LiveTV

Live

Opinion

വൈവിധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ക്യാമ്പസ് രാഷ്ട്രീയ സഖ്യങ്ങൾ

ഇടതു-വലതു ബൈനറികൾക്കപ്പുറത്തു കീഴാള സമുദായങ്ങളുടെ രാഷ്ട്രീയ കർത്തൃത്വവും ദൃശ്യതയും കൂടുതൽ പ്രകടമാവുന്നു എന്നതാണ് ഇക്കുറിയിലെ ജെ.എൻ.യു വിദ്യാർത്ഥി തെരെഞ്ഞെടുപ്പ് നൽകുന്ന ശുഭ സൂചന

വൈവിധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ക്യാമ്പസ് രാഷ്ട്രീയ സഖ്യങ്ങൾ

ഒന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ ക്യാംപസുകളിൽ ഏറെ പ്രക്ഷോഭങ്ങൾക്ക് കാരണമായ രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകവും നജീബ് അഹമ്മദിന്റെ നിർബന്ധിത തിരോധാനവും ഉയർത്തി വിട്ട രാഷ്ട്രീയ ചോദ്യങ്ങൾ ഇന്ത്യൻ ക്യാംപസുകളുടെ രാഷ്ട്രീയത്തിൽ പല വിധ സ്വാധീനങ്ങൾ ഉയർത്തി വിട്ട സന്ദർഭത്തിലാണ് രാജ്യത്തെ ഉന്നത സർവകലാശാലകളിൽ ഒന്നായ ജെ.എൻ.യുവിൽ മറ്റൊരു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുന്നത്

വൈവിധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ക്യാമ്പസ് രാഷ്ട്രീയ സഖ്യങ്ങൾ

രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകം ഉയര്‍ത്തിയ അതിവിശാലമായ ദലിത്-ബഹുജൻ -മുസ്‍ലിം രാഷ്ട്രീയത്തിന്‍റെ അലയൊലികൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേന്ദ്ര സർവകലാശാലകളിലെ രാഷ്ട്രീയ ബലതന്ത്രങ്ങളിലും ഇടതു-വലതു ഭേദമന്യേ പാർട്ടികളുടെ മുദ്രാവാക്യങ്ങളിലും പോസ്റ്റർ വിന്യാസ രീതികളിലും സ്ഥാനാർഥി നിർണയങ്ങളിലും മുന്നണി സഖ്യ ചർച്ചകളിലും വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ കാരണമായിട്ടുണ്ട്. ഹൈദരാബാദ് സർവകലാശാലയിലും പോണ്ടിച്ചേരി സർവകലാശാലയിലും അംബേദ്കറൈറ്റ് വിദ്യാർത്ഥി പ്രസ്ഥാനമായ എ.എസ്.എ നേതൃത്വം കൊടുക്കുന്ന മുന്നണിയും ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള മുന്നണിയും എൻ.എസ്.യു.ഐയും മുസ്‍ലിം വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എം.എസ്.എഫ്, എസ്.ഐ.ഓ തുടങ്ങിയവരെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കുന്ന സാഹചര്യം വരെയുണ്ടായി.

വൈവിധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ക്യാമ്പസ് രാഷ്ട്രീയ സഖ്യങ്ങൾ

