LiveTV

Live

Opinion

സംഗീതം പോലെ മനസ്സിൽ വിരിയുന്ന സുഗന്ധം 

സുഗന്ധപ്രേമിയായ ഒരു സംഗീതജ്ഞന്റെയും ഒരു സുഗന്ധനിർമാതാവിന്റെയും ആത്മബന്ധത്തിന്റെ കഥ 

സംഗീതം പോലെ മനസ്സിൽ വിരിയുന്ന സുഗന്ധം 

സംഗീതവും സുഗന്ധവും തമ്മിൽ ഗാഢമായ എന്തോ ബന്ധമുണ്ടെന്ന് ചെറുപ്പം തൊട്ടേ എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അതെന്റെ മാത്രം തോന്നാലാവും എന്ന് കരുതിയത്. നൊസ്റ്റാൾജിയയോട് സുഗന്ധവും സംഗീതവും വളരെ അടുത്ത് കിടക്കുന്നുവെന്നത് ഏവരിലും അനുഭവപ്പെടുന്ന കാര്യമാണ്. നൊസ്റ്റാൾജിയ ഒരാളിൽ ഉണ്ടാക്കുവാൻ ഏറ്റവും ശേഷിയുള്ളത് സുഗന്ധത്തിനാണ്; രണ്ടാമത് ആ കഴിവുള്ളത് സംഗീതത്തിനും. മുടിഞ്ഞ നൊസ്റ്റുവായ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഇവ രണ്ടുമാണ്. എങ്ങിനെ ഈ ക്രേസ് ഒരുമിച്ചുവന്നു എന്നുള്ള അന്വേഷണത്തിലാണ് മനസ്സിലായത് സംഗീതവും പെർഫ്യൂമും പ്രകൃതി പരമായി ഒരേ ഘടനയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന്. രണ്ടിന്റെയും കമ്പോസിംഗ് രീതി ഒരേ മെത്തേഡ് ആണ്.

പൂക്കളും മരങ്ങളും മറ്റു സുഗന്ധ വസ്തുക്കളും അരച്ച് അതിന്റെ സത്ത് ആയിരുന്നു ആദ്യകാലത്തെ പെർഫ്യൂം. അതിൽനിന്ന് വിപ്ലവകരമായ ബാഷ്പീകരണ പ്രകിയയിലേക്ക് സുഗന്ധ നിർമ്മാണം കൊണ്ടുവന്നതിന്റെ ശില്പി പേർഷ്യൻ ശാത്രഞ്ജനായ ഇബ്‌നു സീനയാണ്. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അതേ ഇബ്‌നുസീന തന്നെ. പനിനീർ ദളങ്ങളൾ ബാഷ്പീകരിച്ച് ഓയിലാക്കി മാറ്റി ഇബ്‌നു സീന ആ പരീക്ഷണം വിജയമാക്കി. ആധുനിക പെർഫ്യൂം നിർമ്മാണ രംഗത്തെ അതീവപ്രാധാന്യമുള്ളൊരു ചുവടുവെപ്പായിരുന്നു അത്.

ബാഷ്പീകരണ പ്രകിയ വഴി നിർമ്മിക്കുന്ന വിവിധ ഇനം സുഗന്ധ വസ്തുക്കളുടെ ഓയിലുകൾ പ്രത്യേക രീതിയിൽ കമ്പോസ് ചെയ്യുക എന്നുള്ളിടത്താണ് മ്യുസിക്കും പെർഫ്യൂമും ഒരേ തരത്തിലുള്ള കലാപരമായ സൃഷ്ടിയാവുന്നത്.

