LiveTV

Live

Opinion

ഒരു സൈക്കിൾ പ്രേമം

ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ് ,അത് മനസ്സിൽ നിന്ന് മാഞ്ഞുപോവുകയേ ഇല്ല. പകരക്കാർ വന്നാലും ആ ഇഷ്ട്ടം അങ്ങനേ നിൽക്കും. അത്തരത്തിലുള്ള ഒരിഷ്ടമാണ് എനിക്ക് സൈക്കിൾനോട് ഉള്ളത്.

ഒരു സൈക്കിൾ പ്രേമം

ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ് ,അത് മനസ്സിൽ നിന്ന് മാഞ്ഞുപോവുകയേ ഇല്ല. പകരക്കാർ വന്നാലും ആ ഇഷ്ട്ടം അങ്ങനേ നിൽക്കും. അത്തരത്തിലുള്ള ഒരിഷ്ടമാണ് എനിക്ക് സൈക്കിൾനോട് ഉള്ളത്.

സൈക്കിൾ പ്രേമം തുടങ്ങുന്നത് ഇതാ ഇവനിൽനിന്നാണ്. എന്നും കഴുകിയും, ഇടയ്ക്കൊക്കെ വെളിച്ചണ്ണെയും മണ്ണണ്ണയും കൂടെ കൂട്ടി ഉണ്ടാക്കുന്ന ഓയിലിട്ടും തിളക്കം വെപ്പിച്ചു കേമനായ് നിൽക്കുന്ന ഈ അറ്റ്ലസ് സൈക്കിളിനോട്. മേലേമുറ്റത്തു പന്തലിച്ചു നിൽക്കുന്ന പിങ്ക് മുസാണ്ടയ്ക്ക് നടുവിൽ മഞ്ഞപ്പൂക്കളുണ്ട് , അവ വിരിക്കുന്ന പരവതാനിയിൽ ആണ് കേമൻ എപ്പോളും വിഹരിക്കാറുള്ളത്.

ഈ സൈക്കിളിന് എനിക്കിരിക്കാനുള്ള ഒരു സ്പെഷ്യൽ കുഞ്ഞു കറുപ്പ് സീറ്റ് ഉണ്ട് എന്നതുകൊണ്ട് തന്നെ ഇതെന്റെ സൈക്കിൾ ആണെന്നായിരുന്നു എന്റെ ഭാവം. അന്ന് എനിക്ക് അഞ്ചു വയസ്സ്. വിദ്യാനികേതനിൽ യു.കെ.ജിയിൽ പഠിക്കുന്ന കാലം. മഴയുള്ള ദിവസമാണ് എങ്കിലും ബ്രൗൺ നിറത്തിലുള്ള യൂണിഫോമിന് മുകളിൽ (25 വര്ഷം കഴിഞ്ഞിട്ടും ആ യൂണിഫോമിന്റെ നിറത്തിനു മാറ്റമില്ലാത്തത്‌ സന്തോഷമുള്ള കാര്യമാണ് ) റൈൻകോട്ട് ഒക്കെയിട്ട് ഞാൻ റെഡി അയ് ഇരിക്കയാണ് അച്ഛൻ വരുന്നതും കാത്ത് .

അച്ഛനെത്തിയതും ഞാൻ താഴെ മുറ്റത്തെ വെള്ളത്തിൽ ചവിട്ടാതെ വരമ്പിനു മുകളിലൂടെ കേറി കേമൻറെ അടുത്തെത്തി. അമ്മ കുടയും വാട്ടർ ബോട്ടിലും കൊണ്ടുവന്നു തന്നു.അച്ഛനെന്നെയെടുത്തു എന്റെ സീറ്റിൽ ഇരുത്തി.

"പിടിച്ചിരുന്നൊ, മഴയാണ് സൂക്ഷിക്ക് " എന്നു കോലായിൽ നിന്ന് അച്ചാച്ചൻ വിളിച്ചു പറഞ്ഞു.

അങ്ങനെ ഞാനും അച്ഛനും, ഇടവഴിയിലെ വെള്ളത്തെ ചീറി പായിച്ച് ഞങ്ങളുടെ സൈക്കിളും പാറക്കുളത്തിന്റെ അരികു ചേർന്ന് ഓടിപ്പോയ്. നാടുവിലയിലെ വളവെത്തിയപ്പോ ഞാൻ തേൻമിഠായി വേണം എന്ന് പറഞ്ഞു വാശിപിടിച്ചു.തിരിച്ചു വരുമ്പോ തീർച്ചയായും വാങ്ങി തരാം എന്നും പറഞ്ഞു അച്ഛൻ ആ സൈക്കിളിന്റെ പെടലിൽ ആഞ്ഞു ചവിട്ടി.

അങ്ങനെ ഞങ്ങൾ ഹെൽത്ത് സെന്ററിന്റെ വളവും കഴിഞ്ഞു ചിറ്റാരിക്കാൽ വളവെത്തിയതും ദാ കിടക്കുന്നു താഴെ....മഴയല്ലേ ഒന്ന് നൈസ് ആയ് വഴുതിപ്പോയ്..കാണുന്നതെല്ലാം ചുവപ്പായ് മാറുന്നത് കരച്ചിലിനിടയിൽ ഞാൻ അറിയുന്നുണ്ടായിരുന്നു... വീണതിന്റെ വേദനയും തരിപ്പും മാറാതെനിന്ന അച്ഛന് എന്നെ എടുക്കാൻ പറ്റുന്നുണ്ടായില്ല...ഒരു ദേവദൂദനെപ്പോലെ ഒരാൾ ഓടി വന്നു എന്നെയും എടുത്തു വേഗം ഹെൽത്ത് സെന്ററിലേക്ക് ഓടി ഊരാളിക്കണ്ടി കുഞ്ഞിരാമേട്ടൻ. പിന്നാലെ കുഞ്ഞു ബാഗും സൈക്കിളും മുറിവുകളുമായി അച്ഛനും ...

