LiveTV

Live

Opinion

‘ഇന്ത്യക്കാരായിരിക്കുന്നതിന് ഞങ്ങൾ കശ്മീരികള്‍ കൊടുക്കേണ്ടി വരുന്ന വില...’: അഭിമുഖം

തടവില്‍ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് ഇഷ്ഫാഖ് ജബാറിന്റെ ഭാര്യ നുസ്ഹത്ത് അഷ്ഫാഖുമായി സ്ക്രോൾ.ഇൻ നടത്തിയ അഭിമുഖം

‘ഇന്ത്യക്കാരായിരിക്കുന്നതിന് ഞങ്ങൾ കശ്മീരികള്‍ കൊടുക്കേണ്ടി വരുന്ന വില...’: അഭിമുഖം

ഈ മാസം 5നാണ് കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്ത് മാറ്റി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയത്. അന്ന് മുതൽ നിലവിൽ വന്ന താഴ്‍വരയിലെ സവിശേഷ സാഹചര്യത്തിൽ, മുൻ മുഖ്യമന്ത്രിമാർ ഉൾപ്പടെ പല പ്രമുഖ നേതാക്കളും വീട്ടുതടങ്കലിലാണ്.

‘കുടുംബത്തിൽ ഇപ്പോൾ പുരുഷൻമാർ ആരുമില്ല. ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഞാനാണ് ഇപ്പോൾ കാര്യങ്ങളെല്ലാം നോക്കുന്നത്’

ബി.ജെ.പിയുടേത് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികളും, നേതാക്കളും ഇതിൽ പെടും. പൊലീസ് വൃത്തങ്ങളുടെ തന്നെ റിപ്പോർട്ട് പ്രകാരം ഇരുന്നൂറിലധികം മുഖ്യധാര രാഷ്ട്രീയ നേതാക്കൾ തടവിലാണ്. ദാൽ നദീ തീരത്തുള്ള ‘സെന്റോ ഹോട്ടൽ’ ഇന്ന് ഒരു തടവറയായി തീർന്നിരിക്കുകയാണ്. അൻപതോളം നേതാക്കളെയാണ് ഇവിടെ മാത്രമായി തടവിൽ പാർപ്പിച്ചിരിക്കുന്നത്.

‘ഇന്ത്യക്കാരായിരിക്കുന്നതിന് ഞങ്ങൾ കശ്മീരികള്‍ കൊടുക്കേണ്ടി വരുന്ന വില...’: അഭിമുഖം

കശ്മീരില്‍ തടവില്‍ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് ഇഷ്ഫാഖ് ജബാറിന്റെ ഭാര്യ നുസ്ഹത്ത് അഷ്ഫാഖുമായി സ്ക്രോൾ.ഇൻ റിപ്പോർട്ടർ സഫ്‍വത്ത് സർക്കാർ നടത്തിയ അഭിമുഖമാണ് ഇത്. പൊലീസുകാരനായിരുന്ന ഷെയ്ഖ് ഇഷ്ഫാഖ്, 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥിയായി
ഗന്ധെർബൽ മണ്ഡ‍ലത്തിൽ നിന്നും വിജയിച്ചിരുന്നു. അഷ്ഫാഖിന്റെ ഭാര്യ പിതാവ് സയിദ് അഖൂൻ, നാഷണൽ കോൺഫറൻസ് നേതാവും മുൻ നിയമസഭാ അംഗവുമാണ്. ഇരുവരും നിലവിൽ സെന്റോ ഹോട്ടലിൽ തടവിലാണ്.

‘ഞാനെന്റെ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടായിരുന്നു അവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇടത്തേക്ക് കാണാൻ പോയത്.’

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

അന്ന് ആഗസ്റ്റ് 5ന് എന്താണ് സംഭവിച്ചത് ?