സംഗീതത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പേർഫ്യൂമിന്ന് മൂന്ന് സ്ഥായികളുണ്ട്; ഈ മൂന്ന് സ്ഥായികൾ സമയ ബന്ധിതമായാണ് പ്രവർത്തിക്കുന്നത്. ടോപ് നോട്ട്‌സ് (ഉച്ചസ്ഥായി), മിഡ് നോട്ട്‌സ് (മധ്യസ്ഥായി), ബേസ് നോട്ട്‌സ് (ഘനസ്ഥായി)... ഇതാണ് പെർഫ്യൂം ഘടനയുടെയും സ്ഥായീ ഘടനകൾ. ടോപ്പ് നോട്ട്‌സിൽ നിന്ന് തുടങ്ങി മിഡ് നോട്ടിലൂടെ തുടർന്ന് ബേസ് നോട്ട്‌സിൽ അവസാനിക്കുന്നതാണ് ഈ സഞ്ചാരം. ലളിതമായി പറഞ്ഞാൽ സംഗീതത്തിൽ സ്വരങ്ങളുടെ ആരോഹണ അവരോഹണ ക്രമം പോലെ തന്നെയാണ് പെർഫ്യൂമിന്റെ സഞ്ചാരവും. ഏത് പെർഫ്യൂമിലും ടോപ്പ് നോട്ട്‌സിൽ നൽകുന്ന ഫ്‌ളേവറുകൾ എതാണോ അതിന്റെ ഗന്ധമാണ് ആദ്യ മണിക്കൂറുകളിൽ പുറത്തുവരിക. പെർഫ്യൂം ആലേപനം ചെയ്ത് അതിന്റെ ഗന്ധം ബാഷ്പീകരണത്തിലൂടെ പുറത്തുവരുമ്പോൾ അതത് പെർഫ്യൂമിൽ നൽകിയ ടോപ്പ് നോട്ട്‌സ് ഫ്‌ളേവറായിരിക്കും ആദ്യം വരിക എന്നർത്ഥം. കുറച്ചു സമയത്തിനു ശേഷം അത് മിഡ് നോട്ട്‌സിൽ എത്തുബോൾ അവിടെ നൽകിയ ഫ്‌ളേവറിന്റെ ഗന്ധത്തിലേക്ക് ക്രമേണ മാറും. ഒടുവിൽ ബേസ് നോട്ടിലേക്ക് പര്യവസാനിക്കുബോൾ ഈ സഞ്ചാരം പൂർത്തിയാവുന്നു. ഒരു പെർഫ്യൂമിന്റെ അടിസ്ഥാനഭാവം അവരോഹണം കണക്കെ അപ്പോഴും തിരിച്ചു സഞ്ചരിക്കുന്നു. ഇവിടെ സംഗീതവുമായുള്ള പെർഫ്യൂമിന്റെ സമാനതകൾ നമുക്ക് അനുഭവിച്ചറയാം.

