LiveTV

Live

Opinion

സർക്കാർ കോളജുകളും പൊതു വിദ്യാഭ്യാസ സംരക്ഷണവും

അധ്യാപക നിയമനത്തിലും അംഗീകാരത്തിലും സർക്കാർ കോളജുകളും എയ്ഡഡ് കോളജുകളും തമ്മിൽ നിലനിൽക്കുന്ന അന്തരത്തെക്കുറിച്ച് ചില വസ്തുതകൾ

സർക്കാർ കോളജുകളും പൊതു വിദ്യാഭ്യാസ സംരക്ഷണവും

കുറച്ച് മുമ്പ് തിരുവനന്തപുരത്തുവെച്ച്, കോളജുകൾക്കുള്ള 'റൂസ'ഫണ്ട്‌ വിതരണോദ്ഘാടന വേദിയിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ.കെ.ടി.ജലീലും നടത്തിയ പ്രഖ്യാപനങ്ങളിലെ വൈരുധ്യങ്ങൾ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തെ പ്രതീക്ഷാപൂർവ്വം നോക്കിക്കാണുന്നവരിൽ നിരാശ സൃഷ്ടിക്കുന്നതാണ്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ കോളജുകളിലും 'നാക്‌'അക്രെഡിറ്റേഷൻ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അതേ വേദിയിൽ തന്നെയാണു എയ്ഡഡ്‌ കോളജുകളിൽ 1200 അധ്യാപകതസ്തികകളും, 250 അനധ്യാപക തസ്തികകളും സൃഷ്ടിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഖ്യാപിക്കുന്നത്‌. കേരളത്തിലെ ഏതാണ്ടെല്ലാ സർക്കാർ കോളജുകളിലും ഒട്ടേറെ ഒഴിവുകൾ നികത്താതെ ഗസ്റ്റ് അധ്യാപകരെവെച്ച് ഓടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഈ പ്രഖ്യാപനം. മാസങ്ങൾക്കുമുമ്പ് ഒരുത്തരവിലൂടെ കേവലം നൂറ്റിച്ചില്ലാനും തസ്തികകൾ മാത്രം സൃഷ്ടിച്ച് സർക്കാർ കോളജുകളെ പേരിന് സമാധാനപ്പെടുത്തിയാണ് എയ്ഡഡ് കോളജുകൾക്ക് ഇത്രയും അധികം അധ്യാപകരെ സമ്മാനിക്കാൻ ഗവൺമെന്റ് ഒരുമ്പെടുന്നത്. ഈ സന്ദർഭത്തിൽ ഈ രംഗത്ത് നിലനില്‍ക്കുന്ന ഭീകരമായ ചില അന്തരങ്ങളെ ഓർമിപ്പിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ റുസ ഫണ്ടിന്റെ ഭാഗമായ 10,000,00 രൂപ മാര്‍ ഇവാനിയോസ് കോളജ് പ്രിന്‍സിപ്പള്‍ കെ.എല്‍ ജോര്‍ജിന് കൈമാറുന്നു
മുഖ്യമന്ത്രി പിണറായി വിജയന്‍ റുസ ഫണ്ടിന്റെ ഭാഗമായ 10,000,00 രൂപ മാര്‍ ഇവാനിയോസ് കോളജ് പ്രിന്‍സിപ്പള്‍ കെ.എല്‍ ജോര്‍ജിന് കൈമാറുന്നു

പൊതുവിദ്യാഭ്യാസ ശാക്തീകരണം പ്രഖ്യാപിത നയമായിത്തന്നെ സ്വീകരിച്ച കേരളസർക്കാർ പ്രൈമറി-സെക്കന്ററി-ഹയർ സെക്കന്ററി തലങ്ങളിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുമായി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 'നവകേരള നിർമ്മാണം' എന്ന സർക്കാർ കാമ്പയിനിലെയും മുഖ്യ അജണ്ടകളിലൊന്ന് പൊതുവിദ്യാഭ്യാസ ശാക്തീകരണമാണു.