ഇഷ്ഫാഖ് സാഹബ് ഞായറാഴ്ച്ച (ആഗസ്റ്റ് 4) ജമ്മുവിലായിരുന്നു. അന്ന് വെെകീട്ടാണ് വീട്ടിലെത്തിയത്. പിറ്റേന്ന് ആർട്ടിക്കിൾ 370 പിൻവലിച്ചതിന് തൊട്ടുടനെ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. ആഗസ്റ്റ് ഏഴിന് ലോക്കൽ പൊലീസ് വീട്ടിലേക്ക് വന്ന് വസ്ത്രങ്ങളും അത്യാവശ്യം വേണ്ട സാധനങ്ങളും പാക്ക് ചെയ്യാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്റെ പിതാവ് സയിദ് അഖൂൻ ശ്രീനഗറിലാണ് താമസം. തമ്മിൽ ബന്ധപ്പെടാൻ ഒരു മാർഗവുമില്ലായിരുന്നു. അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് പോലും അറിയില്ല. ദിവസങ്ങൾക്ക് ശേഷമാണ് ആഗസ്റ്റ് ആറിന് അദ്ദേഹവും അറസ്റ്റിലാണെന്ന് അറിയാൻ കഴിഞ്ഞത്. ഒന്നോ രണ്ടോ ദിവസത്തേക്കായിരിക്കും അവരുടെ അറസ്റ്റ് എന്നാണ് ആദ്യം കരുതിയത്. എന്നാലിപ്പോൾ, മൂന്നാഴ്ച്ചയോളമായി.

‘ഇന്ത്യക്കാരായിരിക്കുന്നതിന് ഞങ്ങൾ കശ്മീരികള്‍ കൊടുക്കേണ്ടി വരുന്ന വില...’: അഭിമുഖം

അറസ്റ്റിലായതിന് ശേഷം പിന്നെ എന്നാണ് നിങ്ങൾക്ക് തമ്മിൽ കാണാൻ കഴിഞ്ഞത് ?

ഈദ് ദിവസം ആഗസ്റ്റ് 11ന് ഞങ്ങൾ തമ്മിൽ കണ്ടു. ഗേറ്റിന് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി നീണ്ട നേരം തർക്കിച്ചതിന് ശേഷമാണ് അത് സാധിച്ചത്.

അവിടെയുണ്ടായിരുന്ന ലോക്കൽ പൊലീസുകാർ പറഞ്ഞത്, ഒന്നും അവരുടെ കയ്യിലല്ല, ആരെയാക്കെ കയറ്റി വിടണം, തടയണം എന്നൊന്നും അവര്‍ക്ക് തീരുമാനിക്കാൻ പറ്റില്ല എന്നാണ്.

ഞാനെന്റെ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടായിരുന്നു അവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇടത്തേക്ക് കാണാൻ പോയത്. പക്ഷെ അതൊന്നും അവർ വകവെച്ചില്ല. ഒന്നര മണിക്കൂർ ഞങ്ങൾ വഴിയിൽ കാത്തു നിന്നു. ഒടുവിൽ 5 മിനിറ്റ് നേരത്തേക്ക് ഇഷ്ഫാഖ് സാഹിബിനെ കാണാൻ അവര്‍ ഞങ്ങളെ അനുവദിച്ചു. തങ്ങളുടെ പിതാവ് ജയിലിലാണെന്ന ഭയം മക്കളുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നാൽ താൻ ഹോട്ടലി‍ൽ താമസിക്കുകയല്ലേ എന്ന് പറ‍ഞ്ഞ് അദ്ദേഹം കുഞ്ഞുങ്ങളെ സമാധാനിപ്പിക്കുകയായിരുന്നു.

എല്ലാവരും ചോദിക്കുന്നത് ‘നിങ്ങളിപ്പോഴും ഇന്ത്യക്കാരായാണോ ജീവിക്കുന്നത്’ എന്നാണ്.

അതിന് ശേഷം ആഗസ്റ്റ് 24നാണ് എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചത്. അന്ന് കാര്യമായി തർക്കങ്ങളൊന്നും നടത്താതെ അവർ ഞങ്ങളെ കടത്തി വിട്ടു. എന്നാൽ കർശനമായ പരിശോധനയുണ്ടായിരുന്നു. കയ്യിലുള്ള പേഴ്സും മറ്റും പുറത്ത് വെക്കാൻ എന്നോട് പറഞ്ഞു. അദ്ദേഹത്തിനായി കൊണ്ട് ചെന്ന മുന്തിരി നിറച്ച പെട്ടി തുറന്ന് പരിശോധന നടത്തി.

നേരത്തെ, നിയമസഭാംഗമെന്ന നിലയിലുള്ള പരിഗണന ഞങ്ങള്‍ക്ക് സ്വാഭാവികമായും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടിലായിരിക്കുന്നു. ഇഷഫാഖ് സാബിന്റെ വാഹനവും സുരക്ഷാ ജീവനക്കാരെയും അവർ പിൻവലിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളായിരുന്ന താങ്കളുടെ പിതാവും ഭർത്താവും എന്നെങ്കിലും ഇത്തരത്തിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നോ ?

