LiveTV

Live

Opinion

എസ്.എ.ആര്‍ ഗീലാനി; കശ്മീരിന്റെ മുദ്ര

ഗീലാനിയെ വളരെ അടുത്തു നിന്നും നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്നില്‍ അദ്ദേഹം വിചാരണക്കായി സംഗീത് നാരായണ്‍ ധിന്‍ഗ്രയുടെ കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദൃശ്യമാണ്.

എസ്.എ.ആര്‍ ഗീലാനി; കശ്മീരിന്റെ മുദ്ര

പാര്‍ലമെന്റ് ആക്രമണ കേസിലെ വിട്ടയക്കപ്പെട്ട തടവുകാരന്‍ എന്ന നിലയിലാണ് ഇന്നലെ രാത്രി ദല്‍ഹിയില്‍ അന്തരിച്ച എസ്.എ.ആര്‍ ഗിലാനിയെ ദേശീയ മാധ്യമങ്ങള്‍ ഇന്ന് പരിചയപ്പെടുത്തിയത്. ഇനിയെത്ര കാലം ജീവിച്ചിരുന്നുവെങ്കിലും മരണം കൊണ്ടുപോലും ഒഴിവാക്കാനാവാത്ത ഒരു മുദ്രയായി അത് മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് തീര്‍ത്തും വ്യത്യസ്തനായ, പണ്ഡതനും മൃദുഭാഷിയുമായ മറ്റൊരു പ്രൊഫസര്‍ ഗീലാനിയെ ആയിരുന്നു അറിയുക. സമകാലിക ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ, കുറ്റവാളി ആരെന്ന് നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷവും രാജ്യം കണ്ടെത്തിയിട്ടില്ലാത്ത, ഒരുവേള അന്വേഷിച്ചിട്ടു പോലുമില്ലാത്ത ഈ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ഈ ദല്‍ഹി പ്രൊഫസര്‍ക്കു മേല്‍ ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് 22 മാസം അദ്ദേഹം തിഹാറിലെ തടവുകാരനായി. ദേശീയ ടെലിവിഷന്‍ ചാനലുകള്‍ ഭീകരതയുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാതരം ചര്‍ച്ചകളുടെയും വാര്‍ത്തകളുടെയും പശ്ചാത്തലത്തില്‍ തൂങ്ങിക്കിടന്ന ഒരു ചിത്രമായി, ഒരു പ്രതീകമായി മാറി.