കഴിഞ്ഞ എത്രയോ കാലങ്ങളായി ഹൈദരാബാദ് സര്‍വകലാശാലയിൽ അംബേദ്കറൈറ്റ് സംഘടനയായ എ.എസ്.എയോടൊപ്പം മുസ്‍ലിം വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എം.എസ്.എഫും എസ്.ഐ.ഓയുമൊക്കെ സഖ്യ കക്ഷികളായി നിലവിലുണ്ട്. പലപ്പോഴും മുസ്‍ലിം വിദ്യാർത്ഥികൾ എ.എസ്.എയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ദക്ഷിണേന്ത്യയിലെയും തമിഴ്‌നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയത്തിലെയും ദലിത്-മുസ്‍ലിം സമുദായങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ ചരിത്രവും, മുസ്‍ലിം സമുദായം രാഷ്ട്രീയമായി ശക്തമായതുൾപ്പെടെയുള്ള ചരിത്രപരവും രാഷ്ട്രീയപരവുമായ പശ്ചാത്തലം കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു വിലയിരുത്താം. ഉത്തരേന്ത്യയിൽ ഇലക്ഷൻ എൻജിനീയറിങ്ങിൽ ഭാഗമായി ദലിത്- മുസ്‍ലിം സമുദായങ്ങളെ ഒരുമിച്ചു നിർത്താൻ പലപ്പോഴും ബഹുജൻ മുഖ്യധാരാ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കൊല്ലം ജെ.എന്‍.യു വിദ്യാര്‍ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപം കൊണ്ടിരിക്കുന്ന ദലിത് വിദ്യാർത്ഥികൾ ഭൂരിപക്ഷമുള്ള ബിർസ അംബേദ്ക്കർ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷനും (ബാപ്‌സ) മുസ്‍ലിം സാമുദായിക പരിസരത്തു നിന്ന് ഉയർന്നു വന്നിട്ടുള്ള അംബേദ്കറൈറ്റ് വീക്ഷണമുള്ള ഫ്രറ്റേർണിറ്റി മൂവ്മെന്റ്റും ചേർന്ന് അടിച്ചമർത്തപ്പെട്ടവരുടെ സഖ്യം സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യമുള്ള ഒന്നാണ്.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി നാലു ഇടതുപക്ഷ സംഘടനകൾ ഒരുമിച്ചു ചേർന്നു ‘ലെഫ്റ്റ് യൂണിറ്റി’ എന്ന പേരിലാണ് ഇക്കുറിയും മത്സരിക്കാനിറങ്ങുന്നത്. പരമ്പരാഗത സവർണ ഇടതു അധികാര മേഖലകളിൽ സൃഷ്ടിച്ച അങ്കലാപ്പാണ് ഇടതു പാർട്ടികൾ ഇക്കുറിയും തുടരുന്ന സഖ്യ നീക്കത്തിനു പുറകിലെന്നതാണ് വസ്തുത

ദലിത് സമുദായത്തിൽ നിന്നും മുസ്‍ലിം സമുദായത്തിൽ നിന്നും സ്വയം കര്‍തൃത്വമുള്ള രണ്ടു സംഘടനകൾ ഒരുമിക്കുന്നു എന്നത് ദലിത്-മുസ്‍ലിം സഖ്യത്തിന്റെ മൂർത്തമായ മാതൃകകൾ ഒന്നും കാണിക്കാനില്ലാത്ത ഉത്തരേന്ത്യൻ സമകാലീന രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ സംഭവമായിട്ടാണ് കാണേണ്ടത്. അതേസമയം, ബീഹാറിലെ യാദവ് ഓ.ബി.സി. സമുദായത്തിന്റെ നേതാക്കളിലൊരാളായ ലാലു പ്രസാദ് യാദവിന്റെ പാർട്ടി രാഷ്ട്രീയ ജനതാദളിന്റെ വിദ്യാർഥി വിഭാഗമായ സി.ആർ.ജെ.ഡി രണ്ടാം തവണയും മത്സരത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജയന്ത് ജിഗ്യാസു വലിയതോതിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്രാവശ്യം അവർ പ്രസിഡണ്ട്, വൈസ് പ്രസിഡന്റ്, ഒരു കൗൺസിലർ എന്നീ പോസ്റ്റുകളിൽ മത്സരിക്കുന്നുണ്ട്. മറ്റൊരു പ്രധാന സഖ്യം രൂപീകരിച്ചിരിക്കുന്നത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനാ എൻ.എസ്.യു.ഐയും മുസ്‍ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗം എം.എസ്.എഫും ആണ്. കേരളത്തിൽ കെ.എസ്.യുവും എം.എസ്.എഫും തുടർന്നുപോരുന്ന സംഘടനാ സഖ്യങ്ങളുടെ ഒരു വികാസമായാണ് ഈ സഖ്യത്തെ കാണേണ്ടത്. ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയ-പ്രാധിനിധ്യത്തിനു കൂടുതൽ സ്വാധീനം ലഭിക്കുവാൻ യുവജന-വിദ്യാർത്ഥി സഖ്യങ്ങൾ വഴികാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.

വൈവിധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ക്യാമ്പസ് രാഷ്ട്രീയ സഖ്യങ്ങൾ

