LiveTV

Live

Opinion

ആരാണ് പ്രമുഖൻ?

എന്റെ മനസ്സിൽ അനിൽ രാധാകൃഷ്ണനെക്കാളും ബ്രാൻഡ് വാല്യു ഉള്ള ഒരു സെലിബ്രിറ്റി എന്തായാലും ബിനീഷ് ബാസ്റ്റിനാണ്. പക്ഷെ ആ പ്രൻസിപ്പാളിനും സംഘാടകർക്കും ആ വാല്യു തോന്നിയില്ല.

ആരാണ് പ്രമുഖൻ?

അമേരിക്കയിൽ എല്ലാ വർഷവും നാട്ടിൽ നിന്ന് ഏതെങ്കിലും നടമ്മാരുടെ നേതൃത്വത്തിൽ ഒരു ട്രൂപ് വരുന്ന പതിവുണ്ട്. മിക്കവാറും തട്ടിക്കൂട്ട് ഗ്രൂപ്പായിരിക്കും. ഏതെങ്കിലും ഒരു അച്ചായന്റെ പരിചയത്തിലുള്ള നടൻ മുൻകൈ എടുത്ത് അവൈലബിളായി കുറേപ്പേരെ കൂട്ടി വരുന്ന പരിപാടിയാണ്. കാര്യമായ ഒരുക്കങ്ങളൊന്നും ഉണ്ടാകില്ല. പ്രാക്ടീസൊക്കെ അമേരിക്കയിൽ വന്നിട്ട് സ്റ്റേജിൽ കയറുന്നതിന് തൊട്ട് മുൻപൊക്കെ ആയിരിക്കും. സ്പോണ്സർ അച്ചായൻ കുറേ മലയാളി അസോസിയേഷനുകളിൽ വിളിച്ച് പരിപാടികൾ ബുക് ചെയ്യും. വരുന്ന ട്രൂപ്പ് ഈ അച്ചായൻ പറയുന്ന സിറ്റികളിലൊക്കെ ചെന്ന് വെള്ളി, ശനി ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു കൊടുക്കണം.

സാധാരണ ഇത്തരം പരിപാടികൾക്ക് വരുന്ന നടമ്മാർക്ക് സാമ്പത്തികമായി ലാഭകരമല്ല. അവർക്ക് നാട്ടിലൊരു പരിപാടിക്ക് പോകുന്നതിന്റെ പത്തിലൊന്ന് കാശു പോലും കിട്ടില്ല. അതിനാൽ തന്നെ പലരും ഈ അമേരിക്കൻ ട്രിപ് ഒരു വെക്കേഷനായി എടുക്കും. പരിപാടിയിൽ നിന്നുള്ള വരുമാനം ഏതായാലും കിട്ടില്ലാന്ന് അറിയാം. അപ്പോൾ സൌകര്യങ്ങൾക്കായിരിക്കും അവർ മുൻഗണന കൊടുക്കുക. ചിലർ ബിസ്സിനസ്സ് ക്ലാസ് ടിക്കറ്റ് വേണമെന്ന് ശാഠ്യം പിടിക്കും. അല്ലെങ്കിൽ ഭാര്യയ്ക്കും മക്കൾക്കുമുള്ള ടിക്കറ്റും സംഘാടകരിൽ നിന്ന് വാങ്ങും. ഇന്ന ഹോട്ടലുകളിൽ റൂം നൽകണം എന്നാവശ്യപ്പെടും. ഡിസ്നിയിൽ കൊണ്ട് പോകണം, നയാഗ്ര കാണിക്കണം എന്നൊക്കെ ആവശ്യപ്പെടും. നൂറു ആവശ്യങ്ങളിൽ ഒന്നു രണ്ടെണ്ണമെങ്കിലും അച്ചായമ്മാർ ചെയ്തു കൊടുക്കും. ഏതായാലും സ്പൊണ്സർ ചെയ്ത് കൊണ്ട് വരുന്ന അച്ചായന് അവസാനം കൂട്ടി കിഴിച്ചാൽ നഷ്ടം മാത്രമേ ഉള്ളു. പിന്നെ ഒരു ഗുണം, തോനെ സെൽഫികളെടുക്കാം. അതൊക്കെ ഫ്രെയിം ചെയ്ത് വീട്ടിൽ തൂക്കാം. വരുന്നവരെ ഒക്കെ കാണിച്ചു ഞെളിയാം.

