LiveTV

Live

Opinion

കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

കർമപദ്ധതികളിൽ മാറ്റമില്ലാത്തിടത്തോളവും കാലം എം.ജി കോളേജിലെ എ.ബി.വി.പിയും ഇതര കോളജുകളിലെ എസ്.എഫ്.ഐയും തമ്മിൽ ഒരു വ്യത്യാസവും നമുക്ക് കാണുക സാധ്യമല്ല

കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

എസ്.എഫ്.ഐയുടെ ക്യാമ്പസ്‌ സമഗ്രാധിപത്യത്തെയും അത് നില നിര്‍ത്തുന്നതിനും വേണ്ടി പ്രയോഗിക്കാറുള്ള വ്യവസ്ഥാപിത ഹിംസകളെയും കുറിച്ച് ചർച്ചകൾ ഉയർന്നുവരുമ്പോഴൊക്കെ സംഘടനാ സെക്രട്ടറി മുതൽ ക്യാമ്പസിലെ യൂണിറ്റ് ഭാരവാഹികൾ വരെ ഒരേ താളത്തിൽ ചൊല്ലാറുള്ള ചില പല്ലവികളുണ്ട്. ഏതോ ഒരു കോളേജിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവം, വിദ്യാർത്ഥി രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം, കലാലയത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം എന്നിങ്ങനെയുള്ള വാദങ്ങൾ ആണ് അധികവും.

കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

അഖിൽ വധശ്രമ സംഭവം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആദ്യത്തെ സംഭവമല്ല. ഇതിനുമുമ്പ് സൂര്യഗായത്രി, ജസീൽ മമ്പാട്, അജ്മൽ തുടങ്ങി ഏറ്റവും അവസാനം നിഖില വരെയുള്ള വിദ്യാർത്ഥികൾ പലതവണയായി കാമ്പസിനകത്ത് അവർ നേരിട്ട ക്രൂരമായ പീഡനാനുഭവങ്ങൾ സമൂഹത്തോട് വിളിച്ചു പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടുന്നതും ആദ്യമായിട്ടല്ല. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ സഹനവും പ്രതിഷേധവും അണ പൊട്ടിയൊഴുകിയപ്പോൾ ഇതൊരു സാമൂഹിക ചർച്ചയായി ഇപ്പോൾ ഉയർന്നു വന്നുവെന്ന് മാത്രം. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയിതര വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തകർ ഇല്ലാഞ്ഞിട്ടല്ല അവിടെ ഘടകങ്ങൾ ഇല്ലാതെ പോയത്. മറിച്ചു ഇപ്പോൾ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ രാഷ്ട്രീയ പ്രതിനിധാനം ഉറക്കെ വിളിച്ചു പറയാനുള്ള അന്തരീക്ഷം പരിമിതമായെങ്കിലും രൂപപ്പെട്ടു വന്നതിനാലാണ് ഇപ്പോൾ അവിടെ മറ്റു സംഘടനകൾ യൂണിറ്റുകൾ രൂപീകരിക്കുന്നത് പരസ്യമായി പ്രഖ്യാപിക്കുന്നത്.

കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മാത്രമൊതുങ്ങുന്ന ഒറ്റപ്പെട്ട ഒരു സംഭവവുമല്ല ഇത്. കേരളത്തിൽ എസ്.എഫ്.ഐ സമഗ്രാധിപത്യം അടിച്ചേൽപ്പിക്കുന്ന ക്യാമ്പസുകളിലൊക്കെയും ഇതേ പ്രവർത്തന സംസ്കാരമാണ് ആ സംഘടന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പയ്യന്നൂർ കോളേജ്, തലശ്ശേരി പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ്, പേരാമ്പ്ര സി.കെ.ജി കോളേജ്, മടപ്പള്ളി ഗവൺമെൻറ് കോളേജ്, തലശ്ശേരി എൻജിനീയറിങ് കോളേജ്, ഇടുക്കി മുട്ടം പോളി ടെക്നിക്‌, കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ്, കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ആലപ്പുഴ എസ്.ഡി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോട്ടയം എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസ്, തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ്, പെരിയ പോളിടെക്നിക് തുടങ്ങി നിരവധി കോളേജുകളിൽ ഇതര രാഷ്ട്രീയ ശബ്ദങ്ങളുയർത്തിയതിന്റെ പേരിലോ എസ്.എഫ്.ഐയുടെ പരിപാടികളുമായി സഹകരിക്കാത്തതിന്റെ പേരിലോ ശാരീരിക മർദ്ദനങ്ങൾക്കും മാനസിക പീഡനങ്ങൾക്കും വിധേയമായ ധാരാളം വിദ്യാർത്ഥികൾ ഉണ്ട്. ഓരോ സംഭവം നടക്കുമ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവത്കരിക്കുന്നവെന്ന ആവലാതിയാണ് ആ സംഘടന ഉന്നയിക്കാറുള്ളത്. ഇത്തരം ക്യാമ്പസുകളിൽ ചിലതിലെങ്കിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇതര സംഘടനകൾ മത്സരിക്കാറില്ലേ എന്ന മറുചോദ്യവും ഉന്നയിക്കാറുണ്ട്. ശരിയാണ്. പക്ഷേ ആ മത്സരം പോലും എസ്.എഫ്.ഐയുടെ സംഘടനാ നെറ്റ് വർക്കുകൾ ഉയർത്തുന്ന ഒട്ടനവധി കടമ്പകളും പ്രതിബന്ധങ്ങളും ജീവൻ പോലും പണയം വെച്ച് മറികടന്നാണെന്നോർക്കണം. ക്യാമ്പസുകളിലെ ഗുണ്ടാ നേതാക്കളുടെ പൊലീസിംഗ്, ഇടതു അനുഭാവികളായ അധ്യാപകരുടെ ഇമോഷനൽ ബ്ലാക്ക് മെയിലിംഗ്, ക്യാമ്പസിന് പുറത്ത് ഇടതു തൊഴിലാളി-യുവജന സംഘടനകളിലെ കൂലിപ്പടയെ വെച്ചുള്ള ഭീഷണികളും മർദ്ദനങ്ങളും, വർഗീയവാദി - മാവോയിസ്റ്റ് - തീവ്രവാദി - കഞ്ചാവുകാരൻ - മോശക്കാരി തുടങ്ങിയ പദാവലികൾ ഉപയോഗിച്ചുള്ള ഒറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളും, സംഘടനാ പ്രവർത്തകരായ ഒന്നാം വർഷ വിദ്യാർത്ഥികളെയും ദലിത് വിദ്യാർത്ഥികളെയും സ്ത്രീകളെയും ഉപയോഗിച്ച് കള്ളപ്പരാതികൾ കൊടുപ്പിക്കൽ തുടങ്ങി സമ്പൂർണ്ണ സംഘടനാ മെഷിനറിയെ രംഗത്തിറക്കിക്കൊണ്ടുള്ള ഈ ഹിംസയെ മറികടന്നു വേണം ഒരു എസ്.എഫ്.ഐയിതര രാഷ്ട്രീയത്തിന് ഇലക്ഷനിൽ നാമനിർദേശക പത്രികയെങ്കിലും സമർപ്പിക്കാൻ.

കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

രക്തസാക്ഷികളുടെയും ഭരിക്കുന്ന ക്യാമ്പസ് യൂണിയനുകളുടെയും എണ്ണം മുന്നിൽ വച്ച് തങ്ങളുടെ ഭീകരമായ ക്യാമ്പസ് വാഴ്ചയെ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എടയന്നൂർ ശുഐബ് വധക്കേസിലടക്കം രാഷ്ട്രീയ കൊലപാതകക്കേസുകളിൽ എസ്.എഫ്.ഐ പ്രവർത്തകരും മുൻ എസ്.എഫ്.ഐ പ്രവർത്തകരും പ്രതികളാണെന്ന വസ്തുത നിഷേധിക്കാനാവില്ല. 1972 ൽ പട്ടാമ്പി സംസ്കൃത കോളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന സെയ്താലി വധക്കേസിൽ എട്ടാം പ്രതിയായിരുന്ന ശങ്കരനാരായണൻ പിന്നീട് പേരു മാറ്റി കുന്നംകുളം മണ്ഡലത്തിൽ നിന്ന് രണ്ടു തവണ സി.പി.ഐ.എം പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞത് ബെർലിൻ കുഞ്ഞനന്തൻ നായരാണ്. രക്തസാക്ഷികളെ മുൻനിറുത്തി വിദ്യാർത്ഥി രാഷ്ട്രീയ ഭൂമികയിൽ തങ്ങളുടെ ഇടങ്ങൾ നിലനിറുത്താമെന്നതിനാലാവണം അഖിലിനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. കേരളത്തിലെ ക്യാമ്പസ്സുകളിൽ ഏറ്റവുമധികം ജീവച്ഛവങ്ങളെ സംഭാവന ചെയ്തതും എസ്.എഫ്.ഐ യാണ്. നിയമസഭയിൽ എം.കെ മുനീർ എം.എൽ.എയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ കൊടുത്ത മറുപടി പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 187 വിദ്യാർഥികളാണ് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പാതിവഴിയിൽ നിറുത്തി പോയിട്ടുള്ളത്. അതിൽ അവസാന പേര് മാത്രമാണ് എസ്.എഫ്.ഐ യുടെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച നിഖിലയുടെ പേര്. എസ്.എഫ്.ഐ സമഗ്രാധിപത്യ ക്യാമ്പസുകളിൽ ഈ രീതിയിൽ ഒരു കണക്കെടുപ്പു നടത്തിയാൽ ഇടതു ക്യാമ്പസ് ഭീകരതയുടെ ആഴം കൂടുതൽ വ്യക്തമാകും.

കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ മാധ്യമങ്ങൾ കാണിച്ച ശ്രദ്ധയും ജാഗ്രതയും അഭിനന്ദനീയമാണ്. എന്നാൽ ആ ജനാധിപത്യ ജാഗ്രതയെ പോലും വിദ്യാർത്ഥി രാഷ്ട്രീയത്തെ മോശപ്പെടുത്താനും അരാഷ്ട്രീയവൽകാരണത്തിനുമുള്ള ശ്രമമായി ചിത്രീകരിക്കാനാണ് എസ്.എഫ്.ഐ നേതാക്കൾ മുതൽ മുഖ്യമന്ത്രി വരെയുള്ളവർ ശ്രമിക്കുന്നത്. മുമ്പ് മടപ്പള്ളി കോളേജിലെ എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധതയെയും അക്രമങ്ങളെയും സംബന്ധിച്ച് പൊതുസമൂഹത്തിൽ ചർച്ച ഉയർന്നു വന്നപ്പോൾ സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാർഥികൾ പഠിക്കുന്ന ഒരു ഗവൺമെൻറ് കോളേജിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു കെ.കെ ലതിക എം.എൽ.എ അന്നതിനെ കുറിച്ച് പറഞ്ഞിരുന്നത്. എസ്.എഫ്.ഐ ആധിപത്യമുള്ള ക്യാമ്പസുകളിലെ അതിക്രമസംഭവങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നത് എങ്ങനെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തെ മോശപ്പെടുത്തലാകുന്നത്? എങ്ങനെയാണത് ഒരു കോളേജിനെ അപകീർത്തിപ്പെടുത്തലാകുന്നത് ? വിദ്യാർത്ഥി രാഷ്ട്രീയം എന്ന ആശയത്തെ ആരാണ് യാഥാർഥത്തിൽ സമൂഹമധ്യേ വികലപ്പെടുത്തുന്നതെന്നത് എസ്.എഫ്.ഐ അടക്കം അക്രമ രാഷ്ട്രീയത്തെ പ്രൊമോട്ട് ചെയ്യുന്ന വിദ്യാർത്ഥി സംഘടനകൾ ആത്മപരിശോധന നടത്തേണ്ട വിഷയമാണ്. ഒരിടവേളയ്ക്കുശേഷം 2017ൽ കേരള ഹൈക്കോടതി കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള നിലപാട് ആവർത്തിച്ചത് പൊന്നാനി എം.ഇ.എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. തെരഞ്ഞെടുപ്പിലും ജനാതിപത്യ പ്രക്രിയകളിലും നാമനിർദ്ദേശങ്ങൾ തള്ളിപ്പോവുക സ്വാഭാവികമാണ്. എന്നാൽ ആ വർഷം യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി എന്നീ സംഘടനകളുടെ നാമനിർദ്ദേശങ്ങൾക്കൊപ്പം എസ്.എഫ്.ഐയുടെ നാമനിർദ്ദേശങ്ങൾ കൂടി സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയിരുന്നു. എന്നാൽ അതിനെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിന് പകരം കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിനകത്ത് ഇരച്ചു കയറുകയും കോളേജിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയുമാണ് ചെയ്തത്.

