LiveTV

Live

Opinion

സാറ കോഹന് മരണമില്ല; താഹ ഇബ്രാഹിമിന്റെ സ്‌നേഹവാത്സല്യത്തിനും 

കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ ‘ജൂതമുത്തശ്ശി’ സാറ കോഹനെ, അവരുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ‘സാറാ താഹാ തൗഫീഖ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ശരത് കൊട്ടിക്കൽ ഓർക്കുന്നു.   

സാറ കോഹന് മരണമില്ല; താഹ ഇബ്രാഹിമിന്റെ സ്‌നേഹവാത്സല്യത്തിനും 

'നീ എന്തിനാണ് എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത് താഹാ...' എന്ന് നിറകണ്ണുകളോടെ സാറാന്റി താഹ ഇബ്രാഹിമിനോട് ചോദിക്കുന്നതിനു ഞാൻ സാക്ഷിയാണ്. ന്യൂയോർക്കിലേക് ഒപ്പം കൂട്ടാൻ ക്ഷണിച്ച ഒരു പെൺകുട്ടിയോട് 'ഇതെന്റെ വീടാണ്, ഇവനാണ് എന്നെ നോക്കുന്നത്' എന്ന് താഹയെ ചൂണ്ടി് സാറാന്റി പറഞ്ഞതും ഞാൻ കണ്ടിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലെ പ്രിയപ്പെട്ട സാറാന്റി യാത്രയായി.

ഇനി ഒരിക്കലും ഒരു സാറാന്റിയും അവരെ അമ്മയെപ്പോലെ സ്‌നേഹിച്ച താഹക്കയും ഉണ്ടാവില്ല. ഐതിഹാസികമാണ് അവരുടെ കഥ. വായിച്ചതിലും കേട്ടതിലും എത്രയോ അപ്പുറമാണ് അവർ തമ്മിലുള്ള ബന്ധം. മതങ്ങൾക്കിടയിലുള്ള വേലിക്കെട്ടുകൾ വലുതാകുന്ന ഇക്കാലത്ത് ജൂതസ്ത്രീയായ സാറ കോഹനും മുസ്ലിമായ താഹയും തമ്മിലുള്ള ആത്മബന്ധം പലർക്കും മനസ്സിലാവുക കൂടിയില്ല.

2010-ൽ ഡിഗ്രി പ്രൊജക്ടുമായി ബന്ധപ്പെട്ടു പോയതാണ് മട്ടാഞ്ചേരിയിൽ. അന്ന് ചെയ്ത ഒരു കൊച്ചു ഡോക്യൂമെന്ററിയിൽ നിന്ന് തുടങ്ങിയതാണ് സാറാന്റിയുമായുള്ള പരിചയം. പിന്നീടെത്രയോ തവണ മട്ടാഞ്ചേരിയിൽ പോയി. സാറാന്റിയുടെ ശാലോം എന്ന വീട്ടിൽ എത്രയോ സമയം ചെലവഴിച്ചു. പഴയ ഓർമകളെപ്പറ്റി സംസാരിച്ചു. പിന്നെ പതുക്കെ പതുക്കെ ഓർമ്മകൾ സാറാന്റിയിൽ നിന്നും പിൻവാങ്ങി. എന്നെയും മറക്കാൻ തുടങ്ങി. പക്ഷെ, താഹയെ ഒരിക്കൽ പോലും സാറാന്റി മറന്നിരുന്നില്ല. മത-രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് മനസിലാവാത്ത ആ വലിയ ബന്ധം കാലത്തെ അതിജീവിക്കും എന്ന് തീർച്ച.

ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയിൽ താഹക്ക അന്നേ ദിവസം ലുലു മാൾ കാണിക്കാൻ സാറാന്റിയെ കൊണ്ട് പോയ കാര്യം പറഞ്ഞു. തെല്ലൊന്നമ്പരന്ന ഞാൻ അതേപ്പറ്റി തിരിച്ചുചോദിച്ചു. 'കൊച്ചിയിൽ എന്തോ വലിയ സംഭവം വന്നിട്ടുണ്ടല്ലോ താഹാ...' എന്ന് സാറാന്റി ചോദിച്ചപ്പോ ആന്റിക്കത് കാണണോ എന്ന് താഹ തിരിച്ചു ചോദിച്ചത്രേ... ഈ പ്രായത്തിൽ ഇനി എങ്ങനാടോ എന്നതായിരുന്നു സാറാന്റിയുടെ സംശയം. താഹക്കു പക്ഷേ സന്ദേഹങ്ങളൊന്നുമുണ്ടായിരുന്നില്ല. മട്ടാഞ്ചേരിയിൽ നിന്ന് കാർ പിടിച്ചു ലുലു മാൾ വരെ സാറാന്റിയും താഹയുടെ കുടുംബവും സെലിൻ ചേച്ചിയും പോയി. പച്ചക്കറി വാങ്ങാനും കുട്ടികളുടെ പ്ലെയിങ് ഏരിയയിലും പിന്നെ മാൾ മുഴുവനും അവർ ഒരു ദിവസം ചിലവഴിച്ചു. തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും എത്ര പേർ ഒരു സിനിമക്ക് പോലും കൊണ്ടുപോവും എന്ന് ആത്മപരിശോധന നടത്തിയാൽ നമുക്ക് തിരിച്ചറിയാൻ കഴിയും ഈ പ്രവൃത്തിയുടെ ബലവും മഹത്വവും.

ആദ്യ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് ശേഷം, കൂടുതൽ മെച്ചപ്പെട്ട ഒരു സംഘവും സംവിധാനങ്ങളുമായി ആറു വർഷം കൊണ്ടാണ് ഞങ്ങൾ 'സാറാ താഹാ തൗഫീഖ്' ചിത്രീകരിച്ചത്. അതിന്റെ വർക്കുകൾ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ ആദ്യ പ്രദർശനത്തിന് സാറാന്റി ഉണ്ടാവില്ല എന്ന സത്യത്തോട് ഞാനും പൊരുത്തപ്പെട്ടിരിക്കുന്നു.

'ഡാ ശരത്തെ, നമ്മുടെ സാറാന്റി മരിച്ചുപോയി...' എന്ന് താഹ അയച്ച വോയ്‌സ് ക്ലിപ്പ് ഒറ്റതവണയെ ഞാൻ കേട്ടുള്ളൂ. മരവിപ്പ് മാറിയിട്ടില്ല. മാറുമായിരിക്കും. പക്ഷെ ഒരു ദശാബ്ദകാലത്തെ ഓർമ്മകൾ നിധി തുല്യമാണ്. അവ മായില്ല.