LiveTV

Live

Opinion

സ്വപ്‌നം കാണൂ, പഠിക്കൂ... പ്രായം ഒരു പ്രശ്‌നമല്ല 

എല്ലാ ആഗ്രഹങ്ങളും നടന്നു കൊള്ളണമെന്നില്ല. പക്ഷേ, വേണമെന്നു വച്ചാൽ കുറെയൊക്കെ ചെയ്യാനാകും. അത് തരുന്ന സംതൃപ്തിയും ആത്മവിശ്വാസവും ചില്ലറയല്ല.  

സ്വപ്‌നം കാണൂ, പഠിക്കൂ... പ്രായം ഒരു പ്രശ്‌നമല്ല 

ഫ്‌ളൈറ്റിൽ എന്റെ അടുത്തിരുന്നത് മ്യൂണിക്കിനു പോകുന്ന ഒരു സ്ത്രീ ആയിരുന്നു; ഏതാണ്ട് എന്റെ പ്രായം വരും. അവർ ഇപ്പോൾ മാസ്റ്റേഴ്‌സിനു പഠിക്കുന്നുവത്രേ. അവിടെ സെറ്റിൽ ആയ മലയാളി. പിന്നിൽ സീറ്റ് കാലി ഉണ്ടായിരുന്നതു കൊണ്ട് ഞാൻ പോയി കിടന്നുറങ്ങി. അൽപം കഴിഞ്ഞപ്പോൾ അവർ വന്ന് തോണ്ടി വിളിച്ചു;ഫ്‌ളൈറ്റിൽ കയറിയ ഉടനെ ഞാൻ സിം കാർഡ് മാറ്റിയിരുന്നു. നാട്ടിലെ സിം താഴെ വീണുപോയിരുന്നു.അതുകൊണ്ട് വന്നതായിരുന്നു.പിന്നെ പരിചയപ്പെട്ടു. അവരുടെ വസ്ത്ര ധാരണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും സംസാരരീതിയും ഒന്നു കാണേണ്ടതാണ്. എല്ലാ കാര്യത്തിലും എന്തൊരു ശ്രദ്ധയും ആത്മവിശ്വാസവുമാണ്.

പറഞ്ഞുവന്നത് ഒരു പ്രൈവറ്റ് ഗ്രൂപ്പിൽ പലർക്കും പലതും പഠിക്കണം എന്ന് പോസ്റ്റുകൾ കണ്ടു. നമ്മുടെ വലിയ കുഴപ്പങ്ങളിൽ ഒന്ന്, പഠനം ഒറ്റ സ്ട്രച്ചിൽ തീർക്കേണ്ട ഒന്നാണ് എന്ന ധാരണയാണ്. ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല, കലയും വാദ്യ ഉപകരണങ്ങളും ഒക്കെ ചെറുപ്പത്തിലെ പഠിച്ചില്ലെങ്കിൽ പിന്നെ പറ്റില്ല എന്ന ധാരണയാണ്.

ഞാൻ ചെണ്ട പഠിക്കാൻ തുടങ്ങിയത് 43-ാമത്തെ വയസിലാണ്. കൂടെയുള്ള പലരും കളിയാക്കി, ചെണ്ടകൊട്ടും ആനപ്പണിയും തല്ലിപ്പൊളി പണിയാണ്, വിയർത്ത് ഒലിച്ച് ഷർട്ട് ഇടാതെ നിന്നു കൊട്ടണം, ഗ്‌ളാമർ ഉള്ള ഓഡിയൻസ് ഉണ്ടാകില്ല, കോമളവാദ്യം അല്ല എന്നൊക്കെ. പക്ഷേ, എനിക്ക് ഇഷ്ടമായിരുന്നു. പഠിച്ചു, കേരളത്തിലെ പതിന്നാലോളം മേജർ ക്ഷേത്രങ്ങളിൽ തന്നെ കൊട്ടിയുണ്ട്, ഇനിയും കൊട്ടും. മട്ടന്നൂരിന്റെയും പെരുവനത്തിന്റെയും കൂടെ കൊട്ടി, ഒരു ചെണ്ടക്കാരന്റെ സ്വപ്നമാണ് അതെല്ലാം.

ഓടക്കുഴൽ നാലു വർഷത്തോളം പഠിച്ചു, അത് തുടങ്ങിയത് നാൽപതാമത്തെ വയസിൽ. ഇനിയും തുടരും, ഒറ്റക്കാരണമേയുള്ളൂ... എനിക്ക് ഇഷ്ടമാണ്. എന്റെ ഇഷ്ടങ്ങൾ ചെയ്യാനാണ് ഈ ജീവിതം. (മറിച്ച് അഭിപ്രായം ഉള്ളവരുണ്ടാകും;അവരോട് ബഹുമാനം മാത്രം,പക്ഷേ യോജിപ്പില്ല).

എന്തെങ്കിലും പഠിക്കനം എന്ന് ആഗ്രഹമുള്ളവരോട്, ഒരു ദിവസം പോലും വൈകാതെ അത് തുടങ്ങണം എന്ന് പറയാനാണ് ഇത് എഴുതിയത്. ചിലപ്പോൾ പൂർത്തീകരിച്ചില്ലെന്ന് വരാം, അരങ്ങേറ്റം നടത്താൻ പറ്റില്ലെന്ന് വന്നേക്കാം.പക്ഷേ, മനസിൽ വച്ചുകൊണ്ട് നടക്കരുത്. എല്ലാ ആഗ്രഹങ്ങളും നടന്നു കൊള്ളണമെന്നില്ല. പക്ഷേ, വേണമെന്നു വച്ചാൽ കുറെയൊക്കെ ചെയ്യാനാകും. അത് തരുന്ന സംതൃപ്തിയും ആത്മവിശ്വാസവും ചില്ലറയല്ല.

ലണ്ടണിൽ സാന്ത്വന ചികിത്സ ( Palliative Care ) നടത്തിയിരുന്ന ഒരു നേഴ്‌സിന്റെ ഒരു ലേഖനം പണ്ട് വായിച്ചത് ഓർക്കുന്നു.- അതിൽ മരിക്കാൻ പോകുന്ന ആളുകളിലേറ്റവും കൂടുതൽ പേർ പറഞ്ഞ പത്ത് കാര്യങ്ങൾ അവർ പറഞ്ഞിരുന്നു. അതിലൊന്ന്-കുറച്ചുകൂടി എനിക്കു വേണ്ടി ജീവിക്കണമായിരുന്നു, അതിനു കഴിഞ്ഞില്ല എന്ന നിരാശ ആയിരുന്നുവേ്രത.

നിങ്ങൾക്ക് വേണ്ടി ജീവിക്കൂ, ജീവിതത്തെ തന്നെ ഇഷ്ടപ്പെടാനുള്ള നല്ലൊരുവഴി അതാണ്.