ഗീലാനിയെ വളരെ അടുത്തു നിന്നും നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്നില്‍ അദ്ദേഹം വിചാരണക്കായി സംഗീത് നാരായണ്‍ ധിന്‍ഗ്രയുടെ കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദൃശ്യമാണ്. കശ്മീരിലെ സഹോദരനുമായി ഗീലാനി നടത്തിയ തീര്‍ത്തും സ്വകാര്യമായ ഒരു സംഭാഷണത്തെ പാര്‍ലമെന്റ് ആക്രമണകേസിലേക്ക് വളച്ചൊടിച്ചും വ്യാഖ്യാനിച്ചും തെളിവുണ്ടാക്കാന്‍ പോലിസ് നടത്തിയ നീക്കത്തെ കോടതി അംഗീകരിച്ചതിനു ശേഷവും തികച്ചും ശാന്തനായാണ് അദ്ദേഹം പുറത്തേക്ക് വന്നത്. കോടതി വളപ്പിലെ ഏതാണ്ടെല്ലാ അഭിഭാഷകരും കേസുകളുടെ വിചാരണക്കായി വന്നവരുമൊക്കെ അന്ന് പകയും വെറുപ്പും നിറഞ്ഞ കണ്ണുകള്‍ കൊണ്ട് അദ്ദേഹത്തെ തുറിച്ചു നോക്കുന്നതും കേട്ടാലറക്കുന്ന അസഭ്യങ്ങള്‍ പറയുന്നതുമൊക്കെ തികഞ്ഞ ശാന്തതയോടെ നോക്കി നില്‍ക്കുന്ന ഗീലാനി. ശ്രീനഗറിലെ സഹോഹദരനും ഭാര്യയും തമ്മിലുണ്ടായ ഒരു സൗന്ദര്യ പിണക്കത്തെ കുറിച്ച് ഇരുവരും കശ്മീരി ഭാഷയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ലമെന്റ് ആക്രമിക്കാനുള്ള 'കോഡ്' സന്ദേശമായി മാറി. അപ്പോഴും ഈ സന്ദേശം എങ്ങനെ ആക്രമണകാരികളിലേക്ക് എത്തിയെന്നതിന്റെ ഒരു തെളിവും പോലിസിന്റെ കയ്യിലുണ്ടായിരുന്നില്ല. ധിന്‍ഗ്രയുടെ കോടതിയില്‍ അന്ന് പോലിസ് പറയുന്നതായിരുന്നു തെളിവ്. എന്നല്ല ഭീകരവാദ കേസുകളില്‍ വധശിക്ഷയില്‍ കുറഞ്ഞ വിധിപ്രസ്താവങ്ങള്‍ വളരെ അപൂര്‍വ്വമായാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതും. ഗീലാനിയെ ഒടുവില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചപ്പോള്‍ പോലും അക്ഷോഭ്യനായി അദ്ദേഹം ജഡ്ജിയോടു പറഞ്ഞത് ഒരാളുടെ മരണം താങ്കളല്ല തീരുമാനിക്കുന്നത്, ദൈവമാണ് എന്നായിരുന്നു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റ വിമുക്തനായി വര്‍ഷങ്ങള്‍ക്കു ശേഷം ഗീലാനി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനു പുറത്തേക്ക് നടന്നുവരുന്നതാണ് ഓര്‍മ്മയില്‍ ഇന്നുമുള്ള മറ്റൊരു ദൃശ്യം. ദേശീയതയുടെ ഞരമ്പുരോഗം മൂര്‍ഛിച്ച് അദ്ദേഹത്തെ നോക്കി പല്ലിറുമ്മുന്ന ജന്‍മങ്ങള്‍ക്ക് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷവും കുറവുണ്ടായിരുന്നില്ല. മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ കാറിലിരുന്ന് ഒരു അഭിമുഖം എടുക്കുന്നതിനിടെ അതിന്റെ ഔദ്യോഗികമായ മറ്റൊരു മുഖം കൂടി അനുഭവിച്ചു. രണ്ട് പോലിസുകാരുടെ നിഴലിലായിരുന്നല്ലോ കുറെക്കാലമായി അദ്ദേഹത്തിന്റെ ജീവിതം. ദേശവിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന ഈ പ്രൊഫസറുടെ അഭിമുഖമൊക്കെ എന്തിന് മാധ്യമങ്ങള്‍ എടുക്കുന്നു എന്ന മട്ടില്‍ കാറില്‍ കയറുന്നതിനു മുമ്പെ ഈ പോലിസുകാര്‍ തമ്മില്‍ ഒരു മാതിരി അളിഞ്ഞ ഒരു ഡയലോഗ്. കാറില്‍ ഇതിലൊരു പോലിസുകാരന്റെ ഒപ്പം തിങ്ങിയിരുന്നാണ് അദ്ദേഹം അഭിമുഖം തന്നത്. കശ്മീരിനെ കുറിച്ച ഗീലാനി പറയുന്ന ഓരോ കാര്യങ്ങള്‍ക്കും വസ്തുകളുടെയും നേര്‍അനുഭവങ്ങളുടെയും പിന്‍ബലമുണ്ടായിട്ടും ചുളിയുന്ന ഒരു പോലിസ് മുഖത്തെ അവഗണിച്ചാണ് ഞാനത് എങ്ങനെയോ പൂര്‍ത്തിയാക്കിയത്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ സുപ്രീംകോടതി അഭിഭാഷകനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ രാം ജത്മലാനി ഇടപെടുകയും ഗീലാനിയുടെ വധശിക്ഷ കോടതി റദ്ദാക്കുകയും ചെയ്തു. പിന്നീടുള്ള കാലത്ത് സയ്യിദ് അബ്ദുര്‍ റഹിമാന്‍ ഗീലാനിയെ ദല്‍ഹി അറിയുന്നത് കശ്മീരിനു വേണ്ടി ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായാണ്. കൊലക്കയര്‍ വഴിമാറിപ്പോയ ആ പ്രൊഫസറുടെ ജീവിതത്തില്‍ പിന്നീടൊരിക്കലും ഭയം എന്ന വാക്കിന് അര്‍ഥമുണ്ടായിരുന്നില്ല. സ്വന്തം ജനതയുടെ ദുരിതമയമായ കശ്മീര്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ബഹുദൂരം അകന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ പദവിയുമായി ആരുമറിയാതെ ജീവിച്ച് മരിക്കുമായിരുന്ന ഈ പ്രൊഫസറെ ആ അര്‍ഥത്തില്‍ ഒരു പോരാളിയാക്കിയത് ദല്‍ഹിയിലെ ഭരണകൂടങ്ങളാണ്. മാധ്യമങ്ങളും പോലിസും കേന്ദ്രസര്‍ക്കാറും പക്ഷെ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. അവര്‍ കെട്ടിപ്പൊക്കിയ ഒരു നുണക്കഥയെ തകര്‍ത്ത ഗീലാനിയെ പില്‍ക്കാലത്ത് നിഴല്‍ പോലെ ഭരണൂടം പിന്തുടര്‍ന്നു. ഒരിക്കല്‍ അദ്ദേഹത്തിനു നേരെ ദുരൂഹമായ ഒരു വധശ്രമവും അരങ്ങേറി. തന്റെ അഭിഭാഷകയായ നന്ദിതാ ഹക്‌സറുടെ വീടിനു മുമ്പില്‍ വെച്ച് നാലു വെടിയുണ്ടകളേറ്റിട്ടും ഗീലാനി മരണത്തെ അതിജയിച്ചു. ഈ കൊലയാളി ആരെന്ന് കണ്ടെത്താനുള്ള അത്യാവശ്യമൊന്നും ദല്‍ഹിയിലെ പോലിസിന് ഉണ്ടായിരുന്നില്ല. എന്നല്ല വെടിയേറ്റ് എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന ഗീലാനിയെ കാണാനെത്തിയ കശ്മീരിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്‌സന്‍ ആണ്ടുവിനെ തട്ടിക്കൊണ്ടുപോയി കൊലാതക ശ്രമത്തിന്റെ പേരില്‍ കള്ളക്കേസെടുക്കാനുള്ള ശ്രമം പോലും ദല്‍ഹി പോലിസിന്റെ ഭാഗത്തു നിന്നുണ്ടായി. കശ്മീരികളുടെ കാര്യത്തില്‍ ദല്‍ഹിയില്‍ ആര്‍ക്കും എന്തും ആവാമായിരുന്നു.