സ്ഥിരമായി ഇത്തരം ട്രൂപ്പിനെ സ്പോണ്സർ ചെയ്തു കൊണ്ടു വരുന്ന ഒരാളിൽ നിന്ന് കേട്ട കഥയാണ്.ഒരു തവണ ഒരു നടൻ വിചിത്രമായൊരു ആവശ്യം ഉന്നയിച്ചു. അദ്ദേഹത്തിന് ട്രൂപ്പിനൊപ്പം സഞ്ചരിക്കാൻ പറ്റില്ല. ഒറ്റയ്ക്ക് ഒരു കാറു വേണം. തലേന്ന് ഗ്രൂപ്പിനൊപ്പം ടൂർ വാനിൽ വന്നയാളാണ്. പക്ഷെ പരിപാടി കഴിഞ്ഞ് അടുത്ത സിറ്റിയിലേയ്ക്ക് ടൂർ വാനിൽ പോകില്ല. മറ്റുള്ള ആർട്ടിസ്റ്റുകളൊക്കെ തീരെ ജൂണിയറായത് കൊണ്ടാണത്രെ പ്രശ്നം. സംഘാടകർ ശരിക്കും ആപ്പിലായി. ഇദ്ദേഹത്തിന് കാറു തയ്യാറാക്കി കൊടുക്കാനുള്ള ബുദ്ധിമുട്ടല്ല സംഘാടകരെ വെട്ടിലാക്കിയത്. ഇതെങ്ങനെ മറ്റ് ആർട്ടിസ്റ്റുകൾക്ക് മുന്നിൽ അവതരിപ്പിക്കും എന്നതാണ് അവരെ കുഴക്കിയത്. അവസാനം സംഘാടകർ പ്രമൂഖ നടനെ അടുത്ത് വിളിച്ചു കാര്യം പറഞ്ഞു. താങ്കൾക്ക് വേണേൽ ടൂർ വണ്ടിയിൽ അടുത്ത സിറ്റിയിലേയ്ക്ക് പരിപാടിക്ക് പോകാം. അല്ലെങ്കിൽ ഇന്നത്തെ ഫ്ലൈറ്റിന് നാട്ടിൽ തിരിച്ചു പോകാം. പ്രമൂഖ നടൻ ഒന്നും മിണ്ടാതെ ടൂർ വാനിൽ കയറിപ്പോയി അടുത്ത സിറ്റിയിൽ പരിപാടി അവതരിപ്പിച്ചു.

ബിനീഷ് ബാസ്റ്റിന്റെ അനുഭവം കേട്ടപ്പോൾ ഞാൻ ആലോചിച്ചത് ഈ സംഘാടകർ എങ്ങനെ ആയിരിക്കാം ഇതവിടെ ചെന്ന് അവതരിപ്പിച്ചത് എന്നാണ്. അവർക്ക് ബാസ്റ്റിനോട് വേണേൽ കള്ളം പറയാരുന്നു. അല്ലെങ്കിൽ അൽപമൊന്നു ഡയലൂട്ട് ചെയ്തെങ്കിലും അവതരിപ്പിക്കാമായിരുന്നു. ഈ ഉണ്ണാക്കമ്മാർ അനിൽ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത് വള്ളി പുള്ളി വിടാതെ ബിനീഷ് ബാസ്റ്റിനോട് ചെന്ന് അങ്ങ് പറഞ്ഞു. ആ സാറുമ്മാർ വിചാരിച്ചില്ല ബിനീഷ് ബാസ്റ്റിനും ചോരയും നീരും ആത്മാഭിമാനവുമുള്ള ഒരു മനുഷ്യൻ തന്നെയാണെന്ന്. അതിലും ഭീകരം അനിൽ രാധാകൃഷ്ണന്റെ ആവശ്യം വളരെ വാലിഡാണെന്ന് അവർക്ക് തോന്നി എന്നതാണ്. ബിനീഷ് ബാസ്റ്റിനും ആ ആവശ്യം കേൾക്കുമ്പോൾ മനസ്സിലാവും എന്നവർ ധരിച്ചു കാണും.

ഒന്ന് ആലോചിച്ചു നോക്കു. ഞാൻ അനിൽ രാധാകൃഷ്ണ മേനോൻ എന്ന് ആദ്യം കേൾക്കുകയാണ്. സിനിമയുടെ പേരൊക്കെ പറഞ്ഞപ്പൊ ആളെ മനസ്സിലായി. ഇതിന് മുൻപ് ഒരു അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. അതേ സമയം ബിനീഷ് ബാസ്റ്റിൻ എന്ന ബ്രാൻഡിനെ എനിക്ക് വളരെ പരിചിതമാണ്. യൂറ്റൂബിൽ തപ്പി അദ്ദേഹത്തിന്റെ പല ഇന്റർവ്യുകളും കണ്ടിട്ടുണ്ട്. എന്റെ മനസ്സിൽ അനിൽ രാധാകൃഷ്ണനെക്കാളും ബ്രാൻഡ് വാല്യു ഉള്ള ഒരു സെലിബ്രിറ്റി എന്തായാലും ബിനീഷ് ബാസ്റ്റിനാണ്. പക്ഷെ ആ പ്രൻസിപ്പാളിനും സംഘാടകർക്കും ആ വാല്യു തോന്നിയില്ല. അതാണ് അനിൽ രാധാകൃഷ്ണ മേനോൻ അനുഭവിക്കുന്ന പ്രിവിലേജ്. അത് ഇനി ബിനീഷ് ബാസ്റ്റിനു ദേശീയ പുരസ്കാരം കിട്ടിയാൽ പോലും ലഭിക്കില്ല.

ഈ സംഘാടകർ ഇതൊക്കെ കെട്ടടങ്ങുമ്പോൾ ഒന്ന് ഇരുന്ന് ആലോചിക്കണം. അനിൽ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചപ്പോൾ തന്നെ; എന്നാ താൻ വരണ്ട എന്നങ്ങു പറഞ്ഞിരുന്നേൽ എല്ലാം തീർന്നേനെ. ഈ പുകിലൊന്നും ഉണ്ടാകില്ലാരുന്നു. ഭാവിയിൽ എവിടെങ്കിലും വെച്ച് ഒരു ഫീൽ ഗുഡ് കഥ ആരോടെങ്കിലും പറയാനാൻ ഉണ്ടാവുകേം ചെയ്തേനെ.

ഇന്നലെ കുറേ പുതിയ കാര്യങ്ങൾ പഠിച്ചു. ചാരിറ്റി തൊഴിലായി സ്വീകരിച്ച അനേകം പേർ കേരളത്തിലുണ്ട്. അവർക്ക് അസോസിയേഷനും ഉണ്ട്....

Posted by Ranjith Antony on Friday, November 1, 2019