ഇല്ല, ഒരിക്കലുമില്ല.

ഇന്ത്യയെ കുറിച്ചുള്ള ധാരണകൾ മാറ്റുന്നവയായിരുന്നോ ഇത് ?

ഇന്ത്യയെ കുറിച്ചല്ല, ഇവിടെ അധികാരത്തിലിരിക്കുന്ന നേതാക്കളെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ആദ്യമായി ബി.ജെ.പിയാണ് ഇതൊക്കെയും ഇവിടെ ചെയ്തത്. ഞങ്ങളെല്ലാവരും ഇന്ത്യയിലുള്ളവരാണ്, പക്ഷെ ആ പാർട്ടി കാരണം എന്തെക്കെയോ സംഭവിച്ചിരിക്കുന്നു. എല്ലാവരും ചോദിക്കുന്നത് ‘നിങ്ങളിപ്പോഴും ഇന്ത്യക്കാരായാണോ ജീവിക്കുന്നത്’ എന്നാണ്. ഞാനവരോട് പറയുന്നത് ഇന്ത്യയിലുള്ള ഒരു പാർട്ടിയാണ് ഇതൊക്കെയും ചെയ്യുന്നത്. ഇന്ത്യയല്ല.

‘ഇന്ത്യക്കാരായിരിക്കുന്നതിന് ഞങ്ങൾ കശ്മീരികള്‍ കൊടുക്കേണ്ടി വരുന്ന വില...’: അഭിമുഖം

സർക്കാർ അടിച്ചമർത്തലിന്റെ ദുരിതം പേറുന്ന പിതാവും ഭർത്താവുമുള്ള ഏക വ്യക്തയാണ് താങ്കൾ എന്ന് തോന്നുന്നുണ്ടോ ?

ശരിയാണ്. കശ്മീരിൽ ഇന്ത്യക്കാരായതിന് ഞങ്ങൾ നൽകേണ്ടി വന്ന വിലയാണിത്. എന്റെ ഭർതൃപിതാവ്, അബുദുൽ ജബാർ ഷെയ്ഖ്, നാഷണൽ കോൺഫറൻസിൽ ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി കൊല്ലപ്പെട്ട വ്യക്തിയാണ്. ഷെയ്ഖ് അബദുല്ലയോടൊപ്പം 11 വർഷം ജയിൽ വാസമനുഷ്ടിച്ചിരുന്നു അദ്ദേഹം.

താഴ്‍വരയിൽ സംഘർഷം രൂക്ഷമായ സമയത്ത് നാടുപേക്ഷിച്ച് പോയവരാണ് എന്റെ കുടുംബം. പ്രതിസന്ധി ഘട്ടത്തിലും പാർട്ടി പ്രവർത്തനവുമായി മുന്നോട്ട് പോയിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു എന്റെ പിതാവ്. എൻ.സി പാർട്ടിക്ക് വേണ്ടി വല്ലാതെ ത്യാഗം ചെയ്തിട്ടുണ്ട് ഉപ്പ. വല്യുപ്പ കശ്മീരിൽ മരണമടഞ്ഞപ്പോൾ നാട്ടിലേക്ക് പോയി അവസാനമായി ഒന്ന് കാണാൻ പോലും സർക്കാർ അന്ന് അനുവദിക്കുകയുണ്ടായില്ല.

‘എല്ലാ കാലത്തും എല്ലാവരും ഞങ്ങളുടെ കൂടെ നിന്നിട്ടേ ഉള്ളു. അങ്ങനെ സംഭവിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്’

ആർട്ടിക്കിൾ 370 പിൻവലിച്ചതിനെ എങ്ങനെയാണ് നോക്കി കാണുന്നത് ?

കശ്മീരിന് വലിയ നഷ്ടം തന്നെയാണത്. കശ്മീരികളുടെ ഭൂമിയിലേക്ക് പുറത്ത് നിന്നുള്ളവർ കുടിയേറി ഇവിടെ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയില്ല. ‘കശ്മീരിയത്തി’ന്റെ നഷ്ടമായിരിക്കുമത്. എല്ലാ കശ്മീരികളും ഭിന്നതകള്‍ മാറ്റി വെച്ചുകൊണ്ട്, ചേർന്ന് നില്‍ക്കേണ്ട സമയമാണിത്. കശ്മീർ സ്വത്വത്തിന്റെ വിഷയമാണിത്.