ഇവ്വിധം പൊതുവിദ്യാഭ്യാസ മേഖലയുടെ സർവ്വതോമുഖ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ ക്രിയാത്മകമായി സമീപിക്കുമ്പോൾ തന്നെ, വിദ്യാഭ്യാസപരമായി രാജ്യത്ത്‌ മുൻനിരയിൽ നിൽക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ സ്ഥിതിയെന്തെന്നുകൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്‌. പ്രൈമറിതൊട്ട് സർവ്വകലാശാല വരെയുള്ള തലങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ വിവക്ഷയിൽ പ്രഥമസ്ഥാനത്തു വരുന്നത്‌ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നത്‌ തർക്കരഹിതമായ വസ്തുതയാണല്ലോ. എയ്ഡഡ്‌ മാനേജ്‌മന്റ്‌ സ്ഥാപനങ്ങൾ പൊതുമേഖലയിലുൾപ്പെടുന്നെങ്കിലും സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അനുബന്ധം മാത്രമാണവ. അവയ്ക്ക് പ്രവർത്തനഫണ്ടും ശമ്പളവും നല്‍കുന്നത് പൊതുഖജനാവിൽ നിന്നാണെങ്കിലും നടത്തിപ്പിനും നിയമനത്തിനുമുള്ള അധികാരം പൂർണമായും അവയുടെ സ്വകാര്യ മാനേജ്മെന്റിനാണ്.

വിദ്യാഭ്യാസത്തിൽ രാജ്യത്തുതന്നെ മുൻ നിരയിലെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ ഒട്ടുമിക്ക സർക്കാർ കോളജുകൾക്കും ‘നാക്‌’ അക്രെഡിറ്റേഷൻ ലഭിച്ചിട്ടില്ല എന്ന വൈരുധ്യം ഒരു വസ്തുതയായി നിൽക്കുകയാണ്. അതിനുള്ള പ്രധാന കാരണം ഉപരിസൂചിത സർക്കാർ നയം തന്നെയാണ്.

അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ പ്രഥമവും പ്രധാനവുമായ പരിഗണന ലഭിക്കേണ്ടത്‌ സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തന്നെയാണ്. എന്നാൽ, പ്രൈമറി-സെക്കന്ററി മേഖലകളിൽ സർക്കാർ സ്ഥാപനങ്ങൾക്കനുകൂലമായ നയനിലപാടുകൾ പലതും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്ഥിതി ഏറെ ഭിന്നമാണ്.

പ്രത്യക്ഷത്തിൽതന്നെ സ്വകാര്യ വിദ്യാഭ്യാസക്കച്ചവടക്കാർക്കനുകൂലവും, സർക്കാർ കോളജുകളെ പിറകോട്ട് തള്ളുന്നതും, സംവരണ നിരാകരണത്തിലൂടെ സാമൂഹ്യനീതിയെകൂടി അട്ടിമറിക്കുന്നതുമാണു കാലങ്ങളായി മാറിവരുന്ന ഭരണകൂടങ്ങൾ എയ്ഡഡ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വീകരിച്ചുപോരുന്ന നയനിലപാടുകൾ.

സ്വകാര്യ മാനേജ്‌മെന്റുകൾക്കനുകൂലമായ വിധം സർക്കാർകോളജുകളോട് കാണിക്കുന്ന കടുത്ത വിവേചനമാണു അതിൽ ഏറ്റവും ഗുരുതരമായത്‌. വിദ്യാഭ്യാസത്തിൽ രാജ്യത്തുതന്നെ മുൻ നിരയിലെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ ഒട്ടുമിക്ക സർക്കാർ കോളജുകൾക്കും 'നാക്‌' അക്രെഡിറ്റേഷൻ ലഭിച്ചിട്ടില്ല എന്ന വൈരുധ്യം ഒരു വസ്തുതയായി നിൽക്കുകയാണ്. അതിനുള്ള പ്രധാന കാരണം ഉപരിസൂചിത സർക്കാർ നയം തന്നെയാണ്.

ഉദാഹരണത്തിന്, നാക്‌ അക്രെഡിറ്റേഷൻ ലഭ്യമാവാനുള്ള മുഖ്യ ഉപാധികളിലൊന്ന് സർക്കാർ കോളജുകളിലെ തൊണ്ണൂറു ശതമാനം തസ്തികകളെങ്കിലും സ്ഥിരപ്പെടുത്തിയിരിക്കണം എന്നതാണ്. എന്നാൽ, തസ്തികാ നിർണ്ണയം, അധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്തൽ, പ്രൊബേഷൻ കാലാവധി, ഗ്രെയ്ഡ്‌-പ്രമോഷൻ നൽകല്‍ തുടങ്ങിയവയിലെല്ലാം കടുത്ത വിവേചനമാണു സർക്കാർ കോളജുകളോടു കാണിക്കുന്നത്‌.