മനസ്സിൽ തോന്നിയ ഈ ആശയം ശരിയാണോ എന്നറിയാൻ ആദ്യം പെർഫ്യൂം നിർമ്മിക്കുന്ന രീതിയെ പറ്റിയാണ് ഞാൻ അന്വേഷിച്ചു പോയത്. ഇംഗ്ലീഷ് അത്രക്ക് വശം ഇല്ലാത്തത് കൊണ്ട് ഗൂഗിൾ ട്രാൻസ്‌ലേഷനെയാണ് ആദ്യം ആശ്രയിച്ചത്. അപ്പോൾ വാച്യാർത്ഥത്തിനപ്പുറം തിയറിപരമായ ആന്തരീകാർത്ഥം കിട്ടുന്നില്ല. സംഗീതത്തിന്റെ ഭാഷ അറിയാത്ത ഇംഗ്ലീഷ് അറിയുന്നവർക്കും വാക്യാർത്ഥത്തിൽ അല്ലേ പറഞ്ഞു തരാൻ പറ്റൂ. ഒടുവിൽ അടുത്ത സുഹൃത്തായ ജസ്റ്റിൻ ഭായിയുടെ സഹായം തേടിയപ്പോൾ പുള്ളി ഭംഗിയായി തിയറിപരമായി ട്രാൻസ്ലേഷൻ ചെയ്തുതന്നു. അതു കഴിഞ്ഞപ്പോൾ വന്ന സംശയം മറ്റൊന്നാണ്; മ്യുസിക് കമ്പോസ് ചെയ്യുന്ന മെത്തേഡിലാണ് പെർഫ്യൂം നിർമ്മാണം എങ്കിൽ അവിടെ ഒരു കാര്യം സംഭവിക്കുന്നുണ്ട്; ഒരു മ്യൂസിക് കമ്പോസറുടെ മനസ്സിൽ ഒരു ഈണം ക്രിയേറ്റ് ആവുന്ന സമയം അത് പുറത്ത് രണ്ടാമത് ഒരാൾക്ക് പാടിക്കൊടുക്കും മുൻപ് അയാൾക്ക് ആ ഈണം ഉള്ളിൽ സ്വയം അറിയാനും കേൾക്കാനും ആസ്വദിക്കാനും പറ്റും. അപ്പോൾ സ്വാഭാവികമായും പെർഫ്യൂം കമ്പോസർ ഒരു പെർഫ്യൂം നിർമ്മിക്കാൻ ശ്രമിക്കുന്നനേരം അയാളിലും വിവിധ ഇനം ഓയിലുകൾ കോഡ് വൈസ് മിക്‌സ് ചെയ്യും മുമ്പ് അടിസ്ഥാന സ്വഭാവമായ പെർഫ്യൂമിന്റെ ഫീൽ മനസ്സിൽ അനുഭപ്പെടുന്നുണ്ടാവില്ലേ? ഈണം പോലെ മണം മനസ്സിൽ വരുമോ എന്നൊക്കെ ആയിരുന്നു ആ സംശയം . അത് അറിയണമെങ്കിൽ പെർഫ്യൂം നിർമ്മിക്കുന്നവരെ തന്നെ കണ്ടു ചോദിക്കണം; അതിന് ഞാൻ ആരെയും അറിയുകയും ഇല്ല. അങ്ങിനെ ഈ സംശയം ഞാൻ മറ്റൊരു പ്രിയസുഹൃത്ത് അനൂപ് പൊന്നാനിയോട് പങ്ക് വെച്ചു. അനൂപ് ഉടൻ ഒരാളെ പറ്റിയുള്ള ചാനലിൽ വന്ന പ്രോഗ്രാമും ആളുടെ വാട്‌സ് അപ് നമ്പറും തന്നു എന്നിട്ട് പറഞ്ഞു: 'ഭായ് ഇവിടെ ചോദിക്കൂ, ഉത്തരം കിട്ടും...'

പ്രോഗ്രാം കണ്ടു നോക്കിയപ്പോൾ യു.എ.ഇയിൽ പെർഫ്യൂം ഷോപ്പും സ്വന്തമായി ഏത് ബ്രാൻഡ് പെർഫ്യൂം ക്രിയേറ്റ് ചെയ്യാൻ ശേഷിയുള്ള ചാവാക്കാട്ടുകാരൻ യൂസഫ്ക്കയാണ് അതിലെ താരം. പ്രോഗ്രാം കണ്ടശേഷം ഞാൻ യൂസഫ്ക്കയുടെ വാട്‌സ്ആപ് നമ്പറിൽ പോയി കാര്യം അവതരിപ്പിച്ചു. ഉടൻ തന്നെ യൂസഫ്ക്കാ എന്നെ വിളിച്ചു. സലാം പറഞ്ഞ ശേഷം ആദ്യവാക്കുകൾ ഇങ്ങനെ: 'മോൻ പറഞ്ഞത് എനിക്ക് മനസ്സിലായി. പക്ഷേ, എനിക്ക് സംഗീതത്തിന്റെ ഭാഷയും ഘടനയും അറിയാത്തതുകൊണ്ട് ആ രീതിയിൽ എങ്ങിനെ പറയണം എന്നറിയില്ല. പക്ഷേ, ഈ നിരീക്ഷണം എനിക്ക് ഭയങ്കരമായി ഇഷ്ടമായി...'