ഏറ്റവും ഒടുവില്‍ ഗീലാനിയുടെ മൃതദേഹത്തെ പോലും ഭരണകൂടം ഭയക്കുന്ന കാലമെത്തി. ജന്‍മനാടായ കശ്മീരില്‍ അദ്ദേഹത്തിന് അന്ത്യ വിശ്രമം അനുവദിക്കാതിരിക്കാനായിരുന്നോ മൃതദേഹം വിട്ടുകൊടുക്കാതെ എയിംസിലെ മോര്‍ച്ചറിയില്‍ ഒരു രാത്രി സൂക്ഷിച്ചതെന്ന സംശയം ബലപ്പെടുകയാണ്. കുടുംബം വേണ്ടെന്ന് പറഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ഗവണ്‍മെന്റിന്റെ ദുരൂഹമായ നടപടിയായി മാറി. ഭരണകൂടത്തിന് തെറ്റുപറ്റിയ ഭീകരവാദ കേസുകളില്‍ മൃതദേഹങ്ങളെ എവിടെയെങ്കിലുമൊക്കെ ഇരുചെവിയറിയാതെ കുഴിച്ചു മൂടേണ്ടുന്ന ദുരവസ്ഥ മനസ്സിലാക്കാനാവും. മരണങ്ങള്‍ പോലും രാഷ്ട്രീയമായി ആഘോഷിക്കപ്പെടുമെന്ന് ഭയക്കുന്ന ഭീരുത്വമാണത്. ഏറെ പണിപ്പെട്ട് കെട്ടിയുണ്ടാക്കിയ 'തിന്‍മയുടെ' കോലങ്ങള്‍ക്ക് പുതിയ ചായം തേച്ച് ആരും സര്‍ക്കാറുകളുടെ ഉറക്കം കെടുത്തരുതല്ലോ. ആ അര്‍ഥത്തില്‍ ഇരയാക്കപ്പെടുകയും അപരവല്‍ക്കരിക്കുകയും ചെയ്യുന്ന കശ്മീരിയുടെ ഏറ്റവും മൂര്‍ത്തമായ മുഖങ്ങളിലൊന്നായിരുന്നു എസ്.എ.ആര്‍ ഗീലാനി. സര്‍ക്കാറുകളും മാധ്യമങ്ങളും അദ്ദേഹത്തെ ഇനിയുള്ള കാലത്തും പാര്‍ലമെന്റ് ആക്രമണ കേസിലെ കുറ്റാരോപിതന്‍ എന്നു തന്നെയേ വിശേഷിപ്പിക്കുകയുള്ളൂ. മഹാത്മാ ഗാന്ധി വധക്കേസിലെ കുറ്റാരോപിതനും തടവില്‍ കഴിഞ്ഞയാളുമെന്ന് ഈ മാധ്യമങ്ങളിലാരും സവര്‍ക്കെറെ കുറിച്ച് ഇന്ന് പറയില്ല. ഗീലാനിയെ വീരനായ പോരാളിയെന്ന് വിളിച്ചില്ലെങ്കിലും കുറ്റവാളിയെന്ന് വിളിക്കരുത്.