പൊതുസമൂഹത്തിലും രക്ഷിതാക്കൾക്കിടയിലും നീതിന്യായ മേഖലകളിലും അധ്യാപക സമൂഹത്തിലുമടക്കം വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ച് പ്രതിലോമകരമായ ബോധങ്ങൾ പകർന്നു കൊടുക്കുന്നതിനെ സംബന്ധിച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തും മുമ്പ് എസ്.എഫ്.ഐ തന്നെയാണ് ആത്മപരിശോധന നടത്തേണ്ടത്. ക്യാമ്പസുകളിലെ ഹിംസാത്മക രാഷ്ട്രീയം ഒരുക്കിക്കൊടുക്കുന്ന നിലങ്ങളിലാണ് അരാഷ്ട്രീയ വാദങ്ങൾ തഴച്ചു വളരുന്നത് എന്നോർക്കണം.

വൈവിധ്യങ്ങളെ നിരാകരിച്ചും അടിച്ചമർത്തിയും വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെയും ഏകശിലാത്മക സാമൂഹിക നിർമ്മിതിയെ ആശയപരമായി ആന്തരീകരിച്ച ഫാഷിസവും മാർക്സിസവും തമ്മിലുള്ള അന്തരം ആശയത്തിൽ മാത്രം പരിമിതപ്പെടുത്തുകയും പ്രയോഗത്തിൽ സ്വീകരിക്കുന്ന കർമപദ്ധതികളിൽ മാറ്റമില്ലാത്തിടത്തോളവും കാലം എം.ജി കോളേജിലെ എ.ബി.വി.പിയും ഇതര കോളജുകളിലെ എസ്.എഫ്.ഐയും തമ്മിൽ ഒരു വ്യത്യാസവും നമുക്ക് കാണുക സാധ്യമല്ല.
കണ്ണിൽ പൊടിയിട്ട് നല്ല പിള്ള ചമയുന്ന എസ്.എഫ്.ഐ

യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടും ഭാരവാഹികളെ പുറത്താക്കിയും ഒരു നല്ല എസ്.എഫ്.ഐ ഇതാ ഉരുവം കൊണ്ടിരിക്കുന്നു എന്ന സത്യവാങ്മൂലങ്ങൾ കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. മുമ്പും ഇത്തരം നടപടികൾ ആ സംഘടനയുടെ നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നതു പോലെയുള്ള സംഭവങ്ങൾ സംഘടനയുടെ നയവ്യതിയാനമോ സമീപനങ്ങളിലെ പിഴവോ അല്ലെന്നതാണ് യാഥാർഥ്യം. അതവരുടെ നയവും സമീപനവും തന്നെയാണ്. സംഘടനയെ നയിക്കുന്ന പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന പ്രയോഗപദ്ധതി തന്നെയാണത്. പുറന്തള്ളിയും വൈവിധ്യങ്ങളെ നിരാകരിച്ചും അടിച്ചമർത്തിയും വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെയും ഏകശിലാത്മക സാമൂഹിക നിർമ്മിതിയെ ആശയപരമായി ആന്തരീകരിച്ച ഫാഷിസവും മാർക്സിസവും തമ്മിലുള്ള അന്തരം ആശയത്തിൽ മാത്രം പരിമിതപ്പെടുത്തുകയും പ്രയോഗത്തിൽ സ്വീകരിക്കുന്ന കർമപദ്ധതികളിൽ മാറ്റമില്ലാത്തിടത്തോളവും കാലം എം.ജി കോളേജിലെ എ.ബി.വി.പിയും ഇതര കോളജുകളിലെ എസ്.എഫ്.ഐയും തമ്മിൽ ഒരു വ്യത്യാസവും നമുക്ക് കാണുക സാധ്യമല്ല.