അതിന് ശേഷം ഞാൻ യൂസഫ്ക്കയോട് കാര്യങ്ങൾ തിരക്കി. അതീവ ലളിതമായി യൂസഫ്ക്കാ ഉത്തരങ്ങൾ തരുന്നു: 'നിങ്ങളുടെ അടുത്ത് പാട്ടുകൾ ആവശ്യപ്പെട്ട് വരുന്ന സംവിധായകർക്കും ഗായകർക്കും ഒരു അഭിരുചി കാണാം. അത് അവരുടെ മറ്റു പാട്ടുകളോടുള്ള അഭിരുചി അനുസരിച്ചല്ലേ നിങ്ങൾ കമ്പോസ് ചെയ്യുക? അതുപോലെ തന്നെ എന്നോട് പെർഫ്യൂം കമ്പോസ് ചെയ്യാൻ പറയുന്നവരുടെ ഗന്ധത്തിന്റെ അഭിരുചികൾ ഞാൻ ചോദിച്ചറിയും. അതനുസരിച്ച് അവർക്ക് വേണ്ടത് ഞാൻ നിർമ്മിച്ചു കൊടുക്കും; ഇനി നിങ്ങളുടെ അടുത്ത് ഒരാൾ നിലവിലുള്ള ഒരു പാട്ട് കൊണ്ടുവന്ന് ഈ പാട്ട് പാടാൻ പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും, ആ പാട്ട് കുറെ കേൾക്കും അങ്ങിനെ അത് പാടും. അതുപോലെ തന്നെ എന്റെ അടുത്ത് ഏത് വലിയ ബ്രാൻഡ് പെർഫ്യൂം വന്നാലും ഞാൻ അത് കുറെ മണത്തുനോക്കും. അങ്ങനെ പതുക്കെ പതുക്കെ അതിലെ മൂന്ന് സ്ഥായിയിലുള്ള നോട്ടുകൾ ഏതെന്ന് ഞാൻ തിരിച്ചറിയും. ആ പെർഫ്യൂം ഞാൻ നിർമിച്ചു കൊടുക്കും. ചില പെർഫ്യൂമുകളുടെ കോഡ്‌സിനിടക്ക് ഉള്ള മെഷർ ചെയ്യാൻ പറ്റാത്ത നോട്ട്‌സ് ഉണ്ട്. അത്തരം പെർഫ്യൂമുകൾ നിർമ്മിക്കാൻ നല്ല പരിശീലനം വേണം. അതായത് അത് നിരന്തരം മണത്ത് ആസ്വദിച്ചു അതിൽ മുഴുകണം.' സംഗീതത്തിലെ സൂക്ഷ്മ സ്വരങ്ങൾ അവതരിപ്പിക്കുന്ന അതേ സങ്കീർണ്ണതയാണ് ഇതെന്ന് സംഗീതത്തിന്റെ ഭാഷയിൽ പറയാം.

രസകരമായും ലളിതമായും യൂസഫ്ക്കാ വിശദീകരിക്കുന്നു. അപ്പോൾ ഞാൻ മുകളിൽ പറഞ്ഞ എന്റെ സംശയം ചോദിച്ചു: 'യൂസഫ്ക്കാ, അപ്പോൾ ഒരു ഓയിൽ മിക്‌സ് ചെയ്ത് ഒരു പെർഫ്യൂം ഉണ്ടാക്കും മുൻപ് അതിന്റെ അടിസ്ഥാന സുഗന്ധം യൂസഫ്ക്കാക്ക് മനസ്സിൽ ഫീൽ ചെയ്യാറുണ്ടോ?'

'തീർച്ചായും ഉണ്ട് മോനെ...' അങ്ങിനെ അറിഞ്ഞാലേ പെർഫ്യൂം നമുക്ക് നിർമ്മിക്കാൻ കഴിയൂ... ആ ധാരണ അനിവാര്യമാണ്.

അവിടെയാണ് കൗതുകം നിറഞ്ഞ ഒരു കാര്യം മനസ്സിൽ വന്നത്; എങ്ങനെയാവും ഒരു പുതിയ സുഗന്ധം മനസ്സിൽ രൂപപ്പെടുന്നത്? നാം ഇന്ന് ഉപയോഗിക്കുന്ന മനം കുളിർപ്പിക്കുന്ന ഓരോ സുഗന്ധവും അപ്പോൾ പല പെർഫ്യൂം കമ്പോസർമാരുടെ ക്രിയേഷൻ അല്ലേ? സംഗീത സൃഷ്ടികളെ പോലെ എന്ത് മഹത്തരമായ സർഗാത്മക വൈഭവമാണത്! എന്നാൽ ഇവരെ ഒക്കെ ആരെങ്കിലും ഒരു ക്രിയേറ്റർ എന്ന നിലക്ക് അറിയുന്നുണ്ടോ?