ഉദാഹരണത്തിനു, സർക്കാർ കോളജുകളിൽ പതിനാറു പിരിയഡ് ഒഴിവുണ്ടെങ്കിലേ ഒരു അധ്യാപക തസ്തിക പുതുതായി ക്രിയേറ്റ്‌ ചെയ്ത്‌ അധ്യാപകനിയമനം നടത്താനാവൂ. എന്നാൽ, എയ്ഡഡ്‌ കോളജുകളിൽ വെറും ഒൻപത്‌ പിരിയഡ് ഒഴിവുണ്ടെങ്കിൽ തന്നെ അതേ തസ്തിക പരിഗണിച്ച് ലക്ഷങ്ങൾ കോഴവാങ്ങി മാനേജ്മെന്റിന് നിയമനം നടത്താം. ഉണ്ടാകാനിടയുള്ള അധ്യാപകതസ്തികകളിലേക്കു വരെ നിയമനം നടത്തി ഉദ്യോഗാർഥികളിൽ നിന്ന് കാശ് വാങ്ങി ബാങ്കിലിട്ട് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം പോസ്റ്റിന് അനുമതിയായില്ല എന്നുപറഞ്ഞ് തിരിച്ചയക്കുന്നവരുമുണ്ട്. മാനേജ്മെന്റിനാകട്ടെ അരക്കോടി രൂപയുടെ പലിശയും രണ്ടുവർഷത്തെ സൗജന്യ സേവനവും ലാഭം. സർക്കാർ കോളേജുകളിലാകട്ടെ പോസ്റ്റ് കണക്കാക്കാൻതന്നെ പതിനാറു പിരിയഡ് ഒഴിവുണ്ടാകണം. ഉള്ള ഒഴിവുതന്നെ സമബന്ധിതമായി റിപ്പോർട്ടുചെയ്യാൻ കോളേജ് അധികാരികൾ കാണിക്കുന്ന അപലപനീയമായ അലസത വേറെ. റിപ്പോർട്ടുചെയ്ത ഒഴിവുകളിൽ പി.എസ്.സി വഴി നിയമനം നടത്താനുള്ള വർഷങ്ങളുടെ കാലതാമസം അതിലേറെ. ഒരൊഴിവുവന്നാൽ ഒരു പതിറ്റാണ്ടിലേറെ കാലം ഗസ്റ്റ് ലക്ചർമാരെ വെച്ച് വണ്ടിയോട്ടേണ്ട ഗതികേടിലാണ് ഇന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ സർക്കാർമുഖം.

സർക്കാർ കോളജുകളും പൊതു വിദ്യാഭ്യാസ സംരക്ഷണവും

അതുപോലെ, സർക്കാർ കോളജുകളിൽ പ്രൊബേഷൻ കാലാവധി രണ്ടു വർഷമാണെങ്കിൽ എയ്ഡഡ്‌ കോളജുകളിൽ അതു ഒരു വർഷം മാത്രമാണു. ഒരേ ദിവസം ജോയിൻ ചെയ്ത, പി.എസ്.സി മത്സരപ്പരീക്ഷകളിലൂടെ കയറിപ്പറ്റാൻ കഴിയാതെ ലക്ഷങ്ങൾ കോഴകൊടുത്ത് സമ്പാദിച്ച തസ്തികയിലെ ഒരു അസിസ്റ്റൻറ് പ്രൊഫസർ, നന്നായി പഠിച്ച് പി.എസ്.സി വഴി നിയമനം നേടിയ ഗവ. കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറെക്കാൾ ശമ്പളം കൈപ്പറ്റുന്ന ഏക സംസ്ഥാനം കേരളമായിരിക്കണം. യു.ജി.സി നിർദേശങ്ങളുടെയും അനുബന്ധ വ്യവഹാരങ്ങളുടെയും പേരിൽ അതുപോലും സർക്കാർ കോളേജുകളിലെ അധ്യാപകർക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. സർക്കാർ കോളജുകളിലെ പ്രെമോഷൻ കാലതാമസം പരിഹരിക്കാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗിക നിർദേശം ഇറങ്ങിയിട്ടുണ്ട്. സർക്കാർകോളജുകളിലെ അധ്യാപകസംഘടനകളുടെ ഒട്ടും ആഘാതമേൽപ്പിക്കാത്ത സമരനിർബന്ധങ്ങളുടെ ഭാഗമായിട്ടാണ് ശമ്പളവർധന നിർദേശങ്ങൾ വന്ന് പത്തുവർഷം കഴിഞ്ഞ ഈ ഉത്തരവ്. അതുപോലും നടപ്പിലാക്കാൻ അടുത്ത അധ്യയനവർഷം വരെ കാത്തിരിക്കണം എന്നാണ് സർക്കാർ പറയുന്നത്.