പാർട്ടിക്കാരും പ്രവർത്തകരും എന്ത് പറയുന്നു ?

എല്ലാവരും ഭയന്നിരിക്കുകയാണ്. ദിനംപ്രതി എല്ലാവരും കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ നേതാക്കൾക്ക് ഇന്നിതാണ് സംഭവിച്ചത് എങ്കിൽ നാളെ എന്തൊക്കെ സംഭിക്കുമെന്ന പേടി എല്ലാവരിലുമുണ്ട്.

ഈദ് ദിനത്തിൽ സാധനങ്ങളൊന്നും വാങ്ങാൻ സാധിച്ചിരുന്നില്ല. പാർട്ടി പ്രവർത്തകർ വീട്ടിൽ വന്നാണ് ഈദിനുവേണ്ട കാര്യങ്ങൾ ചെയ്തു തന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് താഴ്‍വരയിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നാശത്തിന് വഴിവെക്കുമെന്ന് കേൾക്കുന്നു. എന്ത് തോന്നുന്നു ?

എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ എനിക്കാവില്ല. അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ, അത് നല്ലതായി തീരുകയേ ഉള്ളു. ജനങ്ങൾക്ക് ഞങ്ങളെ കുറിച്ചും, ഈ ജനതക്ക് വേണ്ടി ചെയ്ത ത്യാഗത്തെ കുറിച്ചും നന്നായി അറിയാം. എല്ലാ കാലത്തും എല്ലാവരും ഞങ്ങളുടെ കൂടെ നിന്നിട്ടേ ഉള്ളു. അങ്ങനെ സംഭവിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

‘ഇന്ത്യക്കാരായിരിക്കുന്നതിന് ഞങ്ങൾ കശ്മീരികള്‍ കൊടുക്കേണ്ടി വരുന്ന വില...’: അഭിമുഖം

തടവില്‍ കഴിയുന്ന താങ്കളുടെ പിതാവ് സയിദ് അഖൂനിന് ഇപ്പോൾ എങ്ങനെയുണ്ട് ?

ഭര്‍ത്താവിനൊപ്പം അദ്ദേഹവും തടവിലാണ്. ജയില്‍ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. പ്രമേഹ രോഗിയാണ്. ദിവസവും മൂന്ന് മുതൽ നാല് വരെ ഇൻസുലിൻ വേണം. ഈ അവസ്ഥയിലെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കണ്ടതല്ലേ, ഉമ്മാക്ക് വീൽചെയറില്ലാതെ സഞ്ചാരിക്കാനാവില്ല. അതുകൊണ്ട് തന്നെ അവരിരുവർക്കും പരസ്പരം കാണുക ബുദ്ധിമുട്ടാണ്.

നിലവിലെ പ്രത്യേക ജീവിത സാഹചര്യം എങ്ങനെയൊക്കെയാണ് നിങ്ങളെ ബാധിച്ചത് ?

കുടുംബത്തിൽ ഇപ്പോൾ പുരുഷൻമാർ ആരുമില്ല. ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഞാനാണ് ഇപ്പോൾ കാര്യങ്ങളെല്ലാം നോക്കുന്നത്. രണ്ട് മക്കളെയും ജമ്മുവിലേക്ക് അയച്ചിരിക്കുകയാണ്. പിതാവിനെ തടവിൽ വെച്ചിരിക്കുന്നത് കണ്ടതിന് ശേഷം വല്ലാതെ അസ്വസ്ഥരായി തീർന്നിട്ടുണ്ട് അവർ. ഇന്നലെ ഫോണിൽ സംസാരിക്കവെ ഞാനും അബ്ബയും (ഇഷ്ഫാഖ് അഹമദ്) ഉടൻ അങ്ങോട്ട് വരുന്നുണ്ടെന്ന് ഞാനവരോട് പറഞ്ഞു.

നോക്കൂ, ഇഷ്ഫാഖ് സാഹബ് ഒരു ജനപ്രതിനിധിയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.

Interview: ‘This is the price we have paid for being Indians in a place like Kashmir’

വിവര്‍ത്തനം: സുഹെെല്‍ എടക്കര