യമുയർത്തി രോഷാകുലനായിരുന്ന ആസിഫിന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉദിച്ചുയർന്നു കൊണ്ടിരുന്നൊരു പ്രതിഭാശാലിയായ 18 വയസ്സുകാരൻ യുവ ബൗളറെ തെറ്റിന്റെ വഴിയിലേക്ക് നയിക്കാൻ കൂട്ട് നിന്നത് മറ്റൊരു ഗുരുതരമായ തെറ്റാണെന്ന ബോധമില്ലായിരുന്നു ഒരു കാര്യത്തിൽ ആസിഫിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നു തോന്നുന്നു.ഇതിഹാസങ്ങൾ ഉൾപ്പെടെ പലരും ഇതിലും ഗുരുതരമായ തെറ്റുകളിൽ നിന്ന് കാര്യമായ ശിക്ഷകളില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

ആസിഫ് അരങ്ങേറ്റം കുറിച്ചതിനു ശേഷമുള്ള 5 വർഷകാലയളവിൽ പാക്കിസ്ഥാൻ കളിച്ച 48 ടെസ്റ്റുകളിൽ 23 എണ്ണത്തിൽ മാത്രമേ ആസിഫ് കളിച്ചുള്ളൂ എന്നതിൽ നിന്ന് തന്നെ അയാളുടെ കരിയർ എങ്ങനെയാണ് സഞ്ചരിച്ചത് എന്നത് മനസ്സിലാക്കാം. 2005 നും 2010 നുമിടയില്‍ വെറും 23 ടെസ്റ്റുകള്‍ മാത്രം കളിച്ചു കൊണ്ട് മാഞ്ഞു പോയത് ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്വിംഗ് ബൌളര്‍ എന്ന പദവിയില്‍ എത്തേണ്ടവനായിരുന്നു. 23 ടെസ്റ്റുകള്‍ മാത്രം കളിച്ചു കടന്നു പോയവനെ നോക്കി ഇതുപോലെ മറ്റൊരാള്‍ക്കും പന്തെറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നെടുവീര്‍പ്പിടുന്ന എന്നെപ്പോലെ വിരലിലെണ്ണാവുന്ന ക്രിക്കറ്റ് പ്രേമികളായിരിക്കണം മുഹമ്മദ്‌ അസിഫ് എന്ന ക്രിക്കറ്ററുടെ കരിയറിലെ ഏറ്റവും വലിയ സമ്പാദ്യം. നഷ്ടമാണയാള്‍, ക്രിക്കറ്റ് ലോകത്തിനു തന്നെ. കൈ പിടിച്ചയാളെ നേർവഴിയിലേക്ക് നടത്താൻ അവിടത്തെ ക്രിക്കറ്റിങ് സിസ്റ്റത്തിന് കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകും വിധം നിലവാരമുണ്ടായിരുന്ന സ്വിങ് മാന്ത്രികൻ. പോയട്രി ഇൻ മോഷൻ എന്നല്ലാതെ ആസിഫിന്റെ ബൗളിങ്ങിനെ വിശേഷിപ്പിക്കാൻ വേറെ പ്രയോഗവുമില്ല.

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ
നഷ്ടമാണയാള്‍, ക്രിക്കറ്റ് ലോകത്തിനു തന്നെ. കൈ പിടിച്ചയാളെ നേർവഴിയിലേക്ക് നടത്താൻ അവിടത്തെ ക്രിക്കറ്റിങ് സിസ്റ്റത്തിന് കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകും വിധം നിലവാരമുണ്ടായിരുന്ന സ്വിങ് മാന്ത്രികൻ.

വാട്ട് ഹാവ് യൂ ഡണ്‍ എന്ന ചോദ്യത്തിനു നല്‍കാന്‍ മറുപടികളില്ലാതെ ആസിഫ് ഇപ്പോഴും പാക്കിസ്ഥാനിലെ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കുന്നുണ്ട്. 6 കൊല്ലത്തെ ഇടവേളക്ക് ശേഷം 2016ൽ മുപ്പത്തിനാലാം വയസ്സിൽ പാക്കിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ആസിഫിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരിക്കൽ കൂടെ കടന്നുകയറാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തന്റെ പഴയ മാജിക് കൈമോശം വന്നുപോയിട്ടില്ലെന്നു ഓർമപ്പെടുത്തിയ സ്പെല്ലുകളും പുറകെ വന്നു. പക്ഷെ തിരിച്ചുവിളി മാത്രം വന്നില്ല. ഇന്നിപ്പോൾ ആസിഫ് തനിക്കിനിയൊരു തിരിച്ചുവരവില്ല എന്ന യാഥാർഥ്യത്തോട് താദാദ്മ്യം പ്രാപിച്ചു കഴിഞ്ഞു. ദഗാബാസ് (വഞ്ചകൻ ) എന്ന വിളിപ്പേര് അയാളെ വിടാതെ പിന്തുടരുകയാണ്. ഒരു ലൗഡ്‌ അപ്പീൽ ഉയർത്തുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ ഒരു സാധാരണ ബാറ്റ്സ്മാനിൽ നിന്ന് പോലും അയാളത് നേരിട്ടിട്ടുണ്ട്. എങ്ങനെയാണീ പാപക്കറ കഴുകിക്കളയുന്നതെന്ന ചിന്തയാണയാളെ ഇപ്പോൾ അലട്ടുന്നത്. ഇനിയെത്ര നാൾ കൂടെ താനിത് അനുഭവിക്കണമെന്ന ചോദ്യത്തിനു അവസാനം വരെയെന്ന ഉത്തരം തിരിച്ചറിയുന്നത് കൊണ്ടാകണം 36 ആം വയസ്സിൽ ആസിഫ് പരാതികളില്ലാതെ തന്റെ ബൗളിങ് മാർക്കിലേക്ക് തിരിഞ്ഞു നടക്കുന്നത്.