ചുരുക്കത്തിൽ, സ്വകാര്യ മാനേജ്‌മന്റ്‌ കോളജുകൾക്ക്‌ കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളുപയോഗിച്ച്‌ കുറഞ്ഞ കാലയളവിനകം തന്നെ അധ്യാപകനിയമനവും ഗ്രെയ്ഡ്‌ നിർണ്ണയവും, പ്രമോഷനുമെല്ലാം തരപ്പെടുത്താനും അതുവഴി കോടികളുടെ കോഴകൾ സമ്പാദിക്കാനും സർക്കാർ ചിലവിൽ സൗകര്യമൊരുക്കിക്കൊടുക്കപ്പെടുമ്പോൾ, പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറയായ സർക്കാർ കോളജുകളിൽ നിയമനത്തിനും പ്രൊബേഷനും, ഗ്രേഡ് നിർണയവും, പ്രൊമോഷനുമെല്ലാമുള്ള സാധ്യതകൾ സർക്കാർത്തന്നെ വ്യവസ്ഥാപിതമായി നിഷേധിക്കുകയാണു.

പി.എച്ച്.ഡി അടക്കമുള്ള യോഗ്യതകൾ നേടിയിട്ടും, പി.എസ്.സിയുടെ പരീക്ഷനടത്തിപ്പിലെ കെടുകാര്യസ്ഥതയും ആശയക്കുഴപ്പങ്ങളും കൊണ്ട് പലവട്ടം ഒരേ പരീക്ഷ ആവർത്തിച്ചെഴുതി കോളേജധ്യാപക റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും നിയമനം ലഭിക്കാതെ വലയുന്ന ആയിരക്കണക്കിനു ഉദ്യോഗാർഥികളെയും, അർഹതപ്പെട്ട പ്രൊമോഷൻ പോലും ലഭിക്കാതെ കുറഞ്ഞ വേതനത്തിൽതന്നെ ജോലിചെയ്ത്‌ വിരമിച്ച്‌, അർഹമായ പെൻഷൻ പോലും നിഷേധിക്കപ്പെടുന്ന അധ്യാപകരെയും സൃഷ്ടിക്കുന്ന അനീതിയാണു ഇവ്വിധം സർക്കാർ കോളജുകളിൽ സർക്കാർ നയങ്ങൾകൊണ്ടുണ്ടാവുന്നതെന്ന് സങ്കടകരമാണ്. എന്നാൽ, സമ്പത്തും സ്വാധീനവുമുണ്ടെന്നതു കൊണ്ടുമാത്രം താരതമ്യേന എളുപ്പത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി, പ്രൊബേഷനും, പ്രമോഷനുമെല്ലാം താമസംവിനാ സമ്പാദിച്ച്‌ ഉയർന്ന വേതനവും കൈപ്പറ്റി വിരമിക്കാനുള്ള അവസരമാണ് എയ്ഡഡ് മുതലാളി കോളജുകൾക്ക് സർക്കാർ വെച്ചുനീട്ടുന്നത്.

സർക്കാർ കോളജുകളും പൊതു വിദ്യാഭ്യാസ സംരക്ഷണവും

ഇത്തരം വിവേചനപരമായ സർക്കാർ നയങ്ങൾകൊണ്ടു പൊതുവിദ്യാഭ്യാസ മേഖലക്കും അതുവഴി സമൂഹത്തിനുമുണ്ടാവുന്ന കനത്ത നഷ്ടങ്ങൾ വേറെതന്നെയുണ്ട്‌. മേൽപറഞ്ഞവിധം വിവേചനപരമായ സർക്കാർ നയസമീപനം കാരണം ആയിരക്കണക്കിനു അധ്യാപക തസ്തികകൾ സർക്കാർ കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്നതിനാൽ, അഥവാ, പ്രസ്തുത തസ്തികകളിലൊന്നുംതന്നെ സ്ഥിരനിയമനം നടത്താത്തതിനാൽ വലിയൊരു ശതമാനം കോളജുകൾക്കും 'നാക്‌' അക്രെഡിറ്റേഷനോ അതുവഴിയുണ്ടാകുന്ന നേട്ടങ്ങളോ ലഭ്യമാവുന്നില്ല. തന്നെയുമല്ല, അധസ്ഥിത സമുദായങ്ങൾക്ക്‌ ഏറ്റവും പ്രധാനപ്പെട്ടൊരു മേഖലയിൽ അർഹമായ സംവരണാനുകൂല്യം നിഷേധിക്കപ്പെടുന്ന കടുത്ത സാമൂഹ്യ അനീതി നടമാടുകയും ചെയ്യുന്നു. അർഹരായ ഉദ്യോഗസ്ഥരെ മാത്രം കൈക്കൂലിവാങ്ങാതെ നിയമിക്കുന്ന മാനേജ്മെന്റുകളും കേരളത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അതോടൊപ്പം ചില സമുദായ കോളജുകളിൽ സംവരണസമുദായങ്ങളിലെ അധ്യാപകരെ പേരിനുപോലും നിയമിക്കുന്നില്ല എന്ന ഭീകരമായ വസ്തുത നവോത്ഥാന കേരളത്തിന് അപമാനകരമാണ്.