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പൊതുവായും ജെ.എൻ.യുവിൽ വിശേഷിച്ചും സംഘപരിവാര്‍ രാഷ്ട്രീയം ശക്തമായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിന് തടയിടാൻ ഇടതു വിദ്യാർത്ഥി സംഘടനകൾ തങ്ങൾക്കിടയിലുള്ള മൂപ്പിളമ തർക്കങ്ങളും വരണ്ട പ്രത്യയശാസ്ത്ര ചർച്ചകളും ഒഴിവാക്കി ഇടതു സഖ്യമായിട്ടാണ് കഴിഞ്ഞ മൂന്നു വർഷത്തോളമായി മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി നാലു ഇടതുപക്ഷ സംഘടനകൾ ഒരുമിച്ചു ചേർന്നു ‘ലെഫ്റ്റ് യൂണിറ്റി’ എന്ന പേരിലാണ് ഇക്കുറിയും മത്സരിക്കാനിറങ്ങുന്നത്. 2017ൽ മൂന്നു ഇടതു സംഘടനകൾ സഖ്യത്തിലുണ്ടായിരുന്നു. അതിനു മുൻപ് ഐസ-എസ്.എഫ്.ഐ സഖ്യവും അതിനു മുന്‍പ് ഐസ ഒറ്റക്കുമായിരുന്നു മത്സരിച്ചത്. എ.ബി.വി.പിയുടെ ഹിന്ദുത്വ സംഘ്പരിവാർ ഭീഷണികൾ തന്നെയാണ് ഈ നാലു സംഘടനകളെയും യോജിപ്പിക്കുന്ന പ്രധാന ഘടകമെന്നു അവർ വാദിക്കുന്നു. എന്നാൽ 2013 മുതൽ നിലവിലുള്ള ബാപ്സ എന്ന ദലിത് ബഹുജൻ വിദ്യാർത്ഥി സംഘടന 2015 മുതൽ ജെ.എൻ.യു വിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേരിട്ടിറങ്ങി. കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഭൂമികയിൽ ബാപ്സയുടെ കടന്നു വരവ് അന്നേ വരെ ഇടതു വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ വോട്ട് ബാങ്കുകളാക്കി മാത്രം കണ്ടിരുന്ന സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ രാഷ്ട്രീയമായ സംഘാടനത്തിനു കാരണമായി. ബാപ്‌സ വിദ്യാർത്ഥി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയ മുതൽക്കേ മുസ്‍ലിം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ വൈ.എഫ്.ഡി.എ, ജാർഖണ്ഡ് ട്രൈബൽ സ്റ്റുഡന്റ്സ് അസോസിയേഷൻ, ട്രാൻസ്‌ജെൻഡർ സംഘടനകൾ, നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾ തുടങ്ങി ഇന്ത്യൻ ദേശ രാഷ്ട്രത്തിനകത്തു തന്നെ അരികുവൽക്കരിപ്പെട്ട സമുദായങ്ങളിലെ വിദ്യാർത്ഥികൾ ബാപ്സക്ക് പുറമെ നിന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ പരമ്പരാഗത സവർണ ഇടതു അധികാര മേഖലകളിൽ സൃഷ്ടിച്ച അങ്കലാപ്പാണ് ഇടതു പാർട്ടികൾ ഇക്കുറിയും തുടരുന്ന സഖ്യ നീക്കത്തിനു പുറകിലെന്നതാണ് വസ്തുത. കഴിഞ്ഞ വർഷങ്ങളിൽ ഇടതു സഖ്യം വിജയം ആഘോഷിക്കുമ്പോഴും അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ ബാപ്സ മുന്നോട്ടു വെച്ച രാഷ്ട്രീയം ഉയർത്തിയ ചലനങ്ങളുടെ മൂർത്തമായ മറ്റൊരു രൂപമാണ് മുസ്‍ലിം സാമുദായിക പരിസരത്തു നിന്ന് ഉയർന്നു വന്ന അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ഫ്രട്ടേണിറ്റിയുമായി ബാപ്സ തീർത്ത സഖ്യം.

പ്രശസ്ത ബഹുജൻ ചിന്തകനായ വി.ടി രാജശേഖർ മുസ്‍ലിം സമുദായത്തിൽ നിന്ന് അംബേദ്കറൈറ്റ് വീക്ഷണത്തെ കൃത്യമായി ഉൾകൊള്ളുന്ന സംഘടനകൾ ഉയർന്ന് വരുന്നില്ലയെന്നു വിമര്‍ശനമുന്നയിച്ച ആളാണ്. മുസ്‍ലിം നേതൃത്വം അംബേദ്കറൈറ്റ് വീക്ഷണത്തെ കൃത്യമായി പഠിക്കാനോ ഉൾക്കൊള്ളാനോ സന്നദ്ധമായിട്ടില്ലെന്നു തന്റെ എല്ലാ എഴുത്തുകളിലും അദ്ദേഹം പത്രാധിപരായിരുന്ന ദലിത് വോയിസിലൂടെയും നിരന്തരം ഉന്നയിച്ചയാളാണ് അദ്ദേഹം. അദ്ദേഹം ആമുഖമെഴുതി മറ്റൊരു ദലിത് ബഹുജൻ ചിന്തകനായ എസ്.കെ ബിശ്വാസ് എഴുതിയ ഒരു പുസ്തകത്തിന്റെ പേരാണ് Dalits and Muslims are Blood Brothers. പ്രസ്തുത പുസ്തകത്തിന്റെ ശീര്‍ഷകത്തെ അന്വര്‍ഥമാകും വിധം രണ്ടു സമുദായങ്ങളിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള അംബേദ്ക്കറൈറ്റ് വീക്ഷണമുള്ള സംഘടനകളുടെയും അതിലൂടെ രണ്ടു സമുദായങ്ങളുടെയും സാഹോദര്യം കൂടിയാണ് ഈ സഖ്യത്തിലൂടെ സാധ്യമാവുന്നത്.

വൈവിധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ക്യാമ്പസ് രാഷ്ട്രീയ സഖ്യങ്ങൾ

ബാപ്‌സയുടെ സ്ഥാനാർത്ഥിയായി പ്രസിഡന്റ് പോസ്റ്റിലേക്ക് ഒറീസയിൽ നിന്നുള്ള ജിതേന്ദ്ര സുനയും, ഫ്രറ്റേർണിറ്റിയുടെ സ്ഥാനാർത്ഥിയായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കോഴിക്കോട്ടുക്കാരനായ വസീം ആർ.എസ് എന്നിവരാണ് സഖ്യത്തിന്റെ പൊതു സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികൾ. പ്ലസ് ടു പഠന ശേഷം ഒറീസയിലെ പിന്നോക്ക ജില്ലകളിൽ ഒന്നായ കലഹണ്ടിയിലെ പോർകേല ഗ്രാമത്തിൽ നിന്നും ഡൽഹിയിലേക്ക് ജോലിക്കായി വണ്ടി കയറി ഡൽഹിയിലെ ഇന്ധന വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിൽ ഗ്യാസ് സപ്ലയറായി ജോലി ചെയ്യവേ ജെ.എൻ.യുവിൽ അഡ്മിഷൻ നേടിയ ആളാണ് ജിതേന്ദ്ര സുന. ബാപ്‌സയുടെ സ്ഥാപക മെമ്പറും കഴിഞ്ഞ വര്‍ഷം ജെ.എൻ.യു ഘടകം പ്രസിഡന്റുമായിരുന്നു ജിതേന്ദർ. രോഹിത് വെമുലക്ക് നീതി തേടിയുള്ള പ്രക്ഷോഭങ്ങളിലും നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ദേശീയ തലസ്ഥാന നഗരിയിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച വസീം ഫ്രറ്റേർണിറ്റിയുടെ ദേശീയ കമ്മിറ്റി അംഗം കൂടിയാണ്.

ഫ്രറ്റേർണിറ്റിയും ബാപ്സയും ഉണ്ടാക്കിയ സഖ്യം കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുൻനിർത്തി മാത്രം രൂപം കൊണ്ട ഒന്നല്ല. മറിച്ചു ഇക്കുറി ജെ.എൻ.യു-എസ്.എസ്.എസ് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാപ്സയിൽ നിന്നുള്ള സൊനാലി കാലേ ചൂണ്ടി കാണിച്ച പോലെ ‘ഇത് പുതിയ ഒരു സംഭവമല്ല, ചരിത്രത്തിൽ സാവിത്രിമായും ഫാതിമാ ഷെയ്ക്കും നടത്തിയ സൗഹാർദ്ദത്തിലധിഷ്ഠിതമായ ഇടപെടലുകളുടെ തുടർച്ചയാണ് ബാപ്സയും ഫ്രറ്റെണിറ്റിയും ചേര്‍ന്ന കീഴാള രാഷ്ട്രീയ സഖ്യം.’ ഇടതു-വലതു ബൈനറികൾക്കപ്പുറത്തു കീഴാള സമുദായങ്ങളുടെ രാഷ്ട്രീയ കർത്തൃത്വവും ദൃശ്യതയും കൂടുതൽ പ്രകടമാവുന്നു എന്നതാണ് ഇക്കുറിയിലെ ജെ.എൻ.യു വിദ്യാർത്ഥി തെരെഞ്ഞെടുപ്പ് നൽകുന്ന ശുഭ സൂചന. സാമൂഹിക നീതിക്ക് വേണ്ടി അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയം ഉയർത്തുന്ന ഈ സഖ്യം കീഴാള സമുദായങ്ങൾ വെള്ളം കടക്കാത്ത വാട്ടർ ടൈറ്റ് കമ്പാർട്മെന്റുകളിലായി പോകുന്നതിനു തടയിടുകയും കലർപ്പുകളിലൂടെ വൈവിധ്യങ്ങളുടെ സഹവർത്തിത്വമെന്ന അംബേദ്കറിയൻ രാഷ്ട്രീയ വീക്ഷണത്തെ സാധ്യമാക്കുന്നതിനു ആക്കം നൽകുകയും ചെയ്തിരിക്കുന്നു.