"ഭാഗ്യണ്ട് കുറച്ചൊന്നു താഴോട്ടായിരുന്നേൽ കണ്ണ് ഒന്നങ്ങു പോയേനെ" എത്തും പറഞ്ഞു ഡോക്ടർ ഒരു നാരങ്ങാമിഠായി തന്നു .തുറക്കാൻ പറ്റാത്തവിധം അടച്ചു വച്ച ഒരു കണ്ണും ഒരു നാരങ്ങാമിഠായിയുമായി ഞാൻ പുറത്തു കടന്നപ്പോ ദേ നിൽക്കുന്നു കേമൻ."എന്നാലും എന്നെ തള്ളിയിട്ടില്ലേ ? എന്റെ കുപ്പായം ഒക്കെ ചോര ആയില്ലേ എന്നൊക്കെ മനസ്സിൽ ഗദ്ഗദം പറഞ്ഞുകൊണ്ട് അച്ഛന്റെ മേൽ ചാരി ഇരുന്നു.അപ്പോളും പുറത്തു മഴയായിരുന്നു ചിങ്ങി ചിണുങ്ങി പെയ്യുന്ന മഴ.

മരുന്നൊക്കെ വാങ്ങി എന്നെ സൈക്കിളിൽ ഇരുത്തി അച്ഛൻ പതിയെ സൈക്കിൾ തള്ളി വീട്ടിലേക്കു നടന്നു....ഇനി ഒന്ന് രണ്ടു ദിവസത്തേക്ക് വീട്ടിലിരിക്കാമെന്നുള്ള സന്തോഷം ഉള്ളിലുണ്ടെങ്കിലും മുറിവിന്റെ വേദനയും സ്കൂളിലെ കാര്യവും ഓർത്തു ഞാൻ വാടിയിരുന്നു. "ഉച്ചയ്ക്ക് സ്ഥിരമായ എന്റെ എഗ്ഗ് ഓംലറ്റ് കട്ടുകൊണ്ടുപോവുന്ന കാക്ക എന്തുവിചാരിക്കും? ഇനി എന്നെ തിരഞ്ഞു വീട്ടിൽ വരോ? വേറെ ആരെങ്കിലും ഓംലെറ്റ് കൊണ്ടുവരുമായിരിക്കും..സുധ ടീച്ചറും പുഷ്പടീച്ചറും എന്നെ തിരയോ? നാളെ വഴക്കുപറയോ സ്കൂളിൽ വരാത്തതിന്? " അങ്ങനെ നൂറായിരം ചോദ്യങ്ങളും ഒരു കുഞ്ഞു തേങ്ങലുമായ് ഞാൻ പിന്നിൽ അച്ഛന്റെ സീറ്റിനടിയിൽ പിടിച്ച് ഇരുന്നു.അപ്പൊ എന്റെ കുഞ്ഞു സീറ്റിൽ മഴത്തുള്ളികൾ വീണു തെറിച്ചു പോവുന്നുണ്ടായിരുന്നു .

നടുവിലയിൽ എത്തിയപ്പോ അച്ഛൻ പറഞ്ഞപോലെ തേൻമിഠായി വാങ്ങി തന്നു... "ഇനിയും നീ വീഴ്ത്തിയാലോ എന്ന് പേടിച്ചിട്ടാവും പാവം അച്ഛൻ എന്നെയും ഇരുത്തി നനഞ്ഞുകൊണ്ടു നിന്നെ തള്ളുന്നത്. എങ്കിലും നിനക്കെങ്ങനെ തോന്നി ഹമ് ".

വീട്ടിലെത്തി എന്നെ കണ്ട 'അമ്മ ഒരു കരച്ചിൽ .അച്ഛൻ വേഗം പറഞ്ഞു "കണ്ണിനു പ്രശ്നമൊന്നുമില്ല കണ്ണിന്റെ മുകളിൽ ആണ് മുറിവ്. ആ കരച്ചിൽ അപ്പൊ ഒന്ന് നേർത്തതായ് എനിക്ക് തോന്നി ...കയ്യിൽ ഇറുക്കി പിടിച്ച നാരങ്ങാമിഠായി അമ്മയുടെ നേരെ നീട്ടിട്ട് ഞാൻ പറഞ്ഞു "മൂന്നാക്കണം". അതെ അതൊരു ശീലമാണ് കിട്ടുന്നതൊക്കെ മൂന്നാക്കണം അച്ഛനൊന്നു അമ്മയ്ക്കൊന്നു എനിക്കൊന്നു.

"വേണ്ട മോള് ഒറ്റയ്ക്കു കഴിച്ചോ "എന്നു 'അമ്മ പറഞ്ഞതും നരങ്ങാമിഠായി വായിലാക്കി ഞാൻ, എന്നിട്ടു ആ മധുരത്തിൽ അലിഞ്ഞു കോലായിലെ തിണ്ണയിൽ കേമനെ നോക്കി ഇരുന്നു. അപ്പോളും കേമനുമുകളിൽ മുസാണ്ട മഴ പെയ്യുന്നുണ്ടായിരുന്നു. സൈക്കിൾ പ്രേമം ആ മുറിവിൽ അവസാനിച്ചില്ല അതു അങ്ങ് വളർന്നു...വീണും മുറിഞ്ഞും എനിക്കൊപ്പം വലുപ്പം വെച്ചും പലപല സൈക്കിളുകൾ വന്നുപോയ്. ഇനിയും കൂടെ വേണമെന്ന് ആഗ്രഹമുണ്ട് ഒരു സൈക്കിൾ.