വസ്തുത ഇതെല്ലാമായിരുന്നിട്ടും, പൊതുവിദ്യാഭ്യാസ ശാക്തീകരണം പ്രഖ്യാപിത ലക്ഷ്യമായി ഏറ്റെടുത്തൊരു സർക്കാരിൽനിന്നു മൗലികമായ പ്രശ്നപരിഹാരത്തിനു ശ്രമങ്ങളുണ്ടാവുന്നില്ലെന്നു മാത്രമല്ല, ഇക്കാലമത്രയും ഇടതു വലത് സർക്കാറുകൾ തുടർന്നുപോന്ന വഴിയിലൂടെത്തന്നെ ഈ സർക്കാരും യാത്രതുടരുന്ന നിരാശാജനകമായ ദൃശ്യമാണു കാണുന്നതെന്നു പറയാതെ വയ്യ. ഉന്നത വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്യാനായി പ്രത്യേക മന്ത്രിയെ തന്നെ നിയോഗിച്ചത്‌ തീർച്ചയായും നിലവിലെ ഭരണകൂടത്തിൽനിന്നുണ്ടായ ക്രിയാത്മകമായൊരു ചുവടുവെപ്പു തന്നെയാണു.

'നാക്‌'അക്രെഡിറ്റേഷൻ ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം അർത്ഥവത്താവണമെങ്കിൽ, എയ്ഡഡ്‌ കോളജുകൾക്കു പകരം സർക്കാർ കോളജുകളിൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന തസ്തികകളിലേക്കു സ്ഥിരനിയമനം നടത്തുമെന്ന പ്രഖ്യാപനമായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രിയിൽനിന്ന് ഉണ്ടാവേണ്ടിയിരുന്നത്‌. നാക്‌ അക്രെഡിറ്റേഷനുള്ള ഏറ്റവും പ്രധാന തടസ്സങ്ങളിലൊന്ന് തസ്തികകൾ സ്ഥിരപ്പെടുത്താത്തതാണെന്നു തീർച്ചയാണല്ലൊ. സർക്കാർ കോളജ്‌ അധ്യാപകരെ നിയമിക്കുമ്പോളും അവർക്ക് പ്രമോഷൻ നല്‍കുമ്പോഴും വരുന്ന അധികസാമ്പത്തിക ബാധ്യത വഹിക്കാൻ ഫണ്ടില്ല എന്നു പറഞ്ഞൊഴിയാനും സർക്കാരിനാവില്ല. കാരണം, ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച വിധം എയ്ഡഡ്‌ കോളജുകളിൽ 1200ഉം 250ഉം അധ്യാപക-അനധ്യാപക തസ്തികകൾ സൃഷ്ടിക്കുമ്പോൾ വരുന്ന അധികസാമ്പത്തിക ബാധ്യത വഹിക്കേണ്ടതും ഇതേ സർക്കാർ തന്നെയാണല്ലോ. യഥാർഥത്തിൽ ഗവ. കോളജുകളുടെ മാനേജർ സർക്കാറാണ്. സ്വന്തം കോളജുകളെ അസന്നിഗ്ധമായ അവസ്ഥകളിൽ ഉപേക്ഷിച്ച് മാനേജ്മെന്റ് കോളേജുകളെ പരിപോഷിപ്പിക്കുന്ന ഇരട്ട നയം ജനം തിരിച്ചറിയുകതന്നെ ചെയ്യട്ടെ.